Tuesday, September 15, 2015

മൂന്നാറിന്റെ മുന്നറിയിപ്പ്

മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ ഒമ്പതുദിവസമായി നടത്തിയ സമരത്തിന്റെ പരിസമാപ്തി സന്തോഷകരമാണ്. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്സ്ഗ്രേഷ്യയും നല്‍കാമെന്ന് കമ്പനി സമ്മതിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. 2015ല്‍ ഏകപക്ഷീയമായി കമ്പനി ബോണസ് വെട്ടിക്കുറച്ചതിനെതിരെ രോഷത്തോടെ സമരത്തിനിറങ്ങിയ തൊഴിലാളിസ്ത്രീകള്‍ക്ക് ആശ്വാസകരമായ തീര്‍പ്പാണ് ഉണ്ടായത്. രാഷ്ട്രീയപാര്‍ടികളും തൊഴിലാളിസംഘടനകളും സര്‍ക്കാരും സമരംചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും ഒത്തുചേര്‍ന്നാണ് ചര്‍ച്ചകള്‍ നടത്തിയെന്നതും സമരത്തില്‍ ഉയര്‍ന്ന വേതനവര്‍ധന എന്ന ആവശ്യം പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ പരിഗണിക്കും എന്നതും തൊഴിലാളികളുടെ വികാരം എല്ലാവരും ഏറ്റെടുത്തതിന് തെളിവാണ്.

കാലാകാലമായി അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ പൊടുന്നനെ തട്ടിയെടുക്കപ്പെടുമ്പോള്‍ ഉണ്ടായ രോഷമാണ് സമരത്തിലണിനിരന്ന ഓരോ സ്ത്രീത്തൊഴിലാളിയുടെയും മുഖത്ത് നിഴലിച്ചത്. തീര്‍ത്തും ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന തങ്ങള്‍ വീണ്ടും വീണ്ടും ചൂഷണം ചെയ്യപ്പെടുകയാണ് എന്ന തിരിച്ചറിവില്‍നിന്നാണ് അവരുടെ രോഷപ്രകടനം ഉണ്ടായത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെയും രോഷത്തെയും തൊഴിലാളി സംഘടനകളില്‍നിന്ന് അടര്‍ത്തിമാറ്റി അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ആസൂത്രിതശ്രമം ഈ സമരത്തോടനുബന്ധിച്ച് വിവിധ കോണുകളില്‍നിന്ന് ഉണ്ടായി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരുഘട്ടത്തില്‍ സമരം തേയിലക്കമ്പനിക്കെതിരെയല്ല, നാട്ടിലെ ട്രേഡ് യൂണിയനുകള്‍ക്കെതിരെയാണ് എന്ന് സ്ഥാപിക്കുംവിധം പ്രചാരണമുണ്ടായി. ഒമ്പതുദിവസം തൊഴിലാളികള്‍ തെരുവില്‍ പോരാട്ടം നടത്തിയിട്ടും തിരിഞ്ഞുനോക്കാതെ സ്വന്തം കടമ മറന്ന സംസ്ഥാന സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ തയ്യാറാകാത്ത ചില മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ കാണിച്ച ആവേശവും വിസ്മരിക്കാവുന്നതല്ല.

