Saturday, January 1, 2011

രക്തദാനം; ചുമട്ടുതൊഴിലാളി മാതൃകയാകുന്നു

ആരെങ്കിലും രക്തം കൊടുക്കുന്നത് നോക്കി നിന്ന് കൂലിവാങ്ങുന്നു എന്ന് പറയാനും ആളുണ്ടാകും. ലോകത്തിലെ ഏറ്റവും സുഖമുള്ള ജോലിയല്ലേ ചുമട്ടുതൊഴിലാളിയുടേത്. :(

വടക്കാഞ്ചേരി: ഭാരം ചുമക്കുമ്പോഴും രക്തദാനത്തിന് സമയം കണ്ടെത്തി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ചുമട്ടുതൊഴിലാളി മാതൃകയാകുന്നു. ഓട്ടുപാറ വാഴാനി റോഡിലെ സിഐടിയു പ്രവര്‍ത്തകന്‍ എങ്കക്കാട് പൂക്കാട്ടുപറമ്പില്‍ മുഹമ്മദ് (കുഞ്ഞുമോന്‍ - 51)ആണ് സാമൂഹ്യസേവനത്തില്‍ വേറിട്ട വ്യക്തിത്വമാകുന്നത്. 18-ാം വയസ്സില്‍ തുടങ്ങിയ രക്തദാനംവഴി ആയിരങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്റെ സംതൃപ്തിയിലാണ് ഈ ചുമട്ടുതൊഴിലാളി. കുടുംബം പുലര്‍ത്താന്‍ ഭാരം ചുമക്കുമ്പോഴും അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാന്‍ മുഹമ്മദ് മുന്നിലെത്തും.

32 വര്‍ഷം മുമ്പ് ഓട്ടുപാറയില്‍ നടന്ന അപകടമാണ് രക്തദാനസേവകനാക്കിയതെന്ന് മുഹമ്മദ് പറഞ്ഞു. അന്ന് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തൃശൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം കിട്ടാതെ വലഞ്ഞു. ആ സമയം തന്റെ രക്തം എത്രവേണമെങ്കിലും എടുക്കാന്‍ മുഹമ്മദ് തയ്യാറായി. നാനൂറോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താല്‍ ഇതുവരെ 14000 പേര്‍ക്ക് രക്തം നല്‍കി. തന്റെ രക്തം 37 തവണ നല്‍കിയതായും മുഹമ്മദ് പറഞ്ഞു. മുഹമ്മദിന്റെ കാരുണ്യപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി നിരവധി സംഘടനകള്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. സിഐടിയു ചുമട്ടുതൊഴിലാളി യൂണിയന്‍ ജോയിന്റ് കണ്‍വീനറായ മുഹമ്മദ് പൊതുപ്രവര്‍ത്തനങ്ങളിലും സജീവമാണ്. ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ ജോയിന്റ് സെക്രട്ടറിയുമാണ്. ഭാര്യ: സുലേഖ. മക്കള്‍: ഫൈസല്‍, ഫാസില്‍.

ദേശാഭിമാനി ജില്ലാ വാര്‍ത്ത തൃശൂര്‍

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: മനുഷ്യാവകാശ കമീഷന്‍

എന്‍ഡോസള്‍ഫാന്റെ ഉപയോഗം ദേശീയതലത്തില്‍ നിരോധിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതിന് ആവശ്യമായ ഭരണപരവും നിയമപരവുമായ നടപടി ഉടന്‍ സ്വീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം മരിച്ചവരുടെ കുടുംബങ്ങള്‍, പൂര്‍ണമായുംരോഗശയ്യയില്‍ കഴിയുന്നവര്‍, പരസഹായം കൂടാതെ നീങ്ങാനാകാത്തവര്‍, മാനസികമായി തകര്‍ന്നവര്‍ എന്നിവര്‍ക്ക് അഞ്ചുലക്ഷം രൂപവീതവും മറ്റ് വൈകല്യം ബാധിച്ചവര്‍ക്ക് മൂന്നുലക്ഷം രൂപവീതവും നഷ്ടപരിഹാരം നല്‍കാനും കമീഷന്‍ ശുപാര്‍ശ ചെയ്തു. നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതിന് ആവശ്യമായ സാമ്പത്തികസഹായം സംസ്ഥാനത്തിന് നല്‍കണം. കമീഷന്‍ അധ്യക്ഷന്‍ ജസ്റിസ് കെ ജി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന കമീഷന്‍ യോഗമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും ഇരകള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ ചെയ്തത്.

ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണസമിതിക്കുകീഴിലുള്ള നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് 2002ല്‍ നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ശുപാര്‍ശ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറുപടി അറിയിക്കാന്‍ എട്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബുദ്ധിമുട്ട് അറിയിച്ചാല്‍ കമീഷന്‍ വീണ്ടും യോഗം ചേര്‍ന്ന് ഭാവിനടപടി തീരുമാനിക്കുമെന്ന് കമീഷന്‍ സെക്രട്ടറി കെ എസ് മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരിനും വ്യത്യസ്ത നിര്‍ദേശങ്ങളാണ് കമീഷന്‍ നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് ഭരണ-നിയമ നടപടികള്‍ സ്വീകരിക്കുക. എന്‍ഡോസള്‍ഫാന്‍ ഉപയോഗം, പ്രത്യേകിച്ച് ആകാശത്തുനിന്നുള്ള തളിക്കല്‍ നടത്തിയ പ്രദേശങ്ങളില്‍ സര്‍വേ നടത്തി പുനരധിവാസ- ദുരിതാശ്വാസ നടപടികളുടെ സാധ്യതകള്‍ ആരായുക. ദീര്‍ഘകാല പുനരധിവാസ- ദുരിതാശ്വാസ പദ്ധതികള്‍ക്ക് കേരളസര്‍ക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുക. സ്റോക്ക്ഹോം കണ്‍വന്‍ഷന്‍ കക്ഷികളുടെ 2011 ഏപ്രിലിലെ യോഗത്തില്‍ എന്‍ഡോസള്‍ഫാനെ നിരോധിത രാസവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുക. കാസര്‍കോട് ജില്ലയില്‍ കേന്ദ്രത്തിന്റെ സാമ്പത്തികസഹായത്തോടെ പാലിയേറ്റീവ് കെയര്‍സെന്റര്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഗുരുതരമായ രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്കും അഞ്ചുലക്ഷം രൂപയും മറ്റ് വൈകല്യം ബാധിച്ചവര്‍ക്ക് മൂന്നുലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുക. ഇതിനായി ഡോക്ടര്‍മാരുടെ സമിതിയെ വയ്ക്കുക. പാലക്കാട് അടക്കം എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം രോഗബാധിതരുള്ള മറ്റ് സ്ഥലങ്ങളിലും സര്‍വേ നടത്തുക. ദുരിതബാധിതര്‍ക്കുള്ള രക്ഷാ- ദുരിതാശ്വാസ നടപടികള്‍ വര്‍ധിപ്പിക്കുക. ദുരന്തബാധിതര്‍ ചികിത്സ തേടുന്ന ആശുപത്രികളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതമായ 11 ഗ്രാമത്തിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായി ഉയര്‍ത്തുക തുടങ്ങിയവയാണ് സംസ്ഥാനസര്‍ക്കാരിന് നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍.
(എം പ്രശാന്ത്)

കേന്ദ്രനിലപാട് മനുഷ്യാവകാശലംഘനം


ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്രനിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തെ ബാധിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന കേന്ദ്രനിലപാടിന് പിന്നിലെ യുക്തി ബോധ്യപ്പെടുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദേശീയതലത്തില്‍ നിരോധിക്കുന്നത് അടക്കമുള്ള ശുപാര്‍ശകളുടെ നടപടി റിപ്പോര്‍ട്ടില്‍ കീടനാശിനി കമ്പനിക്ക് അനുകൂലമായ കേന്ദ്രനിലപാടിനെ രൂക്ഷമായ ഭാഷയിലാണ് കമീഷന്‍ വിമര്‍ശിക്കുന്നത്. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്റെ പ്രയോഗം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്ന മാധ്യമറിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൌസിലിനോട് (ഐസിഎംആര്‍) മനുഷ്യാവകാശ കമീഷന്‍ 2002ല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഐസിഎംആര്‍ നിര്‍ദേശപ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് (എന്‍ഐഒഎച്ച്) നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തിന് കമീഷന്‍ ശുപാര്‍ശ ചെയ്തത്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതിനാല്‍ ഇത് ലംഘിക്കപ്പെടുകയാണ്. കാസര്‍കോട് 2000ല്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിയെങ്കിലും ഭാവി തലമുറയെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കമീഷന്‍ കേന്ദ്രത്തിന്റെ അഭിപ്രായം തേടിയിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്നം സൃഷ്ടിക്കുന്നതായി കരുതുന്നില്ലെന്നായിരുന്നു കൃഷിമന്ത്രാലയത്തിന്റെ മറുപടി. മാത്രമല്ല സ്റ്റോക്ക്ഹോം കവെന്‍ഷനിലെ കക്ഷിയെന്ന നിലയില്‍ നിരോധിക്കേണ്ട രാസവസ്തുക്കളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ എതിര്‍ത്തുവെന്നും കേന്ദ്രം അറിയിച്ചു. ശാസ്ത്രീയ തെളിവില്ലെന്ന് കേന്ദ്രം പറയുമ്പോള്‍ വൈദ്യഗവേഷണ രംഗത്ത് ഉന്നതപാരമ്പര്യമുള്ള എന്‍ഐഒഎച്ചിനെത്തന്നെയാണ് സര്‍ക്കാര്‍ തള്ളിപ്പറയുന്നത്. ഐസിഎംആറിന്റെ കണ്ടെത്തലുകള്‍ അസുഖകരവുമാണ്. കേന്ദ്രനിലപാട് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളില്‍ കമീഷന്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട് മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനങ്ങള്‍ തുടരുന്നതിന് വഴിയൊരുക്കും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് ഭരണ-നിയമ നടപടികള്‍ക്ക് കേന്ദ്രം തയ്യാറാവണം- കമീഷന്‍ ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍: രോഗികളുടെ യാത്രാ സൌകര്യത്തിന് 15 ലക്ഷം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ചികിത്സിക്കായി ആശുപത്രിയിലെത്തിക്കാന്‍ യാത്രാ സൌകര്യമൊരുക്കുന്നതിന് 15 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി കലക്ടടര്‍ ആനന്ദ്സിങ് അറിയിച്ചു. ജില്ലയിലെ ദുരിതബാധിത പഞ്ചായത്തുകള്‍ക്ക് ഇതില്‍ നിന്നും ഒരു ലക്ഷം രൂപ വീതം മുന്‍കൂറായി അനുവദിക്കും. രോഗികള്‍ക്ക് ക്ഷേമപെന്‍ഷനും സൌജന്യ റേഷനും നല്‍കുന്നതിനുളള അന്തിമ ലിസ്റ് ഉടന്‍ തയ്യാറാക്കും. ഐസിഡിഎസ് സൂപ്പര്‍വൈസറും പിഎച്ച്സി ഡോക്ടറും ഉള്‍പെടുന്ന സംഘമാണ് സര്‍വെ നടത്തി തരംതിരിച്ച് ലിസ്റ് തയ്യാറാക്കുക. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കാന്‍ കലക്ടര്‍ സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി 1111

