Monday, March 1, 2021

ആ പ്രസംഗത്തിന്‌ 100 വയസ്സ്‌ - കെ ജെ തോമസ് എഴുതുന്നു

പൊയ്‌കയിൽ ശ്രീകുമാരഗുരു ശ്രീമൂലം പ്രജാസഭയിൽ 
നടത്തിയ ആദ്യപ്രസംഗത്തിന്‌ ഇന്ന്‌ 100 വയസ്സ്‌

ജാതീയതയും അന്ധവിശ്വാസവും അനാചാരങ്ങളുംകൊണ്ട് ഭ്രാന്താലയമായി കഴിഞ്ഞിരുന്ന നാടിനെ ആധുനിക കേരളമാക്കി മാറ്റിയെടുത്തതിൽ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കുമുള്ള പങ്ക്‌ വളരെ വലുതാണ്‌. സുദീർഘമായ ആ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടാണ്‌ പൊയ്‌കയിൽ ശ്രീകുമാരഗുരുവിന്റേത്‌. അയിത്ത ജാതിക്കാരെന്ന്‌ മുദ്രയടിക്കപ്പെട്ട്‌ മനുഷ്യത്വരഹിതമായി മാറ്റിനിർത്തിയ ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുകൊണ്ടുവന്ന മഹാനായ സാമൂഹ്യപരിഷ്‌കർത്താവായിരുന്നു പൊയ്‌കയിൽ ശ്രീകുമാരഗുരു. പൊയ്‌കയിൽ അപ്പച്ചനെന്നും പൊയ്‌കയിൽ യോഹന്നാനെന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ചരിത്രത്തിൽ ഇടംപിടിക്കാതെപോയ മനുഷ്യരുടെ സങ്കടങ്ങളും സംഘർഷങ്ങളും വൈകാരികതലത്തിൽ മനസ്സിലാക്കുകയും അവയോട്‌ വളരെവേഗം ഐക്യപ്പെടുകയും ചെയ്ത ഉൽപ്പതിഷ്‌ണുവായിരുന്നു അദ്ദേഹം.

അധഃസ്ഥിത ജനവിഭാഗത്തിന്‌ വിദ്യാഭ്യാസം, തൊഴിൽ, സമ്പത്ത്, സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രം തുടങ്ങിയവ നിഷേധിച്ച ദുഷിച്ച സാമൂഹ്യ വ്യവസ്ഥയ്ക്കെതിരായി മധ്യതിരുവിതാംകൂറിൽ ശക്തവും പ്രായോഗികവുമായ പോരാട്ടം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെട്ട ജനവിഭാഗത്തിന്റെ വിമോചനത്തിനും ജാതികേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയ്‌ക്കുമെതിരെ അതിശക്തമായ പ്രക്ഷോഭം നയിച്ച ശ്രീകുമാരുഗുരു ശ്രീമൂലം അസംബ്ലിയിൽ ആദ്യപ്രസംഗം നടത്തിയത്‌ 1921 മാർച്ച്‌ ഒന്നിനായിരുന്നു.

‘‘കീഴാള സമുദായത്തിലുള്ള മുഴുവൻ കുടുംബങ്ങൾക്കും ഭൂമി പതിച്ചുകൊടുക്കാതെ മറ്റ് സഹായത്തിലുള്ളവർക്ക് ഭൂമി പതിച്ചുകൊടുക്കാൻ പാടില്ല. കീഴാളവിഭാഗത്തിൽപ്പെട്ട ഭൂരഹിതരുടെ കണക്ക് എടുക്കുകയും രണ്ടേക്കർമുതൽ 10 ഏക്കർവരെ സ്ഥലം പതിച്ചുനൽകുകയും വേണം. റിസർവ് വനങ്ങളുള്ള കൃഷിക്ക് ഉപയുക്തമായ ഭൂമി ഈ വിഭാഗം ആളുകൾക്ക് കൃഷിക്കായി കൊടുക്കണം. കുറെ വർഷങ്ങൾക്കുശേഷമേ അവരിൽനിന്ന് കരം ഈടാക്കാവൂ’’. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രസംഗത്തിലെ പ്രധാന ആവശ്യങ്ങൾ. ചരിത്രം തിരുത്തിയെഴുതിയ ആ പ്രസംഗത്തിന്‌ ഇന്ന്‌ 100 വയസ്സ്.‌ അതുളവാക്കിയ സാമൂഹിക–-സാംസ്‌കാരിക മുന്നേറ്റം തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ ഭാഗം.

തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും പലയിടത്തായി ഏതാണ്ട് ഒരേ സമയം അവകാശബോധത്തിൽ അധിഷ്ഠിതമായ ഇത്തരം സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യൻകാളി, വൈകുണ്‌ഠസ്വാമി, ബ്രഹ്‌മാനന്ദ ശിവയോഗി, വാഗ്‌ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ, ആറാട്ടുപുഴ വേലായുധപ്പണിക്കർ, പണ്‌ഡിറ്റ്‌ കറുപ്പൻ തുടങ്ങിയ ഉൽപ്പതിഷ്‌ണുക്കളുടെ ഗണത്തിൽ അതുല്യസ്ഥാനമാണ്‌ ശ്രീ കുമാരഗുരുവിനുള്ളത്‌. ശ്രീനാരായണഗുരുവിന്റെയും അയ്യൻകാളിയുടെയും പ്രവർത്തനങ്ങൾ കൊണ്ടാണ്‌ അധഃസ്ഥിത ജനതയുടെ ശബ്ദത്തിന് സംഘടിതരൂപം കൈവന്നത്‌. അധികാരിവർഗത്തിന് അവരുടെ ശബ്ദം കേട്ടില്ലെന്നു നടിക്കാനോ അവകാശങ്ങൾ നിഷേധിക്കാനോ കഴിയാതെ വന്നപ്പോഴാണ്‌ ദളിത് സമൂഹത്തിൽനിന്ന് ആദ്യമായി 1910ൽ അയ്യൻകാളിയും 1921ൽ കുമാര ഗുരുവും ശ്രീമൂലം പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്‌. ക്രിസ്തുമതം സ്വീകരിച്ച ദളിതരുടെ പ്രശ്നങ്ങൾ സഭയിൽ അദ്ദേഹം അവതരിപ്പിച്ചു. ഗവൺമെന്റ് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അതിൽ ദളിത് ക്രൈസ്തവരെക്കൂടി ഉൾപ്പെടുത്തണമെന്നും കുമാര ഗുരു വാദിച്ചു.

കുടുംബത്തിലെയും സമൂഹത്തിലെയും പുരുഷാധിപത്യത്തെ ആദ്യമായി തുറന്നെതിർത്ത നവോത്ഥാന നായകൻ കുമാരഗുരുവാണ്‌. അധ്വാനത്തിലും സാമ്പത്തിക സ്വാതന്ത്ര്യത്തിലും സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമാണ്‌ അദ്ദേഹം വിഭാവനം ചെയ്‌തത്‌. സ്ത്രീപുരുഷന്മാർക്കിടയിൽ പരസ്പരസ്നേഹവും വിശ്വാസവും ആദരവും ഉണ്ടാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്‌ത്രീ പുരുഷന്റെ അടിമയാണെന്ന ചിന്ത ഉണ്ടാകരുത്. കുടുംബത്തിൽ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമാണ്‌ ഉള്ളത്‌. പുരുഷൻ സ്ത്രീയെ മർദിക്കരുതെന്നും ശാരീരികമായോ മാനസികമായോ അവരെ ഒറ്റപ്പെടുത്തരുതെന്നും അപ്പച്ചൻ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.മദ്യം, പുകയില ഉപയോഗം എന്നിവയ്ക്ക് അദ്ദേഹം കർശനമായ വിലക്കുകൽപ്പിച്ചു.

ശ്രീകുമാരഗുരുവിന്റെ പ്രവർത്തനങ്ങൾ തിരുവിതാംകൂറിൽ നവോത്ഥാന മുന്നേറ്റത്തിന്‌ ഊർജവും ചൈതന്യവും കരുത്തും പകർന്നു. മാറുമറയ്ക്കാനും മുട്ടിനുതാഴെ വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരുകാലത്ത് അതിനെ ലംഘിച്ചുകൊണ്ട് ശുഭ്രവസ്ത്രം ധരിച്ച് വൃത്തിയോടെ പൊതുഇടങ്ങളിലെ തന്റെ യോഗങ്ങളിൽ എത്താൻ അദ്ദേഹം സ്ത്രീകളോട് ആഹ്വാനം ചെയ്തു. പൊതു ഇടങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന ഒരു ജനതയ്ക്ക് ആത്മവിശ്വാസവും അവകാശബോധവും നൽകി പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കുകയും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപദവി നൽകുകയും ചെയ്യുകയായിരുന്നു പൊയ്കയിൽ കുമാരഗുരു. അതു മാത്രമല്ല, പിആർഡിഎസ് നേതൃത്വത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു.

