നിയമനിര്‍മാണ സഭാംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാലുടന്‍ അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി നിരാകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മാര്‍ഗത്തിലേക്ക് തിരിഞ്ഞത്. കോണ്‍ഗ്രസ് രാജ്യസഭാംഗം റഷീദ് മസൂദിന് അംഗത്വം നഷ്ടമാകുമെന്ന് തീര്‍ച്ചയായ ഘട്ടത്തിലാണ് സര്‍ക്കാര്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജ് പ്രവേശന നടപടികളില്‍ തിരിമറി കാട്ടിയ കേസില്‍ മസൂദ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നു. മസൂദിന്റെ ശിക്ഷ ഒക്ടോബര്‍ ഒന്നിന് വിധിക്കാനിരിക്കെയാണ് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഓര്‍ഡിനന്‍സിന് തീരുമാനമെടുത്തത്. മുന്‍ റെയില്‍മന്ത്രി ലാലുപ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണ കേസില്‍ പ്രത്യേക സിബിഐ കോടതി സെപ്തംബര്‍ മുപ്പതിനാണ് വിധി പറയുക. വിധി പ്രതികൂലമെങ്കില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലാലുവും അപ്പീലിന് അവസരം നല്‍കാതെ അയോഗ്യനാക്കപ്പെടും. ഓര്‍ഡിനന്‍സിന് തീരുമാനമായ സാഹചര്യത്തില്‍ മസൂദിനും ലാലുവിനും അയോഗ്യതാഭീഷണിയില്ല. 90 ദിവസങ്ങള്‍ക്കുള്ളില്‍ അപ്പീല്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
എംപിയോ എംഎല്‍എയോ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉടന്‍ അയോഗ്യരാക്കപ്പെടുമെന്ന് ജൂലൈ പത്തിനാണ് സുപ്രീംകോടതി വിധിച്ചത്. പെട്ടെന്ന് അയോഗ്യത കല്‍പ്പിക്കപ്പെടാതെ അപ്പീലിന് അവസരം നല്‍കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 8(4) വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന നിരീക്ഷണവും കോടതി നടത്തി. കസ്റ്റഡിയിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന ഉത്തരവും കോടതി പുറപ്പെടുവിച്ചു. സര്‍ക്കാര്‍ രണ്ട് ഉത്തരവിനെതിരെയും പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. ഇതോടൊപ്പം പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനത്തില്‍ കോടതിവിധി മറികടക്കുന്നതിന് ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്ലുകള്‍ കൊണ്ടുവന്നു. ഇതില്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന ഉത്തരവ് മറികടക്കുന്ന നിയമഭേദഗതിക്ക് വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. ചൊവ്വാഴ്ച രാഷ്ട്രപതി നിയമത്തില്‍ ഒപ്പുവച്ചു. എന്നാല്‍, ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാലുടന്‍ അയോഗ്യരാക്കപ്പെടുമെന്ന ഉത്തരവ് മറികടക്കുന്ന ഭേദഗതി ബില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കുന്നതില്‍ താല്‍പ്പര്യമെടുത്തില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. വര്‍ഷകാലസമ്മേളനം അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ജനപ്രതിനിധികളുടെ അയോഗ്യത ചോദ്യംചെയ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി നിരാകരിച്ചു. കസ്റ്റഡിയിലാണെങ്കില്‍ മത്സരിക്കാനാകില്ലെന്ന ഉത്തരവിനെതിരായ ഹര്‍ജി പരിഗണനയ്ക്ക് എടുക്കുകയും ചെയ്തു. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുക പോലും ചെയ്യാതെ തള്ളിയതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്. ഇതിന് പിന്നാലെ റഷീദ് മസൂദിനെതിരായ കോടതി ഉത്തരവ് വരികയും ചെയ്തു.
deshabhimani
No comments:
Post a Comment