Wednesday, February 23, 2011

ഹൃദയപക്ഷം ചേര്‍ത്ത് വയനാട്

കല്‍പ്പറ്റ: വയനാടിന്റെ കാര്‍ഷിക മനസ്സ് എല്‍ഡിഎഫിനൊപ്പമാണ്. പൊരിവെയിലത്തും വൈകിയും കാത്തുനിന്ന് എല്‍ഡിഎഫ് ഉത്തരമേഖലാ വികസന മുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്ന ആയിരങ്ങള്‍ ഒരേസ്വരത്തില്‍ പ്രഖ്യാപിച്ചത് ഇതാണ്. വയനാടിന്റെ ഹൃദയഭൂവിലൂടെ രണ്ടുദിവസമായി പര്യടനം നടത്തിയ ജാഥയ്ക്ക് ഓരോ കേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരും ജാഥയെ വരവേല്‍ക്കാന്‍ എത്തി. മന്ത്രിമാരായ സി ദിവാകരന്‍, എം എ ബേബി, രാമചന്ദ്രന്‍ കടന്നപ്പള്ളി, നേതാക്കളായ സി കെ നാണു, എ എ അസീസ്, സ്കറിയ തോമസ്, ഉഴവൂര്‍ വിജയന്‍ എന്നിവരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ജനങ്ങളൊന്നാകെ ഒഴുകിയെത്തിയ കാഴ്ചയാണ് ജില്ലയിലെങ്ങും ദൃശ്യമായത്. ഉച്ചയ്ക്കുശേഷം ജാഥ കോഴിക്കോട് ജില്ലയിലേക്ക് കടന്നു.

18ന് മഞ്ചേശ്വരത്തുനിന്ന് മന്ത്രി സി ദിവാകരന്റെ നേതൃത്വത്തില്‍ പ്രയാണം തുടങ്ങിയ ജാഥയാണ് കാസര്‍കോടും കണ്ണുരിന്റെ വിപ്ളവഭൂമിയും പിന്നിട്ട് തിങ്കളാഴ്ച വൈകിട്ട് മാനന്തവാടിയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ ബത്തേരിയിലും തുടര്‍ന്ന് കല്‍പ്പറ്റയിലുമായിരുന്നു സ്വീകരണം.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകനായിരുന്ന പഴശ്ശിരാജയുടെ നാട് കഴിഞ്ഞ ദിവസം നല്‍കിയ വീറുറ്റ വരവേല്‍പ്പിന്റെ ആവേശവുമായാണ് ജാഥ ബത്തേരിയില്‍ എത്തിയത്. ജനകീയ സ്വീകരണത്തിന്റെ വേറിട്ട മുഖമായിരുന്നു ഇവിടെ. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ സാധാരണക്കാരും ആദിവാസികളും ഉള്‍പ്പെടെയുള്ള ജനാവലി അത്യുജ്ജ്വല പ്രകടനത്തോയൊണ് നേതാക്കളെ സ്വീകരിച്ചത്. ബത്തേരി ടൌ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്തത്രയും വന്‍ ജനസഞ്ചയമാണ് ഒത്തുകൂടിയത്. ഒരുമണിക്കൂറോളം സമയമെടുത്തു പ്രകടനം ഒരു പോയിന്റ് കടക്കാന്‍. കൈക്കുഞ്ഞുങ്ങളെയുമെടുത്തുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. കര്‍ഷകരുടെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആദിവാസികളും ഉള്‍പ്പെടുന്ന ജനത തങ്ങളുടെ വേദനകളില്‍ ഒപ്പം നിന്ന ഈ സര്‍ക്കാരിനെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. ബാന്‍ഡ് സംഘത്തിന്റെ മാര്‍ച്ചും കാവടിയാട്ടവും വ്യത്യസ്ത പതാകകളും പ്രകടനത്തിന് അകമ്പടിയേകി.

