Monday, October 8, 2018

ശബരിമലവിധിയും സിപിഐ എമ്മും

പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാൻ അവകാശമുണ്ടെന്ന്‌ പ്രഖ്യാപിച്ച സുപ്രീംകോടതിവിധി ദുരുപയോഗിച്ചുകൊണ്ട്‌ വർഗീയധ്രുവീകരണം നടത്തി സിപിഐ എമ്മിനും സർക്കാരിനും എതിരെ സങ്കുചിത രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുന്നതിനായി കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണ്‌. സിപിഐ എമ്മും സംസ്ഥാന സർക്കാരും യുവതികളായ സ്‌ത്രീകളെ കയറ്റി ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന്‌ ഒരേതൂവൽ പക്ഷികളായി ഇവർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ രണ്ടു പാർടികളുടെയും അഖിലേന്ത്യാനേതൃത്വം സ്വീകരിച്ച നിലപാടിൽനിന്നുമാറി മതഭ്രാന്ത്‌ ഇളക്കിവിടുന്നതിനാണ്‌ ചെന്നിത്തലയും ശ്രീധരൻപിള്ളയും നേതൃത്വം നൽകുന്നത്‌.

ഒന്നാമതായി, സ്‌ത്രീകൾക്ക്‌ എല്ലാ മേഖലയിലും തുല്യത വേണമെന്ന കാര്യത്തിൽ സിപിഐ എമ്മിന‌് സുവിദിതമായ നിലപാടുണ്ട്‌. അത്‌ ക്ഷേത്രത്തിലെ സ്‌ത്രീപ്രവേശനത്തിന്റെ കാര്യത്തിലായാലും ക്രിസ്‌ത്യൻപള്ളിയുടെ കാര്യത്തിലായാലും മുസ്ലിംപള്ളികളുടെ കാര്യത്തിലായാലും ഒരേ സമീപനംതന്നെയാണ്‌. സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഈ നിലപാടിൽ വെള്ളംചേർക്കാൻ സിപിഐ എം ഒരുകാലത്തും ശ്രമിച്ചിട്ടില്ല. രാജ്യത്തെ ഭരണഘടന അയിത്തം കുറ്റകരമാണെന്ന്‌ പ്രഖ്യാപിക്കുന്നതാണ്‌. അയിത്തം ഇപ്പോഴും പ്രയോഗത്തിലിരിക്കുന്ന സ്ഥലങ്ങളിലെല്ലാം അതിനെതിരായ ശക്തമായ നിലപാടും സിപിഐ എം സ്വീകരിക്കാറുണ്ട്‌.

രണ്ടാമതായി, വിശ്വാസത്തിന്റെ കാര്യത്തിൽ തങ്ങളുടെ നിലപാട്‌ അടിച്ചേൽപ്പിക്കാൻ സിപിഐ എം ശ്രമിക്കാറില്ല. യാഥാർഥ്യബോധത്തോടെതന്നെയാണ്‌ സിപിഐ എം സമീപനം സ്വീകരിക്കുന്നത്‌. ആരാധനാലയങ്ങളിലേക്കുള്ള സ്‌ത്രീകളുടെ പ്രവേശനത്തിന്റെ കാര്യത്തിലായാലും മറ്റ‌് അനാചാരങ്ങളുടെ കാര്യത്തിലായാലും അതതു മതവിഭാഗങ്ങൾക്കകത്തുനിന്നാണ്‌ ആദ്യം വിയോജിപ്പും പ്രക്ഷോഭവും ഉയർന്നുവരേണ്ടതെന്ന നിലപാടാണ്‌ പാർടി സ്വീകരിച്ചിട്ടുള്ളത്‌. അത്തരം പോരാട്ടങ്ങളോട്‌ ഐക്യപ്പെടുന്നതിനും അതിനായി കടുത്ത ത്യാഗമനുഷ്‌ഠിക്കുന്നതിനും ചരിത്രത്തിൽ എക്കാലത്തും കമ്യൂണിസ്റ്റുകാർ ശ്രമിച്ചിട്ടുണ്ട്‌. എ കെ ജിയും കൃഷ്‌ണപിള്ളയും ഗുരുവായൂർ സത്യഗ്രഹത്തിൽ കൊടിയമർദനം ഏറ്റുവാങ്ങിയത്‌ അവർക്ക്‌ ക്ഷേത്രദർശനം നടത്തി പ്രാർഥിക്കുന്നതിനുവേണ്ടിയായിരുന്നില്ലെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.

