Thursday, September 3, 2020

നവമാധ്യമങ്ങളിൽ ഇടപെടുന്നത്‌ പി ആർ ഏജൻസികളുടെ തെറ്റായ പ്രചാരവേലകൾ തുറന്നുകാട്ടുവാൻ : എം വി ജയരാജൻ

 കണ്ണൂർ> സമൂഹമാധ്യമങ്ങൾ സിപിഐ എമ്മിനും സർക്കാരിനും  എതിരെ നടത്തുന്ന പി ആർ ഏജൻസികളുടെ തെറ്റായ പ്രചാരവേലകൾ തുറന്നുകാട്ടുവാനാണ്‌ സിപിഐ എമ്മിന്റെ നവമാധ്യമ ഇടപെടലെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

മട്ടന്നൂരിനടുത്ത് വെള്ളിയാം പറമ്പിലെ  കോണ്‍ഗ്രസ്സ് ഓഫീസ് സിപിഐ എം പൂര്‍ണമായി തകര്‍ത്തു എന്നാണ് ഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അത് പച്ച നുണയാണ്. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് തന്നെ ഡിസിസി പ്രസിഡന്റ് പറഞ്ഞ പച്ചക്കള്ളം ശരിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫിനും ബിജെപിക്കും വേണ്ടി നവമാധ്യമമേഖലയില്‍ പെയ്ഡ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഒരുകേന്ദ്രത്തില്‍ നിന്ന് തയ്യാറാക്കുന്ന ഒരേ രീതിയിലുള്ള കുറിപ്പുകളാണ് കമന്റുകളായി സിപിഐ എം ന്റെയും നേതാക്കളുടെയും ഫേസ്ബുക്ക് പേജുകളിലെ ലൈവ് പരിപാടികളിലും മറ്റും പ്രതികരണമായി വന്നുകൊണ്ടിരിക്കുന്നത്. ചില പ്രതികരണങ്ങള്‍ കണ്ടാല്‍ തൊഴിലന്വേഷകരാണ് ഇത് ചെയ്യുന്നതെന്നാണ് തോന്നുക. എന്നാല്‍ ആസൂത്രിതമായ തെറ്റിദ്ധരിപ്പിക്കലാണ്.

നേതാക്കളുടെ ഫേസ്ബുക്ക് കുറിപ്പുകളില്‍, അവ തങ്ങളുടെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതാണെങ്കിലും ചിലയാളുകള്‍ മുന്‍നിശ്ചയിച്ച് തയ്യാറാക്കിയ കമന്റുകള്‍ വലിച്ചെറിഞ്ഞ് പോവുകയാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനസമയത്തു പോലും ചിലര്‍ അശ്ലീലപരാമര്‍ശങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു.  ഇത് തുറന്നുകാട്ടുകയും ഗവണ്‍മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണ് സിപിഐ എമ്മിന്റെ ലക്ഷ്യം.  

ഒരു ഏജന്‍സിയുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആശയപ്രചരണത്തിന് ഉപയോഗിക്കുന്നത്.  നവമാധ്യമമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ദൈനംദിനരാഷ്ട്രീയപ്രവര്‍ത്തനം ഈ കാലത്ത് മുന്നോട്ടുകൊണ്ടുപോകാനാവൂ.   രാഷ്ട്രീയ എതിരാളികള്‍ പെയ്ഡ് ഏജന്‍സികള്‍ വഴി നടത്തുന്നത് സൈബര്‍ ഗുണ്ടായിസവും അപവാദ പ്രചരണവുമാണ്.  'സൈബര്‍ ബുള്ളിയിങ്ങും' 'വോട്ട് ബ്രിഗേഡിങ്ങും' പോലുള്ള നെറികെട്ട ആയുധങ്ങള്‍ പരീക്ഷിക്കുകയാണ് .

ജനപക്ഷ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നവമാധ്യമങ്ങളെ സിപിഐ എം എന്നും ഉപയോഗപ്പെടുത്തിയിട്ടുള്ളത്.  ജനങ്ങളിലെത്തിക്കാനാണ് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇതില്‍ ചിലര്‍ക്ക് വിഷമം തോന്നുന്നുണ്ടാകും.  അത് കോര്‍പ്പറേറ്റ് താല്പര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ്.  ആഗോളവല്‍ക്കരണത്തിന് ബദല്‍ ഇടതുപക്ഷം മാത്രമാണെന്ന തിരിച്ചറിവാണ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക വഴി ജനങ്ങള്‍ക്കുണ്ടാകുന്നത്.  അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും എം വി ജയരാജൻ പറഞ്ഞു.

