Sunday, August 15, 2021

പുതിയ പോരാട്ടങ്ങൾക്കുള്ള ചൂണ്ടുപലക - ഡോ. കെ എൻ ഗണേഷ് എഴുതുന്നു

സ്വാതന്ത്ര്യദിനം ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി ഇന്ത്യൻ ജനത നടത്തിയ പോരാട്ടത്തിന്റെ ഓർമ പുതുക്കുന്ന ദിനമാണ്. ഈവർഷത്തെ സ്വാതന്ത്ര്യദിനത്തിന്‌ ഒരു പ്രത്യേകതകൂടിയുണ്ട്. നിസ്സഹകരണ പ്രസ്ഥാനമടക്കം ജനകീയ പ്രക്ഷോഭങ്ങളുടെ കാലഘട്ടത്തിന്‌ തുടക്കംകുറിച്ച വർഷമായിരുന്നു 1921. കേരളത്തിൽ മലബാർ കലാപം നടന്നതും ഈ വർഷമാണ്. ഇതേ വർഷമാണ് അഹമ്മദാബാദിലെ എഐസിസി സമ്മേളനത്തിൽ ഇടതുപക്ഷ സഹയാത്രികനായിരുന്ന മൗലാനാ ഹസ്രത്‌ മൊഹാനി ഇന്ത്യക്ക്‌ സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്‌ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഇന്ത്യയുടെ ദേശീയപ്രസ്ഥാനം ഇന്ത്യയുടെ സമ്പൂർണ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കൊളോണിയൽവിരുദ്ധ ജനകീയ പോരാട്ടമായി മാറുന്നു എന്നതിന്റെ സൂചനയായിരുന്നു അത്.

പിന്നീട് ഒരുനൂറ്റാണ്ട്‌ സാക്ഷ്യം വഹിച്ചത് ഇന്ത്യൻഭരണകൂടത്തിലും സമൂഹത്തിലും അടിസ്ഥാന പരിവർത്തനങ്ങൾക്കാണ്. മഹാത്മാഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും നടത്തിയ പോരാട്ടങ്ങൾക്ക് മാത്രമല്ല ഈ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഭഗത് സിങ്‌ അടക്കമുള്ള തീവ്ര ആശയക്കാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമെല്ലാം പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. കമ്യൂണിസ്റ്റ്പാർടിയെ അടിച്ചമർത്താൻ നിരവധി ഗൂഢാലോചനാ കേസ്‌ ബ്രിട്ടീഷ്ഭരണകൂടം കെട്ടിച്ചമച്ചു. നിരവധി സമരപോരാളികൾ ബ്രിട്ടീഷ് ജയിലുകളിൽ ആകുകയും അവരിൽ ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവുമടക്കം ഒട്ടേറെപ്പേരെ ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. മലബാറിലെ നിരവധി കലാപകാരികൾ ബ്രിട്ടീഷ് ഫൈറിങ് സ്ക്വാഡിന് ഇരയായി. പലരും ആൻഡമാനിലേക്ക്‌ നാടുകടത്തപ്പെടുകയും അവിടെ കാലാപാനി ജയിലിൽ അടയ്‌ക്കപ്പെടുകയുംചെയ്തു.