മൂന്നാമതായി, തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽവന്ന കമ്യുണിസ്റ്റ‌് പാർടി നയിച്ച സർക്കാരുകൾ ആ അധികാരം ഉപയോഗിച്ച്‌ തങ്ങളുടെ പ്രത്യയശാസ്‌ത്രനിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. താൻ ശ്വസിക്കുന്നതുപോലും കമ്യൂണിസ്റ്റ‌് സമുദായം സൃഷ്ടിക്കുന്നതിനുവേണ്ടിയാണെന്നും എന്നാൽ, തന്റെ ഗവൺമെന്റിന്റെ പരിപാടി കമ്യൂണിസ്റ്റ‌് സമുദായം സൃഷ്ടിക്കലായിരിക്കുകയില്ലെന്നും ചരിത്രം സൃഷ്ടിച്ച്‌ മുഖ്യമന്ത്രിയായ ആദ്യസന്ദർഭത്തിൽത്തന്നെ ഇ എം എസ്‌ വ്യക്തമാക്കുകയുണ്ടായി. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയ‌്ക്ക്‌ അകത്തുനിന്ന‌് സാധ്യമായ ജനോപകാരപരിപാടികൾ നടപ്പാക്കാനാണ്‌ ശ്രമിക്കുകയെന്നും അന്ന്‌ ഇ എം എസ്‌ വ്യക്തമാക്കി. ജനാധിപത്യസംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണ്‌. മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്നതിനും ആ സർക്കാരിന‌് ഉത്തരവാദിത്തമുണ്ട്‌. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ്‌ ശബരിമല കേസിൽ എൽഡിഎഫ്‌ സർക്കാരുകൾ സമീപനം സ്വീകരിച്ചിട്ടുള്ളത്‌.

സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടാണ്‌ ഈ വിധിയിലേക്ക്‌ നയിച്ചതെന്ന്‌ ബിജെപിയും സംസ്ഥാന സർക്കാർ ചോദിച്ചുവാങ്ങിയ വിധിയാണെന്ന്‌ പ്രതിപക്ഷനേതാവും പറയുന്നുണ്ട്‌. സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാട്‌ അംഗീകരിക്കുന്ന സംവിധാനം മാത്രമാണ്‌ ഇന്ത്യയിലെ ഉന്നതനീതിപീഠമെന്നാണോ ഇവർ പറയുന്നത്‌? ശബരിമലയിൽ യുവതികളുടെ പ്രവേശനം വിലക്കിയ 1991ലെ ഹൈക്കോടതി ഉത്തരവ്‌ വായിക്കുകയാണെങ്കിൽ  അന്ന്‌ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അതിൽ കക്ഷിയായിരുന്ന കമീഷണറും നൽകിയ സത്യവാങ്‌മൂലത്തിലെ നിലപാട്‌ മനസ്സിലാക്കാം. മണ്ഡലകാലത്തും മകരവിളക്കിനും വിഷുവിനും ഒഴികെ സ്‌ത്രീകൾ ശബരിമലയിൽ ദർശനം നടത്താറുണ്ടെന്നും അത‌് ശരിയാണെന്നുമാണ്‌ ഇവർ വാദിച്ചത്‌. അന്നത്തെ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചെന്നിത്തല പിന്തുണയ‌്ക്കുന്നുണ്ടോ? ഈ നിലപാട്‌ തള്ളിക്കൊണ്ടാണല്ലോ ജസ്റ്റിസ്‌ പരിപൂർണനും ജസ്റ്റിസ്‌ മാരാരും അടങ്ങുന്ന ബെഞ്ച്‌ വിധി പ്രഖ്യാപിച്ചത്‌. 2007ൽ എൽഡിഎഫ്‌ സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽനിന്ന‌് വ്യത്യസ്‌തമായ നിലപാട്‌ 2016 ഫെബ്രുവരിയിൽ, തെരഞ്ഞെടുപ്പിനുമുമ്പായി യുഡിഎഫ്‌ സർക്കാർ സ്വീകരിക്കുകയുണ്ടായി.

