Friday, November 12, 2010

രക്തസാക്ഷികള്‍ മരിക്കുന്നില്ല

കൂത്തുപറമ്പ് കേവലമൊരു സ്ഥലനാമമല്ല. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവമ്പര്‍ 25ന് നടന്ന പോരാട്ടത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കിരാതമായ പൊലീസ് വെടിവെപ്പില്‍ അഞ്ച് യുവധീരന്മാരുടെ രക്തം വീണ പോരാട്ട ഭൂമികൂടിയാണ്. വെടിവെപ്പില്‍ കെ കെ രാജീവന്‍, ഷിബുലാല്‍, ബാബു, മധു, റോഷന്‍ എന്നീ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ടത്. പുഷ്പന്‍ ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷിയായി ചികിത്സയില്‍ കഴിയുന്നു. പതിനാറ് വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും കൂത്തുപറമ്പ് വെടിവെപ്പ് രേഖാചിത്രം പോലെ മായ്ക്കാന്‍ കഴിയാത്തവിധം മനസ്സില്‍ പതിഞ്ഞിരിക്കുന്നു. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയായിരുന്ന ശ്രീ കെ പത്മനാഭന്‍ നായരെ ഏകാംഗ കമീഷനായി യുഡിഎഫ് സര്‍ക്കാര്‍ 1995 ജനുവരി 20നാണ് നിയോഗിച്ചത്. കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് 1997 മെയ് 27ന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു.

    "ചുരുക്കത്തില്‍ സാക്ഷി തെളിവുകളില്‍നിന്ന് വ്യക്തമാവുന്ന സംഭവ പരമ്പരകളുടെയും വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ 25.11.1994ന് കൂത്തുപറമ്പില്‍ നടന്ന പൊലീസ് വെടിവെപ്പ് ഒഴിവാക്കാവുന്നതും അനാവശ്യവും ന്യായീകരിക്കാനാവാത്തതുമാണ് എന്ന നിസ്തര്‍ക്കമായ നിഗമനത്തിലേക്ക് നയിക്കുന്നു.''

    യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച കമീഷന്റെ അന്വേഷണ വിഷയവും അന്നത്തെ സര്‍ക്കാര്‍തന്നെയാണ് തീരുമാനിച്ചിരുന്നത്. നാല് കാര്യങ്ങളാണ് അന്വേഷണ പരിധിയിലുണ്ടായിരുന്നത്. ഇതില്‍ വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന കാര്യമാണ് ഏറ്റവും പ്രധാനം. അതില്‍ കമീഷന്റെ വിലയിരുത്തല്‍ വളരെയേറെ പ്രസക്തമാണ്. പിന്നീട് ഹൈക്കോടതി ജഡ്ജിയായി അനുഭവസമ്പത്തും മികവും തെളിയിച്ച ജസ്റ്റിസ് പത്മനാഭന്‍ നായര്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധം വെടിവെപ്പിന്റെ മൂല കാരണം വ്യക്തമാക്കുന്നു. "കൂത്തുപറമ്പ് സന്ദര്‍ശിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ച് കൂത്തുപറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബേങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്നുള്ള മുന്‍ സഹകരണ വകുപ്പ് മന്ത്രി ശ്രീ എം വി രാഘവന്റെ വീട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അവിടെയുണ്ടായ വെടിവെപ്പിന്റെ മൂല കാരണം. സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ച് കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന ശ്രീ അബ്ദുള്‍ ഹക്കീം ബത്തേരിയുടെ നേതൃത്വത്തില്‍ നടന്ന, ഒഴിവാക്കാമായിരുന്ന ലാത്തിച്ചാര്‍ജാണ് വെടിവെപ്പിലേക്ക് വഴിവെച്ചത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കലക്ടരുമായിരുന്ന ശ്രീ ടി ടി ആന്റണിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ നേരിട്ട വീഴ്ചയും വെടിവെപ്പിലവസാനിക്കുകയും വെടിവെപ്പില്‍ അഞ്ചൂപേര്‍ മരണമടയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു''.

    കൂത്തുപറമ്പ് വെടിവെപ്പിനും നരനായാട്ടിനും പൂര്‍ണ ഉത്തരവാദിത്തം എം വി രാഘവനും സില്‍ബന്ധികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു. 1991-96 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു വിദ്യാഭ്യാസക്കച്ചവടം വ്യാപകമായത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ സൌകര്യം വര്‍ധിപ്പിക്കണമെന്ന പൊതു സാമൂഹ്യ ആവശ്യത്തെയാണ് കച്ചവടക്കണ്ണോടെ ചില വിദ്യാഭ്യാസ ഏജന്‍സികള്‍ ചൂഷണം ചെയ്തത്. ഉന്നത വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന മലയാളികള്‍ക്ക് ഇവിടെത്തന്നെ സൌകര്യം ഒരുക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യ താല്‍പര്യം തിരെ പരിഗണിച്ചില്ല. യാതൊരു നിയന്ത്രണവും കൊണ്ടുവന്നില്ല. വിദ്യാര്‍ഥി പ്രവേശനത്തിനും ഫീസിനും യാതൊരു മാനദണ്ഡവും ഏര്‍പ്പെടുത്തിയില്ല. 2001-2006ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരും ഇതേ നയം നടപ്പാക്കി. 106 പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്‍ഒസി നല്‍കുമ്പോള്‍ മാനേജ്മെന്റുകളുമായി യാതൊരു കരാറുമുണ്ടാക്കിയില്ല. മാനദണ്ഡമുണ്ടാക്കിയില്ല. അതാണ് പിന്നീടുള്ള കോടതിവിധികള്‍ പലതും മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി മാറാന്‍ പോലും ഇടയാക്കിയത്. ഈ വലതുപക്ഷ സമീപനത്തിന്റെ ദുരന്തമായിരുന്നു വിദ്യാഭ്യാസക്കച്ചവടം. പാവപ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലാദ്യമായി നേടിയ ജില്ലയായി കണ്ണൂര്‍ ജില്ല മാറിയ പുതിയ പരിതസ്ഥിതിയില്‍ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ക്ക് അടിസ്ഥാന കാരണമെന്തെന്ന് പരിശോധിക്കുന്നതു നന്നായിരിക്കും. സര്‍വധനാല്‍ പ്രധാനമായ വിദ്യ ഒരു ചരക്കല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നുമുള്ള ഇടതുപക്ഷ സമീപനമാണ് ഈ നേട്ടങ്ങള്‍ക്ക് നിദാനം. 1957ലെ വിദ്യാഭ്യാസ നിയമം മുതല്‍ നിരവധി പുരോഗമന നടപടികള്‍ കമ്യൂണിസ്റ്റ് പുരോഗമന സര്‍ക്കാരുകള്‍ സ്വീകരിച്ചു. കേരളത്തില്‍ സെക്കന്‍ഡറിതലംവരെ വിദ്യാഭ്യാസം സൌജന്യമാണ്. ഭരണഘടനയിലെ മാര്‍ഗ നിര്‍ദേശകതത്വമാണ് നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം എന്നത്. ഭരണഘടന നിലവില്‍വന്ന് ഒരു ദശകത്തിനകം 14 വയസ്സ്വരെയുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യ നല്‍കുമെന്ന ലക്ഷ്യംപോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 6 ദശകത്തിനുശേഷമാണ് 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമം പാര്‍ലമെന്റ് കൊണ്ടുവരുന്നത്. അതാവട്ടെ വിദ്യാഭ്യാസ പുരോഗതി കൈവരിച്ച കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് ദോഷകരവുമാണ്. നമ്മുടെ പുരോഗതിയാണ് നമുക്ക് വിനയായിത്തീരുന്നത്.

    ഉന്നത വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് മെരിറ്റും സാമൂഹ്യ നീതിയും നടപ്പാക്കണമെന്ന കാഴ്ചപ്പാടോടെയാണ് കേരള നിയമസഭ ഐകകണ്ഠ്യേന ഒരു നിയമം കൊണ്ടുവന്നത്. ദൌര്‍ഭാഗ്യവശാല്‍ കോടതി പ്രസ്തുത നിയമത്തിലെ പ്രധാന വകുപ്പുകള്‍ റദ്ദാക്കി. വരേണ്യവര്‍ഗ താല്‍പര്യമാണ് വിദ്യാഭ്യാസ മേഖലയിലിപ്പോള്‍ സംരക്ഷിക്കപ്പെടുന്നത്. അതിനു സഹായകരമായ വിധത്തില്‍ ചില കോടതി വിധികളുമുണ്ടായി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രവേശനവും ഫീസും വ്യക്തമായ മാനദണ്ഡത്തോടെ നടപ്പാക്കാനുള്ള ഇഛാശക്തിയോടെ മുന്നോട്ടുപോയി. അതിന്റെ ഫലമായി മഹാ ഭൂരിപക്ഷം മാനേജ്മെന്റുകളുമായി കരാറുണ്ടാക്കാന്‍ കഴിഞ്ഞു. നിയമക്കുരുക്കുകള്‍ പലതുമുണ്ടായെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ഒടുവില്‍ അംഗീകരിക്കപ്പെട്ടു. സര്‍വതന്ത്ര സ്വതന്ത്രമായി സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ കയറൂരി വിട്ട യുഡിഎഫ് സര്‍ക്കാരാണ് വിദ്യാഭ്യാസക്കച്ചവടത്തിന് കേരളത്തില്‍ സൌകര്യമൊരുക്കിയതെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. ഈ നയത്തിന്റെ അനുഭവമായിരുന്നു 1991ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലം. അതുകൊണ്ടുതന്നെ ഡിവൈഎഫ്ഐ 94ല്‍ നടത്തിയത് ഒരു ജനകീയ സമരമായിരുന്നു. ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പാവപ്പെട്ടവന് വേണ്ടിയുള്ള സമരം. വിദ്യാഭ്യാസ മേഖലയിലെ വര്‍ഗ സമരമെന്നു അതിനെ വിശേഷിപ്പിക്കാം.

