Sunday, August 15, 2021

മൂല്യങ്ങൾ വീണ്ടെടുക്കാൻ ജാഗ്രതയോടെ മുന്നേറാം

ലോകശ്രദ്ധ ആകർഷിച്ച പോരാട്ടത്തിലൂടെ കൊളോണിയൽ ഭരണത്തിന് അറുതിവരുത്തി നാം സ്വതന്ത്രരായിട്ട് ഏഴരപ്പതിറ്റാണ്ടാകുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യമെന്ന മുഖ്യ മുദ്രാവാക്യത്തിനൊപ്പം ദേശീയപ്രസ്ഥാനം ഊന്നൽനൽകി മുന്നോട്ടുവച്ചത് സ്വതന്ത്ര ഇന്ത്യ എന്തായിരിക്കണമെന്ന വ്യക്തമായ ധാരണകൂടിയാണ്. സാമൂഹ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതും അസമത്വം, ദാരിദ്ര്യം തുടങ്ങിയ സാമൂഹ്യവിപത്തുകളെ പ്രതിരോധിക്കുന്നതുമായ ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ രാഷ്ട്രമായിരിക്കണം സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നതായിരുന്നു ദേശീയ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട്.

1920കളുടെ തുടക്കത്തിൽത്തന്നെ പ്രദേശങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള അസ്തിത്വം ചർച്ചാവിഷയമായിരുന്നു. 1931ലെ കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിൽ ആവിഷ്കരിച്ച സാമ്പത്തികപരിപാടി ഒരു സമത്വ സമൂഹത്തിലേക്ക് വഴിയൊരുക്കുന്നതായിരുന്നു. അന്ന് കോൺഗ്രസിനുള്ളിൽ ശക്തമായ പ്രാതിനിധ്യമുണ്ടായിരുന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും കമ്യൂണിസ്റ്റുകളും പൂർണസ്വരാജ് എന്ന ലക്ഷ്യമാണ് ഉയർത്തിപ്പിടിച്ചത്. ദേശീയപ്രസ്ഥാനം ഊന്നൽ നൽകിയ ഫെഡറൽ സംവിധാനം ഉൾപ്പെടെയുള്ള മൂല്യങ്ങൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ മഹാരഥന്മാർ നേതൃത്വം നൽകിയ ആദ്യത്തെ സർക്കാർ തങ്ങളുടെ നയങ്ങളുടെ ഭാഗമാക്കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനായി പിന്നീടും കഠിനമായ പരിശ്രമം വേണ്ടിവന്നു.

ഭരണഘടന ഫെഡറൽ തത്ത്വങ്ങൾ ഉൾക്കൊള്ളുമ്പോഴും പ്രായോഗികതലത്തിൽ നിരന്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്നത് രാജ്യത്തിന്റെ അനന്യ സവിശേഷതയാണ്. എന്നാൽ, ഏകത്വമെന്ന സങ്കൽപ്പത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലായെന്ന ഗൗരവമായ വിമർശം നിലനിൽക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന, തദ്ദേശ സർക്കാരുകൾ പിരമിഡിന്റെ ഘടനയിലാണ്  പ്രവർത്തിക്കുന്നത്. അത് അധികാരകേന്ദ്രീകരണത്തിന് സഹായകമാണ്. ആ ഘടന വൃത്തരൂപത്തിലാകണം.

