Monday, August 24, 2009

മാണിക്കും ചൈനീസ് താല്‍പ്പര്യമോ?

കേന്ദ്രഗവര്‍മെന്റിന് വിദേശരാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ട്. കോണ്‍ഗ്രസാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തലപ്പത്ത്. സ്വാഭാവികമായും ആ പാര്‍ടിക്ക് കേന്ദ്രഗവര്‍മെന്റിന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള ബാധ്യതയുമുണ്ട്. കെപിസിസിയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും ആസിയന്‍ കരാറിനെ ന്യായീകരിക്കാനുള്ള വാദങ്ങളുമായി മുന്നോട്ടുവന്നതിനെ ആ അര്‍ഥത്തില്‍ അനിവാര്യമായ കടമ നിര്‍വഹിക്കുന്നതായി കണ്ടാല്‍ വിശേഷിച്ച് പ്രശ്നങ്ങളൊന്നുമില്ല. ആണവകരാറിനെ എന്നപോലെ, അവര്‍ ആസിയന്‍ കരാറിനെയും ന്യായീകരിക്കുന്നു; യഥാര്‍ഥത്തില്‍ സംഭവിക്കാനിരിക്കുന്ന അപകടങ്ങള്‍ മറച്ചുപിടിച്ച് സ്വന്തം മുഖംരക്ഷിക്കാനും ജനരോഷത്തില്‍നിന്നു രക്ഷപ്പെടാനുമുള്ള ന്യായവാദങ്ങള്‍ നിരത്തുന്നു എന്നതില്‍ കവിഞ്ഞ പ്രാധാന്യമോ പ്രസക്തിയോ അത്തരം വാദമുഖങ്ങള്‍ക്ക് കല്‍പ്പിക്കേണ്ടതുമില്ല. എന്നാല്‍, അങ്ങനെ അവഗണിക്കാവുന്നതിനപ്പുറമുള്ള ചില കാര്യങ്ങളുയര്‍ത്തി സ്വന്തം മുഖം രക്ഷിക്കുന്നതിലുപരിയായി പ്രത്യാരോപണങ്ങളുന്നയിച്ചും ആസിയാന്‍ കരാറിനെ എതിര്‍ക്കുന്നവര്‍ വികസനവിരുദ്ധരാണെന്ന് ആക്ഷേപിച്ചും കുറ്റം ചൈനയിലും ചൈനീസ് താല്‍പ്പര്യങ്ങളിലും ചാര്‍ത്തിയും നടത്തുന്ന പ്രചണ്ഡ പ്രചാരണത്തെ ലളിതമായി തള്ളിക്കളയാവുന്നതല്ല.

ആസിയന്‍ കരാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതും കര്‍ഷകരെ കണ്ണീരുകുടിപ്പിക്കുന്നതുമാണെന്നതില്‍ ആ കരാറിന്റെ ഇതുവരെ പുറത്തുവന്ന വിശദാംശം പരിശോധിച്ച ആര്‍ക്കും സംശയമില്ല. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ പുറത്തുവന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍, വരുംവര്‍ഷങ്ങളില്‍ ഇന്നാട്ടിലേക്ക് പ്രളയസമാനമായി ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഒഴുകിയെത്തും. നമ്മുടെ കാര്‍ഷികവിളകളും പരമ്പരാഗത വ്യവസായങ്ങളും പിടിച്ചുനില്‍ക്കാനാകാതെ മുങ്ങിത്താഴും. കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും കൊട്ടിഘോഷിക്കുന്ന സംരക്ഷിതപ്പട്ടിക (നെഗറ്റീവ് ലിസ്റ്റ്)യും കര്‍ഷകര്‍ക്ക് രക്ഷയാവില്ല. പട്ടികയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് കരടുകരാര്‍ ഒപ്പിട്ട 2004ലെ തീരുവയില്‍ കൂടുതല്‍ ചുമത്താനാകില്ലെന്നുമാത്രമല്ല, സംരക്ഷിതപ്പട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ നിര്‍ബാധം ഇറക്കുമതി ചെയ്യാം.