    വിദ്യാഭ്യാസക്കച്ചവടവും അഴിമതിയും സാര്‍വത്രികമായപ്പോള്‍ വിദ്യാര്‍ഥികളും യുവജനങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങി. അതിനെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഭൂമിയും സഹകരണ മേഖലയിലെ പണവും ഉപയോഗിച്ച് ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജാവട്ടെ സ്വകാര്യ സ്വാശ്രയ സ്ഥാപനത്തേക്കാള്‍ വലിയ ചൂതാട്ട കേന്ദ്രമാക്കി എം വി രാഘവന്‍ മാറ്റി. സുപ്രീം കോടതി വിലക്കിയ തലവരിപ്പണംപോലും പരിയാരത്ത് വാങ്ങുന്ന സ്ഥിതിയുണ്ടായി. സഹകരണ മേഖലയിലെ ഒരു മെഡിക്കല്‍ കോളേജായിരിക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തന്നെ നയപ്രഖ്യാപനത്തിലെയും ബഡ്ജറ്റ് പ്രസംഗത്തിലെയും വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി. അതുകൊണ്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഒരു പ്രതിഷേധ പ്രകടനം നടത്തിയത്. അതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റതില്‍ ഒരാളായ എ പി അബ്ദുള്ളക്കുട്ടിയുടെ ഉടുമുണ്ടഴിച്ച് നഗ്നനാക്കി പൊലീസ് ക്യാമ്പസിലൂടെ നടത്തിച്ചു. ഈ രംഗം കണ്ട് ആസ്വദിക്കുന്ന എം വി രാഘവന്റെ ചിത്രം പത്രങ്ങളില്‍ വന്നു. അവസരവാദ രാഷ്ട്രീയക്കാരനായ അബ്ദുള്ളക്കുട്ടി, തന്നെ മര്‍ദിക്കാന്‍ നേതൃത്വം കൊടുത്തവരുടെ കൂടാരത്തില്‍ എത്തിച്ചേര്‍ന്നതില്‍ 'അഭിമാനം' കൊള്ളുന്നതായി ഈയിടെ പറയുകയുണ്ടായി. സമരപോരാളികളായ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും കിരാതമായ മര്‍ദ്ദനമുറകള്‍ മറക്കാന്‍ കഴിയുന്നില്ല. സ്ഥാനമാനങ്ങള്‍ നേടാനായിരുന്നില്ല ഇവര്‍ വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ സമരത്തില്‍ പങ്കെടുത്തത്. നാടിനും ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു.

    സഹകരണ മേഖലയിലെ അഴിമതിയും വ്യാപകമായിരുന്നു. കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്കിലെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടന്ന അഴിമതിക്കെതിരായി ഡിവൈഎഫ്ഐ നിയമ പോരാട്ടമടക്കം നടത്തിയതാണ്. ഈ വിഷയങ്ങള്‍ സ്വകാര്യമായ ഒന്നായിരുന്നില്ല. അതുകൊണ്ട്തന്നെ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം 1994 ഒക്ടോബര്‍ 23ന് ചേര്‍ന്നപ്പോള്‍ മന്ത്രിയായിരുന്ന എം വി രാഘവന്‍ പങ്കെടുക്കുന്ന കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബേങ്ക് സായാഹ്നശാഖയുടെ ഉദ്ഘാടന പരിപാടി നടക്കുന്ന സ്ഥലത്ത് കറുത്ത തുണി വീശി പ്രതിഷേധ പ്രകടനം നടത്തണമെന്ന് തീരുമാനിക്കുകയും ഇത്തരമൊരു പരിപാടിയുണ്ടെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു. രണ്ടായിരത്തോളം ചെറുപ്പക്കാര്‍ കൂത്തുപറമ്പ് ട്രാഫിക് ഐലന്റിന് സമീപത്ത് എത്തിച്ചേര്‍ന്നു. മന്ത്രി വരാന്‍ ഒന്നര മണിക്കൂര്‍ വൈകി. അതിനിടയില്‍ യാതൊരു സംഘര്‍ഷവുമുണ്ടായില്ല. 400 ലേറെ പൊലീസുകാര്‍ അന്നത്തെ എ എസ് പി രവത ചന്ദ്രശേഖറിന്റെയും കൂത്തുപറമ്പ് സിഐയായിരുന്ന രാധാകൃഷ്ണന്‍നായരുടെയും നേതൃത്വത്തില്‍ അവിടെ നിലയുറപ്പിച്ചിരുന്നു.

    വാഹന ഗതാഗതത്തിന് യാതൊരു തടസ്സവുമുണ്ടാക്കിയില്ല. ഒരു ഘട്ടത്തില്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിന്നിരുന്ന ജനങ്ങളെ റോഡിന്റെ ഇടതുവശത്തേക്ക് മാറ്റണമെന്ന് എ എസ് പി ആവശ്യപ്പെട്ടപ്പോള്‍ അതനുസരിക്കുകയായിരുന്നു പ്രതിഷേധക്കാര്‍ എന്ന് അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി. യുവജനങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമുണ്ടായിരുന്നില്ല.

    അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പരിശോധിച്ചാല്‍ ആരാണ് വെടിവെപ്പിലേക്ക് സാഹചര്യങ്ങള്‍ എത്തിച്ചെന്നത് വ്യക്തമാകും. "പ്രകടനക്കാര്‍ക്ക് നേരെ ന്യായവും മതിയായതുമായ കാരണങ്ങളില്ലാതെ ഡിവൈഎസ്പി ഹക്കിം ബത്തേരിയുടെ നിര്‍ദ്ദേശാനുസരണവും നേതൃത്വത്തിലുമുണ്ടായ പൊടുന്നനെയുള്ള ലാത്തിച്ചാര്‍ജാണ് അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധി മറ്റാളുകള്‍ക്ക് പരിക്ക് ഉണ്ടാക്കുകയും ചെയ്ത പൊലീസ് വെടിവെപ്പില്‍ കലാശിച്ച കൂടുതല്‍ സംഭവങ്ങള്‍ക്ക് തിരികൊളുത്തിയതെന്ന് കാണാവുന്നതാണ്.'' കമ്മീഷന്‍ ഇത്തരമൊരു നിഗമനത്തിലെത്തുന്നതാവട്ടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണുതാനും. അക്കാര്യവും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നുതന്നെ ഉദ്ധരിക്കാം. "എന്റെ മുമ്പിലുള്ള തെളിവുകളുടെ വെളിച്ചത്തില്‍ ഡിവൈഎസ്പി ഹക്കിം ബത്തേരിയും സംഘവും അഴിച്ചുവിട്ട പൊടുന്നനെയുള്ള ലാത്തിച്ചാര്‍ജാണ് അവിടത്തെ സംഭവങ്ങള്‍ തിരിയാനുള്ള മൂലകാരണമെന്ന് കാണാവുന്നതാണ്.''

    മന്ത്രിക്കോ അകമ്പടി വാഹനങ്ങളിലെ പൊലീസുകാര്‍ക്കോ വാഹനങ്ങള്‍ക്കോ യാതൊരു പോറലുമേറ്റിരുന്നില്ല. രണ്ടായിരത്തിലേറെ പേര്‍ അണിനിരന്ന ഒരുസ്ഥലത്ത് കുഴപ്പമുണ്ടാക്കാന്‍ യുവജനങ്ങള്‍ തയ്യാറായാല്‍ എന്തെല്ലാം അനിഷ്ടസംഭവങ്ങള്‍ കൂത്തുപറമ്പില്‍ ഉണ്ടാകുമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെയൊന്നും സംഭവിച്ചില്ലെന്നത് തന്നെയാണ് പ്രതിഷേധ പ്രകടനം നടത്തി പിരിഞ്ഞുപോകാന്‍ വന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കുന്നത്. കമ്മീഷന്‍ തന്നെ ഇക്കാര്യം പറയുന്നത് നോക്കുക.

    "ഏതാണ്ട് 3000 പേരടങ്ങുന്ന ജനക്കൂട്ടം, അതും 10- 20 അടി അകലത്തില്‍ മാത്രം നിന്നുകൊണ്ട്,കല്ലും സ്ഫോടക വസ്തുക്കളും എറിഞ്ഞിട്ടും മന്ത്രിക്കോ അദ്ദേഹത്തിന്റെ വാഹനത്തിനോ ഒരു പോറല്‍ പോലും ഏറ്റില്ലെന്നു പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.''