തിരുത്തേണ്ട കോടതിയലക്ഷ്യ നിയമം

 “ നിങ്ങൾ കോടതിയലക്ഷ്യ നിയമപ്രകാരം കുറ്റം ചെയ്തതായി ഈ കോടതി കണ്ടെത്തുന്നു. ഇരു പ്രതികളെയും താക്കീത് ചെയ്യുന്നു. ഇരുവരുടെയും ഭാവിയിലെ നടപടികളിൽ ജാഗ്രതയുണ്ടാകണമെന്നും വിധിക്കുന്നു.’’ 1920 മാർച്ച് 12ന്‌ ബോംബെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ കേസിലെ വിധി അവസാനിക്കുന്നത് ഇങ്ങനെയാണ്. ഒന്നാമത്തെ പ്രതിയുടെ പേര് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു. യങ്‌ ഇന്ത്യയുടെ പത്രാധിപർ. രണ്ടാം പ്രതി എം എച്ച് ദേശായി എന്ന പ്രസാധകനും. നിസ്സഹകരണസമരത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദ് കോടതിയിലെ അഭിഭാഷകർ സത്യഗ്രഹ പ്രതിജ്ഞ എടുക്കുകയുണ്ടായി. അതിന്റെ ഭാഗമായി ശിക്ഷാനടപടികൾക്കായി ജില്ലാ ജഡ്ജി ഇവർക്ക് അയച്ച കത്തും അതിനോടുള്ള പ്രതികരണവും പ്രസിദ്ധപ്പെടുത്തിയതാണ് കേസിന് ആധാരം. അന്ന് ഇന്നത്തെപ്പോലെ ആറുമാസത്തെ തടവെന്ന പരമാവധി ശിക്ഷാ പരിധിയൊന്നുമുണ്ടായിരുന്നില്ല. ജഡ്ജുമാരായ മാർടെൻ, ഹവാർഡ്, കെയ്ജ എന്നിവരാണ് കേസ് കേട്ടത്. തെറ്റ് സമ്മതിച്ച് മാപ്പപേക്ഷിക്കുന്ന പ്രസ്താവന പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി രജിസ്‌ട്രാർ രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ, മാപ്പപേക്ഷിക്കുന്നതിന്‌ കഴിയില്ലെന്ന് മഹാത്മാഗാന്ധി രേഖാമൂലം അറിയിച്ചു.

പൊതുതാൽപ്പര്യാർഥമാണ് ആ രേഖ പ്രസിദ്ധപ്പെടുത്തിയതെന്നും അത് തന്റെ പൊതുവായ ഉത്തരവാദിത്ത നിർവഹണത്തിന്റെ ഭാഗമാണെന്നും ഗാന്ധി വ്യക്തമാക്കി. ‘‘കോടതിയലക്ഷ്യ കേസിൽ ഞങ്ങൾക്ക് വിശാലമായ അധികാരമുണ്ട്. ഞങ്ങൾക്ക് ശരിയെന്നു തോന്നുന്ന കാലത്തേക്ക് ജയിൽശിക്ഷ വിധിക്കാം. ശരിയെന്നുതോന്നുന്ന അത്ര പിഴയും ചുമത്താം.” എന്നാൽ, കൊളോണിയൽകാലത്തെ നീതിന്യായവ്യവസ്ഥ തെറ്റു ചെയ്തെന്ന് കണ്ടെത്തിയെങ്കിലും താക്കീതിൽ ശിക്ഷ ചുരുക്കി. ( ദ ബോംബൈ ലോ റിപ്പോർട്ടർ വാല്യം XXII ,നം 368, 1920)

സ്വതന്ത്ര ഇന്ത്യയിൽ പ്രശാന്ത് ഭൂഷന്‌ എതിരായ കോടതിയലക്ഷ്യ കേസിലെ വിധി പക്ഷേ താക്കീതിൽ ചുരുങ്ങിയില്ല. അത് പിഴയുടെ പ്രയോഗം ഒരു രൂപയുടെ പ്രതീകത്തിൽ നടന്നു. കൊളോണിയൽ കാലത്തേക്കാളും കോടതിയലക്ഷ്യ നിയമത്തിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഭരണഘടനാ അസംബ്ലിയിൽ ഉന്നയിക്കപ്പെട്ട ഗൗരവമായ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ഈ അനുഭവവും പറയുന്നത്.