2016 നവംബറിൽ എൽഡിഎഫ്‌ സർക്കാർ, ഇതു തിരുത്തി 2007ലെ നിലപാട്‌ തന്നെയാണ്‌ തങ്ങളുടേതെന്ന്‌  കോടതിയിൽ വ്യക്തമാക്കി. 411 പേജുള്ള വിധിന്യായത്തിൽ ആദ്യത്തെ 95 പേജുകളിലായി 145 ഖണ്ഡികകളിലായാണ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര എഴുതിയ വിധിയുള്ളത്‌. അതിനോട്‌ യോജിച്ചുകൊണ്ടുതന്നെ ജസ്റ്റിസ്‌ നരിമാനും ജസ്റ്റിസ്‌ ചന്ദ്രചൂഡും എഴുതിയതും ജസ്റ്റിസ്‌ ഇന്ദു മൽഹോത്രയുടെ വിയോജനവും ഉൾപ്പെടെയാണ്‌ 411 പേജുകൾ. മുഖ്യവിധിയിൽ ഒറ്റ ഖണ്ഡികയിൽമാത്രമാണ്‌ സംസ്ഥാന സർക്കാരിന്റെ നിലപാട്‌ സുചിപ്പിക്കുന്നത്‌. സ്‌ത്രീകളോട്‌ ഒരു വിവേചനവും പാടില്ലെന്നതാണ്‌ സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന്‌ വിധി സൂചിപ്പിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന്റെ നാലാമത്തെ ഖണ്ഡികയിൽ ആരാധന നടത്തുന്നതിൽനിന്ന‌് ആരെയും തടയരുതെന്നതാണ്‌ തങ്ങളുടെ നിലപാടെങ്കിലും വർഷങ്ങളായി തുടരുന്ന ആചാരമെന്നനിലയിലും ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമെന്നനിലയിലും ഇതിനെ സാധൂകരിക്കുന്ന ഹൈക്കോടതിവിധിയുള്ളതിനാലും ഈ പ്രശ്‌നം പഠിക്കുന്നതിനായി ഉചിതമായ ഒരു കമീഷനെ നിയോഗിക്കുന്നതായിരിക്കും നല്ലതെന്ന്‌ സംസ്ഥാന സർക്കാർ വ്യക്തമാക്കി.

എല്ലാ സ്‌ത്രീകൾക്കും ദർശനം അനുവദിക്കാമോയെന്നു പരിശോധിച്ച്‌ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിന്‌ ഹിന്ദുയിസത്തിൽ ആഴത്തിൽ അറിവുള്ള പണ്ഡിതരും അംഗീകരിക്കപ്പെട്ട, അഴിമതിരഹിതരായ സാമൂഹ്യപരിഷ്‌കർത്താക്കളും അടങ്ങുന്ന കമീഷനെ നിയമിക്കണമെന്നും സർക്കാർ പറഞ്ഞു. സ്‌ത്രീകൾക്ക്‌ പ്രവേശനം അനുവദിക്കുന്നത്‌ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കുമെന്ന വാദം ശരിയാണെന്ന്‌ സർക്കാർ കരുതുന്നില്ലെങ്കിലും അത്‌ പരിഗണിച്ചും മണ്ഡലകാലത്തും മറ്റുമുള്ള പരിമിതികൾ പരിഗണിച്ചും വേണമെങ്കിൽ സ്‌ത്രീകൾക്ക്‌ ശബരിമലയിൽ ദർശനം നടത്തുന്നതിന്‌ പ്രത്യേക സീസണാകാമെന്ന കാര്യവും സൂചിപ്പിച്ചു.  കെ എൽ മോഹനവർമ്മയുടെയും അമ്പലപ്പുഴ രാമവർമ്മയുടെയും മറ്റും ചരിത്രം വിശദീകരിക്കുന്ന കുറിപ്പുകളും ഈ സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.
നിലവിലുള്ള കോടതിനിർദേശമനുസരിച്ച‌് പത്തിനും അമ്പതിനുമിടയിലുള്ള സ്‌ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത്‌ തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.

