Wednesday, April 15, 2015

ദളിത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെണ്ട് സമ്മേളനം ചേരണം

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > ഡോ. ബി ആര്‍ അംബേദ്കറുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ രാജ്യത്തെ പട്ടികവിഭാഗ സമൂഹങ്ങളുടെ പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെണ്ടിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.തൊട്ടകൂടായ്മയും പട്ടികവിഭാഗ സമുദായങ്ങള്‍ക്കെതിരായ അക്രമങ്ങളും തുടരുമ്പോഴും ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പട്ടിക വിഭാഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന നിയമം ശക്തിപ്പെടുത്തുകയും പൂര്‍ണ്ണമായി നടപ്പാക്കുകയും വേണം. ഇന്ത്യയിലെ ഭൂരിപക്ഷം ഗ്രാമീണ ദളിതരും ഭൂരഹിത തൊഴിലാളികളാണ്. അവര്‍ക്ക് ഒരു സ്വത്തുമില്ല. സംവരണ വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ നികത്തുന്നതില്‍ കാലങ്ങളായി കുറവുവരുന്നു. ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നിഷേധിക്കപ്പെടുന്നു.അവര്‍ക്ക് ആനുകൂല്ല്യങ്ങള്‍ കിട്ടുന്നില്ല.ഈ വിഷയങ്ങളൊക്കെ പാര്‍ലമെണ്ട് പ്രത്യേകം ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കേണ്ടതുണ്ട്. പാര്‍ലമെണ്ടിന്റെ പ്രത്യേക സമ്മേളനം വിളിച്ച് രാജ്യത്തിന്റെയാകെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണം. ജന്മത്തിന്റെയും പിന്തുടര്‍ച്ചയുടെയും പേരില്‍ നിലനില്‍ക്കുന്ന നാണംകെട്ട ഈ വിപത്തിലേക്കും അത് ഇല്ലാതാക്കാനായി അടിയന്തരമായി സമഗ്രവും ശക്തവുമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ജനശ്രദ്ധ കൊണ്ടുവരാന്‍ കഴിയണം.

വര്‍ഗ്ഗസമരത്തിനൊപ്പം സാമൂഹ്യ-ജാതിവിവേചനങ്ങള്‍ക്കെതിരെയും ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാതാക്കാനും മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും പാര്‍ട്ടി ഒന്നടങ്കം പോരാടണം. ജനാധിപത്യ മുന്നേറ്റങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും ദളിതരെ അകറ്റാനുള്ള നീക്കങ്ങള്‍ ചെറുക്കുകയും വേണം- പ്രമേയത്തില്‍ പറയുന്നു.

No comments:

Post a Comment