‘കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി ജഡ്ജിതന്നെയാണ് പ്രോസിക്യൂട്ടർ. തനിക്കുനേരെ കോടതിയലക്ഷ്യം നടത്തിയെന്ന് അദ്ദേഹത്തിനുതന്നെ തോന്നുന്ന കേസിൽ അദ്ദേഹംതന്നെ കേൾക്കുകയും വിധിപറയുകയും ചെയ്യുന്ന അസാധാരണ സ്ഥിതിയാണുള്ളത്. പൊതുസമൂഹത്തിന്റെ താൽപ്പര്യസംരക്ഷണാർഥം നടത്തുന്ന ന്യായമായ വിമർശത്തിനുനേരെ വാതിൽ അടച്ചിടാൻ കോടതിയലക്ഷ്യനിയമം ജഡ്ജിമാർക്ക് അധികാരം നൽകുന്നു.’ (കോൺസ്‌റ്റിറ്റുവന്റ്‌   അസംബ്ലി ഡിബേറ്റ്‌സ്‌ വാല്യം X ഡിബേറ്റ്‌ ഓൺ 17  ഒക്‌ടോബർ  1949) പ്രശാന്ത് ഭൂഷൺ കേസുമായി ബന്ധപ്പെട്ട ആരോ നടത്തിയ അഭിപ്രായമെന്നായിരിക്കും ഈ വാചകങ്ങൾ വായിക്കുന്നവർക്ക് പെട്ടെന്ന് തോന്നുക. എന്നാൽ, 1949 ഒക്ടോബർ പതിനേഴിന് ഭരണഘടനാ അസംബ്ലിയിൽ ആർ കെ സിധ്വ നടത്തിയ പ്രസംഗത്തിൽനിന്നുള്ള ഉദ്ധരണിയാണിത്. യഥാർഥത്തിൽ കോടതിയലക്ഷ്യം സംബന്ധിച്ച ആർട്ടിക്കിൾ 108 (ഭരണഘടനയിലെ ആർട്ടിക്കിൾ 129) സംബന്ധിച്ച ചർച്ചയുടെ ഭാഗമായിരുന്നില്ല ഈ പ്രസംഗം. സുപ്രീംകോടതിയെ സംബന്ധിച്ച ആർട്ടിക്കിളിൽ 1949 മെയ് 27നാണ് കോടതിയലക്ഷ്യം സംബന്ധിച്ച ചർച്ച നടക്കുന്നത്. അന്ന് യഥാർഥത്തിൽ അംബേദ്കറുടെ സാങ്കേതികമായ വിശദീകരണംമാത്രമാണ് കാണാൻ കഴിയുക.

എന്നാൽ, 1949 ഒക്ടോബർ 17ന് നടന്ന ചർച്ച ടി ടി കെ കൃഷ്ണമാചാരി അവതരിപ്പിച്ച ഭേദഗതിയെ സംബന്ധിച്ച ചർച്ചയിലായിരുന്നു ഈ അഭിപ്രായം. അന്ന് ആർ കെ സിധ്വ ഉയർത്തിയ ഇതേ പ്രശ്നമാണ് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കെ കെ മാത്യു, ഇ എം എസിനെതിരായ കോടതിയലക്ഷ്യ കേസിലെ വിയോജന വിധിയിൽ സൂചിപ്പിച്ചത്. കോടതിക്കും ജഡ്ജിമാർക്കും എതിരായ ആരോപണങ്ങൾ കോടതിതന്നെ പരിശോധിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

അഭിപ്രായസ്വാതന്ത്ര്യത്തെ സംബന്ധിച്ച ആർട്ടിക്കിൾ 13 (ഭരണഘടനയിലെ ആർട്ടിക്കിൾ 19)ന് യുക്തിപരമായ നിയന്ത്രണങ്ങളിൽ കോടതിയലക്ഷ്യംകൂടി ചേർക്കണമെന്നതായിരുന്നു ആ ഭേദഗതി. തിടുക്കത്തിൽ കൊണ്ടുവന്ന ഈ ഭേദഗതി ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ഏകാധിപത്യ പ്രവണതയെയാണ് വെളിപ്പെടുത്തുന്നതെന്നും അതിൽനിന്ന്‌ ചെയർ സംരക്ഷണം നൽകണമെന്നുമായിരുന്നു ബി ദാസ് ആവശ്യപ്പെട്ടത്. തങ്ങൾതന്നെ ചർച്ചചെയ്ത് അംഗീകരിച്ച മൗലികാവകാശങ്ങളെ ദുർബലപ്പെടുത്തുന്ന ഭേദഗതികൾ കൊണ്ടുവരുന്നത് തെറ്റാണെന്നും കാലം ആവശ്യപ്പെടുമെങ്കിൽ അത് പാർലമെന്റ്‌ ഭാവിയിൽ നിർവഹിച്ചുകൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്തിപരമെന്ന വാക്കുതന്നെ ഒഴിവാക്കണമെന്നും മൗലികാവകാശങ്ങളെ നിയന്ത്രിക്കുന്നത് ശരിയല്ലെന്നുമായിരുന്നു നസ്രുദീൻ അഹമ്മദിന്റെ വാദം.

