Friday, November 12, 2010

രക്തസാക്ഷികള്‍ മരിക്കുന്നില്ല

കൂത്തുപറമ്പ് കേവലമൊരു സ്ഥലനാമമല്ല. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവമ്പര്‍ 25ന് നടന്ന പോരാട്ടത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കിരാതമായ പൊലീസ് വെടിവെപ്പില്‍ അഞ്ച് യുവധീരന്മാരുടെ രക്തം വീണ പോരാട്ട ഭൂമികൂടിയാണ്. വെടിവെപ്പില്‍ കെ കെ രാജീവന്‍, ഷിബുലാല്‍, ബാബു, മധു, റോഷന്‍ എന്നീ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ടത്. പുഷ്പന്‍ ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷിയായി ചികിത്സയില്‍ കഴിയുന്നു. പതിനാറ് വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും കൂത്തുപറമ്പ് വെടിവെപ്പ് രേഖാചിത്രം പോലെ മായ്ക്കാന്‍ കഴിയാത്തവിധം മനസ്സില്‍ പതിഞ്ഞിരിക്കുന്നു. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയായിരുന്ന ശ്രീ കെ പത്മനാഭന്‍ നായരെ ഏകാംഗ കമീഷനായി യുഡിഎഫ് സര്‍ക്കാര്‍ 1995 ജനുവരി 20നാണ് നിയോഗിച്ചത്. കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് 1997 മെയ് 27ന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു.

    "ചുരുക്കത്തില്‍ സാക്ഷി തെളിവുകളില്‍നിന്ന് വ്യക്തമാവുന്ന സംഭവ പരമ്പരകളുടെയും വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ 25.11.1994ന് കൂത്തുപറമ്പില്‍ നടന്ന പൊലീസ് വെടിവെപ്പ് ഒഴിവാക്കാവുന്നതും അനാവശ്യവും ന്യായീകരിക്കാനാവാത്തതുമാണ് എന്ന നിസ്തര്‍ക്കമായ നിഗമനത്തിലേക്ക് നയിക്കുന്നു.''

    യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച കമീഷന്റെ അന്വേഷണ വിഷയവും അന്നത്തെ സര്‍ക്കാര്‍തന്നെയാണ് തീരുമാനിച്ചിരുന്നത്. നാല് കാര്യങ്ങളാണ് അന്വേഷണ പരിധിയിലുണ്ടായിരുന്നത്. ഇതില്‍ വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന കാര്യമാണ് ഏറ്റവും പ്രധാനം. അതില്‍ കമീഷന്റെ വിലയിരുത്തല്‍ വളരെയേറെ പ്രസക്തമാണ്. പിന്നീട് ഹൈക്കോടതി ജഡ്ജിയായി അനുഭവസമ്പത്തും മികവും തെളിയിച്ച ജസ്റ്റിസ് പത്മനാഭന്‍ നായര്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധം വെടിവെപ്പിന്റെ മൂല കാരണം വ്യക്തമാക്കുന്നു. "കൂത്തുപറമ്പ് സന്ദര്‍ശിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ച് കൂത്തുപറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബേങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്നുള്ള മുന്‍ സഹകരണ വകുപ്പ് മന്ത്രി ശ്രീ എം വി രാഘവന്റെ വീട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അവിടെയുണ്ടായ വെടിവെപ്പിന്റെ മൂല കാരണം. സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ച് കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന ശ്രീ അബ്ദുള്‍ ഹക്കീം ബത്തേരിയുടെ നേതൃത്വത്തില്‍ നടന്ന, ഒഴിവാക്കാമായിരുന്ന ലാത്തിച്ചാര്‍ജാണ് വെടിവെപ്പിലേക്ക് വഴിവെച്ചത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കലക്ടരുമായിരുന്ന ശ്രീ ടി ടി ആന്റണിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ നേരിട്ട വീഴ്ചയും വെടിവെപ്പിലവസാനിക്കുകയും വെടിവെപ്പില്‍ അഞ്ചൂപേര്‍ മരണമടയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു''.