എന്നുമാത്രമല്ല, ഇതു സംബന്ധിച്ച്‌ ഒരു നിയമനിർമാണം നടത്തുന്നതിനും സർക്കാരിന‌് ഉദ്ദേശ്യമില്ലെന്നും സുപ്രീംകോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണെന്നും അതിന്‌ അനുസരിച്ചുമാത്രമേ നടപടികൾ സ്വീകരിക്കുകയുള്ളെന്നും ഉറപ്പുനൽകുകയും ചെയ്‌തു. ഇതിൽ എവിടെയാണ്‌ സിപിഐ എം വിശ്വാസികളുടെ വിശ്വാസത്തിന്‌ എതിരായ നിലപാട്‌ സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ, സ്‌ത്രീകൾക്കെതിരായ വിവേചനം അംഗീകരിക്കാൻ സിപിഐ എമ്മിനാകില്ല. പക്ഷേ, വിശ്വാസത്തിന്റെ മേഖലയിൽ അത്‌ അടിച്ചേൽപ്പിക്കാൻ സിപിഐ എം നയിക്കുന്ന സർക്കാരുകൾ തയ്യാറാകാറില്ല. ഇപ്പോൾ, എല്ലാ വാദങ്ങളും വിശദമായി  പരിശോധിച്ച്‌ ഉന്നത നീതിപീഠം വിധി പ്രഖ്യാപിച്ചു.

12 വർഷം നീണ്ട ഈ പ്രക്രിയയിൽ ഏതൊരാൾക്കും തങ്ങളുടെ നിലപാട്‌ വ്യക്തമാക്കി കക്ഷിചേരാൻ കോടതി അനുവദിച്ചിരുന്നു. പ്രവേശനത്തെ എതിർക്കുന്ന എൻഎസ്‌എസും മറ്റു സംഘടനകളും മാത്രമല്ല, അനുകൂലിക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചു. എന്നാൽ, ഇപ്പോൾ കലാപത്തിന്‌ ആഹ്വാനംചെയ്യുന്ന കോൺഗ്രസും ബിജെപിയും കക്ഷിചേരാൻ ശ്രമിച്ചില്ല. എന്നുമാത്രമല്ല, ഈ രണ്ടു പാർടികളുടെ നേതൃത്വവും സ്‌ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ പരസ്യനിലപാട്‌ കോടതിക്കുപുറത്ത്‌ പ്രകടിപ്പിക്കുകയും ചെയ്‌തു.

നാലാമതായി, കോടതി, വിധി പ്രഖ്യാപിച്ചെങ്കിലും അതിന്റെ ഭാഗമായി സ്‌ത്രീകളുമായി ക്ഷേത്രപ്രവേശനം നടത്തുന്നതിനും സിപിഐ എമ്മില്ല. ആളുകളെ വിശ്വാസത്തിന്റെ വഴിയിലൂടെ ക്ഷേത്രത്തിലേക്ക്‌ ആകർഷിക്കുന്നതിന്‌ പ്രവർത്തിക്കുന്ന ദർശനമുള്ള പാർടിയല്ല സിപിഐ എം. എന്നാൽ, വിശ്വാസിയായ സ്‌ത്രീക്ക്‌ ശബരിമലയിൽ ദർശനം നടത്തുന്നതിനുള്ള നിയമപരമായ അവകാശം സംരക്ഷിക്കപ്പെടുകയുംവേണം. സുപ്രീംകോടതി വിധി പ്രഖ്യാപിച്ചാൽ അതാണ്‌ രാജ്യത്തെ നിയമം. പാർലമെന്റ‌് പാസാക്കുന്ന നിയമങ്ങൾ ഭരണഘടനയ‌്ക്ക്‌ അനുസൃതമാണോയെന്ന്‌  പരിശോധിക്കുന്നതിനുള്ള ജുഡീഷ്യൽ റിവ്യൂവിനുള്ള അധികാരം സുപ്രീംകോടതിക്ക്‌ ഭരണഘടന നൽകുന്നുണ്ട്‌. അപ്പോൾ ഭരണഘടനാ വിരുദ്ധമെന്ന്‌ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ വിധിച്ച കാര്യത്തിൽ നിയമനിർമാണം വേണമെന്ന്‌ ചെന്നിത്തലയും ശ്രീധരൻപിള്ളയും പറയുന്നത്‌ എത്ര അസംബന്ധമാണ്‌. അതുകൊണ്ടു തന്നെ സുപ്രീംകോടതിവിധി നടപ്പാക്കേണ്ടത്‌  സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്‌. അല്ലെങ്കിൽ അധികാരത്തിൽ തുടരാൻപോലും ഭരണഘടനാപരമായി സർക്കാരിനുകഴിയില്ല.