ആർ കെ സിധ്വ രണ്ട് അനുഭവം അസംബ്ലിയുടെ മുമ്പിൽ അവതരിപ്പിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റർ ദേവദാസ് ഗാന്ധിയെയും സെന്റിനെൽ എഡിറ്റർ ബി ജി ഹോനിമാനെയും കോടതിയലക്ഷ്യ കേസിൽ ശിക്ഷിച്ചിരുന്നു. എക്സ്പാർടിയായി വിധിച്ച പിഴ അടയ്‌ക്കാതെ ഇരുവരും ജയിൽവാസം അനുഷ്ഠിച്ചു. രണ്ടുപേരും പത്രത്തിലൂടെ ഉന്നയിച്ചത് ന്യായമായ വിമർശമായിരുന്നു എങ്കിലും ജയിൽവാസമായിരുന്നു ശിക്ഷ. ‘ ജഡ്ജിമാരും മനുഷ്യരാണ്.

അവർക്കും തെറ്റുകൾ പറ്റാം. പൊതുതാൽപ്പര്യാർഥം നടത്തുന്ന വിമർശംപോലും തങ്ങൾക്ക് എതിരാണെന്നു കരുതി ഹൈക്കോടതി ജഡ്ജിമാർ കോടതിയലക്ഷ്യായുധം ഉപയോഗിച്ച് നിശ്ശബ്ദരാക്കും.’ ബ്രിട്ടീഷ് പാരമ്പര്യമനുസരിച്ച് പരിശീലനം നേടിയ ജഡ്ജിമാർ അതിനനുസരിച്ച് ഭാവിയിൽ നടത്തുന്ന നീതിനിർവഹണം എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടിക്കാണുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതുവരെ യൂണിയൻ ലിസ്റ്റിലും സ്റ്റേറ്റ് ലിസ്റ്റിലും കോടതിയലക്ഷ്യം ഉൾപ്പെടുത്താതിരുന്ന കാര്യം സന്താനം ചൂണ്ടിക്കാട്ടി. അതിനെത്തുടർന്നാണ് അത് കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

എന്നാൽ, ഈ ചർച്ചകൾ ഭേദഗതിയെ സ്വാധീനിച്ചില്ല. നിലവിലുള്ള നിയമങ്ങൾ കോടതിയലക്ഷ്യം സംബന്ധിച്ച വകുപ്പുകൾ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഉണ്ടെന്നും അതുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഭേദഗതി ആവശ്യമില്ലെന്ന് ശക്തമായ വാദം ഉയർന്നെങ്കിലും കൃഷ്ണമാചാരി അവതരിപ്പിച്ച ഭേദഗതി അസംബ്ലി അംഗീകരിക്കുകയാണ് ഉണ്ടായത്. അന്നത്തെ തീരുമാനങ്ങളെ ബ്രിട്ടീഷ് നിയമസംവിധാനം സ്വാധീനിച്ചതെന്നു പറയാം. കോടതികളെ അപകീർത്തിപ്പെടുത്തുന്നു( സ്‌കാൻഡലൈസിങ് കോർട്ട്‌) എന്നത് കോടതിയലക്ഷ്യ കേസുകളുടെ പ്രധാന കാരണമായിരുന്നു. എന്നാൽ, അതേ ബ്രിട്ടൻ 2013ൽ ഈ വ്യവസ്ഥ റദ്ദാക്കി. കോടതികളെ അപകീർത്തിപ്പെടുത്തിയെന്നത് കോടതിയലക്ഷ്യത്തിനുള്ള കാരണമല്ലെന്നും ആ വ്യവസ്ഥ അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നുമുള്ള യുകെ ലോ കമീഷന്റെ ശുപാർശ അംഗീകരിച്ചാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. വിമർശം നീതിന്യായവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന കാഴ്ചപ്പാടാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള വ്യവസ്ഥ മാറ്റുന്നതിന് അവരെ നിർബന്ധിതമാക്കിയത്.