അമേരിക്കയ്ക്ക് വഴങ്ങി; സൈറസ് റിയാക്ടര്‍ അടച്ചിട്ടു

ഇന്ത്യയുടെ ആണവ ഗവേഷണത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ആദ്യത്തെ ഗവേഷണ റിയാക്ടറായ സൈറസ് (കനഡ ഇന്ത്യ റിയാക്ടര്‍ യൂട്ടിലിറ്റി സര്‍വീസ്) അടച്ചിട്ടു. ഇന്ത്യ-അമേരിക്ക സിവില്‍ ആണവക്കരാറിന്റെ ഭാഗമായാണ് ഈ റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യന്‍ ആണവ വികസനത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്ന ഈ റിയാക്ടര്‍ മുംബൈയിലെ ട്രോംബെ ആണവനിലയത്തിലാണുള്ളത്. ഇന്ത്യയുമായി ആണവക്കരാറില്‍ ഒപ്പുവയ്ക്കണമെങ്കില്‍ സൈറസ് റിയാക്ടര്‍ അടച്ചിടണമെന്ന് അമേരിക്ക തുടക്കം മുതല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ആണവനിര്‍വ്യാപന ലോബിയെ നിശബ്ദമാക്കാനും ഈ റിയാക്ടര്‍ അടച്ചിടേണ്ടത് അമേരിക്കയ്ക്ക് അനിവാര്യമായിരുന്നു. ഇന്ത്യ വന്‍ ആണവായുധ ശക്തിയാകുന്നത് തടയുക എന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്.

1974ല്‍ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിനുള്ള പ്ളൂട്ടോണിയം നല്‍കിയത് ഈ റിയാക്ടറായിരുന്നു. കോടികളുടെ അറ്റകുറ്റപ്പണി തീര്‍ത്ത് 2005 ലാണ് വീണ്ടും സൈറസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇനിയും വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ 40 മെഗാവാട്ട് ശേഷിയുള്ള റിയാക്ടര്‍. ആണവ എന്‍ജിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പരിശീലനത്തിനും ഇതുപയോഗിച്ചിരുന്നു. ഇന്ത്യന്‍ എന്‍ജിനിയര്‍മാരെയും ശാസ്ത്രജ്ഞരെയും ലോക നിലവാരമുള്ളവരാക്കി മാറ്റാന്‍ ഏറെ സഹായിച്ചതാണ് സൈറസ് എന്ന് ആണവോര്‍ജ കമീഷന്‍ മുന്‍ചെയര്‍മാന്‍ പി കെ അയ്യങ്കാര്‍ പറഞ്ഞു. 1954ല്‍ കനഡയില്‍നിന്നാണ് ഈ റിയാക്ടര്‍ വാങ്ങിയത്. 1960 ല്‍ ആദ്യമായി പ്ളൂട്ടോണിയം ഉണ്ടാക്കിയ ഈ റിയാക്ടറിന് പ്രതിവര്‍ഷം 10 കിലോഗ്രാംവരെ പ്ളൂട്ടോണിയം നിര്‍മിക്കാന്‍ ശേഷിയുണ്ട്. ഇന്ത്യയില്‍നിന്ന് കുഴിച്ചെടുത്ത യുറേനിയം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സൈറസ് റിയാക്ടര്‍ അടച്ചിട്ടത് അമേരിക്കയ്ക്കു മുമ്പില്‍ ഇന്ത്യയുടെ രാഷ്ട്രീയമായ കീഴടങ്ങലാണെന്ന് പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരന്‍ പറഞ്ഞു. ഇന്ത്യ അണുസ്ഫോടനം നടത്തിയതുമുതല്‍ അമേരിക്ക ഈ റിയാക്ടര്‍ ലക്ഷ്യം വച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 1111