ഉദാഹരണത്തിന്, സ്വാഭാവിക റബറിന് നിയന്ത്രണമുണ്ടെങ്കില്‍, റബര്‍ കൊണ്ടുണ്ടാക്കുന്ന അനേകം ഉല്‍പ്പന്നം ഉപാധിയില്ലാതെ ഇറക്കുമതിചെയ്യാം. എന്നുമാത്രമല്ല, ഇന്നു പറയുന്ന സംരക്ഷിതപ്പട്ടിക ശാശ്വതമല്ല. അത് ഇടയ്ക്കിടെ പുനഃപരിശോധിക്കാന്‍ കരാറിലേര്‍പ്പെട്ട രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇന്ന് സംരക്ഷിതമെന്നുപറയുന്ന എന്തും നാളെ മറിച്ചാകാം. സംരക്ഷിതപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 489 ഉല്‍പ്പന്നത്തില്‍ 303 കാര്‍ഷികോല്‍പ്പന്നമാണെന്നും അതുവഴി കേരളത്തിന് അപകടം ഒഴിവായെന്നുമുള്ള യുഡിഎഫ് വാദം തനിത്തട്ടിപ്പാണ് എന്നര്‍ഥം.

കാപ്പി, കുരുമുളക്, തേയില, ഗ്രാമ്പു, കറുവപ്പട്ട തുടങ്ങിയവ സംരക്ഷിതപ്പട്ടികയിലില്ല. ഇവ കേരളത്തിന്റെ പ്രധാന വിളകളാണ്. കേരളം നാണ്യവിളകള്‍ക്ക് പ്രാധാന്യമുള്ള സംസ്ഥാനമാണ്. മുഖ്യഉല്‍പ്പന്നങ്ങളെല്ലാം ദീര്‍ഘകാല വിളകളാണ്. മറ്റു സംസ്ഥാനങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങളായ ഉള്ളിയും തക്കാളിയും ഗോതമ്പും മുളകുമെല്ലാം സംരക്ഷിതപ്പട്ടികയിലാണ്. കേരളത്തിന് ഈ പരിഗണനയില്ല. വെറും നാല് ഉല്‍പ്പന്നവും നാടാകെ വിവാദവും എന്ന ഉമ്മന്‍ചാണ്ടിയുടെ വാദം അതുകൊണ്ടുതന്നെ പരിഹാസ്യമാണ്. ഇറക്കുമതിയുടെ പ്രളയത്തില്‍ സ്വന്തം ഉല്‍പ്പന്നത്തിനു വിലകുറഞ്ഞ് കടംകയറി നാളികേര കര്‍ഷകന്‍ ആത്മഹത്യചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടി ഈ വാദം ആവര്‍ത്തിക്കുമോ?

യഥാര്‍ഥത്തില്‍ ഇന്ത്യയിലെയും ആസിയന്‍ രാജ്യങ്ങളിലെയും വന്‍കിട വ്യവസായലോബിയാണ് ആസിയന്‍ കരാറിന്റെ വക്താക്കള്‍. കരാറിന് സാഹചര്യമെരുക്കാന്‍ തായ്ലന്‍ഡില്‍ സൌകര്യമൊരുക്കിയത് കോലാലമ്പൂരിലെ പാമോയില്‍ രാജാക്കന്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണെങ്കില്‍ ഇന്ത്യയെ കരാറിലേക്ക് നയിച്ചത് റിലയന്‍സടക്കമുള്ള ഏതാനും ശതകോടീശ്വര ഗണത്തില്‍ വരുന്ന വാണിജ്യ-വ്യവസായ പ്രമുഖരാണ്. അവര്‍ക്കായി സേവന-നിക്ഷേപമേഖലയിലെ അനുബന്ധ കരാറിനുള്ള ചര്‍ച്ച നടക്കുന്നു. സേവന-നിക്ഷേപമേഖലയിലെ കമ്പോളം തുറന്നുകിട്ടാന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സ്വതന്ത്ര ഇറക്കുമതിക്ക് ഇന്ത്യ അനുമതി നല്‍കുക എന്ന പ്രത്യുപകാരമാണ് നിറവേറ്റപ്പെട്ടത്. രണ്ടുഭാഗത്തെയും തല്‍പ്പരകക്ഷികള്‍ സാധാരണജനങ്ങളല്ല, കോര്‍പറേറ്റുകളാണ്.