പാർലമെന്റ്‌ പാസാക്കിയ കോടതിയലക്ഷ്യത്തെ സംബന്ധിച്ച 1973 നിയമത്തിലെ സെഷൻ രണ്ടാണ് ക്രിമിനൽ കോടതിയലക്ഷ്യം സംബന്ധിച്ച് നിർവചിക്കുന്നത്. അതിൽ 2(സി)1 പ്രകാരം കോടതിയെ അപകീർത്തിപ്പെടുത്തുന്നതോ അതിന്‌ ശ്രമിക്കുന്നതോ, കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതോ അതിന്‌ ശ്രമിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങൾ എല്ലാം കോടതിയലക്ഷ്യത്തിൽ ഉൾപ്പെടും

എന്നാൽ, ബ്രിട്ടൻ കൈയൊഴിഞ്ഞിട്ടും കൊളോണിയൽ പാരമ്പര്യം കൈയൊഴിയുന്നതിന് നമ്മുടെ രാജ്യം തയ്യാറായില്ല. ഭരണഘടനയിൽ സുപ്രീംകോടതിക്കും ഹൈക്കോടതിക്കും തങ്ങൾക്ക് എതിരായ കോടതിയലക്ഷ്യത്തിന്‌ ശിക്ഷിക്കാനുള്ള അധികാരമുണ്ടെന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. അതിന്റെ അടിസ്ഥാനത്തിലാണ് കോടതികൾ 1973 വരെ വ്യാഖ്യാനങ്ങളിലൂടെ വിധി പറഞ്ഞിരുന്നത്. പിന്നീട് പാർലമെന്റ്‌ പാസാക്കിയ കോടതിയലക്ഷ്യത്തെ സംബന്ധിച്ച 1973 നിയമത്തിലെ സെഷൻ രണ്ടാണ് ക്രിമിനൽ കോടതിയലക്ഷ്യം സംബന്ധിച്ച് നിർവചിക്കുന്നത്. അതിൽ 2(സി)1 പ്രകാരം കോടതിയെ അപകീർത്തിപ്പെടുത്തുന്നതോ അതിന്‌ ശ്രമിക്കുന്നതോ, കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതോ അതിന്‌ ശ്രമിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങൾ എല്ലാം കോടതിയലക്ഷ്യത്തിൽ ഉൾപ്പെടും. അത് അച്ചടിക്കുന്നതാകാം, ദൃശ്യമാകാം അങ്ങനെ കോടതിക്ക് യഥേഷ്ടം വ്യാഖ്യാനിക്കാൻ കഴിയുന്ന എന്തും ഈ ഗണത്തിൽപ്പെടും. ബ്രിട്ടനിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ കോടതികളെ അപകീർത്തിപ്പെടുത്തുന്ന നടപടികൾ കോടതിയലക്ഷ്യത്തിന് കാരണമാകുന്ന വ്യവസ്ഥ മാറ്റണമെന്നും ബോധപൂർവം വിധി നടപ്പാക്കാതിരിക്കുന്നതുമാത്രമേ പരിഗണിക്കാവൂ എന്ന അഭിപ്രായം ഇന്ത്യൻ ലോ കമീഷൻ തള്ളിക്കളയുകയാണ് ചെയ്തത്. അങ്ങനെ ചെയ്താൽ കോടതികളോടുള്ള ബഹുമാനവും ഭയവും ഇല്ലാതാകുമെന്ന നിലപാടാണ് കമീഷൻ 2018ൽ സമർപ്പിച്ച 274‐നമ്പർ റിപ്പോർട്ടിൽ സ്വീകരിച്ചത്.

2002ൽ ബംഗളൂരുവിൽ നടന്ന പ്രിൻസിപ്പൽ ആൻഡ്‌ ജുഡീഷ്യൽ കോൺടാക്ട് കോൺഫറൻസ് പ്രഖ്യാപനം യുഎൻ കാഴ്ചപ്പാടിന് അനുസരിച്ച് കോടതിയലക്ഷ്യ നിയമത്തിൽ മാറ്റംവരുത്തണമെന്ന്‌ ആവശ്യപ്പെടുന്നതാണ്. നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്രമായ പ്രവർത്തനമെന്നത് പൊതുസമൂഹത്തിന്റെ വിലയിരുത്തലിനെയും ന്യായമായ വിമർശത്തെയും തടയുന്നതല്ല. കോടതികൾക്ക് എതിരായ വിമർശത്തെ നിയന്ത്രിക്കുന്നതിന് ഒരു ജഡ്ജിയും ക്രിമിനൽ നിയമവും കോടതിയലക്ഷ്യവും ഉപയോഗിക്കുന്നത് പൊതുവെ ഒഴിവാക്കണം എന്ന അന്താരാഷ്ട്ര നിലപാട് പ്രസക്തം. പ്രശാന്ത് ഭൂഷൺ കേസ് ഓർമപ്പെടുത്തുന്ന ഇത്തരം കാര്യങ്ങൾ പാർലമെന്റിന്റെ ചുമതലയാണ് എടുത്തുകാണിക്കുന്നത്. ബ്രിട്ടൻപോലും കൈയൊഴിഞ്ഞ വ്യവസ്ഥകൾ നമ്മൾ തുടരേണ്ടതുണ്ടോയെന്ന ചോദ്യം കോടതിയലക്ഷ്യ നിയമത്തിന്റെ പൊളിച്ചെഴുത്തിനെയാണ് ആവശ്യപ്പെടുന്നത്.