    കണ്ണൂരിലെ മാധ്യമ പ്രതിനിധികള്‍ മുഴുവന്‍ കൂത്തുപറമ്പിലെത്തിയിരുന്നു. മന്ത്രി എത്തിച്ചേര്‍ന്ന ടൌണ്‍ ഹാളിനു മുമ്പില്‍ എസ് ടി ഡി ബൂത്തിനകത്ത് മണിക്കൂറുകളോളം തുറുങ്കിലടക്കപ്പെട്ട രീതിയില്‍ കഴിയേണ്ടിവന്ന മാധ്യമപ്രവര്‍ത്തകര്‍ എടുത്ത നിരവധി ഫോട്ടോകള്‍ നീതിരഹിതമായ പൊലീസതിക്രമങ്ങളുടെ സാക്ഷ്യപത്രമാണ്. വെടിവെച്ച് മുന്നോട്ട് നീങ്ങുന്ന പൊലീസുകാരുടെ ചിത്രത്തോടൊപ്പം മന്ത്രിക്കെതിരെയോ പൊലീസിനെതിരെയോ ഡിവൈഎഫ്ഐ വളണ്ടിയര്‍മാര്‍ അക്രമം നടത്തുന്ന യാതൊരു ചിത്രവുമുണ്ടായിരുന്നില്ല. രക്തസാക്ഷി റോഷന്റെ പോസ്റ്റുമോര്‍ട്ടത്തിന് മുമ്പ് നടത്തിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സബ്കലക്ടര്‍ രേഖപ്പെടുത്തിയ മഹസ്സര്‍ വസ്തുതകളുടെ കൂട്ടത്തില്‍ രക്തക്കറയുള്ള കറുത്ത തൂവാലയുണ്ടായിരുന്നു. കറുത്ത തുണിയുമായി പ്രതിഷേധിക്കാന്‍ മാത്രം എത്തിയ നിരായുധരായ പ്രകടനക്കാര്‍ക്ക് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയതും മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു. മന്ത്രിയായിരുന്ന എം വി രാഘവന്‍ തന്റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസുദ്യോഗസ്ഥരും ഡപ്യൂട്ടി കലക്ടറുമായി നടത്തിയ ഗൂഢാലോചനയുടെ ഉല്പന്നമാണ് കൂത്തുപറമ്പ് വെടിവെപ്പ്. ഐ എ എസ് കാരിയായ തലശ്ശേരിയിലെ സബ്കലക്ടറെ കൂത്തുപറമ്പില്‍ കൊണ്ടുപോകാതെ കേവലമൊരു ഡപ്യൂട്ടി കലക്ടറെ എത്തിച്ചതും ഈ ഗൂഢാലോചന തന്നെയാണ്.

    ഇത്തരം അനിഷേധ്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ കുത്തുപറമ്പ് വെടിവെയ്പിന് മുഖ്യ ഉത്തരവാദി എം വി രാഘവനാണ് എന്ന് വ്യക്തം. കൂട്ടുത്തരവാദികള്‍ ഹക്കീം ബത്തേരിയും പി ടി ആന്റണിയുമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. കൊലപാതകം അടക്കമുള്ള സെഷന്‍സ് കേസുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ജഡ്ജിയുടെ കണ്ടെത്തല്‍ കേവലമൊരു അന്വേഷണ വിഷയത്തിനുള്ള മറുപടിയല്ല. കുറ്റവാളികള്‍ക്ക് നേരെയുള്ള കുറ്റപത്രവായനതന്നെയാണ്. നിയമക്കോടതിയുടെ മുമ്പാകെയും ജനകീയക്കോടതിയുടെ മുമ്പാകെയും കൂത്തുപറമ്പില്‍ അഞ്ച് യുവധീരരുടെ കൊലപാതകത്തിന് ഉത്തരം പറയേണ്ട പ്രധാന ത്രിമൂര്‍ത്തികള്‍ ഇക്കൂട്ടര്‍ തന്നെ ആയിരുന്നുവെന്നത് കേരളീയ സമൂഹത്തിന് നിസ്തര്‍ക്കമായ കാര്യമാണ്.

    "കൂത്തുപറമ്പില്‍ താന്‍ വന്നാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് രാഘവന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരാജയം സമ്മതിക്കാന്‍ അദ്ദേഹം തയാറില്ലായിരുന്നു. കൂട്ടം പിരിഞ്ഞ ഭിന്നാഭിപ്രായക്കാരന്റെ ശൈലിയില്‍ തന്റെ ഔന്നത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇത്തരം ചടങ്ങുകള്‍ രാഷ്ട്രീയക്കാരന്റെ സ്വകാര്യ നേട്ടത്തിനുള്ള പൊതുമുതലിന്റെ ദുര്‍വിനിയോഗമല്ലാതെ മറ്റൊന്നല്ല എന്ന കാര്യത്തില്‍ എനിക്ക് ലവലേശം സംശയമില്ല. പൊതുമുതല്‍ ചെലവഴിച്ച് വോട്ട് ബേങ്കുകള്‍ സൃഷ്ടിക്കാന്‍ വഴിപിരിഞ്ഞ രാഷ്ട്രീയക്കാരെ അനുവദിക്കണമോ എന്ന് പൊതുജനം ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു''.

    അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അവസാന ഭാഗമാണ് മേല്‍ വിവരിച്ചത്.

    "മിനി ജാലിയന്‍വാലാബാഗ്'' എന്നു വിശേഷിപ്പിക്കാവുന്ന കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദിയായ രാഷ്ട്രീയ നേതാവ് എം വി രാഘവനെ പോലുള്ളവരെ വാനോളം പുകഴ്ത്താനും ക്രൂരമായി മര്‍ദ്ദനത്തിനിരയായ കമ്യൂണിസ്റ്റുകാരെ അഹങ്കാരികളായി ചിത്രീകരിക്കാനുമാണ് നമ്മുടെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പലപ്പോഴും ശ്രമിക്കാറ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനവിധി വിലയിരുത്തിക്കൊണ്ടുള്ള ചിലരുടെ പ്രതികരണവും വ്യത്യസ്തമായിരുന്നില്ല. ജനവിധിയെ മാനിച്ചുകൊണ്ടുതന്നെ ഇടതുപക്ഷ അടിത്തറ തകര്‍ന്നിട്ടില്ലെന്ന യാഥാര്‍ഥ്യം വ്യക്തമാക്കിയപ്പോള്‍ ചില 'പരിഹാസ മാധ്യമ വിചാരണക്കാര്‍'ക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. 2005ല്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് 2010ല്‍. ഡിഐസി ഉള്‍പ്പെടെയുള്ള അഞ്ച് രാഷ്ട്രീയ പാര്‍ടികളും 9% വോട്ടും വലതുപക്ഷത്തായിട്ടും ഇടതുപക്ഷം 2009നേക്കാള്‍ മുന്നേറ്റമുണ്ടാക്കിയെന്നത് രക്തസാക്ഷികളുടെ മണ്ണ് ഇടതുപക്ഷത്തെ കൈയൊഴിഞ്ഞുവെന്നല്ല തെളിയിക്കുന്നത്. ഒഞ്ചിയത്ത് രക്തസാക്ഷി മണ്ടോടി കണ്ണന്റെ ഘാതകരുമായി കൂടിച്ചേര്‍ന്ന് അവസരവാദികള്‍ ചില സീറ്റുകള്‍ നേടിയപ്പോള്‍ രക്തസാക്ഷികളെ തോല്‍പിച്ചുവെന്നാണ് ചിലരുടെ കണ്ടുപിടിത്തം. രക്തസാക്ഷിത്വം ഒരു നാടിനും ജനതക്കും വേണ്ടിയാണ്. അല്ലാതെ നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടിയല്ല. കൂത്തുപറമ്പ് രക്തസാക്ഷികള്‍ നല്‍കുന്ന സന്ദേശമതാണ്. രക്തസാക്ഷികള്‍ ഒരിക്കലും മരിക്കുന്നില്ല. ഇത് കേവലമൊരു കവിവാക്യമല്ല. 1995ല്‍ കല്‍ക്കത്തയിലെ ലോകജനാധിപത്യ ഫെഡറേഷന്‍ സമ്മേളന വേദിയില്‍ വെച്ച് ജ്യോതിബസു കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച കലണ്ടര്‍ പ്രകാശനം ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഈ ലേഖകന് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അത്. ഇതോടെ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ലോക ജനാധിപത്യ യുവജനപ്രസ്ഥാനത്തിന്റെ കൂടി ഭാഗമായി മാറിയിരിക്കുകയാണ്.

എം വി ജയരാജന്‍ ചിന്ത വാരിക 121110

രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് രാജ

ന്യൂഡല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ടെലികോം മന്ത്രി എ രാജ. ചട്ടങ്ങള്‍ പാലിച്ചാണ് സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്നും അന്നത്തെ സര്‍ക്കാര്‍ നയമനുസരിച്ചാണിതെന്നും രാജ പറഞ്ഞു.