    കൂത്തുപറമ്പ് വെടിവെപ്പിനും നരനായാട്ടിനും പൂര്‍ണ ഉത്തരവാദിത്തം എം വി രാഘവനും സില്‍ബന്ധികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു. 1991-96 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു വിദ്യാഭ്യാസക്കച്ചവടം വ്യാപകമായത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ സൌകര്യം വര്‍ധിപ്പിക്കണമെന്ന പൊതു സാമൂഹ്യ ആവശ്യത്തെയാണ് കച്ചവടക്കണ്ണോടെ ചില വിദ്യാഭ്യാസ ഏജന്‍സികള്‍ ചൂഷണം ചെയ്തത്. ഉന്നത വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന മലയാളികള്‍ക്ക് ഇവിടെത്തന്നെ സൌകര്യം ഒരുക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യ താല്‍പര്യം തിരെ പരിഗണിച്ചില്ല. യാതൊരു നിയന്ത്രണവും കൊണ്ടുവന്നില്ല. വിദ്യാര്‍ഥി പ്രവേശനത്തിനും ഫീസിനും യാതൊരു മാനദണ്ഡവും ഏര്‍പ്പെടുത്തിയില്ല. 2001-2006ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരും ഇതേ നയം നടപ്പാക്കി. 106 പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്‍ഒസി നല്‍കുമ്പോള്‍ മാനേജ്മെന്റുകളുമായി യാതൊരു കരാറുമുണ്ടാക്കിയില്ല. മാനദണ്ഡമുണ്ടാക്കിയില്ല. അതാണ് പിന്നീടുള്ള കോടതിവിധികള്‍ പലതും മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി മാറാന്‍ പോലും ഇടയാക്കിയത്. ഈ വലതുപക്ഷ സമീപനത്തിന്റെ ദുരന്തമായിരുന്നു വിദ്യാഭ്യാസക്കച്ചവടം. പാവപ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലാദ്യമായി നേടിയ ജില്ലയായി കണ്ണൂര്‍ ജില്ല മാറിയ പുതിയ പരിതസ്ഥിതിയില്‍ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ക്ക് അടിസ്ഥാന കാരണമെന്തെന്ന് പരിശോധിക്കുന്നതു നന്നായിരിക്കും. സര്‍വധനാല്‍ പ്രധാനമായ വിദ്യ ഒരു ചരക്കല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നുമുള്ള ഇടതുപക്ഷ സമീപനമാണ് ഈ നേട്ടങ്ങള്‍ക്ക് നിദാനം. 1957ലെ വിദ്യാഭ്യാസ നിയമം മുതല്‍ നിരവധി പുരോഗമന നടപടികള്‍ കമ്യൂണിസ്റ്റ് പുരോഗമന സര്‍ക്കാരുകള്‍ സ്വീകരിച്ചു. കേരളത്തില്‍ സെക്കന്‍ഡറിതലംവരെ വിദ്യാഭ്യാസം സൌജന്യമാണ്. ഭരണഘടനയിലെ മാര്‍ഗ നിര്‍ദേശകതത്വമാണ് നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം എന്നത്. ഭരണഘടന നിലവില്‍വന്ന് ഒരു ദശകത്തിനകം 14 വയസ്സ്വരെയുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യ നല്‍കുമെന്ന ലക്ഷ്യംപോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 6 ദശകത്തിനുശേഷമാണ് 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമം പാര്‍ലമെന്റ് കൊണ്ടുവരുന്നത്. അതാവട്ടെ വിദ്യാഭ്യാസ പുരോഗതി കൈവരിച്ച കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് ദോഷകരവുമാണ്. നമ്മുടെ പുരോഗതിയാണ് നമുക്ക് വിനയായിത്തീരുന്നത്.