സാമൂഹ്യതലത്തിലും സംഘർഷങ്ങൾ വളർന്നു വന്നു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ ഭൂപ്രഭുക്കൾക്കും സവർണമേധാവികൾക്കും എതിരെ പോരാട്ടങ്ങൾ നടത്തി. അയിത്തത്തിനെതിരെയും ജാതിയുടെ ഉന്മൂലത്തിനുവേണ്ടിയുമുള്ള പോരാട്ടങ്ങൾ നടന്നു. ആദ്യ ഘട്ടത്തിൽ നാരായണഗുരുവും അയ്യൻകാളിയും ഇ വി രാമസ്വാമിയും തുടങ്ങിവച്ച പോരാട്ടങ്ങൾ പിന്നീട് അംബേദ്കറും നിരവധി അധഃസ്ഥിത സംഘടനകളും ചേർന്ന് മുന്നോട്ടു കൊണ്ടുപോയി. ക്രമേണ അയിത്തത്തിനെതിരായ പോരാട്ടം ദേശീയപ്രസ്ഥാനം ഏറ്റെടുത്തു. ഇതിനോടൊപ്പം ഭൂപ്രഭുക്കൾക്കെതിരായ കർഷകസമരങ്ങൾ ഇന്ത്യയാകെ വ്യാപിച്ചു. കർഷകസംഘം വളർന്നുവന്നു. മുതലാളിമാർക്കെതിരെ തൊഴിലാളികൾ സംഘടിക്കുകയും നിരവധി ട്രേഡ് യൂണിയനുകൾ രൂപം കൊള്ളുകയും ചെയ്തു. നാഗാലൻഡ് മുതൽ ഗുജറാത്തുവരെയും കശ്മീർമുതൽ കന്യാകുമാരിവരെയും വിവിധ രൂപങ്ങളിൽ വ്യാപിച്ച ജനകീയപ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇന്ത്യക്ക് സമ്പൂർണ സ്വാതന്ത്ര്യം ലഭിച്ചതും ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയി മാറിയതും.

നാമെല്ലാവരും സ്കൂൾ തലത്തിൽനിന്നുതന്നെ പരിചയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കഥ ഇത്തരത്തിൽ പറയുന്നതിന് ചില കാരണങ്ങളുണ്ട്. നമ്മൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്നാണ് സ്വാതന്ത്ര്യം കൈവരിച്ചത്, നാം പോരാടിയത് കേവലം വിദേശികൾക്കെതിരെ ആയിരുന്നില്ല. ഇന്ത്യയിൽ ജീവിച്ച എല്ലാ ജാതിമത വിഭാഗത്തിലുംപെട്ട ജനങ്ങൾ ഒന്നിച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയത്. അവർ പോരാടിയത്‌ സ്വതന്ത്ര ഇന്ത്യക്കുവേണ്ടിയായിരുന്നു. അവരിൽ ഒരു ന്യൂനപക്ഷം മാത്രമാണ് ഹിന്ദുരാഷ്ട്രം എന്ന മുദ്രാവാക്യം ഉപയോഗിച്ചത്. അതുപയോഗിച്ച ആർഎസ്എസും ഹിന്ദുമഹാസഭയും പോരാട്ടങ്ങളുടെ മുഖ്യധാരയിൽ വന്നിട്ടുമില്ല. മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ ഉന്നയിക്കപ്പെട്ട പാകിസ്ഥാൻ മുദ്രാവാക്യത്തിനും ഇന്ത്യൻ മുസ്ലിങ്ങളുടെ മുഴുവൻ പിന്തുണ ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ശക്തമായ ഒരുവിഭാഗം മുസ്ലിങ്ങൾ ഏകീകൃത ഇന്ത്യക്കുവേണ്ടി നിലകൊണ്ടു. ഇതിനെത്തുടർന്ന്‌ വിഭജനമെന്നത് യാഥാർഥ്യമാക്കുന്നതിന്‌ ആർഎസ്എസ് ഹിന്ദുമഹാസഭ വിഭാഗം ഒരു വശത്തും ജമാഅത്തെ ഇസ്ലാമിയും ക്വമിമുഹാജിറുകളെപ്പോലുള്ള ഗ്രൂപ്പുകൾ മറുവശത്തും അഴിച്ചുവിട്ട ഭീകരതയാണ് സാമ്രാജ്യത്വവിരുദ്ധ ജനകീയ പോരാട്ടങ്ങളിൽ വിഭാഗീയതയുടെ വിത്തുകൾ പാകിയത്. മഹാത്മാഗാന്ധിക്ക് ഈ വിഭാഗീയതയുടെ ബലിയാടാകേണ്ടിയും വന്നു.