ആചാരങ്ങൾ എക്കാലത്തും ഒരുപോലെയല്ലെന്ന കാര്യം സുപ്രീംകോടതി ഓർമിപ്പിക്കുന്നുണ്ട്‌. നവോത്ഥാനകാലം എത്രമാത്രം അനാചാരങ്ങൾ അവസാനിപ്പിച്ചു. മാറുമറയ‌്ക്കാതെമാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന ഉത്തരവ്‌ കൊച്ചി രാജ്യത്തുണ്ടായിരുന്നു. മറ്റു ചില ക്ഷേത്രങ്ങളിലും ഇത്തരം തീട്ടൂരങ്ങൾ ഉണ്ടായിരുന്നു. അത്‌ അവസാനിപ്പിച്ചപ്പോൾ തങ്ങൾക്ക്‌ മാറ്‌ മറച്ച്‌ ദൈവകോപം ലഭിക്കേണ്ടെന്നുപറഞ്ഞ്‌ പ്രകടനം നടത്തിയവരും ഉണ്ട്‌. പിന്നോക്കക്കാരന്‌ വഴിനടക്കാൻ അവകാശം ലഭിച്ചിട്ടും അതിന‌് തയ്യാറാകാതിരുന്നവരുമുണ്ടായിരുന്നു. ആർത്തവകാലം കുടുംബത്തിൽനിന്നുപോലും സ്‌ത്രീ പുറത്തായിരുന്നു. വീട്ടിലോ അടുക്കളയിലോ കയറാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊക്കെ ഉണ്ടായിരുന്നോ എന്ന്‌ ഇന്നിന്റെ തലമുറ സംശയിക്കുമായിരിക്കും. പുരോഗമനശക്തികളുടെ പോരാട്ടങ്ങളും അതിന്റെ തുടർച്ചയിലെ നിയമനിർമാണങ്ങളുമാണ്‌ ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്‌. അതിൽനിന്ന‌് പാഠം ഉൾക്കൊള്ളാൻ തയ്യാറാവുകയാണ്‌ വേണ്ടത്‌. ഭരണഘടനാവിരുദ്ധവും ആധുനിക സമൂഹത്തിന‌് നിരക്കാത്തതുമായ ഒരു ആചാരം അവസാനിപ്പിക്കാൻ ലഭിച്ച സന്ദർഭമാണിത്‌. പ്രളയാനന്തരകേരളം ഉറച്ച മതനിരപേക്ഷതയുടേതാണ്‌. ഏറ്റവും ദുർഘടമായ പ്രതിസന്ധിഘട്ടത്തെ ജനങ്ങളെ ഒപ്പം അണിനിരത്തി അതിജീവിക്കുന്നതിന‌് നേതൃത്വംനൽകിയ എൽഡിഎഫ്‌ സർക്കാരിന്‌ പൊതുസമൂഹത്തിൽ നല്ല സ്വീകാര്യതയുണ്ട്‌. ഇതു രണ്ടിനെയും തകർക്കാൻ കഴിയുമോയെന്നതിനാണ്‌ സിപിഐ എം വിരുദ്ധത എന്ന ഒറ്റ അജൻഡയിൽനിന്ന‌് കോൺഗ്രസ്‌– ബിജെപി കൂട്ടുകെട്ട്‌ ശ്രമിക്കുന്നത്‌. അതിന്‌ ഏതറ്റംവരെ പോകാനും അവർക്ക്‌ മടിയില്ല. അതിനെ തുറന്നുകാണിക്കാനും മതനിരപേക്ഷകേരളത്തെ സംരക്ഷിക്കാനും കഴിയേണ്ടതുണ്ട്‌.

*
പി രാജീവ‌്

No comments:

Post a Comment