    ഉന്നത വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് മെരിറ്റും സാമൂഹ്യ നീതിയും നടപ്പാക്കണമെന്ന കാഴ്ചപ്പാടോടെയാണ് കേരള നിയമസഭ ഐകകണ്ഠ്യേന ഒരു നിയമം കൊണ്ടുവന്നത്. ദൌര്‍ഭാഗ്യവശാല്‍ കോടതി പ്രസ്തുത നിയമത്തിലെ പ്രധാന വകുപ്പുകള്‍ റദ്ദാക്കി. വരേണ്യവര്‍ഗ താല്‍പര്യമാണ് വിദ്യാഭ്യാസ മേഖലയിലിപ്പോള്‍ സംരക്ഷിക്കപ്പെടുന്നത്. അതിനു സഹായകരമായ വിധത്തില്‍ ചില കോടതി വിധികളുമുണ്ടായി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രവേശനവും ഫീസും വ്യക്തമായ മാനദണ്ഡത്തോടെ നടപ്പാക്കാനുള്ള ഇഛാശക്തിയോടെ മുന്നോട്ടുപോയി. അതിന്റെ ഫലമായി മഹാ ഭൂരിപക്ഷം മാനേജ്മെന്റുകളുമായി കരാറുണ്ടാക്കാന്‍ കഴിഞ്ഞു. നിയമക്കുരുക്കുകള്‍ പലതുമുണ്ടായെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ഒടുവില്‍ അംഗീകരിക്കപ്പെട്ടു. സര്‍വതന്ത്ര സ്വതന്ത്രമായി സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ കയറൂരി വിട്ട യുഡിഎഫ് സര്‍ക്കാരാണ് വിദ്യാഭ്യാസക്കച്ചവടത്തിന് കേരളത്തില്‍ സൌകര്യമൊരുക്കിയതെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. ഈ നയത്തിന്റെ അനുഭവമായിരുന്നു 1991ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലം. അതുകൊണ്ടുതന്നെ ഡിവൈഎഫ്ഐ 94ല്‍ നടത്തിയത് ഒരു ജനകീയ സമരമായിരുന്നു. ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പാവപ്പെട്ടവന് വേണ്ടിയുള്ള സമരം. വിദ്യാഭ്യാസ മേഖലയിലെ വര്‍ഗ സമരമെന്നു അതിനെ വിശേഷിപ്പിക്കാം.

    വിദ്യാഭ്യാസക്കച്ചവടവും അഴിമതിയും സാര്‍വത്രികമായപ്പോള്‍ വിദ്യാര്‍ഥികളും യുവജനങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങി. അതിനെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഭൂമിയും സഹകരണ മേഖലയിലെ പണവും ഉപയോഗിച്ച് ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജാവട്ടെ സ്വകാര്യ സ്വാശ്രയ സ്ഥാപനത്തേക്കാള്‍ വലിയ ചൂതാട്ട കേന്ദ്രമാക്കി എം വി രാഘവന്‍ മാറ്റി. സുപ്രീം കോടതി വിലക്കിയ തലവരിപ്പണംപോലും പരിയാരത്ത് വാങ്ങുന്ന സ്ഥിതിയുണ്ടായി. സഹകരണ മേഖലയിലെ ഒരു മെഡിക്കല്‍ കോളേജായിരിക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തന്നെ നയപ്രഖ്യാപനത്തിലെയും ബഡ്ജറ്റ് പ്രസംഗത്തിലെയും വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി. അതുകൊണ്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഒരു പ്രതിഷേധ പ്രകടനം നടത്തിയത്. അതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റതില്‍ ഒരാളായ എ പി അബ്ദുള്ളക്കുട്ടിയുടെ ഉടുമുണ്ടഴിച്ച് നഗ്നനാക്കി പൊലീസ് ക്യാമ്പസിലൂടെ നടത്തിച്ചു. ഈ രംഗം കണ്ട് ആസ്വദിക്കുന്ന എം വി രാഘവന്റെ ചിത്രം പത്രങ്ങളില്‍ വന്നു. അവസരവാദ രാഷ്ട്രീയക്കാരനായ അബ്ദുള്ളക്കുട്ടി, തന്നെ മര്‍ദിക്കാന്‍ നേതൃത്വം കൊടുത്തവരുടെ കൂടാരത്തില്‍ എത്തിച്ചേര്‍ന്നതില്‍ 'അഭിമാനം' കൊള്ളുന്നതായി ഈയിടെ പറയുകയുണ്ടായി. സമരപോരാളികളായ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും കിരാതമായ മര്‍ദ്ദനമുറകള്‍ മറക്കാന്‍ കഴിയുന്നില്ല. സ്ഥാനമാനങ്ങള്‍ നേടാനായിരുന്നില്ല ഇവര്‍ വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ സമരത്തില്‍ പങ്കെടുത്തത്. നാടിനും ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു.