1930കളിൽ ശ്രീമൂലം പ്രജാസഭയിൽ സ്ത്രീപ്രാതിനിധ്യം വേണമെന്ന് ആവശ്യമുയർത്തിയത് പിആർഡിഎസിലെ വനിതാ പ്രവർത്തകരായിരുന്നു. പുറത്ത്‌ ഇത്തരം ആവശ്യം ഉന്നയിക്കുക മാത്രമല്ല, സഭയുടെ വിവിധ മണ്ഡലങ്ങളിൽ സ്ത്രീകൾക്ക് നേതൃപദവിയും കുമാരഗുരു നൽകി. ഗുരുവിന്റെ ഭാര്യ വി ജാനമ്മ 46 വർഷം സഭയെ നയിച്ച ധീരവനിതയാണ്‌. ലിംഗപരമായ വിവേചനങ്ങളും അധീശത്വവും നിലനിന്ന കാലഘട്ടത്തിൽ അതിനെതിരെ സാംസ്കാരികമായ ചെറുത്തുനിൽപ്പുകളും പുതിയ ലിംഗസമത്വ സങ്കൽപ്പങ്ങളും ആവിഷ്കരിക്കാൻ പിആർഡിഎസിന്‌ കഴിഞ്ഞു.

പുരോഗമന ഇന്ത്യ തള്ളിക്കളഞ്ഞ തുരുമ്പെടുത്ത സാമൂഹ്യവ്യവസ്ഥ തിരികെ കൊണ്ടുവരാനാണ് സംഘപരിവാർ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ശ്രമിക്കുന്നത്. പുതിയ വിദ്യാഭ്യാസപരിഷ്കാരം നടപ്പാക്കുന്നതോടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂട്ട് വീഴുകയും പാവപ്പെട്ടവന് അക്ഷരം നിഷേധിക്കപ്പെടുകയും ചെയ്യും. മനുസ്മൃതി കത്തിച്ച് ഇന്ത്യൻ ഭരണഘടനയ്ക്ക് അംബേദ്കർ രൂപംനൽകിയെങ്കിൽ ഇന്ന് ഇന്ത്യൻ ഭരണഘടനയെ അസ്ഥിരപ്പെടുത്തി മനുസ്മൃതി തിരികെ കൊണ്ടുവരാനാണ് ഇക്കൂട്ടർ പരിശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കുമാരഗുരുവിന്റെ പ്രവർത്തനങ്ങളുടെ പ്രസക്തി വർധിക്കുകയാണ്‌.

അസാധാരണ വായനയ്‌ക്ക്‌ ഉടമയായിരുന്നു അദ്ദേഹം. കിട്ടുന്നതെല്ലാം വായിച്ചു. ഈ വായനയ്‌ക്കിടയിലൊന്നും ‘തന്റെ വർഗത്തെപ്പറ്റി ഒരക്ഷരംപോലും എങ്ങും കാണാനില്ലല്ലോ’ എന്ന്‌ അദ്ദേഹം പരിതപിച്ചു. വായനയുടെ ധൈഷണികതയും അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ രോഷവും രോദനവും പാവപ്പെട്ടവരോട്‌ ഉപരിവർഗത്തിന്റെ നിന്ദ്യമായ സമീപനത്തോടുള്ള പ്രതിഷേധവുമെല്ലാം ഈ വാക്കുകളിൽ നിഴലിക്കുന്നു. ക്രൂരമായ ആക്രമണത്തിൽ മരണത്തെ മുഖാമുഖം കണ്ടപ്പോഴും ദളിത്‌ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ധീരനായ പോരാളിയുടെ സ്‌മരണ എക്കാലവും നിലനിൽക്കും.

കെ ജെ തോമസ്

No comments:

Post a Comment