Thursday, November 1, 2018

'ഈ ചെറുമനും വേണ്ട, ഈ പണിയും വേണ്ട...'

പാലക്കാട് > അടിമസമാനമെന്നത് പുത്തന്‍തലമുറയ്ക്ക് കേട്ട് പരിചയമേയുള്ളൂ. എന്നാല്‍ അങ്ങനെയൊരു ജീവിതം നമ്മുടെ നാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കുണ്ടായിരുന്നു. ഏറെക്കാലമകലെയല്ല, അറുപത് എഴുപതുവര്‍ഷം മുമ്പ്. ജന്മിയുടെ വയലില്‍ ജോലിക്കിറങ്ങുമ്പോള്‍ യുവതികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍ ജാക്കറ്റ് ധരിക്കാന്‍ പാടില്ലായിരുന്നു. മാറ് മറയ്ക്കാതെ തന്നെ ജോലി ചെയ്യണം. അതിനെതിരെ ആദ്യമായി സമരം നടന്നത് പാലക്കാട് ജില്ലയിലാണ്. അന്ന് വിവാഹിതയായി തോലനൂരെത്തിയ യുവതി പാടത്ത് പണിക്കിറങ്ങിയപ്പോള്‍ നേരിട്ട അപമാനം സമരമുന്നേറ്റത്തിനും വലിയൊരു സാമൂഹ്യമാറ്റത്തിനും വഴിമരുന്നിടുകയായിരുന്നു.

യുവതിയുടെ വാക്കുകള്‍ സമര കാഹളമായി പടര്‍ന്നു.ജന്മിയുടെ പാടത്ത് ജാക്കറ്റ് ധരിച്ചിറങ്ങിയ യുവതിയെ അന്നത്തെ പ്രമാണി കീഴ്‌‌പ്പാല മൂര്‍ക്കോത്ത്കളം ശിവരാമന്‍നായര്‍  ജോലിയില്‍നിന്ന് വിലക്കി. പ്രമാണിയെ എതിര്‍ത്ത് വയലില്‍നിന്ന് കയറിയ യുവതി, ജന്മിക്കെതിരെയും ഇതിനെതിരെ പ്രതികരിക്കാത്ത ആണുങ്ങളെയും നോക്കി പറഞ്ഞു 'ഈ ചെറുമനും വേണ്ട, ഈ പട്ടിയും വേണ്ട...'.  ആത്മാഭിമാനം പണയപ്പെടുത്തി ജന്മിയുടെ വയലില്‍ പണിക്കിറങ്ങില്ലെന്നും അതിനെ എതിര്‍ക്കാത്ത ഭര്‍ത്താവ് വേണ്ടെന്നുമായിരുന്നു യുവതിയുടെ വാക്കുകള്‍. പട്ടി എന്നത് ജന്മിയുടെ വയലിലെ ജോലിയാണ്.  കുത്തനൂരില്‍ സ്ത്രീകള്‍ക്ക് മാറുമറയ്‌‌‌ക്കാനുള്ള സമരത്തിന്റെ തുടക്കം അവിടെനിന്നാണ്.

മദിരാശി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സമയംകൂടിയായിരുന്നു അത്. പ്രചാരണ യോ?ഗത്തിനിടെ ഒരു വിഭാഗം ചെറുപ്പക്കാര്‍ മാറിനില്‍ക്കുന്നതുകണ്ട സ്ഥാനാര്‍ഥി ആലത്തൂര്‍ ആര്‍ കൃഷ്ണന്‍ കാരണമന്വേഷിച്ചു. 'ഞങ്ങളുടെ പെണ്ണുങ്ങള്‍ക്ക് മാറുമറച്ച് ജോലിചെയ്യാനുള്ള അവകാശംവേണം'.  പിന്നീട് കണ്ടത് സമരപരമ്പരയാണ്. ആര്‍ കൃഷ്ണന്‍  മദിരാശി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമരം ശക്തിപ്പെട്ടു. കറ്റക്കളം വേലായുധന്‍, ഫിലിപ്പച്ചന്‍, ദാമു തുടങ്ങിയവര്‍ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായി. സമരം വിജയിച്ച ദിവസം ജന്മിക്കുകീഴില്‍ പണിയെടുക്കുന്ന മുഴുവന്‍ സ്ത്രീകളും ചുവന്ന ജാക്കറ്റ് ധരിച്ചാണ് വയലില്‍ ജോലിക്കിറങ്ങിയത്.

ഇത്തരം അനാചാരങ്ങളെ എതിര്‍ക്കുന്നവരെ ജന്മിമാര്‍ക്കൊപ്പം നാട്ടുകാരും അന്ന് ശത്രുക്കളായി കണ്ടു. സ്ത്രീകള്‍ മാറുമറച്ച് ജോലിചെയ്യുന്നത് ആചാരങ്ങളുടെ ലംഘനമാണെന്ന് വാദിച്ചവരും അന്ന് ധാരാളം. എന്നാല്‍, സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ അന്ന് സമരത്തിനിറങ്ങിയത് കമ്യൂണിസ്റ്റുകാര്‍.

No comments:

Post a Comment