രാജ്യത്ത് തൊഴിലാളിവര്‍ഗം കടുത്ത അതൃപ്തിയിലാണ്. നവഉദാരവല്‍ക്കരണ നയങ്ങളും അതിന്റെ ഭാഗമായ നടപടികളും നിയമഭേദഗതികളും തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നു. തൊഴില്‍സാഹചര്യങ്ങള്‍ അനുദിനം വഷളാകുന്നു. ദൈനംദിന ജീവിതം വഴിമുട്ടുന്നു. സെപ്തംബര്‍ രണ്ടിന് രാജ്യവ്യാപകമായി തൊഴിലാളിസംഘടനകള്‍ ഒറ്റക്കെട്ടായി നടത്തിയ പൊതുപണിമുടക്ക് ആ അതൃപ്തിയുടെ പ്രതിഫലനമാണ്. കേരളത്തിലെ മഹാഭൂരിപക്ഷം തൊഴിലാളികളും കടുത്ത യാതന അനുഭവിക്കുകയാണ്. ആലപ്പുഴ സീമാസില്‍ നടന്ന സമരം ഉദാഹരണം. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലും തുച്ഛവേതനത്തിന് ദുരിതപൂര്‍ണമായ തൊഴില്‍സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന വനിതകളെക്കുറിച്ച് സര്‍ക്കാരിന് ചിന്തയില്ല. തൊഴിലാളികളുടെ ക്ഷേമം എന്ന വാക്ക് അബദ്ധത്തില്‍ ഉച്ചരിക്കാന്‍പോലും തയ്യാറാകാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. തൊഴിലാളികള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു. ഏറെക്കുറെ അത്തരമൊരു അവസ്ഥയില്‍നിന്നുതന്നെയാണ് മൂന്നാറിലെ സ്ത്രീത്തൊഴിലാളികളുടെ സമരവും ഉടലെടുത്തത്. ട്രേഡ് യൂണിയനുകളില്‍നിന്ന് അതിനെ വേര്‍പെടുത്താനുള്ള വ്യഗ്രത അതുകൊണ്ടുതന്നെ നിരര്‍ഥകമാണ്.

സമരത്തെക്കുറിച്ച് തെറ്റായ പ്രചാരണം ഏറ്റെടുത്തവര്‍ക്ക് സങ്കുചിത ലക്ഷ്യങ്ങളുണ്ടാകാം. സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരു വനിത ആവര്‍ത്തിച്ചു വ്യക്തമാക്കിയത് തങ്ങളെ രാഷ്ട്രീയലക്ഷ്യത്തോടെ വഴിതിരിച്ചുവിടാന്‍ പലതരത്തില്‍ ശ്രമമുണ്ടായി എന്നാണ്. അത്തരം ശ്രമങ്ങളുടെ ഫലംതന്നെയാണ് സമരത്തിന്റെ കുന്തമുന തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്കുനേരെ തിരിച്ചുവിടാനുള്ള വ്യാമോഹം ജനിപ്പിച്ചത്. തൊഴിലാളി നേതാക്കളെയും ജനപ്രതിനിധികളെയും സമരമുഖത്തുനിന്ന് മാറ്റിനിര്‍ത്തുക തങ്ങളുടെ ലക്ഷ്യമായിരുന്നില്ല എന്ന് സമരത്തില്‍ പങ്കെടുത്തവര്‍ ഉറപ്പിച്ചു പറയുമ്പോഴും മൂന്നാര്‍ സമരത്തെ തെറ്റായി രേഖപ്പെടുത്താന്‍ ചിലര്‍ തയ്യാറാകുന്നതും മറ്റൊരു കാരണം കൊണ്ടല്ല.