സാങ്കേതിക വിദ്യാഭ്യാസമേഖലയും കോര്‍പറേറ്റുകള്‍ക്ക്

സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ 50 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് കോര്‍പറേറ്റുകളുടെ ലാഭക്കൊയ്ത്ത് ലക്ഷ്യമിട്ട്. രാജ്യത്താകെ രണ്ടു ലക്ഷത്തോളം ബിടെക് സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോഴാണ് എന്‍ജിനിയറിങ് മേഖലയില്‍ രണ്ടു ലക്ഷം സീറ്റുകൂടി അനുവദിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌസില്‍ (എഐസിടിഇ) തീരുമാനിച്ചു. എഐസിടിഇയുട തീരുമാനം മാനവവിഭവശേഷി വികസനമന്ത്രി കപില്‍ സിബലാണ് പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യാഭ്യാസരംഗത്തിന്റെ കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പരിഷ്കാരങ്ങള്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കും. ബിഒടി വ്യവസ്ഥയില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും അനുമതി നല്‍കുന്നു.

ഇതുവരെ ട്രസ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും മാത്രമാണ് സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, 1956ലെ കമ്പനി നിയമത്തിലെ 25-ാം വകുപ്പനുസരിച്ച് രജിസ്റര്‍ചെയ്ത കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഇനി സാങ്കേതിക വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരാം. എഐസിടിഇയുടെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ ഇല്ലാത്ത 241 ജില്ലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലും ബിഒടി വ്യവസ്ഥയിലും കോര്‍പറേറ്റുകള്‍ക്ക് സ്ഥാപനം തുടങ്ങാനുള്ള സൌകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സ്ഥാപനം ആരംഭിക്കാന്‍ ആവശ്യമായ സ്ഥലത്തിന്റെ അളവ് മൂന്നര ഏക്കറില്‍നിന്ന് രണ്ടര ഏക്കറായി കുറച്ചു. പല കോഴ്സിലും സീറ്റുകളുടെ എണ്ണം 40ല്‍ നിന്ന് 60 ആയാണ് വര്‍ധിപ്പിച്ചത്. ഇതോടെ എന്‍ജിനിയറിങ്ങില്‍ രണ്ടു ലക്ഷം, മാനേജ്മെന്റ് കോഴ്സുകളില്‍ 80,000, ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ 20,000 സീറ്റാണ് വര്‍ധിക്കുക.

രാജ്യത്തെ മൂവായിരത്തോളം എന്‍ജിനിയറിങ് കോളേജില്‍ ഈ അധ്യയനവര്‍ഷം രണ്ടു ലക്ഷത്തോളം സീറ്റ് ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഒറീസയില്‍ അമ്പതു ശതമാനം സീറ്റും ഒഴിഞ്ഞുകിടക്കുന്നു. കര്‍ണാടകം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും 30 ശതമാനത്തോളം സീറ്റിലും ആളില്ല. കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം പുതിയ കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതും 'ബിസിനസ് താല്‍പ്പര്യങ്ങള്‍' മുന്‍നിര്‍ത്തിയാണ്. അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ എന്‍ജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. 2005-06ല്‍ 1500 സ്ഥാപനമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 3200 ആയി ഉയര്‍ന്നു. ഇതില്‍ 200 സ്ഥാപനത്തില്‍ എംടെക് കോഴ്സുമുണ്ട്. നിലവിലുള്ള സീറ്റുകളിലേക്കുപോലും വിദ്യാര്‍ഥികളെ കിട്ടാതിരിക്കുമ്പോള്‍ പുതിയ കോളേജുകള്‍ തുടങ്ങാന്‍ കോര്‍പറേറ്റുകള്‍ രംഗത്തെത്തുന്നത് പൊതുവിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 1111

കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വര്‍ഷം

2009 കോണ്‍ഗ്രസിന് വിജയത്തിന്റെ വര്‍ഷമായിരുന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ രണ്ട് പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസിന് സ്വന്തമായി 206 സീറ്റ് ലഭിച്ചു. എന്നാല്‍, ലഭിച്ച വോട്ട് 28.55 ശതമാനം മാത്രം. യുപിഎ സഖ്യത്തിന് 262 സീറ്റും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് കുറവ്. ബിജെപിക്ക് 116 സീറ്റേ ലഭിച്ചുള്ളൂ. ഇടതുപക്ഷത്തിന്റെ അംഗബലം 61ല്‍നിന്ന് 24 ആയി. അന്നത്തെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ പ്രതിപക്ഷത്തുള്ള ചില പാര്‍ടികളും രണ്ടാം യുപിഎ സര്‍ക്കാരിന് നിരുപാധിക പിന്തുണയുമായി വന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനടുത്ത പിന്തുണ. അഞ്ചുവര്‍ഷം ഭരിച്ചതിനുശേഷമുള്ള രണ്ടാംവരവ് കോണ്‍ഗ്രസിന് വര്‍ധിത ആവേശവും ആത്മവിശ്വാസവും നല്‍കി. ഒപ്പം എന്തുംചെയ്യാമെന്ന ധിക്കാരവും.

ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള ധൃതിയാണ് തുടക്കത്തില്‍ത്തന്നെ കണ്ടത്. പ്രതിവര്‍ഷം 40,000 കോടിരൂപ ഓഹരിവിറ്റ് നേട്ടമുണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വിദേശനയത്തിലെ മാറ്റം അറച്ചറച്ചാണ് നടപ്പാക്കിയതെങ്കിലും അമേരിക്കന്‍ വിധേയത്വത്തിന് വേഗം കൂടി. നവലിബറലിസം എന്ന സാമ്രാജ്യത്വസാമ്പത്തികനയം വര്‍ധിത വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനമായി. ഇന്ത്യ-അമേരിക്ക ആണവസഹകരണനയം പ്രാവര്‍ത്തികമാക്കാന്‍ ആണവ ബാധ്യതാബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ഭുരിപക്ഷം ലഭിക്കാന്‍ ബിജെപിയുടെ സഹായം ഉറപ്പുവരുത്തി. അമേരിക്ക ബോധ്യപ്പെടുന്നതെന്തും ചെയ്യാമെന്ന കീഴടങ്ങല്‍ നയം സ്വീകരിച്ചു. ഏറ്റവുമൊടുവില്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതുള്‍പ്പെടെ വേണ്ടെന്ന് തീരുമാനിച്ച് ആ രാജ്യവുമായുള്ള സൌഹൃദംതന്നെ അറുത്തുമുറിച്ചു. നെഹ്റുവിന്റെ കാലത്ത് തുടങ്ങിവച്ച ചേരിചേരാനയം ഉപേക്ഷിച്ച് അമേരിക്കന്‍ ചായ്വ് പരസ്യമായി പ്രകടിപ്പിച്ചു.

സാമ്പത്തികവളര്‍ച്ചയെപ്പറ്റി മേനി നടിക്കുമ്പോള്‍ത്തന്നെ രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകി. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയാണ് കര്‍ഷക ആത്മഹത്യയില്‍ മുന്നില്‍നില്‍ക്കുന്നത്. 2010ലെ ബജറ്റ് സമ്മേളനം അതിജീവിക്കാന്‍ പ്രയാസമാണെന്ന ഘട്ടം വന്നു. വിലക്കയറ്റത്തിനെതിരായ സമരം പാര്‍ലമെന്റിനകത്ത് പ്രതിപക്ഷം ശക്തിപ്പെടുത്തി. വിശ്വാസവോട്ടെടുപ്പിന് യുപിഎ സര്‍ക്കാര്‍ നിര്‍ബദ്ധമായി. സിബിഐ എന്ന അന്വേഷണസംവിധാനത്തെ രാഷ്ട്രീയലക്ഷ്യത്തിനായി ദുരുപയോഗപ്പെടുത്തി ബിഎസ്പിയെ ഒപ്പം നിര്‍ത്തുകയും സമാജ്വാദി പാര്‍ടിയും ആര്‍ജെഡിയും വോട്ടെടുപ്പുസമയത്ത് ഇറങ്ങിപ്പോക്കു നടത്തുകയും ചെയ്തതുകൊണ്ട് മാത്രമാണ് വിശ്വാസവോട്ടെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഏറ്റവും ഒടുവില്‍ യുപിഎ സര്‍ക്കാരിനെതിരെ അഴിമതി ആരോപണത്തിന്റെ കൊടുങ്കാറ്റാണ് ഉയര്‍ന്നത്. ഐപിഎല്‍ അഴിമതിയില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കോണ്‍ഗ്രസ് ഇന്ത്യയെ നാണംകെടുത്തി. മഹാരാഷ്ട്രയില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ധീരജവാന്മാരുടെ ആശ്രിതര്‍ക്ക് വീടുനിര്‍മിച്ചുകൊടുക്കാന്‍ തീരുമാനിച്ച ആദര്‍ശ് സൊസൈറ്റി ഫ്ളാറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക്ചവാന്‍ സ്വന്തക്കാര്‍ക്കാണ് നല്‍കിയത്. രാജ്യത്തിന്റെ അതിര്‍ത്തി കാത്തുസൂക്ഷിക്കുന്ന ജവാന്മാരോട് ഇതിലും വലിയ കടുംകൈ ചെയ്യാനില്ല. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതുകൊണ്ടു മാത്രമാണ് ചവാന്‍ രാജിവച്ചത്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് 2 ജി സ്പെക്ട്രം ലൈസന്‍സ് വില്‍പ്പന. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ കേന്ദ്രഖജനാവിന് ഇതുമൂലം 1.76 ലക്ഷം കോടിരൂപ നഷ്ടംവന്നെന്നാണ് രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരുസഭയിലും സമര്‍പ്പിച്ചതിനുശേഷമാണ് ഈ അഴിമതി എല്ലാ മറയും നീക്കി പുറത്തുവന്നത്. ഈ അഴിമതിയെപ്പറ്റി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് 2007ല്‍ത്തന്നെ അറിവുണ്ടായിരുന്നെന്ന് വ്യക്തമായും തെളിഞ്ഞതാണ്. 2007 നവംബര്‍ രണ്ടിന് പ്രധാനമന്ത്രി തന്റെ സഹമന്ത്രി എ രാജയ്ക്ക് കത്തിലൂടെ വ്യക്തമായ നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം രാജ പുച്ഛത്തോടെ തള്ളി. എന്നിട്ടും രാജയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതേ ധിക്കാരിയും അഴിമതിക്കാരനുമായ രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഡിഎംകെയുടെ 18 എംപിമാരുടെ പിന്തുണയില്ലെങ്കില്‍ പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന ഏക പരിഗണനയിലാണ് രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന നിഗമനം ബലപ്പെടുത്തുന്നതാണ് ഈ സംഭവവികാസങ്ങള്‍.

ജെപിസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ ജെപിസി അന്വേഷണത്തിന് വഴങ്ങാതിരിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്താടുള്ള തികഞ്ഞ അവഹേളനമാണ്. ഈ കാലയളവില്‍ ജനങ്ങളെ ബാധിച്ച മുഖ്യപ്രശ്നം ഭക്ഷ്യവസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരുവിധ നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നടപ്പാക്കണമെന്ന ആവശ്യം ചെവിക്കൊള്ളാന്‍പോലും തയ്യാറായില്ല. ഭക്ഷ്യവിലക്കയറ്റം വീണ്ടും 14.44 ശതമാനമായി ഉയര്‍ന്നു. ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന നിലയിലാണ് പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധന. ആറുമാസത്തിനകം ആറുതവണയാണ് പെട്രോളിന്റെ വില ഉയര്‍ത്തിയത്. ചരക്കുകൂലിയും ഈ മാസം വര്‍ധിപ്പിച്ചു.

ഇത്തരം ജനവിരുദ്ധനയങ്ങളുടെയും വഞ്ചനയുടെയും ഫലമായി പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് ഒറ്റപ്പെടുന്നതാണ് കാണുന്നത്. കര്‍ണാടകത്തില്‍ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പില്‍ ഒന്നില്‍പോലും കോണ്‍ഗ്രസ് ജയിച്ചില്ല. സ്ഥിരമായി ജയിച്ചിരുന്ന സീറ്റിലും തോറ്റു. ബിഹാര്‍ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വെറും നാലുസീറ്റുകൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. രാഹുല്‍ഗാന്ധിയുടെ ശോഭയോ മാസ്മരവിദ്യയോ ഫലം ചെയ്തില്ല. ആന്ധ്രയില്‍ കോണ്‍ഗ്രസ് ആഭ്യന്തരകലഹംമൂലം തകര്‍ച്ചയുടെ വക്കിലാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണംമൂലം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ദുരിതത്തിലാണ്. ശതകോടീശ്വരന്മാര്‍ കുബേരന്മാരായി വളരുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയ ചരിത്രം കോണ്‍ഗ്രസിനില്ല. 2010 കോണ്‍ഗ്രസിന്റെ വഞ്ചന വര്‍ധിച്ച തോതില്‍ തുടര്‍ന്നവര്‍ഷമാണ്. പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഈ വഞ്ചനയ്ക്ക് മറുപടി നല്‍കേണ്ട അവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 1111