    സഹകരണ മേഖലയിലെ അഴിമതിയും വ്യാപകമായിരുന്നു. കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്കിലെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടന്ന അഴിമതിക്കെതിരായി ഡിവൈഎഫ്ഐ നിയമ പോരാട്ടമടക്കം നടത്തിയതാണ്. ഈ വിഷയങ്ങള്‍ സ്വകാര്യമായ ഒന്നായിരുന്നില്ല. അതുകൊണ്ട്തന്നെ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം 1994 ഒക്ടോബര്‍ 23ന് ചേര്‍ന്നപ്പോള്‍ മന്ത്രിയായിരുന്ന എം വി രാഘവന്‍ പങ്കെടുക്കുന്ന കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബേങ്ക് സായാഹ്നശാഖയുടെ ഉദ്ഘാടന പരിപാടി നടക്കുന്ന സ്ഥലത്ത് കറുത്ത തുണി വീശി പ്രതിഷേധ പ്രകടനം നടത്തണമെന്ന് തീരുമാനിക്കുകയും ഇത്തരമൊരു പരിപാടിയുണ്ടെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു. രണ്ടായിരത്തോളം ചെറുപ്പക്കാര്‍ കൂത്തുപറമ്പ് ട്രാഫിക് ഐലന്റിന് സമീപത്ത് എത്തിച്ചേര്‍ന്നു. മന്ത്രി വരാന്‍ ഒന്നര മണിക്കൂര്‍ വൈകി. അതിനിടയില്‍ യാതൊരു സംഘര്‍ഷവുമുണ്ടായില്ല. 400 ലേറെ പൊലീസുകാര്‍ അന്നത്തെ എ എസ് പി രവത ചന്ദ്രശേഖറിന്റെയും കൂത്തുപറമ്പ് സിഐയായിരുന്ന രാധാകൃഷ്ണന്‍നായരുടെയും നേതൃത്വത്തില്‍ അവിടെ നിലയുറപ്പിച്ചിരുന്നു.

    വാഹന ഗതാഗതത്തിന് യാതൊരു തടസ്സവുമുണ്ടാക്കിയില്ല. ഒരു ഘട്ടത്തില്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിന്നിരുന്ന ജനങ്ങളെ റോഡിന്റെ ഇടതുവശത്തേക്ക് മാറ്റണമെന്ന് എ എസ് പി ആവശ്യപ്പെട്ടപ്പോള്‍ അതനുസരിക്കുകയായിരുന്നു പ്രതിഷേധക്കാര്‍ എന്ന് അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുകയുണ്ടായി. യുവജനങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമുണ്ടായിരുന്നില്ല.

    അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പരിശോധിച്ചാല്‍ ആരാണ് വെടിവെപ്പിലേക്ക് സാഹചര്യങ്ങള്‍ എത്തിച്ചെന്നത് വ്യക്തമാകും. "പ്രകടനക്കാര്‍ക്ക് നേരെ ന്യായവും മതിയായതുമായ കാരണങ്ങളില്ലാതെ ഡിവൈഎസ്പി ഹക്കിം ബത്തേരിയുടെ നിര്‍ദ്ദേശാനുസരണവും നേതൃത്വത്തിലുമുണ്ടായ പൊടുന്നനെയുള്ള ലാത്തിച്ചാര്‍ജാണ് അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധി മറ്റാളുകള്‍ക്ക് പരിക്ക് ഉണ്ടാക്കുകയും ചെയ്ത പൊലീസ് വെടിവെപ്പില്‍ കലാശിച്ച കൂടുതല്‍ സംഭവങ്ങള്‍ക്ക് തിരികൊളുത്തിയതെന്ന് കാണാവുന്നതാണ്.'' കമ്മീഷന്‍ ഇത്തരമൊരു നിഗമനത്തിലെത്തുന്നതാവട്ടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണുതാനും. അക്കാര്യവും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നുതന്നെ ഉദ്ധരിക്കാം. "എന്റെ മുമ്പിലുള്ള തെളിവുകളുടെ വെളിച്ചത്തില്‍ ഡിവൈഎസ്പി ഹക്കിം ബത്തേരിയും സംഘവും അഴിച്ചുവിട്ട പൊടുന്നനെയുള്ള ലാത്തിച്ചാര്‍ജാണ് അവിടത്തെ സംഭവങ്ങള്‍ തിരിയാനുള്ള മൂലകാരണമെന്ന് കാണാവുന്നതാണ്.''