അതിനിടെ സ്‌പെക്ട്രം ഇടപാടില്‍ ആരോപണ വിധേയനായ ടെലികോം മന്ത്രി എ രാജയുടെ രാജിക്കായി മുറവിളി ശക്തമാവുമ്പോഴും രാജയെ നീക്കില്ലെന്നു ഡി എം കെ പിടിവാശി തുടരുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ നാണക്കേടിലാഴ്ത്തി. ആദര്‍ശ് ഹൗസിംഗ് കുംഭകോണത്തില്‍ ആരോപണവിധേയനായ അശോക് ചവാനും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ കേന്ദ്രസ്ഥാനത്തുനിന്ന സുരേഷ് കല്‍മാഡിക്കും എതിരെ നാമമാത്ര നടപടിയെടുത്ത് പ്രതിച്ഛായ രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് ഡി എം കെയുടെ പിടിവാശിയില്‍ തട്ടി വീണത്. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടം വരുത്തിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കുറ്റപ്പെടുത്തിയ രാജ മന്ത്രിയായി തുടരുന്നതില്‍ ഒരു ന്യായീകരണവും നിരത്താനാവാതെ പരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

രാജയ്‌ക്കെതിരെ ഒരു നടപടിയുമെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന, ഡി എം കെ നേതാവ് എം കരുണാനിധിയുടെ സന്ദേശവുമായി രാജ്യസഭാംഗമായ കനിമൊഴി ഇന്നലെ ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. രാജയുടേത് ഡി എം കെയുടെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ കോണ്‍ഗ്രസ് ഇടപെടേണ്ടതില്ലെന്നുമുള്ള വ്യക്തമായ സന്ദേശമാണ് കനിമൊഴി പ്രണബ് മുഖര്‍ജിക്കു കൈമാറിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുനടന്ന സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് അന്നുതന്നെ ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ രൂപീകരണ വേളയില്‍ രാജയെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജയെ മന്ത്രിയാക്കിയില്ലെങ്കില്‍ പിന്തുണയില്ലെന്ന ഡി എം കെ നിലപാടിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കുകയായിരുന്നു.

രാജ സ്ഥാനമൊഴിയുന്ന പ്രശ്‌നമില്ലെന്നാണ് ഡി എം കെ വക്താവും ലോക്‌സഭാംഗവുമായ ടി കെ എസ് ഇളങ്കോവന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കിയത്. സ്‌പെക്ട്രം ഇടപാടു സംബന്ധിച്ച് സി ബി ഐ അന്വേഷണം നടക്കുകയാണെന്നും ഇതു തീരാതെ മന്ത്രി സ്ഥാനമൊഴിയേണ്ട കാര്യമില്ലെന്നും ഇളങ്കോവന്‍ പറഞ്ഞു. ട്രായിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സ്‌പെക്ട്രം ഇടപാടില്‍ രാജ പ്രവര്‍ത്തിച്ചതെന്ന്, ഇതിനു വിരുദ്ധമായ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള സി എ ജി റിപ്പോര്‍ട്ട് പുറത്തായ ശേഷവും ഇളങ്കോവന്‍ പറഞ്ഞു.

ഡി എം കെയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് രാജയെ ശക്തമായി ന്യായീകരിക്കുന്ന നിലപാടാണ് ഇന്നലെ കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും പ്രകടിപ്പിച്ചത്. സ്‌പെക്ട്രം ഇടപാടു സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കുമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതുവരെ നടപടിയൊന്നുമുണ്ടാവില്ലെന്നും ആഭ്യന്തരമന്ത്രി പി ചിദംബരം വാര്‍ത്താലേഖകരോടു പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെറിയൊരു ജെ പി സി തന്നെയാണെന്നും അതുകൊണ്ട് പ്രതിപക്ഷത്തിന്റെ ജെ പി സി ആവശ്യം പരിഗണിക്കാനാവില്ലെന്നും ചിദംബരം പറഞ്ഞു. അഴിമതി ഗുരുതരമായ പ്രശ്‌നമാണെങ്കിലും സി എ ജി റിപ്പോര്‍ട്ടില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞേ നടപടിയെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂവെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന വാദവും ബന്‍സല്‍ അവതരിപ്പിച്ചു. സി എ ജി റിപ്പോര്‍ട്ടില്‍ രാജയെ കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടുണ്ടായിരിക്കാം, എന്നാല്‍ പ്രശ്‌നം സുപ്രിം കോടതിയുടെ പരിഗണനയിലാണെന്ന വിചിത്രവാദവും ബന്‍സല്‍ മുന്നോട്ടുവച്ചു.

അതിനിടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന നയവുമായി എ ഐ എ ഡി എം കെ നേതാവ് ജയലളിത രംഗത്തെത്തിയിട്ടുണ്ട്. രാജയുടെ പേരില്‍ ഡി എം കെ പിന്തുണ പിന്‍വലിച്ചാലും എ ഐ എ ഡി എം കെ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നാണ് ജയലളിത കോണ്‍ഗ്രസിനു മുന്നില്‍ വച്ച വാഗ്ദാനം. എ ഐ എ ഡി എം കെയുടെ ഒന്‍പത് എം പിമാരും സമാന മനസ്‌കരായ പാര്‍ട്ടികളുടെ ഒന്‍പത് എം പിമാരും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് ജയലളിത അറിയിച്ചിട്ടുള്ളത്. എന്നാല്‍ തല്‍ക്കാലം ഈ വാഗ്ദാനം പരിഗണിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

janayugom 121110

പൊളിഞ്ഞ കള്ളങ്ങള്‍

ലോട്ടറി വിവാദത്തിലെ കള്ളക്കളികളും കള്ളനാണയങ്ങളും ഒന്നൊന്നായി പുറത്തുവരികയാണ്. ഭൂട്ടാന്‍ ലോട്ടറിയുടെ നിയമലംഘനം സംബന്ധിച്ച് കേരളത്തിന്റെ പരാതികള്‍ കഴിഞ്ഞ ആറുവര്‍ഷമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂഴ്ത്തിവച്ചിരിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രഗവമെന്റ് കേരളത്തിന് അയച്ച കത്തില്‍ വ്യക്തമായത്. കഴിഞ്ഞ ഒക്ടോബര്‍ 26ന് ഭൂട്ടാന്‍ അംബാസഡറുമായി നടത്തിയ യോഗത്തിലാണ് ആദ്യമായി കേന്ദ്രസര്‍ക്കാര്‍ ഭൂട്ടാന്‍ ലോട്ടറികളുടെ നിയമലംഘനം ആ രാജ്യത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്. ഈ യോഗത്തിന്റെ മിനിട്സ് കേരള സര്‍ക്കാരിന് ഇപ്പോള്‍ അയച്ചിട്ടുണ്ട്. നിയമലംഘനം സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേരള സര്‍ക്കാരിനെ പഴിപറഞ്ഞിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടിയന്തരമായി ഉത്തരം പറയേണ്ട ചോദ്യം, എന്തിന് കേന്ദ്രം ഭൂട്ടാന്‍ ലോട്ടറിക്കെതിരായ പരാതികള്‍ ഇത്രയും കാലം ഒളിപ്പിച്ചുവച്ചു എന്നതുതന്നെയാണ്.

സെപ്തംബര്‍ 18ന് കേരളം അയച്ച വിശദമായ പരാതിയെ ത്തുടര്‍ന്നാണ് യോഗം വിളിച്ചതെന്ന് കേന്ദ്രം അയച്ച കത്തില്‍ പരാമര്‍ശിക്കുന്നു. 2004 മുതല്‍ കേരളം നിരന്തരമായി അയക്കുന്ന പരാതികളുടെ സമാഹാരമാണ് ഈ കത്ത്. ആറുകൊല്ലമായി അനങ്ങാപ്പാറ നയം സ്വീകരിച്ചവര്‍ ഇപ്പോഴാണ് ഉണര്‍ന്നത് എന്നാണ് ഇത് തെളിയിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തില്‍ കേരളം കണ്ടെത്തുകയും യഥാസമയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയുംചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ മാത്രമാണ് കേന്ദ്രം ഭൂട്ടാന്‍ സര്‍ക്കാരിനെ ഔപചാരികമായി അറിയിച്ചത്. ലോട്ടറി ഏജന്റുമാര്‍തന്നെയാണ് ഭൂട്ടാന്‍ ടിക്കറ്റുകള്‍ അച്ചടിക്കുന്നതെന്നും നിയമം ലംഘിച്ച് യഥേഷ്ടം ഇക്കൂട്ടര്‍ നറുക്കെടുപ്പുകള്‍ നടത്തുകയാണ് എന്നും വിജിലന്‍സ് അന്വേഷണത്തില്‍ വെളിപ്പെട്ടതാണ്. 2006ല്‍ കേരളം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയ ഈ നിയമലംഘനങ്ങള്‍ എന്തിന് പൂഴ്ത്തി എന്ന് ചിദംബരവും മണികുമാര്‍ സുബ്ബയും അഭിഷേക് സിംഗ്വിയും മാത്രമല്ല, ഇവിടെ ഉമ്മന്‍ചാണ്ടിയും വിശദീകരിക്കേണ്ടതുണ്ട്.
നറുക്കെടുപ്പിന്റെ രീതി നിയമപ്രകാരമല്ല എന്നും കേരളത്തിന്റെ വിജിലന്‍സ് അന്വേഷണം കണ്ടെത്തിയിരുന്നു. ഭൂട്ടാന്‍ അംബാസഡറുമായുള്ള യോഗമിനിട്സില്‍ ഒരിനം ഇതു സംബന്ധിച്ചുള്ളതാണ്. ഒറ്റ, ഇരട്ട, മൂന്നക്ക നമ്പരുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന കാര്യം എല്ലാ തെളിവും സഹിതം 2010 മെയ് 14ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഒരുനടപടിയും കാണാഞ്ഞ് ജൂലൈ 25ന് വീണ്ടും കത്തയച്ചു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ ഒരേ ആള്‍തന്നെ തന്നിഷ്ടപ്രകാരം നടത്തുകയാണ് എന്നതിന് തെളിവായി ഇവയുടെ ഫലങ്ങള്‍ ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നതും നല്‍കിയിരുന്നു. ഇക്കാര്യങ്ങളും ഇപ്പോഴാണ് ഭൂട്ടാന്‍ സര്‍ക്കാരിനെ കേന്ദ്രം അറിയിക്കുന്നത്.