ഇത്തരം യാഥാര്‍ഥ്യം ജനശ്രദ്ധയില്‍നിന്നു മാറ്റിനിര്‍ത്താനാണ് കരാറിനെ സിപിഐ എം എതിര്‍ക്കുന്നത് ചൈനയ്ക്കുവേണ്ടിയാണെന്ന വാദവുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്. കരാറിന്റെ അപകടം ജനങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കിയിരിക്കുന്നു. ജനരോഷം അതിശക്തമാണ്. അതു നേരിടുന്നതിലുള്ള ആശങ്കയും പരിഭ്രാന്തിയുമാണ് സാമാന്യയുക്തിക്ക് നിരക്കാത്ത ആരോപണങ്ങളുമായി രംഗത്തുവരാന്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ പ്രേരിപ്പിക്കുന്നത്.

സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും ചൈനീസ് ചാരന്‍മാരെന്നു മുദ്രകുത്തി തുറുങ്കിലടച്ച പാരമ്പര്യമുള്ളവരാണ് കോണ്‍ഗ്രസുകാര്‍. ഇന്ത്യയുടെ പരമാധികാരം കളഞ്ഞുകുളിക്കുന്ന ആണവകരാറിനെതിരെ എതിര്‍പ്പുന്നയിച്ചപ്പോഴും സിപിഐ എം അവര്‍ക്ക് ചൈനീസ് പക്ഷപാതികളായി. ആണവകരാറിന്റെ കാര്യത്തിലായാലും ആസിയന്‍ കരാറിലായാലും ചൈനയ്ക്ക് പ്രത്യേക താല്‍പ്പര്യമെന്തെങ്കിലുമുണ്ടെന്നു തെളിഞ്ഞതുകൊണ്ടല്ല ഈ ആക്ഷേപങ്ങള്‍. ചൈന സോഷ്യലിസ്റ്റ് രാജ്യമാണ്. അവരെ നയിക്കുന്നത് മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് പ്രത്യയശാസ്ത്രമാണ്. അതേ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ആ താരതമ്യം മതി ചൈനയെയും സിപിഐ എമ്മിനെയും ഒരു നുകത്തില്‍കെട്ടി ആക്രമിക്കാന്‍! അതല്ലെങ്കില്‍, ആസിയന്‍ കരാറില്‍ ഇന്ത്യ ഏര്‍പ്പെടുമ്പോള്‍ ചൈനയ്ക്ക് എന്തു ദോഷമെന്ന് തെളിയിച്ചിട്ടു വേണ്ടേ ഉമ്മന്‍ചാണ്ടി ഇത്തരം വികടസരസ്വതി എഴുന്നള്ളിക്കാന്‍.

ചൈനയുടെ പേരുപറഞ്ഞ് ആസിയന്‍ കരാറിനെ ന്യായീകരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ മിടുക്ക് തന്നെ. അതുരക്ഷപ്പെടാനുള്ള തന്ത്രങ്ങളിലൊന്ന്. എന്നാല്‍, അത്തരം തന്ത്രങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങി കേരളത്തിലെ കര്‍ഷക ജനസാമാന്യവും സാധാരണജനങ്ങളും ഉമ്മന്‍ചാണ്ടി പറയുന്നത് അംഗീകരിച്ചുകൊള്ളുമെന്ന ചിന്ത തികഞ്ഞ വ്യാമോഹമാണ്.

