Sunday, August 15, 2021

സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട്‌

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്‌ വിലയിരുത്തപ്പെടുന്ന ഇന്ത്യ സ്വാതന്ത്ര്യം നേടി ഞായറാഴ്‌ച മുക്കാൽ നൂറ്റാണ്ടിലേക്ക്‌ (1947–-2021) കടക്കുകയാണ്‌. ആയിരക്കണക്കിനു വിപ്ലവകാരികളുടെയും ദേശീയവാദികളുടെയും ത്യാഗോജ്വലമായ സമർപ്പണവും സന്ധിയില്ലാത്ത പോരാട്ടങ്ങളുമാണ്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചവിട്ടടിയിൽനിന്ന്‌ ഒരു ജനതയെ വിമോചിപ്പിച്ചത്‌. 75 വർഷമെത്തുന്ന സ്വാതന്ത്ര്യമെന്നത്‌ ഏതു രാജ്യത്തെ സംബന്ധിച്ചും വലിയ കാലയളവാണ്‌. എന്നാൽ, ജനാധിപത്യ മതനിരപേക്ഷ രാജ്യമെന്ന നിലയിൽ ഇന്ത്യ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളും രക്തസാക്ഷികൾ സ്വപ്‌നംകണ്ട ശോഭനമായ ഭാവിയും ഇപ്പോഴും സഫലമായിട്ടില്ല. മാത്രമല്ല, സാമ്പത്തിക രാഷ്ട്രീയ– -സാമൂഹ്യ മേഖലകളിലെല്ലാം ഭയാനകമായ പ്രതിസന്ധിയുമാണ്‌. ഭരണവർഗ സൃഷ്ടിയായ കൊടിയ ദാരിദ്ര്യം എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. കോവിഡ്‌ മഹാമാരിയും തുടർന്നുണ്ടായ അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനവും മരണങ്ങളും അത്‌ തെളിയിക്കുകയും ചെയ്‌തു. പുണ്യങ്ങളെന്ന്‌ അഭിമാനിക്കുന്ന നദികളിൽ മൃതദേഹങ്ങൾ ഒഴുക്കിയതും അവയുടെ കരയിലെ കൂട്ട സംസ്കാരവും ഞെട്ടിപ്പിക്കുന്നതായി.

കോർപറേറ്റ്‌ പ്രീണന സാമ്പത്തികനയവും സമ്പന്നരെമാത്രം തുണയ്‌ക്കുന്ന വികസന പരിപ്രേക്ഷ്യവും കർഷകരെ കുത്തുപാള എടുപ്പിക്കുന്ന ബജറ്റുകളും ജനങ്ങൾക്കിടയിലെ വിടവ്‌ ദിനംപ്രതി വലുതാക്കുകയാണ്‌. ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയെ മുച്ചൂടും മുടിക്കുന്ന നിയമങ്ങൾക്കെതിരെ കർഷകർ മാസങ്ങളായി രാജ്യതലസ്ഥാനത്ത്‌ പ്രക്ഷോഭത്തിലാണെന്നത്‌ മോഡിയും പരിവാരങ്ങളും കണ്ടതായിപ്പോലും നടിക്കുന്നില്ല. പ്രതികൂല കാലാവസ്ഥ വകവയ്‌ക്കാതെ വന്ദ്യവയോധികരടക്കം തെരുവിലാണ്‌. സമരമുഖത്ത്‌ അറുനൂറിലധികം കർഷകർ മരിച്ചുവീണു. ജീവിതഭാരവും നൈരാശ്യവും കാരണം ചിലർ ആത്മഹത്യയിൽ അഭയം തേടി.

സംഘപരിവാർ കുടക്കീഴിൽ അക്രമാസക്തരാകുന്ന കാവിപ്പട പാർലമെന്ററി ജനാധിപത്യത്തെയും പ്രഹസനമാക്കുകയാണ്‌. ജനഹിതം വിൽപ്പനച്ചരക്കാക്കുന്ന ധിക്കാരം നാം എത്രയോ വട്ടം കണ്ടു. പാർലമെന്റിന്റെ അവകാശങ്ങൾ ഒന്നൊന്നായി കവർന്ന്‌ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെപ്പോലും തകർത്തെറിയുകയാണ്‌. ഒടുവിൽ രാജ്യസഭ ഗുണ്ടാരാജിനും സാക്ഷിയായി. എംപിമാരെ അടിച്ചമർത്താൻ പുറമെനിന്ന്‌ ആളുകളെ ഇറക്കിയതും നിസ്സാരമല്ല. ചർച്ചയില്ലാതെ ബില്ലുകൾ ചുട്ടെടുക്കുകയും ചെയ്യുന്നു.