ടിക്കറ്റിന്റെ അച്ചടി സംബന്ധിച്ച ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയുംചെയ്തു. ഭൂട്ടാന്‍ ലോട്ടറി അച്ചടിക്കുന്ന മഹാലക്ഷ്മി പ്രസ് സെക്യൂരിറ്റി പ്രസ് അല്ല എന്ന് വാണിജ്യനികുതി വകുപ്പ് അന്വേഷിച്ച് കണ്ടെത്തി. ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്നത് എവിടെയാണ് എന്ന് കേന്ദ്രത്തോട് കേരളം ആരാഞ്ഞപ്പോള്‍ ഒരുത്തരവും നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം തയ്യാറായില്ല. അതേസമയം ആരാണ് പ്രൊമോട്ടര്‍ എന്ന ചോദ്യത്തിന് മേഘതന്നെയാണ് എന്ന മറുപടി നാലു ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുകയുംചെയ്തു. പ്രസിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത് ഗുരുതരമായ സ്ഥിതിയാണെന്ന് കോടതി രൂക്ഷവിമര്‍ശം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് നവംബര്‍ നാലിനാണ് ഇതുസംബന്ധിച്ച് ഭൂട്ടാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടാന്‍ ആഭ്യന്തരമന്ത്രാലയം തുനിഞ്ഞത്.

ലോട്ടറി ഏജന്റുമാരും ഭൂട്ടാന്‍ സര്‍ക്കാരുമായുളള കരാര്‍ ദുരൂഹത നിറഞ്ഞതാണ് എന്നതായിരുന്നു ഏറ്റവും ഒടുവില്‍ നടന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇതെല്ലാം കേരളം കേന്ദ്രത്തെ അറിയിച്ചതാണ്. അപ്പോഴൊന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകാതിരുന്ന ആഭ്യന്തര മന്ത്രാലയം ഈ കരാറുകളില്‍ തിരുത്തല്‍ വേണമെന്ന് ഇപ്പോള്‍ ഭൂട്ടാന്‍ അംബാസഡറോട് അഭ്യര്‍ഥിച്ചിരിക്കുന്നു. കഴിഞ്ഞ ആറു കൊല്ലമായി കേരളം നിരന്തരമായി പരാതികള്‍ അയച്ചിട്ടും ഈ ലോട്ടറിക്കൊള്ളയ്ക്ക് അരുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തിരുത്തല്‍ ആവശ്യപ്പൊന്‍ നിര്‍ബന്ധിതമായപ്പോഴും കടുത്ത നിയമലംഘനം നടത്തിയവരെ നിരോധിക്കുന്നതിന് ഒരുനടപടിയും ഇല്ല എന്നത് ശ്രദ്ധേയമാണ്. നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ഈ ലോട്ടറികള്‍ അനുവദിക്കുകയില്ല എന്ന നിലപാട് സ്വീകരിക്കാന്‍പോലും കേന്ദ്രം തയ്യാറല്ല. സിക്കിം ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ചുളള പരാതികള്‍ പരിഗണിക്കുന്നതേയുള്ളൂ എന്നാണ് നികുതിവകുപ്പ് സെക്രട്ടറിക്ക് നവംബര്‍ 4ന് അയച്ച കത്തില്‍ പറയുന്നത്. ആറുകൊല്ലമായിട്ടും ഇതേവരെ പരാതി പരിഗണിച്ചു വരുന്നതേയുള്ളൂ എന്നാണ് ഇത് അര്‍ഥമാക്കുന്നത്. കേരള ഹൈക്കോടതിയുടെ ഒക്ടോബര്‍ 14ലെ വിധിയില്‍ ടിക്കറ്റുകളുടെ അച്ചടി സംബന്ധിച്ച് കേരളം ഉന്നയിച്ച സംശയത്തിന് വ്യക്തമായ ഉത്തരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടതാണ്. മാത്രമല്ല, നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ പരാതികള്‍ കേന്ദ്രത്തിന്റെ മുന്നിലുണ്ട് എന്നും വിധിയില്‍ പരാമര്‍ശമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഭൂട്ടാന്‍ അംബാസഡറുമായി പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. വിധിയുടെ പശ്ചാത്തലത്തില്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെടുമ്പോഴും ലോട്ടറി മാഫിയയോടുളള ചിദംബരത്തിന്റെയും സംഘത്തിന്റെയും വിധേയത്വം പ്രകടമാണ്. ലോട്ടറി വിവാദത്തിലെ കേന്ദ്രത്തിന്റെയും കോണ്‍ഗ്രസിന്റെയും കള്ളക്കളികള്‍ നിസ്സംശയം പുറത്തുകൊണ്ടുവരുന്നതാണ് ഈ വസ്തുതകള്‍.

ദേശാഭിമാനി മുഖപ്രസംഗം 121110

Thursday, November 11, 2010

ബിജെപിയുടെ ദുഃഖം

കേരളത്തില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ച് വലിയ അവകാശവാദങ്ങളാണ് ബിജെപിയും ആര്‍എസ്എസും നടത്തിവരുന്നത്. കേരളം സംഘപരിവാറിന്റെ ശക്തികേന്ദ്രമായി മാറിയെന്ന തരത്തിലുള്ള വിശദീകരണമാണ് ഈയിടെ നടന്ന ആര്‍എസ്എസ് ദേശീയ പ്രവര്‍ത്തകസമിതി യോഗത്തില്‍ കേരളത്തില്‍നിന്നുള്ള നേതാക്കള്‍ നല്‍കിയതത്രെ. ഇവിടത്തെ 'നേട്ട'ത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വം നേരത്തെ തന്നെ പുളകിതരായിരുന്നു. ഡല്‍ഹിയില്‍ പാര്‍ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണംചെയ്തുമാണ് ബിജെപിക്കാര്‍ കേരളത്തില്‍ 'ശക്തിപ്രാപിച്ച'തില്‍ സന്തോഷം കണ്ടെത്തിയത്. ചില മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ അവര്‍ക്ക് കുറെ സഹായവും നല്‍കി. സംഘപരിവാറിന്റെ പ്രസിദ്ധീകരണങ്ങള്‍ മുഖം രക്ഷിക്കാന്‍ ഏറെ പണിപ്പെട്ടു. അവസാനം ഇത്തവണത്തെ 'വന്‍വിജയം' ആഘോഷിക്കാനായി അവര്‍ 'മുന്‍വിജയത്തെ' കുറച്ചുകാണിക്കാനും ശ്രമിച്ചു. 2010 നവംബര്‍ രണ്ടിലെ 'ജന്മഭൂമി'യിലെ (പേജ് 6) ലേഖനം അതിനുദാഹരണമാണ്. അതില്‍ പറയുന്നു: "തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച വാര്‍ഡുകളുടെ കാര്യത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. താമരചിഹ്നത്തില്‍ മത്സരിച്ച കഴിഞ്ഞതവണ ജയിച്ചവരേക്കാള്‍ 128 വാര്‍ഡുകള്‍കൂടി ഇത്തവണ ബിജെപിക്ക് കിട്ടി. കഴിഞ്ഞ തവണ 352 വാര്‍ഡുകളുണ്ടായിരുന്ന ബിജെപി ഇത്തവണ 584 വാര്‍ഡുകളാണ് നേടിയത്. സ്വതന്ത്രരായി ജയിച്ച ബിജെപി സ്ഥാനാര്‍ഥികളുടെ സംഖ്യ ഒഴിവാക്കിയാണിത്.'' നാളെ കേരളത്തില്‍ വന്‍വിജയം വരിക്കാന്‍ കഴിയുമാറ് ബിജെപി വളര്‍ന്നുവെന്ന വാദവും പരിവാറില്‍നിന്നുണ്ടായി.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ കുതിച്ചുചാട്ടം നടത്തിയെന്ന് അവകാശപ്പെടുന്നത് ആര്‍എസ്എസിന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ഇന്നത്തെ സംസ്ഥാന നേതൃത്വമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ 'വിജയ'ത്തില്‍ ആര്‍എസ്എസും അമിതമായി ആഹ്ളാദിക്കുന്നു, ആഘോഷിക്കുന്നു. ഇപ്പോള്‍ 'നേട്ട'മുണ്ടാകണമെങ്കില്‍ മുമ്പെല്ലാം 'പരാജയ'മായിരുന്നു എന്ന് പറയേണ്ടിവരുന്നത് സ്വാഭാവികം. 2005ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വിജയമെന്ന അവകാശവാദത്തിന്റെ അടിസ്ഥാനവും അതുതന്നെ. അവരുടെ കണക്കുകളിലെ യാഥാര്‍ഥ്യങ്ങളിലേക്ക് പിന്നീട് കടക്കാം. അതിനുമുമ്പ് ഒരു ഖണ്ഡികകൂടി ഉദ്ധരിക്കട്ടെ. 2008 നവംബറിലെ 'ചിതി' മാസിക (പേജ് 48) യില്‍ നിന്നാണിത്. ബിജെപി സംസ്ഥാന കമ്മിറ്റിയുടെ മുഖമാസികയാണിത്; ഒ രാജഗോപാലാണ് മുഖ്യപത്രാധിപര്‍. അതില്‍ പറയുന്നു: "ബിജെപിക്ക് കേന്ദ്രഭരണം നഷ്ടപ്പെട്ടതിനുശേഷമാണ് കേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. 2005 സെപ്തംബറില്‍ നടന്ന ഈ തെരഞ്ഞെടുപ്പില്‍ ബിജെപി 650 സീറ്റുകള്‍ നേടിയെന്നു മാത്രമല്ല, 17 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണംകൊണ്ട് ഒന്നാമത്തെയോ രണ്ടാമത്തെയോ പാര്‍ടിയായി മാറിയിട്ടുണ്ട്.'' 2005ല്‍ അറുനൂറിലേറെ സീറ്റുകള്‍ കിട്ടിയെന്ന് പാര്‍ടി വിലയിരുത്തിയതായി ബിജെപി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച 'സത്യവാങ്മൂലം' എന്ന ലഘുലേഖയിലും പറയുന്നുണ്ട്. ആര്‍എസ്എസിന്റെ മുഖവാരികയായ 'ഓര്‍ഗനൈസറും' (2005 ഒക്ടോബര്‍ 9) ഇക്കാര്യം ആവര്‍ത്തിച്ചതാണ്. അതിനുപുറമെ, 2005 സെപ്തംബര്‍ 29, 30 തീയതികളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും പാര്‍ടി വക്താവും പത്രസമ്മേളനങ്ങളില്‍ തങ്ങളുടെ വിജയകഥ വിശദീകരിച്ചു. പാര്‍ടിയുടെ നേതാക്കളും മാസികയും ലഘുലേഖയുമൊക്കെ മുമ്പ് വിളിച്ചോതിയത് പച്ചക്കള്ളമാണെന്ന നിലപാടിലേക്കാണ് ഇന്നത്തെ ആര്‍എസ്എസ്-ബിജെപി നേതൃത്വം കടന്നുചെല്ലുന്നത്. മുഖം രക്ഷിക്കാന്‍ ഏതറ്റംവരെയും പോകാം എന്ന നിലപാട് സംഘപരിവാര്‍ നേതൃത്വം ഇവിടെ ആവര്‍ത്തിക്കുകയാണ്. അതിനായി ആരെയും തള്ളിപ്പറയാന്‍ അവര്‍ക്ക് മടിയില്ല. നിരാശരായ, പ്രത്യയശാസ്ത്ര പ്രതിസന്ധിയില്‍ അകപ്പെട്ട, വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബദ്ധപ്പെടുന്ന, പരിവാറിന്റെ നേതാക്കള്‍ക്കും അണികള്‍ക്കുമൊക്കെ മറ്റൊരു മാര്‍ഗവുമില്ലായിരിക്കാം.