പോള്‍ വധം: ഗുണ്ടകള്‍ സാക്ഷികളായപ്പോള്‍ മുഖം നഷ്ടപ്പെട്ടത് കുപ്രചാരകര്‍ക്ക്

ഗുണ്ടാത്തലവന്മാരായ പുത്തന്‍പാലം രാജേഷും ഓംപ്രകാശും പോള്‍ മുത്തൂറ്റ് വധക്കേസിലെ സിബിഐ കുറ്റപത്രത്തില്‍ സാക്ഷികളായപ്പോള്‍ മുഖം നഷ്ടപ്പെട്ടത് കേസിനെച്ചൊല്ലി വിവാദംപൊലിപ്പിച്ച ഒരുപറ്റം മാധ്യമങ്ങള്‍ക്കും യുഡിഎഫ് നേതൃത്വത്തിനും. ഇരുവര്‍ക്കും കൊലപാതകവുമായി ബന്ധമില്ലെന്നും പോളിന്റെ നിര്‍ബന്ധത്തില്‍ യാത്രയില്‍ ചേരുകയായിരുന്നെന്നും സംഘട്ടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലാക്കാനുള്ള സന്മനസ്സ് അവര്‍ കാണിച്ചെന്നുമാണ് സിബിഐയുടെ വിലയിരുത്തല്‍. എല്‍ഡിഎഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും ഗുണ്ടാത്തലവന്മാരുമായി ചേര്‍ത്ത് കഥമെനഞ്ഞ മാധ്യമങ്ങള്‍ക്കും യുഡിഎഫ് നേതൃത്വത്തിനും സിബിഐയുടെ തീര്‍പ്പോടെ മിണ്ടാട്ടംമുട്ടി.

സംസ്ഥാന പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ ത്തുടര്‍ന്ന് പുണെയില്‍ കഴിയുകയായിരുന്ന ഓംപ്രകാശിനെയും രാജേഷിനെയും പോള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. 2009 ആഗസ്ത് നാലിനു നാട്ടിലെത്തിയ ഇവരെ സ്വീകരിക്കാന്‍ പോള്‍ നേരിട്ട് നെടുമ്പാശേരിയിലെത്തി. പോളിന്റെ വാഹനത്തില്‍ ഇരുവരും തേവരയിലെ വൈറ്റ്വാട്ടര്‍ അപ്പാര്‍ട്മെന്റിലെത്തി ആറുദിവസം താമസിച്ചു. സല്‍ക്കാരത്തിന് സാറ, മരിയ എന്നീ യുവതികളെയും ഒരുക്കിയിരുന്നു. ഇവര്‍ പിന്നീട് ഇടുക്കി കാര്‍ഡമം റിസോര്‍ട്ടിലും പള്ളാത്തുരുത്തിയിലെ ഹൌസ്ബോട്ടിലും ഉല്ലസിച്ചതായി സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞു. 17ന് ഓംപ്രകാശും രാജേഷും പോണ്ടിച്ചേരിക്കു പോയി. ഇവര്‍ തിരിച്ചുവന്നശേഷമാണ് പോളിന്റെ കൊലപാതകത്തില്‍ കലാശിച്ച യാത്രയ്ക്ക് കൊച്ചിയില്‍നിന്ന് ഒപ്പംചേര്‍ന്നത്. രാജേഷും ഓംപ്രകാശും പോളിന്റെ ഡ്രൈവര്‍ ഷിബുവിനൊപ്പം സ്കോര്‍പിയോയിലും പോള്‍ മനുവിനൊപ്പം എന്‍ഡവറിലുമാണ് യാത്രതിരിച്ചത്. പള്ളാത്തുരുത്തി-പെരുന്ന റോഡിലെ യാത്രയില്‍ പോളിന്റെ വാഹനം ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി. വാക്കുതര്‍ക്കം പോളിന്റെ കൊലപാതകത്തില്‍ കലാശിച്ചതും. പിന്നാലെ സ്ഥലത്തെത്തിയ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളിനെയും പരിക്കേറ്റ മനുവിനെയും ആശുപത്രിയിലെത്തിച്ചശേഷം മുങ്ങി.

പൊലീസിന്റെ അന്വേഷണത്തില്‍ ഈ സംഭവങ്ങള്‍ പുറത്തുവന്നെങ്കിലും ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫ് നേതൃത്വവും കള്ളക്കഥകളുമായി രംഗത്തുവന്നു. പോളിന്റെ വാഹനത്തില്‍ യുവതികളുണ്ടായിരുന്നെന്നും കൊലപാതകം വ്യവസായികളുടെ കുടിപ്പകമൂലമായിരുന്നെന്നും ഗുണ്ടാത്തലവന്മാരായ രാജേഷും ഓംപ്രകാശും ആരുടെ കൂലിപ്പടയാണെന്നുമായിരുന്നു കുപ്രചാരകരുടെ ചോദ്യം. എല്‍ഡിഎഫിന്റെ സമുന്നത നേതാക്കളെയും കുടുംബാംഗങ്ങളെയുംപോലും പ്രതിചേര്‍ക്കാന്‍ ഇവര്‍ മടിച്ചില്ല. പൊലീസിന്റെ കുറ്റപത്രത്തില്‍ ഗുണ്ടാത്തലവന്മാര്‍ പ്രതിപ്പട്ടികയിലായിരുന്നു. അപ്പോഴും സംഭവത്തിലെ ഇല്ലാത്ത ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരണമെന്ന് മാധ്യമങ്ങള്‍ മുറവിളി കൂട്ടി. എന്നാലിപ്പോള്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇരുവരും സാക്ഷിപ്പട്ടികയിലാണ്. മാധ്യമങ്ങളുടെ കുപ്രചാരണം വിശ്വസിച്ചിരുന്നെങ്കില്‍ ഈ കേസിലെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമായിരുന്നെന്ന് സിബിഐതന്നെ സമ്മതിക്കുന്നു.