*

പി രാജീവ്‌

കുടുംബ പാർടിയിലെ വാഴ്‌ത്തുകൾ

 ‘നോൻസെൻസ്' (അസംബന്ധം) എന്ന പദപ്രയോഗം മൻമോഹൻസിങ്ങിനെ ഉന്നംവച്ച്  പരസ്യമായി പറഞ്ഞത് രാഹുൽ ഗാന്ധിയായിരുന്നു. 2013 സെപ്തംബർ 23  മൻമോഹൻസിങ് ഓർക്കാൻ മടിക്കുന്ന ദിനമാണ്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകാനായി വ്യഗ്രത പൂണ്ടുനിൽക്കുന്ന സമയം. ക്രിമിനൽ കേസുകളിൽ പാർലമെന്റ്‌–- നിയമസഭാംഗങ്ങൾ രണ്ടു വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ അംഗത്വം റദ്ദാകുമെന്ന് സുപ്രീംകോടതി വിധിച്ചു. വിധി മറികടക്കുന്നതിനായി അന്നത്തെ മൻമോഹൻസിങ്‌ സർക്കാർ ഒരു ഓർഡിനൻസ്‌  കൊണ്ടുവന്നു. രാഹുലിന് ഒന്ന് ഫോൺ ചെയ്താൽ മാത്രംമതി ഓർഡിനൻസിലെ ‘അസംബന്ധം' മൻമോഹൻസിങ്‌ നീക്കം ചെയ്യുമെന്ന് ഉറപ്പാണ്. എന്നാൽ, രാഹുലിന് അതുപോരാ. നെഹ്‌റു കുടുബത്തിന്റെ അധികാരപ്രമത്തത കാണിക്കണമെങ്കിൽ മൻമോഹൻസിങ്ങിനെ പരസ്യമായി അവഹേളിക്കണം. സിങ്ങിന്റെ അമേരിക്കൻ സന്ദർശനവേള തന്നെ ഇതിനായി തെരഞ്ഞെടുത്തു. അന്നത്തെ യുഎസ് പ്രസിഡന്റ്‌ ബറാക് ഒബാമയുമായി മൻമോഹൻസിങ്‌ കൂടിക്കാ‍ഴ്ച നടത്തുന്നതിന് തൊട്ടുമുമ്പുള്ള സമയംതന്നെ രാഹുൽ ഇതിനായി തെരഞ്ഞെടുത്തു. ഓർഡിനൻസിനെ ന്യായീകരിക്കാനായി കോൺഗ്രസ് വക്താവ് അജയ്‌ മാക്കൻ നടത്തുന്ന വാർത്താസമ്മേളനത്തിലേക്ക്‌  രാഹുൽ ഇരച്ചുകയറിവന്നു; മൻമോഹൻസിങ്ങിനെതിരെ ആഞ്ഞടിച്ചു. ‘തികഞ്ഞ അസംബന്ധമാണ് ഈ ഓർഡിനൻസ്. കഷണങ്ങളാക്കി കീറിയെറിയണം'.

ഇന്ന് മോഡിയെ പ്രകീർത്തിക്കാൻ മത്സരിക്കുന്ന ദേശീയ മാധ്യമങ്ങൾ അന്ന് രാഹുലിന്റെ ആർജവത്തെ വാനോളം  പുക‍ഴ്ത്തി. ആത്മാഭിമാനമുണ്ടെങ്കിൽ രാജിവച്ചൊ‍ഴിയേണ്ടിയിരുന്ന മൻമോഹൻസിങ്‌ ആകട്ടെ വെള്ളത്തിൽ നനഞ്ഞ പൂച്ചയെപ്പോലെ പേടിച്ചുവിറച്ച് രാഹുലിനെ തൃപ്തിപ്പെടുത്തുംവിധം നിയമത്തിൽ മാറ്റങ്ങൾ വരുത്തി. ഇതേ മൻമോഹൻസിങ്‌ ആകട്ടെ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്  രാജിസന്നദ്ധത അറിയിച്ചതാണ്.  നെഹ്റു കുടുംബത്തിനോട് ഉള്ളതിനേക്കാൾ കടപ്പാട് മൻമോഹൻസിങ്ങിന് അമേരിക്കൻ ഭരണകൂടത്തോടുണ്ട്.