സങ്കുചിതമായ ലക്ഷ്യങ്ങളുള്ളവര്‍ക്ക് മൂന്നാര്‍ സമരം അരാഷ്ട്രീയമായി ചിത്രീകരിക്കാം. എന്നാല്‍, ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ മനസ്സിലും ജീവിതത്തിലും തിളച്ചുപൊന്തുന്ന രോഷത്തിന്റെ അണപൊട്ടിയൊഴുകലാണ് മൂന്നാറിലുണ്ടായത് എന്ന യാഥാര്‍ഥ്യം ആര്‍ക്കും മറച്ചുവയ്ക്കാനാകില്ല. ഈ വികാരത്തെ, രോഷത്തെ ഏറ്റെടുത്ത് തൊഴിലാളികളുടെ ഉജ്വലമായ മുന്നേറ്റത്തിന് നേതൃത്വംനല്‍കാനുള്ള കടമ ട്രേഡ് യൂണിയന്‍ സംഘടനകളെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട് മൂന്നാര്‍ സമരം. ഒപ്പം തൊഴിലാളികളുടെ വികാരം തൃണവല്‍ഗണിച്ച് മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല എന്ന മുന്നറിയിപ്പും മൂന്നാറില്‍നിന്ന് മുഴങ്ങുന്നുണ്ട്. രാഷ്ട്രീയസമരങ്ങളെ അവഹേളിക്കാനും അവഗണിക്കാനും എക്കാലത്തും തയ്യാറാകുന്നവര്‍ മൂന്നാര്‍ സമരത്തെ പിന്തുണച്ചത്, അതില്‍ രാഷ്ട്രീയമില്ല എന്ന ധാരണമൂലമാകാം. എന്നാല്‍, തൊഴിലാളിവര്‍ഗത്തിന്റെ ഏതു സമരത്തിലും, അവകാശനിഷേധത്തിനെതിരായ ഏതു മുന്നേറ്റത്തിലും ഉള്‍ച്ചേര്‍ന്നു കിടക്കുന്ന രാഷ്ട്രീയം അവരുടെ ചിന്തകള്‍ക്കപ്പുറത്തുള്ളതാണ്. പ്രതിലോമശക്തികളുടെയും അരാഷ്ട്രീയത്തിന്റെയും ഇടപെടലുകള്‍ക്കും കുതന്ത്രങ്ങള്‍ക്കും അതീതമായ രാഷ്ട്രീയം- തൊഴിലാളിവര്‍ഗത്തിന്റെ അവകാശപ്പോരാട്ടത്തിന്റെ രാഷ്ട്രീയം- അതാണ് എല്ലാറ്റിലും മുകളില്‍. മൂന്നാര്‍ സമരത്തിന്റെ ആത്യന്തിക വിശകലനത്തിലും കാണാനാവുന്നത് അതാണ് $

ദേശാഭിമാനി മുഖപ്രസംഗം

1 comment:

  1. ടാറ്റായുടെ ബിസിനെസ്സ്‌ മറ്റു പല ഇന്ത്യന്‍ വ്യവസായ മുതലാളിമാരുടെ രീതികളില്‍ നിന്നും വളരെ വ്യത്യസ്തം എന്നാണു സാധാരണ ആയി പറഞ്ഞു കേള്‍ക്കുന്നത്. തൊഴിലാളികളെ ടാറ്റ ബിസിനെസ്സ്‌ ചൂഷണം ചെയ്യാറില്ല എന്നാണു കരുതിയിരുന്നത്. എന്നാല്‍ മൂന്നാറില്‍ നടന്നു കൊണ്ടിരുന്നത് വളരെ വലിയ ഒരു ചൂഷണം തന്നെ ആയിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഈ ചൂഷണം കമ്പനി ഉദ്യോഗസ്തരുടെ വക ആയിരുന്നു എന്ന് കരുതാനാണ് ടാറ്റയെ ഒരു മാതൃകാ ബിസിനെസ്സ്‌ ഗ്രൂപ്‌ ആയി ഇതുവരെ കരുതിയ എന്നെ പോലെയുള്ളവര്‍ ഇഷ്ടപ്പെടുക. ഏതായാലും ഈ സ്ത്രീ തൊഴിലാളികളുടെ ഈ സംഘടിത സമരം, അതും നേരിട്ടുള്ള രാഷ്ട്രീയ ഇടപെടല്‍ ഒന്നും ഇല്ലാതെ, വിജയം പ്രാപിച്ചത് ടാറ്റയെ പോലുള്ള കമ്പനികളിലെ ബിസിനസ് മാനേജര്‍മാരെ നേര്‍വഴിക്ക് തിരിച്ചു വിടാന്‍ സഹായിക്കുമെന്ന് വിചാരിക്കാം. ഇരിക്കുന്ന കമ്പ് മുറിക്കാന്‍ അവര്‍ തീരുമാനിക്കില്ല എന്നും തല്‍ക്കാലം വിശ്വസിക്കാം!

    ReplyDelete