ദേശാഭിമാനി 1111

പോള്‍ വധം: എല്ലാം പൊലീസ് തെളിയിച്ചതുതന്നെ

മുഖ്യപ്രതികള്‍ ഒന്നുതന്നെ. കൊലപാതകത്തിന്റെ കാരണവും പൊലീസ് കണ്ടെത്തിയത്. കൂടുതല്‍ പ്രതികളെ ഇനി പിടിക്കാനുമില്ല. കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ സിബിഐ വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രം പൊന്‍തൂവല്‍ ചാര്‍ത്തുന്നത് സംസ്ഥാന പൊലീസിന്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരുകൂട്ടം മാധ്യമങ്ങളും യുഡിഎഫും കെട്ടിച്ചമച്ച കഥകള്‍ ഇതോടെ പൊളിഞ്ഞു. സംഭവം നടന്ന് രണ്ടുദിവസത്തിനകം പ്രധാന പ്രതികളെയെല്ലാം അറസ്റ്റ്ചെയ്ത് പൊലീസ് മൂന്നുമാസത്തിനകം കോടതിയില്‍ നല്‍കിയ കുറ്റപത്രം സിബിഐ അന്വേഷിച്ചപ്പോള്‍ രണ്ടു കുറ്റപത്രമായി മാറി. പ്രധാന കേസില്‍ ഒന്നാംപ്രതി കാരി സതീശ്തന്നെ. ഒരാളെപ്പോലും കൂടുതലായി അറസ്റ്റും ചെയ്തിട്ടില്ല. പൊലീസ് കൈയാമംവച്ച് ജയിലിലടച്ച ഗുണ്ടാത്തലവന്മാരായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ പ്രതികളെ സിബിഐ സാക്ഷികളാക്കിയെന്നുമാത്രം. പൊലീസ് തെളിയിച്ചതില്‍ കൂടുതലായി സിബിഐക്കു കണ്ടെത്താന്‍ ഒന്നുമില്ലായിരുന്നെന്നു ചുരുക്കം.

പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിവാദങ്ങളിലുടെ കേസിലെ നിയമനടപടികള്‍ വൈകി; ഒരുവര്‍ഷം പാഴായി. കേരള പൊലീസ് സമര്‍ഥമായി തെളിയിച്ച കേസ് മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും കുപ്രചാരണത്തിലാണ് പുകമറയിലായത്. പോളിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണം സിബിഐക്കു വിട്ടു. വധത്തിനുപിന്നിലെ പ്രേരണ സംബന്ധിച്ച് പൊലീസിന്റെ കണ്ടെത്തല്‍ വിശ്വസനീയമല്ലെന്നതായിരുന്നു പ്രധാന കുറ്റം. ബിസിനസ് രംഗത്തെ കുടിപ്പകയാണ് പോളിന്റെ വധത്തിലേക്കെത്തിച്ചതെന്നും കഥയെഴുതി. മന്ത്രിമാരുടെയും മക്കളുടെയും പേരുകള്‍വരെ വലിച്ചിഴച്ചു. സത്യസന്ധതയ്ക്ക് പേരുകേട്ട ഐജി വിന്‍സന്‍ എം പോളിനെയും പ്രതിക്കൂട്ടിലാക്കി.

മൂന്നുമാസംകൊണ്ട് കേരള പൊലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ രണ്ടാമത് അന്വേഷണം പുറത്തിയാക്കാന്‍ സിബിഐക്ക് 11 മാസം വേണ്ടിവന്നു. പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നപോലെ പോള്‍വധം തികച്ചും ആകസ്മികമാണെന്നാണ് സിബിഐയും കണ്ടെത്തിയത്. 2009 ആഗസ്ത് 21നു രാത്രി 12നാണ് പോള്‍ എം ജോര്‍ജ് നെടുമുടി ജ്യോതി ജങ്ഷനില്‍ കുത്തേറ്റു മരിച്ചത്. മരിച്ചത് മൂത്തൂറ്റ് കുടുംബത്തിലെ അംഗവും കൂടെ സഞ്ചരിച്ചത് കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുമായതിനാല്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ഈ സമ്മര്‍ദങ്ങള്‍ക്കു നടുവില്‍നിന്നാണ് പൊലീസ് ഒരാഴ്ചയ്ക്കുള്ളില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടും മറ്റു ചിലരെ രക്ഷിക്കാനുള്ള തന്ത്രമായി മാധ്യങ്ങള്‍ ഇതിനെ വ്യാഖ്യാനിച്ച് വിവാദമാക്കി.

എം എസ് അശോകന്‍ ദേശാഭിമാനി 1111