രാഹുൽ ഗാന്ധിയുടെ അപമാനത്തിന് മൻമോഹൻസിങ്‌ ഇരയായതുപോലെ 1982 ഫെബ്രുവരിയിൽ രാജീവ് ഗാന്ധിയുടെ അപമാനത്തിന് ഇരയായ ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ആഞ്ചെയ്യ. രാജീവ് ഗാന്ധിയെ സ്വീകരിക്കാനായി ആഞ്ചെയ്യ കുറെ കോൺഗ്രസ് പ്രവർത്തകരുമായി  ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. കോൺഗ്രസുകാരുടെ ആർപ്പുവിളിയും ആഹ്ലാദാരവവും കണ്ടപ്പോൾ രാഷ്‌ട്രീയത്തിൽ കുടുംബപൈതൃകം മാത്രം കൈമുതലായുള്ള രാജീവിന് നിയന്ത്രണം തെറ്റി. പരസ്യമായി ആഞ്ചെയ്യക്കുനേരെ പൊട്ടിത്തെറിച്ചു. ഇത്‌ ആഞ്ചെയ്യയേക്കൾ  തെലുങ്കരുടെ ആത്മാഭിമാനത്തിനായിരുന്നു കൂടുതൽ പോറലേറ്റത്. ഈ കനലിൽനിന്നാണ് എൻ ടി രാമറാവു എന്ന നേതാവും തെലുങ്കുദേശം എന്ന പാർടിയും രൂപംകൊണ്ടത്. ഇന്ന് ആന്ധ്രയിലും തെലങ്കാനയിലും സുക്ഷ്മദർശിനി വച്ചുനോക്കിയാൽ പോലും കാണാത്ത ഒന്നുണ്ട് കോൺഗ്രസ്.

ബ്രഹ്മചാരി പറയും; ഇന്ദിര തീരുമാനിക്കും

മോത്തിലാൽ നെഹ്റുവാണ് നെഹ്‌റു കുടുംബത്തിലെ ആദ്യ രാഷ്ട്രീയക്കണ്ണി. 1919ലും 1928ലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന  മോത്തിലാലിന്റെ പൈതൃകം തീർച്ചയായും രാഷ്ട്രീയത്തിൽ നെഹ്റുവിനെ  സഹായിച്ചിട്ടുണ്ട്. എന്നാൽ, മോത്തിലാലിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു നെഹ്റുവിന്റെ രാഷ്ട്രീയ ചിന്താധാര. നെഹ്‌റുവിന്റെ മരണത്തിന് മുമ്പോപിമ്പോ അദ്ദേഹം കുടുംബരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണെന്ന് ആരും ആരോപിച്ചിട്ടില്ല. എന്നാൽ, ഇതേ നെഹ്‌റു 1959ൽ പുത്രി ഇന്ദിര ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് അവരോധിച്ചുകൊണ്ട് കുടുംബരാഷ്ട്രീയത്തിന് തറക്കല്ലിട്ടു. അന്ന് ഇന്ദിരയ്ക്ക് 42 വയസ്സ്‌. അച്ഛൻ പ്രധാനമന്ത്രി; മകൾ കോൺഗ്രസ് അധ്യക്ഷ. ഈ കുടുംബാധിപത്യത്തിന്റെ ആദ്യ ഇര കേരളത്തിലെ ആദ്യ ജനകീയ സർക്കാരായിരുന്നു. മകളുടെ ‘നിർബന്ധം' സഹിക്കവയ്യാതെ അച്ഛൻ  ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടു.

ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനുശേഷം ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ചുക്കാൻപിടിച്ചത് അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ കാമരാജ് ആയിരുന്നു. ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെതിരെ മുതിർന്ന നേതാവ് മൊറാർജി ദേശായി രംഗത്തുവന്നു. ഭിന്നത രൂക്ഷമായി. 1966 ജനുവരി 19ന് കോൺഗ്രസ് പാർലമെന്ററി പാർടിയിൽ വോട്ടെടുപ്പ് നടന്നു. 169ന് എതിരെ 355 വോട്ടിന്‌ മൊറാർജി  ദേശായിയെ തോൽപ്പിച്ചാണ് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായത്. ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ടതിന്റെ അനുരണങ്ങളാണ് ബാങ്ക് ദേശസാൽക്കരണം, നാട്ടുരാജാക്കൻമാർക്കുള്ള പ്രിവിപേഴ്സ് നിർത്തലാക്കൽ തുടങ്ങിയ ചരിത്രപരമായ  നിലപാടുകളിൽ കണ്ടത്. എന്നാൽ, വളരെ പെട്ടെന്ന് ഇന്ദിര ഗാന്ധി കോൺഗ്രസിനെ കുടുംബവൽക്കരിച്ചു. സഞ്‌ജയ് ഗാന്ധിയും കിച്ചൻ ക്യാബിനറ്റും അധികാരം ഏറ്റെടുത്തു.