    മന്ത്രിക്കോ അകമ്പടി വാഹനങ്ങളിലെ പൊലീസുകാര്‍ക്കോ വാഹനങ്ങള്‍ക്കോ യാതൊരു പോറലുമേറ്റിരുന്നില്ല. രണ്ടായിരത്തിലേറെ പേര്‍ അണിനിരന്ന ഒരുസ്ഥലത്ത് കുഴപ്പമുണ്ടാക്കാന്‍ യുവജനങ്ങള്‍ തയ്യാറായാല്‍ എന്തെല്ലാം അനിഷ്ടസംഭവങ്ങള്‍ കൂത്തുപറമ്പില്‍ ഉണ്ടാകുമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെയൊന്നും സംഭവിച്ചില്ലെന്നത് തന്നെയാണ് പ്രതിഷേധ പ്രകടനം നടത്തി പിരിഞ്ഞുപോകാന്‍ വന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കുന്നത്. കമ്മീഷന്‍ തന്നെ ഇക്കാര്യം പറയുന്നത് നോക്കുക.

    "ഏതാണ്ട് 3000 പേരടങ്ങുന്ന ജനക്കൂട്ടം, അതും 10- 20 അടി അകലത്തില്‍ മാത്രം നിന്നുകൊണ്ട്,കല്ലും സ്ഫോടക വസ്തുക്കളും എറിഞ്ഞിട്ടും മന്ത്രിക്കോ അദ്ദേഹത്തിന്റെ വാഹനത്തിനോ ഒരു പോറല്‍ പോലും ഏറ്റില്ലെന്നു പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.''

    കണ്ണൂരിലെ മാധ്യമ പ്രതിനിധികള്‍ മുഴുവന്‍ കൂത്തുപറമ്പിലെത്തിയിരുന്നു. മന്ത്രി എത്തിച്ചേര്‍ന്ന ടൌണ്‍ ഹാളിനു മുമ്പില്‍ എസ് ടി ഡി ബൂത്തിനകത്ത് മണിക്കൂറുകളോളം തുറുങ്കിലടക്കപ്പെട്ട രീതിയില്‍ കഴിയേണ്ടിവന്ന മാധ്യമപ്രവര്‍ത്തകര്‍ എടുത്ത നിരവധി ഫോട്ടോകള്‍ നീതിരഹിതമായ പൊലീസതിക്രമങ്ങളുടെ സാക്ഷ്യപത്രമാണ്. വെടിവെച്ച് മുന്നോട്ട് നീങ്ങുന്ന പൊലീസുകാരുടെ ചിത്രത്തോടൊപ്പം മന്ത്രിക്കെതിരെയോ പൊലീസിനെതിരെയോ ഡിവൈഎഫ്ഐ വളണ്ടിയര്‍മാര്‍ അക്രമം നടത്തുന്ന യാതൊരു ചിത്രവുമുണ്ടായിരുന്നില്ല. രക്തസാക്ഷി റോഷന്റെ പോസ്റ്റുമോര്‍ട്ടത്തിന് മുമ്പ് നടത്തിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സബ്കലക്ടര്‍ രേഖപ്പെടുത്തിയ മഹസ്സര്‍ വസ്തുതകളുടെ കൂട്ടത്തില്‍ രക്തക്കറയുള്ള കറുത്ത തൂവാലയുണ്ടായിരുന്നു. കറുത്ത തുണിയുമായി പ്രതിഷേധിക്കാന്‍ മാത്രം എത്തിയ നിരായുധരായ പ്രകടനക്കാര്‍ക്ക് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തിയതും മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു. മന്ത്രിയായിരുന്ന എം വി രാഘവന്‍ തന്റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസുദ്യോഗസ്ഥരും ഡപ്യൂട്ടി കലക്ടറുമായി നടത്തിയ ഗൂഢാലോചനയുടെ ഉല്പന്നമാണ് കൂത്തുപറമ്പ് വെടിവെപ്പ്. ഐ എ എസ് കാരിയായ തലശ്ശേരിയിലെ സബ്കലക്ടറെ കൂത്തുപറമ്പില്‍ കൊണ്ടുപോകാതെ കേവലമൊരു ഡപ്യൂട്ടി കലക്ടറെ എത്തിച്ചതും ഈ ഗൂഢാലോചന തന്നെയാണ്.