യാഥാര്‍ഥ്യം എന്താണ്? 2010ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പിലെത്തിയതാണ്. ബിജെപിക്ക് ഇവിടെ ആകെ ലഭിച്ചത് 480 വാര്‍ഡാണ്. ജില്ലാപഞ്ചായത്തില്‍ ഒന്ന്, ബ്ളോക്ക് പഞ്ചായത്തില്‍ ഏഴ്, ഗ്രാമപഞ്ചായത്തില്‍ 384, നഗരസഭകളില്‍ 79, കോര്‍പറേഷനില്‍ 9. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം വാര്‍ഡിലാണ് ബിജെപി മത്സരിച്ചത്. പതിനായിരത്തില്‍ വെറും 480. വിജയശതമാനം 4.8 മാത്രം. സംസ്ഥാനാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 29,577 വാര്‍ഡില്‍ വെറും 480; - 2.33 ശതമാനം. സംസ്ഥാനത്തെ 1208 തദ്ദേശ സ്ഥാനങ്ങളില്‍ ഏകദേശം 225ല്‍ മാത്രമാണ് ഈ പാര്‍ടിക്ക് നാമമാത്ര പ്രാതിനിധ്യമുള്ളത്. ഏതാണ്ട് ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളില്‍ ഒരാളെപ്പോലും വിജയിപ്പിക്കാന്‍ ബിജെപിക്കായില്ല എന്നര്‍ഥം.

സംസ്ഥാനത്ത് നിയമസഭയില്‍ ഒരിക്കല്‍പ്പോലും കടന്നിരിക്കാന്‍ ഇതുവരെ ബിജെപിക്കായിട്ടില്ല എന്നത് ചരിത്രസത്യം. വിജയം വരിക്കാനായി അവര്‍ കരുതിവച്ച മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരമാണ്. 1987 മുതലുള്ള കുറെയേറെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രണ്ടാമതെത്താന്‍ അവര്‍ക്ക് അവിടെ കഴിഞ്ഞിരുന്നു. ചില ഗ്രാമപഞ്ചായത്തുകള്‍ ഭരിക്കാനുള്ള അവസരവും ലഭിച്ചു. 2005ല്‍ അവിടെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ അവര്‍ ഭരണകക്ഷിയായി (അതില്‍ ഒരിടത്ത് യുഡിഎഫിന്റെ സഹായത്തോടെ). എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ അവിടെയും തൂത്തെറിയപ്പെട്ടു. അവരുടെ ഭരണം ഇത്തവണ അവിടെ ഒരു പഞ്ചായത്തിലേക്ക് ചുരുങ്ങി. നിയമസഭയിലേക്ക് ജയിക്കാനാകുമെന്ന് ബിജെപിക്കാര്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന നിയോജകമണ്ഡലത്തിന്റെ ചിത്രമാണിത്. അവകാശവാദങ്ങള്‍ ഘോരഘോരം നടത്തുമ്പോള്‍ വല്ലപ്പോഴുമെങ്കിലും യഥാര്‍ഥ ചിത്രം കാണാന്‍ ശ്രമിക്കുന്നത് നല്ലതാണെന്ന് അവര്‍ക്ക് ഇനിയും തോന്നിത്തുടങ്ങിയിട്ടില്ല.
സംഘപരിവാറിന്റെ മറ്റൊരു അവകാശവാദം തിരുവനന്തപുരം നഗരസഭയില്‍ ആറ് സീറ്റ് കരസ്ഥമാക്കി എന്നതാണ്. 1987ല്‍ അവര്‍ക്ക് അവിടെ ആറ് സീറ്റുണ്ടായിരുന്നു. നഗരസഭയില്‍ അന്നുണ്ടായിരുന്നത് 50 വാര്‍ഡാണ്. വാര്‍ഡുകളുടെ എണ്ണം 50ല്‍നിന്ന് 100 ആയപ്പോഴും ബിജെപിയുടെ വിജയം ആറിലൊതുങ്ങുന്നു. 2010ല്‍ ബിജെപിയെത്തേടിയെത്തിയത് 52,161 വോട്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ടര്‍മാരുടെ എണ്ണം 6.62 ലക്ഷമാണ് എന്നറിയുമ്പോഴാണ് ബിജെപിയുടെ 'ശക്തി' ബോധ്യമാവുക. കോഴിക്കോട് നഗരസഭയില്‍ കാല്‍നൂറ്റാണ്ടായി ഒരു സീറ്റുണ്ടായിരുന്നു. അതും ഇത്തവണ കൈമോശം വന്നു.

2005ല്‍ അവര്‍ക്ക് ഇവിടെയുണ്ടായിരുന്നതൊന്നും ഇത്തവണ കിട്ടിയില്ല എന്നതാണ് സത്യം. പാലക്കാട് നഗരസഭയില്‍പ്പോലും സീറ്റിന്റെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞതവണ അവിടെ അവര്‍ കുറച്ചുമാസങ്ങളിലാണെങ്കിലും ഭരണകക്ഷിയായിരുന്നു എന്നതോര്‍ക്കുക. അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ നഷ്ടപ്പെട്ടു. ഇത് സംഘപരിവാറിന്റെ തുടര്‍ക്കഥയാണ്. ഓരോ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ടിന്റെ കണക്ക് ബിജെപിയുടെ ദൌര്‍ബല്യവും ശക്തിക്ഷയവും കാണിച്ചുതരുന്നുണ്ട്. വര്‍ഷം, ബിജെപിക്ക് ലഭിച്ച വോട്ട് എന്ന ക്രമത്തില്‍: 1982 (2.75), 1987 (6.47), 1988 (4.51), 1991 നിയമസഭ (5.53), ലോക്സഭ (4.61), 1995 (6.11), 1996 നിയമസഭ (5.48), ലോക്സഭ (5.18), 1998 (7.78), 1999 (8.08), 2001 (5.02), 2004 (12.6), 2006 (4.82), 2009 (6.31), 2010 (6.27). സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ബിജെപിയുടെ കേരളത്തിലെ വോട്ട് വിഹിതം അഞ്ച്-അഞ്ചര ശതമാനം മാത്രമാണ്. ചില വേളകളില്‍ വോട്ട് കൂടിയിട്ടുണ്ടാകാം. പക്ഷേ, അത് നിലനിര്‍ത്താന്‍ ഈ പാര്‍ടിക്കായിട്ടില്ല. സംഘടന എത്രമാത്രം ദുര്‍ബലമാണെന്നതിന് ഇത് തെളിവാണല്ലോ. ബഹുജനപിന്തുണയുടെ കുറവും വ്യക്തം.

എല്‍ കെ അദ്വാനി ഒരിക്കല്‍ ഈ ലേഖകനോട് പറഞ്ഞതോര്‍ക്കുക. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എത്തിയ വേളയിലാണത്. "ജയിക്കുകയാണെങ്കില്‍ ഇത്തവണയുണ്ടാകും. അതില്ലെങ്കില്‍ പ്രതീക്ഷിക്കാന്‍ വകയില്ല.'' ഇക്കാര്യം അദ്ദേഹം സംസ്ഥാനത്തെ ആര്‍എസ്എസ്-ബിജെപി നേതാക്കളോടും പറഞ്ഞിരുന്നു. അന്ന് ബിജെപിക്ക് ഇവിടെ ലഭിച്ചത് വെറും 7.89 ലക്ഷം വോട്ടാണ്; അതായത് 5.02 ശതമാനം.