ഹിന്ദുരാഷ്ട്ര നിർമിതിയുടെ തന്ത്രങ്ങളും ഏറെയാണ്‌. അന്യമത വിദ്വേഷം പരത്തി വർഗീയകലാപങ്ങൾക്കും സ്‌പർധകൾക്കും തീപിടിപ്പിക്കുകയാണ്‌ ആർഎസ്‌എസും മറ്റും. ജാതി സംഘർഷങ്ങളും അധഃസ്ഥിതർക്കെതിരായ നീക്കങ്ങളും വ്യാപകം. പശുപൂജ, ദുരഭിമാനക്കൊല, ശിശുബലി തുടങ്ങിയ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആർപ്പുവിളികൾ വേറെ. ഇതിനെല്ലാമെതിരെ പ്രതികരിക്കാൻ പൗരന്മാരെ പ്രാപ്‌തമാക്കുന്നതിനു പകരം ഇരുണ്ട യുഗത്തിലേക്ക്‌ തള്ളിയിടുകയുമാണ്‌. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസമെന്ന ലക്ഷ്യംപോലും സാർഥകമാക്കിയിട്ടില്ല. 15 കോടി കുട്ടികളും യുവാക്കളും ഔപചാരിക വിദ്യാഭ്യാസത്തിനു പുറത്താണെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ ഇതോട്‌ ചേർത്താണ്‌ കാണേണ്ടത്‌.

കോർപറേറ്റ്‌ കൊള്ള, ഹിന്ദുരാഷ്ട്ര നിർമിതി, അർധ ജനാധിപത്യം, വിലങ്ങിട്ട സ്വാതന്ത്ര്യം, സാമ്രാജ്യത്വ കൂട്ട്‌, ഫ്യൂഡൽ സാമൂഹ്യാവസ്ഥ–- എന്നിങ്ങനെ രാജ്യം അഭിമുഖീകരിക്കുന്ന കൊടിയ ഭീഷണികൾ വിവരണാതീതമാണ്‌. അപ്പോഴും ‘രാജ്യസ്‌നേഹം ’ എന്ന സങ്കുചിത ദേശീയതയുടെ മറവിൽ ഒളിച്ചിരിക്കുകയാണ്‌ ഫാസിസ്റ്റ്‌ പ്രവണതകൾ. ഹിന്ദു വർഗീയതയെ ദേശീയതയുടെ മുഖംമൂടി ധരിപ്പിച്ച്‌ സ്വീകാര്യമാക്കാൻ ശ്രമങ്ങൾ നടക്കുന്നുമുണ്ട്‌. ഇവിടെയാണ്‌ രാജ്യത്തിനും സ്വാതന്ത്ര്യത്തിനും കമ്യൂണിസ്റ്റുകാർ നൽകിയ സംഭാവനകൾ ചരിത്രപരമാകുന്നത്‌. അതിലൂടെ വിശാലമായ ഉള്ളടക്കമാണ്‌ വന്നുചേർന്നതും. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്‌. ഞാൻ അത്‌ നേടുകതന്നെ ചെയ്യും’ എന്ന ബാലഗംഗാധര തിലകന്റേതടക്കം പ്രഖ്യാപനങ്ങൾക്ക്‌ ജീവൻ നൽകിയതും ചുവന്ന സ്വപ്‌നങ്ങൾ മുറുകെപ്പിടിച്ച പോരാളികളായിരുന്നു. പൂർണ സ്വാതന്ത്ര്യ പ്രമേയം, കാർഷിക പരിപ്രേക്ഷ്യം, മതനിരപേക്ഷത, സാർവദേശീയത, ഐക്യവും സഹവർത്തിത്വവും തുടങ്ങി കമ്യൂണിസ്റ്റ്‌ പാർടി ഉയർത്തിയ മുദ്രാവാക്യങ്ങൾ ബദൽരാഷ്ട്ര സങ്കൽപ്പംകൂടിയാണ്‌ അടിവരയിട്ടത്‌.

ഈ ആഗസ്‌ത്‌ 15ന്‌ ജനാധിപത്യവാദികളും യഥാർഥ രാജ്യസ്‌നേഹികളും ആവർത്തിക്കേണ്ട കാഴ്‌ചപ്പാട്‌ സ്വാതന്ത്ര്യവും പൗരത്വവും ആരുടെയും ഔദാര്യമല്ലെന്നതാണ്‌. കവി പാടിയതുപോലെ, മനുഷ്യൻ എന്ന ഏറ്റവും മഹത്തായ പദം ഇനിയും വികസിക്കേണ്ട ഒരു സങ്കൽപ്പംകൂടിയാണ്‌. അത്‌ അർഥപൂർണമാക്കാൻ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള വിപുലമായ ഐക്യനിരയാണ്‌ അനിവാര്യമെന്ന്‌ ഡൽഹിയിലെ കർഷക പ്രക്ഷോഭം ഓർമിപ്പിക്കുന്നുണ്ട്‌. ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായിരിക്കുന്നു.

deshabhimani editorial 150821

No comments:

Post a Comment