    ഇത്തരം അനിഷേധ്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ കുത്തുപറമ്പ് വെടിവെയ്പിന് മുഖ്യ ഉത്തരവാദി എം വി രാഘവനാണ് എന്ന് വ്യക്തം. കൂട്ടുത്തരവാദികള്‍ ഹക്കീം ബത്തേരിയും പി ടി ആന്റണിയുമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. കൊലപാതകം അടക്കമുള്ള സെഷന്‍സ് കേസുകള്‍ കൈകാര്യം ചെയ്യുന്ന ഒരു ജഡ്ജിയുടെ കണ്ടെത്തല്‍ കേവലമൊരു അന്വേഷണ വിഷയത്തിനുള്ള മറുപടിയല്ല. കുറ്റവാളികള്‍ക്ക് നേരെയുള്ള കുറ്റപത്രവായനതന്നെയാണ്. നിയമക്കോടതിയുടെ മുമ്പാകെയും ജനകീയക്കോടതിയുടെ മുമ്പാകെയും കൂത്തുപറമ്പില്‍ അഞ്ച് യുവധീരരുടെ കൊലപാതകത്തിന് ഉത്തരം പറയേണ്ട പ്രധാന ത്രിമൂര്‍ത്തികള്‍ ഇക്കൂട്ടര്‍ തന്നെ ആയിരുന്നുവെന്നത് കേരളീയ സമൂഹത്തിന് നിസ്തര്‍ക്കമായ കാര്യമാണ്.

    "കൂത്തുപറമ്പില്‍ താന്‍ വന്നാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ച് രാഘവന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരാജയം സമ്മതിക്കാന്‍ അദ്ദേഹം തയാറില്ലായിരുന്നു. കൂട്ടം പിരിഞ്ഞ ഭിന്നാഭിപ്രായക്കാരന്റെ ശൈലിയില്‍ തന്റെ ഔന്നത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇത്തരം ചടങ്ങുകള്‍ രാഷ്ട്രീയക്കാരന്റെ സ്വകാര്യ നേട്ടത്തിനുള്ള പൊതുമുതലിന്റെ ദുര്‍വിനിയോഗമല്ലാതെ മറ്റൊന്നല്ല എന്ന കാര്യത്തില്‍ എനിക്ക് ലവലേശം സംശയമില്ല. പൊതുമുതല്‍ ചെലവഴിച്ച് വോട്ട് ബേങ്കുകള്‍ സൃഷ്ടിക്കാന്‍ വഴിപിരിഞ്ഞ രാഷ്ട്രീയക്കാരെ അനുവദിക്കണമോ എന്ന് പൊതുജനം ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു''.

    അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അവസാന ഭാഗമാണ് മേല്‍ വിവരിച്ചത്.

    "മിനി ജാലിയന്‍വാലാബാഗ്'' എന്നു വിശേഷിപ്പിക്കാവുന്ന കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദിയായ രാഷ്ട്രീയ നേതാവ് എം വി രാഘവനെ പോലുള്ളവരെ വാനോളം പുകഴ്ത്താനും ക്രൂരമായി മര്‍ദ്ദനത്തിനിരയായ കമ്യൂണിസ്റ്റുകാരെ അഹങ്കാരികളായി ചിത്രീകരിക്കാനുമാണ് നമ്മുടെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പലപ്പോഴും ശ്രമിക്കാറ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനവിധി വിലയിരുത്തിക്കൊണ്ടുള്ള ചിലരുടെ പ്രതികരണവും വ്യത്യസ്തമായിരുന്നില്ല. ജനവിധിയെ മാനിച്ചുകൊണ്ടുതന്നെ ഇടതുപക്ഷ അടിത്തറ തകര്‍ന്നിട്ടില്ലെന്ന യാഥാര്‍ഥ്യം വ്യക്തമാക്കിയപ്പോള്‍ ചില 'പരിഹാസ മാധ്യമ വിചാരണക്കാര്‍'ക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. 2005ല്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് 2010ല്‍. ഡിഐസി ഉള്‍പ്പെടെയുള്ള അഞ്ച് രാഷ്ട്രീയ പാര്‍ടികളും 9% വോട്ടും വലതുപക്ഷത്തായിട്ടും ഇടതുപക്ഷം 2009നേക്കാള്‍ മുന്നേറ്റമുണ്ടാക്കിയെന്നത് രക്തസാക്ഷികളുടെ മണ്ണ് ഇടതുപക്ഷത്തെ കൈയൊഴിഞ്ഞുവെന്നല്ല തെളിയിക്കുന്നത്. ഒഞ്ചിയത്ത് രക്തസാക്ഷി മണ്ടോടി കണ്ണന്റെ ഘാതകരുമായി കൂടിച്ചേര്‍ന്ന് അവസരവാദികള്‍ ചില സീറ്റുകള്‍ നേടിയപ്പോള്‍ രക്തസാക്ഷികളെ തോല്‍പിച്ചുവെന്നാണ് ചിലരുടെ കണ്ടുപിടിത്തം. രക്തസാക്ഷിത്വം ഒരു നാടിനും ജനതക്കും വേണ്ടിയാണ്. അല്ലാതെ നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടിയല്ല. കൂത്തുപറമ്പ് രക്തസാക്ഷികള്‍ നല്‍കുന്ന സന്ദേശമതാണ്. രക്തസാക്ഷികള്‍ ഒരിക്കലും മരിക്കുന്നില്ല. ഇത് കേവലമൊരു കവിവാക്യമല്ല. 1995ല്‍ കല്‍ക്കത്തയിലെ ലോകജനാധിപത്യ ഫെഡറേഷന്‍ സമ്മേളന വേദിയില്‍ വെച്ച് ജ്യോതിബസു കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച കലണ്ടര്‍ പ്രകാശനം ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഈ ലേഖകന് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അത്. ഇതോടെ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ലോക ജനാധിപത്യ യുവജനപ്രസ്ഥാനത്തിന്റെ കൂടി ഭാഗമായി മാറിയിരിക്കുകയാണ്.