കേവീയെസ് (ജന്‍മഭൂമിയുടെ മുന്‍ എഡിറ്ററാണ് ലേഖകന്‍) 

ദേശാഭിമാനി 111110

കഴുത്തിനു പിടിച്ച് പുറത്താക്കേണ്ടവര്‍

കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ പഴുതുകളൊന്നുമില്ല. അഴിമതിയുടെ ആഴക്കയങ്ങളില്‍ നീന്തിത്തുടിക്കുന്ന ആ പാര്‍ടിയെ രക്ഷപ്പെടുത്താനോ വെള്ളപൂശാനോ എത്ര വലിയ അഭ്യാസവും മതിയാവുകയുമില്ല. പ്രതിരോധ ഇടപാടുകളിലും ടെലികോം ഇടപാടുകളിലും കായികമേള നടത്തിപ്പിലും കോടാനുകോടികള്‍ വെട്ടിത്തിന്നവര്‍ ധീരദേശാഭിമാനികളായ കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരിലും തീവെട്ടിക്കൊള്ളയാണ് നടത്തിയത് എന്ന് തിരിച്ചറിയുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കുമുന്നില്‍, ഖദറിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസുകാരനെ നോക്കി കാര്‍ക്കിച്ചുതുപ്പുക എന്ന കടമ മാത്രമാണവശേഷിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അശോക് ചവാനെ മാറ്റിയതും സുരേഷ് കല്‍മാഡിയെ തൊട്ടു എന്ന് വരുത്തിയതും 'അഴിമതി ഇനിമതി' എന്ന് കോണ്‍ഗ്രസ് ചിന്തിച്ചതുകൊണ്ടല്ല. അങ്ങനെയെങ്കില്‍, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് അസന്ദിഗ്ധമായി തെളിഞ്ഞുകഴിഞ്ഞ ടെലികോം കുംഭകോണത്തിന്റെ നായകന്‍ മന്ത്രി രാജയെ നേരത്തേ പുറത്താക്കേണ്ടിയിരുന്നു. ഇസ്രയേലി ആയുധ ഇടപാടിലെ കോഴവിവരം പുറത്തുവന്നപ്പോഴും അഴിമതി ആരോപണങ്ങള്‍ പലകുറി വന്നപ്പോഴും മൌനംപാലിച്ച പ്രതിരോധമന്ത്രി എ കെ ആന്റണി ഇപ്പോള്‍, ആദര്‍ശ് ഫ്ളാറ്റ് അഴിമതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പറയുന്നു. കൊല്ലാനും വളര്‍ത്താനും സിബിഐയെ ഏല്‍പ്പിക്കാം. അങ്ങനെ കൈകഴുകിയതുകൊണ്ട് ആന്റണിയുടെ ഉത്തരവാദിത്തം അവസാനിക്കുമോ? കോണ്‍ഗ്രസിന്റെ കുറ്റം ഇല്ലാതാകുമോ? മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാചുമതലകൂടിയുണ്ട് പ്രതിരോധമന്ത്രിസ്ഥാനത്തിനൊപ്പം ആന്റണിക്ക് എന്നത് നിസ്സാരമായ യാദൃച്ഛികതയാണോ?
കോണ്‍ഗ്രസിന് ഇനി ഏതുപാതാളത്തിലേക്കാണ് താഴാനുള്ളത്? ഒരുനിമിഷംകൂടി മൂടിവച്ചാല്‍ പാര്‍ലമെന്റിലും പുറത്തും പൊട്ടിത്തെറികള്‍ വരും എന്ന ഭയം കൊണ്ട് മാത്രമാണ് അശോക് ചവാന്റെ രാജി വാങ്ങിയതും സുരേഷ് കല്‍മാഡിക്കെതിരെ നടപടിയെടുത്തതും. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസ് മൌനം തുടരുമായിരുന്നു. പൃഥ്വിരാജ് ചൌഹാനെയാണ് മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയായി അവരോധിക്കുന്നത്. അശോക് ചവാനുപുറമെ മുന്‍ മുഖ്യമന്ത്രിമാരായ വിലാസ്റാവു ദേശ്മുഖ്, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവര്‍ക്കൊപ്പം മഹാരാഷ്ട്ര മന്ത്രിയായ നാരായ റാണെക്കും ഫ്ളാറ്റ് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു. അവര്‍ ഇന്നും പ്രമുഖ സ്ഥാനങ്ങളിലുണ്ട്. വിലാസ്റാവു ദേശ്മുഖും ഷിന്‍ഡെയും കേന്ദ്രമന്ത്രിമാര്‍; നാരായ റാണെ ഇപ്പോഴും മഹാരാഷ്ട്ര മന്ത്രിയായി തുടരുന്നു. പുതിയ മുഖ്യമന്ത്രിയും അഴിമതി ആരോപണങ്ങളില്‍നിന്ന് മുക്തനല്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വാരിയെറിഞ്ഞ പണത്തെക്കുറിച്ചും വിലയ്ക്കുവാങ്ങിയ വാര്‍ത്തകളെക്കുറിച്ചും രാജ്യവ്യാപകമായ ചര്‍ച്ച നടന്നതാണ്. വന്‍കിട പത്രങ്ങളുടെ പേജുകള്‍ കോടികള്‍ മുടക്കി വിലയ്ക്കെടുത്ത് സ്വന്തം അപദാനങ്ങള്‍ വാഴ്ത്തിയാണ് അശോക് ചവാനും മറ്റും വിജയം കൊയ്തത്. അമ്പരപ്പിക്കുന്ന ആ കണക്കുകള്‍ തെളിവുസഹിതം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഒരുതട്ടില്‍നിന്ന് പ്രതികരണമുണ്ടായില്ല.

ഇതാ തെളിഞ്ഞിരിക്കുന്നു-കാര്‍ഗിലില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ കൊടുത്തു പൊരുതിയ ദേശാഭിമാനികളുടെ ആശ്രിതര്‍ക്ക് എന്നപേരില്‍ എല്ലാ നിബന്ധനകളും കാറ്റില്‍ പറത്തി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസാണ്. കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കും ജവാന്മാര്‍ക്കുമായി നിര്‍മിച്ച ഫ്ളാറ്റ് സിവിലിയന്മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഒരു ചവാനെ കസേരയില്‍നിന്ന് മാറ്റിയതുകൊണ്ട് കോണ്‍ഗ്രസ് എങ്ങനെ രക്ഷപ്പെടും?

സുരേഷ് കല്‍മാഡി കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തപ്പെട്ടാല്‍ കോമ വെല്‍ത്ത് ഗെയിംസ് അഴിമതി ഇല്ലാതാകുമോ? നൂറ് കോടി രൂപകൊണ്ട് നിര്‍മിക്കാവുന്ന സ്റ്റേഡിയത്തിന് 900 കോടി രൂപവരെ ചെലിട്ടത് ഇനി പ്രത്യേകം തെളിയിക്കപ്പെടേണ്ടതുണ്ടോ? എന്തേ കുറ്റവാളികളെ പിടികൂടാനുള്ള അന്വേഷണം നടത്തുന്നില്ല? രാജ്യത്തെ നാണംകെടുത്തിയ പിഴവുകളുണ്ടായിട്ടും അതിന്റെ മുഖ്യ ഉത്തരവാദിയായ കല്‍മാഡിയെ എഐസിസി സമ്മേളനത്തില്‍ ആദരിച്ചിരുത്താന്‍ കോണ്‍ഗ്രസിന് ഒട്ടും ലജ്ജയുണ്ടായില്ല. വഴിപാടിനുള്ള അന്വേഷണമേ ഇപ്പോഴും നടക്കുന്നുള്ളൂ.

രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ചതുവഴി 1,76,379 കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടമായെന്ന് സിഎജി വ്യക്തമാക്കി കഴിഞ്ഞു. ഭരണഘടനാ സ്ഥാപനംതന്നെ വന്‍ അഴിമതി ചൂണ്ടിക്കാട്ടിയിട്ടും രാജയ്ക്കെതിരെ ചെറുവിരലനക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറായിട്ടില്ല. രണ്ടാം യുപിഎ സര്‍ക്കാരില്‍ മൂന്നാമത്തെ കക്ഷിയായ ഡിഎംകെയുടെ പ്രതിനിധിയാണ് രാജ. അധികാരം നിലനിര്‍ത്താന്‍ രാജയുടെ പാര്‍ടിയുടെ പിന്തുണ സര്‍ക്കാരിന് വേണം. ഡിഎംകെയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.

രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ച ഓരോ ഘട്ടത്തിലും അഴിമതി നടന്നെന്ന് സിഎജി സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയതാണ്. ടെലികോംവകുപ്പും നിയമമന്ത്രാലയവും ധനമന്ത്രാലയവും നല്‍കിയ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം എന്ന വിചിത്ര രീതിയില്‍ ലൈസന്‍സ് നല്‍കിയത്. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ രാജ്യത്തിനു നഷ്ടം വന്നു. ഇത്രയും വലിയ അഴിമതി നടത്തിയ മന്ത്രി രാജയ്ക്ക് ഒരു കോട്ടവുമില്ല. പ്രധാനമന്ത്രികാര്യാലയത്തിന്റെ അറിവാടെയാണ് അഴിമതി നടന്നതെന്നും വ്യക്തമായിക്കഴിഞ്ഞു. പണം എത്തിയത് ഡിഎംകെയ്ക്കുവേണ്ടി മാത്രമാകില്ല എന്ന് വ്യക്തം. രാജയെ തൊട്ടാല്‍ കരുണാനിധി പ്രതികരിക്കും. ഒരുപക്ഷെ മന്ത്രിസഭ തകരും. അറേബിയയിലെ സുഗന്ധ ദ്രവ്യങ്ങളാകെ കോരിയൊഴിച്ചാലും ഡല്‍ഹി ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയുടെ ദുര്‍ഗന്ധം മൂടിവെക്കാനാവില്ല. ഈ നാടിനെയും ജനങ്ങളെയും വിറ്റ് ജീവിക്കുകയാണവര്‍. എല്ലാതലത്തിലും അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ കാശുകൊടുത്ത് വോട്ടുവാങ്ങുന്നു-ആ കാശുണ്ടാക്കാന്‍ നാടിനെ വില്‍ക്കുന്നു. ആദര്‍ശവുമില്ല; അഭിമാനവുമില്ല. ഈ അപശകുനങ്ങളെ കഴുത്തിനുപിടിച്ച് രാഷ്ട്രീയത്തിന്റെ നാലതലിരുകളില്‍നിന്ന് പുറത്താക്കാനും ഇവര്‍ക്ക് മാന്യത നല്‍കാന്‍ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും ജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അഴിമതിയുടെ പ്രതിരൂപങ്ങളായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തൊലിയുരിഞ്ഞുകാട്ടുന്ന പ്രചാരണ-പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ നാടാകെ ഉയര്‍ന്നുവരണം.

ദേശാഭിമാനി മുഖപ്രസംഗം 111110

കിനാലൂര്‍ ഫുട്‌വെയര്‍ പാര്‍ക്കിലേക്ക് യന്ത്രങ്ങളെത്തി

ബാലുശേരി: കിനാലൂര്‍ വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ ആരംഭിച്ച ഫുട്‌വെയര്‍ പാര്‍ക്കിലേക്ക് ആധുനിക യന്ത്രസാമഗ്രികള്‍ എത്തിത്തുടങ്ങി. ഒരുകോടിയോളം രൂപ വിലവരുന്ന ഇവ തായ്‌വാനില്‍നിന്നാണ് എത്തിച്ചിരിക്കുന്നത്. ഡിമസ്കോ ഫുട്‌വെയര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയുള്ള റോട്ടറി പി വി സി ഇന്‍ജക്ഷന്‍ സോളിങ് മെഷീനാണ് ഇവ. കൊച്ചിയില്‍നിന്ന് 40 ഫീറ്റ് കണ്ടെയ്നര്‍ ലോറിയിലാണ് കിനാലൂരിലേക്ക് ഇവയെത്തിച്ചത്. ഫുട്‌വെയര്‍ പാര്‍ക്കില്‍ ഷൂ നിര്‍മാണത്തിനെത്തിച്ച ആദ്യത്തെ മെഷീനാണിത്.

വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് കിനാലൂരില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഫുട്‌വെയര്‍ പാര്‍ക്ക് തുടങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലാണ് കിനാലൂരിന്റെ വളര്‍ച്ചക്ക് നിദാനമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി 50 സ്ത്രീകള്‍ ഇവിടെനിന്ന് ചെരിപ്പ് നിര്‍മാണത്തില്‍ പരിശീലനവും പൂര്‍ത്തിയാക്കി. ജില്ലാ ദാരിദ്ര്യനിര്‍മാര്‍ജന യൂണിറ്റിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെ നിലവിലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തി ഫുട്‌വെയര്‍ പാര്‍ക്കില്‍ നിരവധിപേര്‍ക്ക് തൊഴില്‍നല്‍കാന്‍ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

deshabhimani 111110

എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിന്റേത് കണ്ണില്‍ പൊടിയിടല്‍

എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം നിരോധിക്കണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ടം മുതല്‍ വിപരീത സമീപനമാണ് കൈക്കൊണ്ടു വരുന്നത്. ആ നിലപാടില്‍ നിന്ന് കേന്ദ്രം ഇനിയും പിന്നോട്ടില്ലെന്ന സന്ദേശമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരുന്നത് പുനപ്പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച ആറംഗ വിദഗ്ധ സമിതിയിലൂടെ നല്‍കുന്നത്.

കൃഷിശാസ്ത്ര ഗവേഷണ ബ്യൂറോയുടെയും കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും മേധാവി ഡോ സി ഡി മായി അധ്യക്ഷനായുള്ള വിദഗ്ധ സമിതിയില്‍ ഡോ പി എസ് ചന്ദുര്‍ക്കര്‍, ഡോ വൈ ടി ഗജ്ബിയെ, ഡോ വൈ പി ഗുപ്ത, ഡോ പി കെ നാഗ്, ഡോ ആര്‍ എം ശുക്ല എന്നിവര്‍ അംഗങ്ങളാണ്.

എന്‍ഡോസള്‍ഫാന്‍ വിതയ്ക്കുന്ന ദുരന്തത്തിന്റെ ഭീകരത കേരളത്തിലെ കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും രാജ്യം കണ്ടറിഞ്ഞതാണ്. പാലക്കാട്, ഇടുക്കി ജില്ലകളിലും എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന മാരകരോഗങ്ങളുടെ ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു. പക്ഷേ അതുകാണാന്‍ കേന്ദ്രഭരണാധികാരികള്‍ക്കു മാത്രം കണ്ണില്ല.

എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം ശക്തിപ്പെട്ടപ്പോള്‍ വിദഗ്ധസമിതിയെ നിയോഗിച്ച് വീണ്ടും പഠിക്കുന്ന പ്രഹസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. സമിതിയുടെ അധ്യക്ഷനായ ഡോ സിഡിമായിയുടെ തന്നെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാനെ കുറിച്ച് പഠിച്ച സമിതി എന്‍ഡോസള്‍ഫാന്‍ മനുഷ്യര്‍ക്ക് ഹാനികരമായതൊന്നും സമ്മാനിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് എഴുതി ല്‍കിയിരുന്നു. അദ്ദേഹത്തെ തന്നെ വീണ്ടും വിദഗ്ധ സമിതിയുടെ തലവനാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാനെതിരായി പൊരുതുന്നവരെയും അതിന്റെ ബലിയാടുകളായവരെയും അപഹസിക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച ദുരന്തഭീകരതകള്‍ അറിയാമായിരുന്നിട്ടും കേന്ദ്ര കൃഷിസഹമന്ത്രി കെ വി തോമസ് കാസര്‍കോടുവെച്ചുതന്നെ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചു. എന്‍ഡോസള്‍ഫാന്‍ മനുഷ്യര്‍ക്ക് ഹാനികരമല്ലെന്നും കാര്‍ഷിക വിളകള്‍ക്ക് ഉത്തമമാണെന്നുമാണ് തോമസ് അഭിപ്രായപ്പെട്ടത്. കേന്ദ്രകൃഷി മന്ത്രി ശരത്പവാറും ഇതേ നിലപാടുകാരനാണ്. എന്നാല്‍ അന്താരാഷ്ട്ര വേദികളില്‍ എന്‍ഡോസള്‍ഫാനെ നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ത്യ മാത്രമാണ് എന്‍ഡോസള്‍ഫാന് പിന്തുണയുമായി രംഗത്തുള്ളത്.

മാരകരോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും വളര്‍ച്ചയില്ലാത്ത കുട്ടികള്‍ സൃഷ്ടിക്കപ്പെട്ടിട്ടും പ്രായമേറിയാലും നിലത്തിഴയുന്ന മനുഷ്യര്‍ ഉണ്ടായിട്ടും കേന്ദ്രഭരണാധികാരികള്‍ എന്‍ഡോസള്‍ഫാനു വേണ്ടി നിലകൊള്ളുന്നത് ജനാധിപത്യ വിരുദ്ധവും മനുഷ്യത്വമില്ലായ്മയുമാണ്. അമേരിക്കയുള്‍പ്പെടെ അറുപതിലേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മാരകവിഷമാണെന്ന് തിരിച്ചറിഞ്ഞ് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ ഭരണാധികാരികള്‍ മാത്രം എന്‍ഡോസള്‍ഫാനെ പ്രകീര്‍ത്തിക്കുന്നത് കീടനാശിനി കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തം.
ഇപ്പോള്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന വിദഗ്ധസമിതിയിലും പ്രത്യാശവയ്‌ക്കേണ്ടതില്ല. എന്‍ഡോസള്‍ഫാന് സമ്മതി പത്രം നല്‍കിയ ആള്‍ തന്നെ വീണ്ടും വിദഗ്ധ സമിതിയെ നയിക്കുമ്പോള്‍ മറിച്ചൊന്ന് ചിന്തിക്കാന്‍ തരമില്ല. എന്‍ഡോസള്‍ഫാന്‍ മാരകവിഷമാണെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥനെ പോലുള്ളവരുടെ വാക്കുകളെയും കേന്ദ്രഭരണാധികാരികളും കീടനാശിനി കമ്പനിയുടെ കുഴലൂത്തുകാരും പരിഗണിക്കുന്നില്ല.

ജനയുഗം മുഖപ്രസംഗം 111110