ഭരണഘടനയുടെ 356–-ാം അനുച്ഛേദംപോലുള്ള വ്യവസ്ഥകൾ ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നുണ്ട്. ചർച്ചകളില്ലാതെ സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയിക്കുക, ആഭ്യന്തര അടിയന്തരാവസ്ഥ, സാമ്പത്തിക കാര്യങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങിയവ അധികാരശ്രേണിയെ അർധ ഫെഡറൽ സ്വഭാവമുള്ളതാക്കുന്നു. ജീവനില്ലാത്ത അക്ഷരമെന്നാണ് ഡോ. ബി ആർ അംബേദ്കർ അനുച്ഛേദം 356നെ വിശേഷിപ്പിച്ചത്. ഒരിക്കലും ഉപയോഗിക്കപ്പെടരുതെന്ന അർഥത്തിൽ ഭരണഘടനാ ശിൽപ്പി വിശേഷിപ്പിച്ച അതേ ഭരണഘടനാ വ്യവസ്ഥയാണ് ഏറ്റവും അമിതമായി ഉപയോഗിക്കപ്പെട്ടത് എന്നതാണ് വൈചിത്ര്യം. സ്റ്റേറ്റ്, കൺകറന്റ് ലിസ്റ്റുകളിൽ ഉൾപ്പെടുന്ന വിഷയങ്ങളിലുള്ള കേന്ദ്രത്തിന്റെ ഇടപെടലുകൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ സത്തയ്‌ക്കെതിരാണ്. ഫെഡറൽ സംവിധാനത്തിന്റെ ഘടന കൂടുതൽ അർഥവത്താകേണ്ടിയിരിക്കുന്നു.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരെ പ്രത്യയശാസ്ത്രപരവും ഇതര രൂപങ്ങളിലുള്ളതുമായ ആക്രമണങ്ങൾ വർധിച്ചുവരുന്ന ഘട്ടംകൂടിയാണ്‌ ഇത്. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, പരമാധികാരം എന്നിവ സംരക്ഷിക്കാൻ ജനങ്ങളാകെ അതീവ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. പൊതുമേഖലയെ കൈവിട്ട് ഉദാരവൽക്കരണത്തെ അനുകൂലിക്കുകയും സേവനമേഖലകളിൽനിന്ന്‌ ഉൾപ്പെടെ സർക്കാരിനെ പിന്തിരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങൾ ബോധപൂർവം അടിച്ചേൽപ്പിക്കപ്പെടുകയാണ്. രണ്ടു പതിറ്റാണ്ടായി ആസൂത്രിതമായ നീക്കമാണുണ്ടാകുന്നത്. ആ നയങ്ങളുടെ വക്താക്കൾ അവകാശപ്പെട്ട നേട്ടങ്ങൾ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. 1991 മുതൽ നടപ്പാക്കിവരുന്ന ഉദാരവൽക്കരണത്തെ തുടർന്ന് സമ്പദ്‌വ്യവസ്ഥയ്ക്ക് അവർ അവകാശപ്പെട്ട വളർച്ച എവിടെയും കാണാനാകില്ല. കുറേ വർഷങ്ങളായി കൂടുതൽ പ്രതിസന്ധികളിലേക്ക്‌ സമ്പദ്ഘടന കൂപ്പുകുത്തുകയാണുണ്ടായത്. ഈ ദുഃസ്ഥിതിക്ക്‌ കാരണം സമ്പദ്‌‌വ്യവസ്ഥയുടെ ചാക്രികസ്വഭാവം മാത്രമല്ല, അതിന്റെ ഘടനാപരമായ പ്രശ്നങ്ങൾകൂടിയാണ്.

സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ഭരണകേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത സുപ്രധാനമാണ്. തൊഴിലാളി വിഭാഗങ്ങളുടെ 92 ശതമാനവും അസംഘടിത മേഖലയിലായതിനാൽ സാമ്പത്തിക സമത്വത്തിന്റെ കാര്യത്തിലുള്ള നേരിയ അശ്രദ്ധപോലും അപകടകരമാണ്. ഈ വിഭാഗത്തിന്റെ സാമൂഹ്യസുരക്ഷ ഭരണഘടനാ ദത്തമായ ഉത്തരവാദിത്തമാണ്. അത് ഫലപ്രദമായി നിറവേറ്റുന്നതിന്, കേന്ദ്ര–-സംസ്ഥാന സാമ്പത്തികബന്ധങ്ങൾ പുനഃസംഘടിപ്പിക്കുകയും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അവശ്യംവേണ്ട ഫണ്ടുകളും മറ്റു സംവിധാനങ്ങളും അനുവദിക്കുകയും വേണം. സാമ്പത്തിക അസമത്വത്തിന്റെ അനന്തരഫലമായ ഡിജിറ്റൽ വിഭജനം മറികടക്കാൻ ബോധപൂർവമായ ശ്രമം നടത്തേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ നാം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളുടെ ഫലം എല്ലാ ജനങ്ങളിലും എത്തുന്നിടത്താണ് ഫലപ്രാപ്തി. തടസ്സങ്ങളില്ലാതെ എല്ലാവരും നേട്ടങ്ങളുടെ ഗുണഭോക്താക്കളാകേണ്ടതുണ്ട്. സ്വപ്‌നേപി കരുതാത്ത തലങ്ങളിലേക്ക് സാങ്കേതികവിദ്യ നമ്മെ നയിക്കുകയാണ്‌ ഇപ്പോൾ. അതിനോടൊപ്പംതന്നെ ചില ചതിക്കുഴികളുമുണ്ട്. സ്വകാര്യതയിലേക്കും പൗരാവകാശങ്ങളിലേക്കുമുള്ള കടന്നുകയറ്റമെന്ന പ്രശ്നം ഇതിന്റെ ഭാഗമായി ഉരുത്തിരിയുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