വർഗീയ വിഭാഗീയ ശക്തികൾക്ക് സ്വതന്ത്ര ഇന്ത്യയിൽ മേൽക്കോയ്മ നേടാൻ കഴിഞ്ഞില്ല. ദേശീയമോചന പോരാളികളിൽ ഭൂരിപക്ഷവും കോൺഗ്രസിൽ ഉറച്ചുനിന്നു. പിന്നീട് ഏറ്റവുമധികം പിന്തുണ ലഭിച്ചത് കമ്യൂണിസ്റ്റ്‌, -സോഷ്യലിസ്റ്റ് പാർടികൾക്കായിരുന്നു എന്നതും മറക്കാവുന്നതല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ മൊത്തത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ അനുകൂല മനോഭാവമാണ് ഇന്ത്യക്ക് ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണസംവിധാനം സൃഷ്ടിക്കാൻ സഹായിച്ചത്. സാമ്രാജ്യത്വവിരുദ്ധ വിദേശനയം, കേന്ദ്രീകൃത ആസൂത്രണവും പഞ്ചവത്സര പദ്ധതികളും പൊതുമേഖലയ്‌ക്കു ലഭിച്ച പ്രാമുഖ്യം, ഭാഷാ സംസ്ഥാനങ്ങളും പഞ്ചായത്തിരാജ് പോലുള്ള രൂപങ്ങളും തുടങ്ങിയവ സാധ്യമാക്കി. ഭരണകൂടം അന്ന് സ്വീകരിച്ച കുത്തക മുതലാളിത്ത വികസനപാതയും ഭൂപ്രഭുക്കളുമായുണ്ടാക്കിയ സഖ്യവും ഇന്ത്യൻ സമൂഹത്തിന്റെ പൂർണ ജനാധിപത്യവൽക്കരണത്തിന്‌ പ്രതിബന്ധമായി എന്നതും മറക്കാവുന്നതല്ല. കേരളവും പശ്ചിമബംഗാളും കശ്മീരും പോലുള്ള ചില സംസ്ഥാനങ്ങളിലൊഴികെ വേറൊരിടത്തും ഭൂപരിഷ്കാരങ്ങൾ പൂർണമായില്ല. സമൂഹത്തിലെ സവർണജാതി മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടില്ല. ഇവയുടെ ഫലമായി കാർഷികമേഖലയിൽ പ്രതിസന്ധി വ്യാപിക്കുകയും മുതലാളിത്ത വികസനത്തിൽത്തന്നെ മാന്ദ്യം നേരിടുകയും ചെയ്തു. ഇവയെ നേരിടാനുള്ള കഴിവില്ലാതെ അതുവരെ ഇന്ത്യയെ നയിച്ച കോൺഗ്രസ്‌ ഭരണകൂടം ക്രമേണ ജനാധിപത്യ മര്യാദകൾപോലും ഉപേക്ഷിച്ച് അമിതാധികാരത്തിലേക്ക് വ ഴുതിവീഴുന്നതാണ് നാം എഴുപതുകളിലും അതിനുശേഷവും കണ്ടത്.