കരാര്‍ കേരളത്തിന് ദോഷകരമാണെന്ന് ശക്തിയുക്തം പറയുന്നത് ഇടതുപക്ഷം മാത്രമല്ല, യുഡിഎഫില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന കെ എം മാണി അടക്കമുള്ളവരുമാണ്; സ്വതന്ത്ര കര്‍ഷക സംഘടനയായ ഇന്‍ഫാമും മറ്റുമാണ്. അവര്‍ക്കും ചൈനീസ് താല്‍പര്യമാണോ? മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, നിങ്ങള്‍ കൊടുംപാതകമാണ് ജനങ്ങളോട് ചെയ്യുന്നത്. അതു പുറത്തറിയുമ്പോള്‍ പരിഹസിച്ചു ജയിക്കാന്‍ ശ്രമിക്കരുത്. ജനങ്ങളുടെ രോഷത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ഇത്തരം അഭ്യാസം തിരിച്ചറിയപ്പെടുമെന്നും കടുത്ത പ്രതികരണമാകും അതിന്റെ പ്രത്യാഘാതമെന്നും ഓര്‍ക്കുന്നത് നന്ന്.

ദേശാഭിമാനി മുഖപ്രസംഗം 2009 ആഗസ്റ്റ് 24

1 comment:

  1. കേന്ദ്രഗവര്‍മെന്റിന് വിദേശരാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ട്. കോണ്‍ഗ്രസാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തലപ്പത്ത്. സ്വാഭാവികമായും ആ പാര്‍ടിക്ക് കേന്ദ്രഗവര്‍മെന്റിന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള ബാധ്യതയുമുണ്ട്. കെപിസിസിയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും ആസിയന്‍ കരാറിനെ ന്യായീകരിക്കാനുള്ള വാദങ്ങളുമായി മുന്നോട്ടുവന്നതിനെ ആ അര്‍ഥത്തില്‍ അനിവാര്യമായ കടമ നിര്‍വഹിക്കുന്നതായി കണ്ടാല്‍ വിശേഷിച്ച് പ്രശ്നങ്ങളൊന്നുമില്ല. ആണവകരാറിനെ എന്നപോലെ, അവര്‍ ആസിയന്‍ കരാറിനെയും ന്യായീകരിക്കുന്നു; യഥാര്‍ഥത്തില്‍ സംഭവിക്കാനിരിക്കുന്ന അപകടങ്ങള്‍ മറച്ചുപിടിച്ച് സ്വന്തം മുഖംരക്ഷിക്കാനും ജനരോഷത്തില്‍നിന്നു രക്ഷപ്പെടാനുമുള്ള ന്യായവാദങ്ങള്‍ നിരത്തുന്നു എന്നതില്‍ കവിഞ്ഞ പ്രാധാന്യമോ പ്രസക്തിയോ അത്തരം വാദമുഖങ്ങള്‍ക്ക് കല്‍പ്പിക്കേണ്ടതുമില്ല. എന്നാല്‍, അങ്ങനെ അവഗണിക്കാവുന്നതിനപ്പുറമുള്ള ചില കാര്യങ്ങളുയര്‍ത്തി സ്വന്തം മുഖം രക്ഷിക്കുന്നതിലുപരിയായി പ്രത്യാരോപണങ്ങളുന്നയിച്ചും ആസിയാന്‍ കരാറിനെ എതിര്‍ക്കുന്നവര്‍ വികസനവിരുദ്ധരാണെന്ന് ആക്ഷേപിച്ചും കുറ്റം ചൈനയിലും ചൈനീസ് താല്‍പ്പര്യങ്ങളിലും ചാര്‍ത്തിയും നടത്തുന്ന പ്രചണ്ഡ പ്രചാരണത്തെ ലളിതമായി തള്ളിക്കളയാവുന്നതല്ല.

    ReplyDelete