Wednesday, August 12, 2009

നിയമവഴിയില്‍ ധീരതയോടെ

ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷനെ ഭയപ്പെട്ടാണ് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ അഭയം പ്രാപിച്ചിരിക്കുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെയും ചില പിന്തിരിപ്പന്‍ മാധ്യമങ്ങളുടെയും പ്രചാരണം നീതിന്യായവ്യവസ്ഥയോടുള്ള അവഹേളനം. പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യംചെയ്ത് പിണറായി ഹര്‍ജി നല്‍കിയത് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനാണ്. ഭരണഘടനാപരമായ അവകാശം വിനിയോഗിച്ചുകൊണ്ടുള്ള നിയമനടപടിയാണിത്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് മജിസ്ട്രേട്ട് കോടതിയിലാണ്. കുറ്റപത്രത്തിന്റെ സാധുതയും പിണറായി ഹര്‍ജിയില്‍ ചോദ്യംചെയ്തിട്ടുണ്ട്. കേസ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചാല്‍, ഈ വിഷയങ്ങളെല്ലാം പരിശോധനയ്ക്കു വിധേയമാകും. ഇതിലുള്ള അസഹിഷ്ണുതയാണ് ഉമ്മന്‍ചാണ്ടിയും ഒരുപിടി മാധ്യമങ്ങളും പ്രകടിപ്പിക്കുന്നത്. സിബിഐയുടെ കള്ളക്കേസ് സോപ്പുകുമിളപോലെ പൊട്ടിപ്പോകുമോയെന്ന പേടിയിലാണ് ഇക്കൂട്ടര്‍. ഹര്‍ജി കാരണം സംസ്ഥാനസര്‍ക്കാര്‍ വെട്ടിലാകുന്നുവെന്ന നിരീക്ഷണമാണ് മാതൃഭൂമിക്ക്.

ലാവ്ലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നത് സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ ഏകകണ്ഠമായ പ്രഖ്യാപനമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് ഗവര്‍ണരുടെ ഭരണഘടനാവിരുദ്ധമായ തീരുമാനം ചോദ്യംചെയ്ത് പിണറായി സുപ്രീംകോടതിയില്‍ പോയത്. ഇവിടെ ഗവര്‍ണറാണ് പ്രതിക്കൂട്ടില്‍. ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള വാദമുഖങ്ങളില്‍ ചിലതിനെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ മനോരമയുടെ ഡല്‍ഹി വാര്‍ത്തയില്‍ സ്ഥാനം നേടിയിട്ടുണ്ട്. പ്രതിപക്ഷം വലിയതോതില്‍ മാധ്യമപ്രചാരം നല്‍കിയതും പ്രശ്നം തികച്ചും രാഷ്ട്രീയപ്രേരിതമാക്കിയതും ഗവര്‍ണര്‍ പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത് വിചിത്രവാദമാണെന്നാണ് മനോരമയുടെ പക്ഷം. ഹര്‍ജിയുടെ ഉള്ളടക്കം പ്രസിദ്ധീകരിച്ച് മനോരമ ഒന്നാംപേജില്‍ നല്‍കിയ വാര്‍ത്തയിലെ കാര്യങ്ങള്‍പോലും ഗ്രഹിക്കാതെയാണ് ഇത്തരം അസംബന്ധങ്ങള്‍ ഡല്‍ഹിയില്‍നിന്ന് എഴുന്നള്ളിക്കുന്നത്.

വികസനപദ്ധതികള്‍ ധൈര്യസമേതം നടപ്പാക്കുന്ന ഭരണാധികാരികളെ പിന്നീട് നിയമക്കുരുക്കിലാക്കി വേട്ടയാടാമോ എന്ന പ്രശ്നമാണ് ലാവ്ലിന്‍ കേസില്‍ ഉത്ഭവിച്ചിട്ടുള്ളത്. മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമോ വേണ്ടയോ എന്ന തീരുമാനമെടുക്കേണ്ടത് ക്രിമിനല്‍ നടപടിനിയമം 197-ാം വകുപ്പുപ്രകാരം സംസ്ഥാന ഗവമെന്റാണെന്ന് ഭരണഘടന അനുശാസിക്കുന്നു. സംസ്ഥാന ഗവമെന്റ് എന്നാല്‍ മന്ത്രിസഭയാണോ ഗവര്‍ണറാണോ എന്നതാണ് വിഷയം. ക്രിമിനല്‍ നടപടിനിയമത്തിലെ നിര്‍വചനവകുപ്പുകളില്‍ ഒന്നുംതന്നെ ഗവര്‍ണര്‍ എന്നു പറഞ്ഞിട്ടില്ല. ഭരണഘടനയുടെ പന്ത്രണ്ടാം അനുച്ഛേദത്തില്‍ സ്റ്റേറ്റ് എന്ന വാക്കിന് നല്‍കിയ നിര്‍വചനം സംസ്ഥാന ഗവമെന്റും നിയമസഭയും എന്നാണ്. ഭരണഘടനയുടെ 154-ാം അനുച്ഛേദം സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പക്ഷേ, 166-ാം അനുച്ഛേദം പറയുന്നത് "ഒരു സംസ്ഥാനത്തെ സര്‍ക്കാരിന്റെ എല്ലാ നിര്‍വഹണപ്രവൃത്തിയും ഗവര്‍ണറുടെ നാമത്തില്‍ ചെയ്യുന്നതിനായി പ്രസ്താവിച്ചിരിക്കുകയാണ്'' എന്നാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് മന്ത്രിസഭാതീരുമാനം അനുസരിച്ച് അഡ്വക്കറ്റ് ജനറലില്‍നിന്ന് നിയമോപദേശം തേടിയശേഷം സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ച അഭിപ്രായം നിരസിച്ചത് ഭരണഘടനാവിരുദ്ധമാണ് എന്നാണ്. അറ്റോര്‍ണി ജനറലില്‍നിന്നോ ഭരണഘടന അനുശാസിക്കുന്ന മറ്റു നിയമകേന്ദ്രങ്ങളില്‍നിന്നോ ഉപദേശം സ്വീകരിക്കാതെ ഗവര്‍ണര്‍ തന്നിഷ്ടം പ്രയോഗിച്ച് മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കി. ഇതാണ് ചോദ്യം ചെയ്യപ്പെട്ടത്.

ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ വ്യാപ്തി ഇത്തരത്തില്‍ വര്‍ധിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം മാനിക്കാതെ രാഷ്ട്രപതിക്ക് യഥേഷ്ടം തീരുമാനങ്ങളെടുക്കാന്‍ കഴിയും എന്ന സ്ഥിതിയാകും. ജനാധിപത്യവും ഫെഡറലിസവും അപകടത്തിലാകും. മൌലികമായ ഈ ഭരണഘടനാവിഷയമാണ് പിണറായിയുടെ ഹര്‍ജിയില്‍ ഉള്‍ക്കൊള്ളുന്നത്. കേസ് കോടതി പരിഗണിച്ചാല്‍, ലാവ്ലിന്‍ കേസിലെ സിബിഐയുടെ പങ്കും പരിശോധനാവിധേയമാകും. അതുകൊണ്ടാണ് സിബിഐ ഉദ്യോഗസ്ഥരെ ചട്ടുകമാക്കിയ കേന്ദ്രഭരണകക്ഷിക്ക് പിണറായിയുടെ ഹര്‍ജിയില്‍ വേവലാതി.

ആര്‍ എസ് ബാബു ദേശാഭിമാനി

ശ്രീ. വിജി പിണറായി മറ്റൊരു ബ്ലോഗ്ഗില്‍ ഇട്ട ഒരു കമന്റിലെ ചില ഭാഗങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഗവര്‍ണ്ണറെ എന്തുകൊണ്ട് കക്ഷിയാക്കിയില്ല എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഇത് മറുപടിയാകും എന്ന് തോന്നുന്നു.

ഭരണഘടനയുടെ 361(1) വകുപ്പ് പ്രകാരം ഗവര്ണര്ക്ക് ഒരു കോടതിയോടും ഉത്തരവാദിത്വമില്ല. (‘The Governor shall not be answerable to any court for the exercise and performance of the powers and duties of his office or for any act done or purporting to be done by him in exercise and performance of those powers and duties.’) ഈ കാര്യം 2005-ല് ബീഹാര് നിയമസഭ പിരിച്ചു വിട്ടതിനെചോദ്യം ചെയ്ത Rameshwar Prasad v/s Union of India എന്ന പേരില് പ്രശസ്തമായ കേസിലെ (Writ Petition (civil) 257 of 2005) സുപ്രീം കോടതി വിധിയില് എടുത്തു പറഞ്ഞിട്ടുമുണ്ട്. മേല് പറഞ്ഞ ഭരണഘടനാ വകുപ്പും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സബര്വാള്, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ ജി ബാലകൃഷ്നന്, ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് ബി എന് അഗര്വാള്, ജസ്റ്റിസ് അശോക് ഭാന് എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ 24/01/2006-ലെ വിധിയും അനുസരിച്ച് ഗവര്ണര്ക്ക് എതിരെ ഹര്ജി നല്കാനാവില്ല എന്നതു കൊണ്ടാണ് ഗവര്ണര് തലവനായുള്ള സര്ക്കാരിനെ കക്ഷിയാക്കിയത്.

2 comments:

  1. ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷനെ ഭയപ്പെട്ടാണ് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ അഭയം പ്രാപിച്ചിരിക്കുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെയും ചില പിന്തിരിപ്പന്‍ മാധ്യമങ്ങളുടെയും പ്രചാരണം നീതിന്യായവ്യവസ്ഥയോടുള്ള അവഹേളനം. പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യംചെയ്ത് പിണറായി ഹര്‍ജി നല്‍കിയത് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനാണ്. ഭരണഘടനാപരമായ അവകാശം വിനിയോഗിച്ചുകൊണ്ടുള്ള നിയമനടപടിയാണിത്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് മജിസ്ട്രേട്ട് കോടതിയിലാണ്. കുറ്റപത്രത്തിന്റെ സാധുതയും പിണറായി ഹര്‍ജിയില്‍ ചോദ്യംചെയ്തിട്ടുണ്ട്. കേസ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചാല്‍, ഈ വിഷയങ്ങളെല്ലാം പരിശോധനയ്ക്കു വിധേയമാകും. ഇതിലുള്ള അസഹിഷ്ണുതയാണ് ഉമ്മന്‍ചാണ്ടിയും ഒരുപിടി മാധ്യമങ്ങളും പ്രകടിപ്പിക്കുന്നത്. സിബിഐയുടെ കള്ളക്കേസ് സോപ്പുകുമിളപോലെ പൊട്ടിപ്പോകുമോയെന്ന പേടിയിലാണ് ഇക്കൂട്ടര്‍. ഹര്‍ജി കാരണം സംസ്ഥാനസര്‍ക്കാര്‍ വെട്ടിലാകുന്നുവെന്ന നിരീക്ഷണമാണ് മാതൃഭൂമിക്ക്

    ReplyDelete