ചരിത്രപരമായോ സാമൂഹ്യപരമായോ ഒരടിത്തറയുമില്ലാത്ത, കേവലം മിത്തിക്കൽ ഉൽപ്പന്നമായ അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിച്ച ആവശ്യത്തിന് കീഴടങ്ങിക്കൊടുത്തതും ഭരണകൂടത്തിന്റെ മാറിയ നിലപാടുകളെ കാണിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം മൂന്നുദശകക്കാലം ജനസംഘം എന്നപേരിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഓരങ്ങളിൽ കഴിഞ്ഞുകൂടിയ ഹിന്ദുവർഗീയവാദികൾക്ക്‌ പുതിയ അവസരം നൽകുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് പിന്നീട്‌ വളർന്നുവന്നത്. സമഗ്രമായ കാർഷിക പരിഷ്കാരങ്ങൾവഴി ഇന്ത്യയിലെ കർഷക ജനസാമാന്യത്തിന്‌ അതിജീവനത്തിനുള്ള പ്രാപ്തി കൈവരുത്തുക, സാമൂഹ്യവും ലിംഗപരവുമായ മർദനരൂപങ്ങൾ അവസാനിപ്പിക്കുക, ശാസ്ത്ര സാങ്കേതികവിദ്യകളുടെയും വിദ്യാഭ്യാസത്തിന്റെയും വികാസം വഴി താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കുക തുടങ്ങിയ നിരവധി നിർദേശം പുരോഗമനപ്രസ്ഥാനങ്ങളും ബുദ്ധിജീവികളും ഉന്നയിച്ചു. ഇവ ആവശ്യങ്ങളായി ഉന്നയിച്ച്‌ നിരവധി ജനകീയ പ്രക്ഷോഭവും അരങ്ങേറി. എങ്കിലും അവയൊന്നും ചെവിക്കൊള്ളാൻ ഭരണവർഗം തയ്യാറായില്ല. അധികമധികം സാമ്രാജ്യത്വത്തിന്‌ കീഴടങ്ങുകയും ഗ്രാമീണ വരേണ്യവർഗവുമായി സന്ധി ചെയ്യുകയുമായിരുന്നു അവരുടെ തന്ത്രം. ഇതിനു വേണ്ടി അതുവരെ സ്വീകരിച്ചുപോന്ന ഭരണനയങ്ങളിൽ ഏതുവിധത്തിലുള്ള നീക്കുപോക്കിനും അവർ തയ്യാറായി. സാമ്രാജ്യത്വ ഏജൻസികൾ നിർദേശിച്ച സാമ്പത്തിക ഉദാരീകരണനയങ്ങൾ ആദ്യം അംഗീകരിച്ച രാഷ്ട്രങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. ചരിത്രപരമായോ സാമൂഹ്യപരമായോ ഒരടിത്തറയുമില്ലാത്ത, കേവലം മിത്തിക്കൽ ഉൽപ്പന്നമായ അയോധ്യയിലെ രാമക്ഷേത്രത്തെ സംബന്ധിച്ച ആവശ്യത്തിന് കീഴടങ്ങിക്കൊടുത്തതും ഭരണകൂടത്തിന്റെ മാറിയ നിലപാടുകളെ കാണിച്ചു.

ഒട്ടകത്തിന്റെയും അറബിയുടെയും കഥ ഓർമിപ്പിക്കുന്ന രീതിയിൽ പിന്നീട് നടന്നതെന്താണെന്ന്‌ എല്ലാവർക്കും അറിയാം. ഒരുകാലത്ത്‌ ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ ആദ്യം അപലപിച്ച രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. അതേ ഇന്ത്യയിലെ ഭരണകർത്താക്കളാണ് ഇസ്രയേലി ചാരസോഫ്ട്‌വെയറായ പെഗാസസിന്റെ വിവരം ചോർത്തൽ വിവാദത്തിൽപ്പെട്ട്‌ കുഴങ്ങുന്നത്. ഇന്ത്യൻ ഭരണകൂടത്തിന്റെ സാമ്രാജ്യത്വത്തോടുള്ള കീഴടങ്ങൽ ഏതുതലംവരെയെത്തി എന്ന് തെളിയിക്കുന്നതാണ് ഇതിന്റെ ഭാഗമായി പുറത്തുവരുന്ന വസ്തുതകൾ. കാർഷികപരിഷ്കാരം നടപ്പാക്കാൻ ഒരുകാലത്തു പ്രതിജ്ഞാബദ്ധമായിരുന്ന ഭരണകൂടം കാർഷികമേഖല മുഴുവൻ കുത്തകകൾക്ക് തീറെഴുതാൻ വ്യഗ്രത കാണിക്കുന്നതും പൊതുഉടമയിലെ അടിസ്ഥാന മേഖലകളായി കരുതപ്പെട്ട രാജ്യരക്ഷാ സംവിധാനവും റെയിൽവേയുംപോലും സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ലക്ഷ്യങ്ങളിൽനിന്ന്‌ ഇന്നത്തെ ഭരണകൂടം എത്രമാത്രം അകന്നുപോയി എന്നതിന്റെ തെളിവാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ അതിജീവനംപോലും അസാധ്യമാക്കുന്ന വിധത്തിൽ കേന്ദ്രഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളും കോർപറേറ്റ്ശക്തികളോടുള്ള അടിമത്തത്തെ തന്നെയാണ് കാണിക്കുന്നത്.