എം വി ജയരാജന്‍ ചിന്ത വാരിക 121110

3 comments:

  1. കൂത്തുപറമ്പ് കേവലമൊരു സ്ഥലനാമമല്ല. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവമ്പര്‍ 25ന് നടന്ന പോരാട്ടത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കിരാതമായ പൊലീസ് വെടിവെപ്പില്‍ അഞ്ച് യുവധീരന്മാരുടെ രക്തം വീണ പോരാട്ട ഭൂമികൂടിയാണ്. വെടിവെപ്പില്‍ കെ കെ രാജീവന്‍, ഷിബുലാല്‍, ബാബു, മധു, റോഷന്‍ എന്നീ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ടത്. പുഷ്പന്‍ ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷിയായി ചികിത്സയില്‍ കഴിയുന്നു. പതിനാറ് വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും കൂത്തുപറമ്പ് വെടിവെപ്പ് രേഖാചിത്രം പോലെ മായ്ക്കാന്‍ കഴിയാത്തവിധം മനസ്സില്‍ പതിഞ്ഞിരിക്കുന്നു

    ReplyDelete
  2. ഓരോ ദിനം ചെല്ലുംതോറും രക്തസാക്ഷികള്‍ കുടികൊണ്ടിരിക്കും.രക്തസാക്ഷികള്‍ ഉണ്ടായാലേ പാര്‍ട്ടികള്‍ക്ക് നിലനില്‍പ്പുള്ളൂ.ഇവിടെ നമ്മള്‍ ചിന്തിക്കേണ്ടത് രക്തസാക്ഷിത്തംവാരിക്കുന്നവര്‍ പാവം വെറും പാര്‍ട്ടി അനുഭാവികള്‍.അതും ഒരു നേതാവിന്റെയോ അകന്നകുടുംബത്തില്പോലും പെടില്ല(പൊതുജനം എന്ന കഴുതകള്‍ ഇതൊന്നുമറിയുന്നില്ല)

    ReplyDelete
  3. നമുക്ക് മുന്‍പേ പോയവരുടെ ത്യാഗത്തിന്റെ ഫലമാണ് നാം അനുഭവിക്കുന്നത്. രക്തസാക്ഷികളെ ഉണ്ടാക്കുന്നു എന്നതൊക്കെ എല്ലാ തരം പ്രതിഷേധത്തെയും സമരരൂപങ്ങളെയും ഒഴിവാക്കി തങ്ങളുടെ നയങ്ങള്‍ നിര്‍വിഘ്നം നടന്നുപോകണം എന്നാഗ്രഹിക്കുന്നവരുടെ പ്രചരണം മാത്രമാണ്. അതില്‍ വീഴേണ്ട കാര്യമില്ല താങ്കളെപ്പോലുള്ള സാധാരണക്കാര്‍ക്ക്. പോരാട്ടത്തിനിടയില്‍ ത്യാഗം വരിക്കുന്നവരെയാണ് നാം രക്തസാക്ഷി എന്ന് വിളിക്കുന്നത്.

    ReplyDelete