ബത്തേരിയില്‍ നടന്ന സ്വീകരണയോഗത്തില്‍ എസ് ജി സുകുമാരന്‍ അധ്യക്ഷനായി. സി ഭാസ്കരന്‍ സ്വാഗതവും കെ ശശാങ്കന്‍ നന്ദിയും പറഞ്ഞു. കല്‍പ്പറ്റയില്‍ ബൈക്ക്റാലിയുടെയും പടക്കത്തിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയുമാണ് ജാഥാംഗങ്ങളെ വരവേറ്റത്. വിജയാപമ്പ് പരിസരത്ത് നടന്ന സ്വീകരണയോഗത്തില്‍ വന്‍ജനാവലിയാണ് എത്തിച്ചേര്‍ന്നത്. ടി സുരേഷ്ചന്ദ്രന്‍ അധ്യക്ഷനായി. ജാഥാംഗങ്ങള്‍ക്കുപുറമേ പി എ മുഹമ്മദ്, പി കുഞ്ഞിക്കണ്ണന്‍ എന്നിവരും സംസാരിച്ചു. വി പി ശങ്കരന്‍ നമ്പ്യാര്‍ സ്വാഗതവും സി എം ശിവരാമന്‍ നന്ദിയും പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ്, പി കൃഷ്ണപ്രസാദ് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി, ജനതാദള്‍ ജില്ലാപ്രസിഡന്റ് ശശികുമാര്‍, കേരള കോഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ പോള്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി കെ ബാബു, സിപിഐ എം നേതാക്കളായ എം വേലായുധന്‍, പി എസ് ജനാര്‍ദനന്‍ തുടങ്ങിയവരും ജാഥയോടൊപ്പം ഉണ്ടായിരുന്നു.

ദേശാഭിമാനി 230211

2 comments:

  1. വയനാടിന്റെ കാര്‍ഷിക മനസ്സ് എല്‍ഡിഎഫിനൊപ്പമാണ്. പൊരിവെയിലത്തും വൈകിയും കാത്തുനിന്ന് എല്‍ഡിഎഫ് ഉത്തരമേഖലാ വികസന മുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്ന ആയിരങ്ങള്‍ ഒരേസ്വരത്തില്‍ പ്രഖ്യാപിച്ചത് ഇതാണ്. വയനാടിന്റെ ഹൃദയഭൂവിലൂടെ രണ്ടുദിവസമായി പര്യടനം നടത്തിയ ജാഥയ്ക്ക് ഓരോ കേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരും ജാഥയെ വരവേല്‍ക്കാന്‍ എത്തി.

    ReplyDelete
  2. നാടും നഗരവും ഒരുക്കിയ അവിസ്മരണീയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വികസന മുന്നേറ്റയാത്ര മുന്നേറുന്നു. തെക്കന്‍ മേഖലാ ജാഥ കോട്ടയം ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ വൈക്കത്തുനിന്ന് ജങ്കാറില്‍ ആലപ്പുഴ ജില്ലയിലെ തവണക്കടവിലെത്തി. എല്‍ഡിഎഫ് നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ഉജ്വലമുദ്രാവാക്യങ്ങള്‍ മുഴക്കി ജാഥാക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണനെയും ജാഥാംഗങ്ങളെയും ജില്ലയിലേക്ക് വരവേറ്റു. എല്‍ഡിഎഫ് നേതാക്കളായ പി കെ ചന്ദ്രാനന്ദന്‍, സി ബി ചന്ദ്രബാബു, തുടങ്ങിയവര്‍ ജാഥാക്യാപ്റ്റനെ സ്വീകരിച്ചു. തുടര്‍ന്ന് ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ അരൂര്‍ മണ്ഡലത്തിലെ എരമല്ലൂര്‍ ജങ്ഷനില്‍ വികസനമുന്നേറ്റ ജാഥയ്ക്ക് ഉജ്വല സ്വീകരണം നല്‍കി. നേരത്തെ കോട്ടയം ജില്ലയിലും ജാഥക്കു വന്‍ സ്വീകരണമാണ് ലഭിച്ചത്. ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലും ആയിരങ്ങള്‍ ജാഥയെ വരവേല്‍ക്കാനെത്തി. വൈക്കത്തു നിന്ന് ആലപ്പുഴ ജില്ലയിലേക്ക് ജാഥ പ്രവേശിച്ചു. വൈക്കത്തു നടന്ന മഹാറാലിയില്‍ പങ്കെടുത്ത ആയിരങ്ങളെ സാക്ഷിയാക്കി എല്‍ഡിഎഫ് ജില്ലാ കവീനര്‍ വി ആര്‍ ഭാസ്ക്കരന്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയ്ക്ക് ജില്ലയില്‍ നിന്നും യാത്രയയപ്പ് നല്‍കി. കോഴിക്കോടിന്റെ നഗരവും നാട്ടിന്‍പുറവും വടക്കന്‍ മേഖലാ എല്‍ഡിഎഫ് ജാഥക്ക് നല്‍കിയത് ഉജ്വലമായ വരവേല്‍പ്പ്. കല്ലാച്ചിയില്‍ നിന്നാണ് ജാഥ ബുധനാഴ്ച തുടങ്ങിയത്. ആയഞ്ചേരി, വടകര, കൊയിലാണ്ടി, കക്കോടി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സ്വീകരണം

    ReplyDelete