സാമ്രാജ്യത്വ കോർപറേറ്റ്ശക്തികളോടുള്ള വിധേയത്വത്തിന്‌ പുകമറയിടാൻ ഭരണകൂടം സ്വീകരിക്കുന്ന ഹിന്ദുമത രാഷ്ട്രീയതന്ത്രം സ്വാതന്ത്ര്യസമരത്തിന്റെ പൊതുദിശയിൽനിന്നും സ്വതന്ത്ര ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്നുമുള്ള ഏറ്റവും ഹീനമായ വ്യതിയാനമാണ്. സ്വതന്ത്രഇന്ത്യ അംഗീകരിച്ച മതനിരപേക്ഷ ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ ഭരണഘടന സ്വാതന്ത്ര്യസമരത്തിന്റെ വികാരങ്ങളെ പ്രതിഫലിപ്പിച്ചു. ഇതിലെ ആശയങ്ങൾക്ക് ലഭിച്ച പൊതുജനസമ്മതി ഹിന്ദുരാഷ്ട്രവാദത്തിനും ഇസ്ലാമിസത്തിനും ഇന്ത്യൻ മണ്ണിൽ വേരൂന്നാതിരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഗാന്ധിയുടെ വധത്തിലേക്കു നയിച്ച വർഗീയ സംഘർഷങ്ങളെ അതിജീവിക്കാൻ കഴിഞ്ഞതും ഇതുകൊണ്ടാണ്. ഇതിൽ ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയെയും ജനാധിപത്യസങ്കൽപ്പത്തെയും ന്യൂനപക്ഷസംവരണം അടക്കമുള്ള സാമൂഹ്യനീതിയുടെ രൂപങ്ങളെയും അന്നുമുതൽ തുടർച്ചയായി എതിർത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന്‌ മറന്നുകൂടാ. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്കുപകരം വിദേശാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കപടചരിത്രത്തെ എല്ലാ മാധ്യമങ്ങളിലൂടെയും ക്ലാസ്‌ മുറികളിലൂടെയും പ്രചരിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യത്തെക്കുറിച്ചുതന്നെ പുതിയ ആശയ സംഹിതയും മനോഭാവവും സൃഷ്ടിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. പൗരത്വ ഭേദഗതി നിയമംപോലുള്ള തന്ത്രങ്ങളിലൂടെ അവർ ഇതിന്‌ നിയമസാധുത നൽകാനും ശ്രമിക്കുന്നു. ഒരുകാലത്ത് ഹിന്ദു വർഗീയവാദികളെ ഓരത്ത് ഇരുത്തിയവരുടെ പിന്മുറക്കാരിൽ ഒരു വിഭാഗമെങ്കിലും അവരെ എന്തുകൊണ്ട് ഇപ്പോൾ അംഗീകരിക്കുന്നു എന്ന ചോദ്യവും പ്രധാനമാണ്. ഇന്ത്യയിൽ എല്ലായിടത്തുമുള്ള ബൂർഷ്വ രാഷ്ട്രീയ പാർടികളുടെ പ്രത്യേകിച്ച് കോൺഗ്രസിന്റെ പരിച്ഛേദം ഇന്ന്‌ ബിജെപിയിലുണ്ട് എന്നത് ആകസ്മികമായി കണ്ടുകൂടാ. സ്വതന്ത്ര ഇന്ത്യയെ സൃഷ്ടിച്ച അടിസ്ഥാനാശയ സംഹിതകളെത്തന്നെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്വവിരുദ്ധവും മതനിരപേക്ഷ ജനാധിപത്യപരവും സാമൂഹ്യനീതിയിൽ അധിഷ്ഠിതവുമായ സന്ദേശം ഇന്ത്യ ഭരിക്കുന്ന കോർപറേറ്റ്‌ വർഗീയശക്തികൾക്കെതിരായി ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ഇത്‌ വിരൽ ചൂണ്ടുന്നത്.

ഡോ. കെ എൻ ഗണേഷ്

No comments:

Post a Comment