സർക്കാർ സേവനങ്ങൾ പൊതുജനങ്ങളിലേക്കെത്തുന്ന രീതിയിൽ വലിയ മാറ്റം ആവശ്യമാണ്. കൊളോണിയൽ മനോഭാവത്തിന്റെ അവസാനത്തെ അവശിഷ്ടംപോലും തച്ചുടച്ചു നീക്കപ്പെടണം. ‘നൽകുന്നവനും' ‘ലഭിക്കുന്നവനും' എന്ന മനോഭാവം സർക്കാരിന്റെയും അധികാരികളുടെയും മനസ്സിൽനിന്ന് മായ്ച്ചുകളയണം. വിവരസാങ്കേതികവിദ്യക്ക്‌ ഇതിൽ വളരെയധികം സഹായിക്കാനാകും. മനോഭാവത്തിൽ ഉണ്ടാകേണ്ട മാറ്റമാണ് ഏറ്റവും പ്രധാനം. വികേന്ദ്രീകൃത ജനാധിപത്യഭരണം ഈ പ്രക്രിയക്ക്‌ വലിയ ഉത്തേജനം നൽകും. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ് സർക്കാരിൽനിന്നുള്ള സേവനത്തെയും പിന്തുണയെയും കൂടുതൽ ആശ്രയിക്കുന്നത്. അതിനാൽ അധികാരികളുടെ സമീപനത്തിലുണ്ടാകുന്ന മാറ്റം അവരെ ശാക്തീകരിക്കുകയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ സമ്പന്നമാക്കുകയും ചെയ്യും.

രാജ്യത്തിന്റെ ഭരണഘടനയിൽ പ്രതിഫലിക്കുന്നത് ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളാണ്. അവ സംരക്ഷിക്കുകയും സാർഥകമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. കൂടുതൽ പ്രവർത്തനക്ഷമമായ പ്രാദേശിക ഭരണസംവിധാനവും അർഥം കൈമോശം വരാത്ത ഫെഡറൽ സംവിധാനവും യാഥാർഥ്യമാകണം. എല്ലാത്തിലും ഉപരിയായി പൗരസ്വാതന്ത്ര്യവും സമ്മതിദാനാവകാശവും നിർഭയമായി ആസ്വദിക്കാൻ കഴിയുന്ന ശാക്തീകരിക്കപ്പെട്ട പൗരൻമാരാണ് ഉണ്ടാകേണ്ടത്. ഇവയെല്ലാം ചേർന്നാൽ സ്വാതന്ത്ര്യലബ്ധിയുടെ 75–-ാം വാർഷികത്തെ മഹത്വത്തിന്റെ ആഘോഷമാക്കി മാറ്റാനാകും.

പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആദ്യ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിൽ പറഞ്ഞതുപോലെ നമ്മുടെ മൂല്യങ്ങളെ പരിപൂർണമായി വീണ്ടെടുക്കുമെന്നും സ്ഥിരതയോടെ നിലനിർത്തുമെന്നും ഈ സന്ദർഭത്തിൽ  പ്രതിജ്ഞ ചെയ്യാം. 19 മാസം നീണ്ട അടിയന്തരാവസ്ഥ തീർത്ത പ്രതിസന്ധികളിൽ ദുർബലമായിപ്പോയ ജനാധിപത്യത്തെ പുനഃസ്ഥാപിക്കാൻ ആവശ്യമായ കരുത്തുകാണിച്ച ജനതയാണ് നമ്മൾ. നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ ആശയത്തിൽ വിശ്വസിക്കുന്ന രാജ്യത്തെ ജനങ്ങൾ സ്വാംശീകരിച്ച സാമൂഹ്യവും സാമ്പത്തികവും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങളെ സംരക്ഷിക്കുകയും അവയ്ക്കെതിരായ നീക്കങ്ങളെ ചെറുക്കുകയും ചെയ്തില്ലെങ്കിൽ മഹാദുരന്തമാകും ഫലമെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം. സാമ്പത്തികവും സാമൂഹ്യവുമായ സമത്വം സൃഷ്ടിക്കാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ ജനാധിപത്യത്തിന് ശോഭനമായ ഭാവി ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.

ഈ മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ സജീവമായി ഇടപെടേണ്ട ഉത്തരവാദിത്തം നിറവേറ്റുകയാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ് ആ വഴിയിൽ അവിശ്രമം പ്രവർത്തിക്കുകയാണ് നാമാകെ. ഈ സവിശേഷമായ വേളയിൽ, സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം നമ്മുടെ ഉത്തരവാദിത്ത നിർവഹണത്തിന്റെ ആഘോഷം കൂടിയാകണമെന്ന് ഓർമിപ്പിക്കുന്നു. നാടിനുവേണ്ടി പൊരുതി മുന്നേറുകയും വീരമൃത്യു വരിക്കുകയും ചെയ്ത ധീരരെ അഭിവാദ്യം ചെയ്യുന്നു.

പിണറായി വിജയൻ, മുഖ്യമന്ത്രി

No comments:

Post a Comment