ശാസ്ത്രവും പുരോഗമനചിന്തയുമാണ്  നെഹ്‌റുവിനെ നയിച്ചിരുന്നതെങ്കിൽ അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടിൽ ഇന്ദിര ഗാന്ധി ബന്ധനസ്ഥയായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനം മുതൽ ബ്ലൂ സ്റ്റാർ ഓപ്പറേഷൻ വരെ സുപ്രധാനമായ എല്ലാ നടപടിക്കുംമുമ്പ്  ജോത്സ്യൻമാരുടെ ഉപദേശങ്ങൾ ആരാഞ്ഞിരുന്നു. കുടുംബകാര്യങ്ങളിലും ഇന്ദിരയുടെ അവസാന വാക്ക് ജോത്സ്യൻ വീരേന്ദ്ര ബ്രഹ്മചാരിയുടേതായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണത്തിനുശേഷം ആ സ്ഥാനത്തേക്ക് ഉയർന്നുവരാൻ ഭാര്യ മനേകാഗാന്ധി ആഗ്രഹിച്ചിരുന്നു. എന്നാൽ, മനേകയെ ഏ‍ഴയലത്ത് അടുപ്പിക്കരുതെന്ന ഉപദേശമാണ് അന്ന് വീരേന്ദ്രബ്രഹ്മചാരി  ഇന്ദിരയ്‌ക്ക്‌ നൽകിയത്. കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങളുടെ  അടിസ്ഥാനകാരണം ബ്രഹ്മചാരിയുടെ  വ‍ഴിവിട്ട ഉപദേശങ്ങൾക്കനുസരിച്ച്  ഇന്ദിര ഗാന്ധി തുള്ളിയതുകൊണ്ടാണെന്ന് സോണിയ ഗാന്ധിയുടെ  ജീവചരിത്രമായ ‘റെഡ് സാരി'യിൽ ഗ്രന്ഥകർത്താവ് ജാവിയർ മൊറോ നിരീക്ഷിക്കുന്നുണ്ട്.

പ്രിയങ്ക ഗാന്ധി ആന്തമാനിലേക്ക്‌  

നേതൃസ്ഥാനത്തുനിന്ന് സോണിയ ഗാന്ധി ഒ‍ഴിയണമെന്ന്  ആവശ്യപ്പെട്ട് 23 പ്രമുഖരായ കോൺഗ്രസ് നേതാക്കൾ കത്തയച്ചതിനു പിന്നാലെയാണ് നെഹ്‌റു കുടുംബത്തിനു പുറത്തുള്ളവർ കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കണമെന്നും അത്തരമൊരു അധ്യക്ഷനു കീ‍ഴിൽ ആന്തമാനിൽ പോയി പ്രവർത്തിക്കാൻ തയ്യാറാണെന്നും പ്രിയങ്ക ഗാന്ധി  പ്രസ്താവിച്ചത്. പക്ഷേ, ആ പദവി ഏറ്റെടുക്കാൻ ആർക്കും താൽപ്പര്യമില്ല. കാരണം നെഹ്റു കുടുംബത്തിന്റെ ആശീർവാദത്തോടെ നിർണായക ചുമതലകൾ ഏറ്റെടുത്ത നരസിംഹറാവുവിന്റെയും സീതാറാം കേസരിയുടെയും ദുരനുഭവങ്ങൾ ആരും മറന്നിട്ടില്ല. മരണാനന്തരം  നരസിംഹ റാവുവിന്റെ  മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കാൻ പോലും സോണിയ ഗാന്ധി തയ്യാറായില്ല. 13–-ാം വയസ്സിൽ സ്വാതന്ത്ര്യസമരത്തിലേക്ക്‌ ഇറങ്ങുകയും ദീർഘകാലം ജയിൽവാസം അനുഭവിക്കുകയും ചെയ്ത സീതാറാം കേസരിയെ അവഹേളിച്ചാണ് എഐസിസി അധ്യക്ഷപദവിയിൽനിന്ന് ഇറക്കിവിട്ടത്.

സോണിയ ഗാന്ധിക്ക് ജയ് വിളിച്ചവർ സീതാറാം കേസരിയുടെ വാഹനം അടിച്ചുതകർത്തു. അക്രമികൾക്കെല്ലാം പിന്നീട് സംരക്ഷണവും സ്ഥാനമാനങ്ങളും  നൽകി.മൻമോഹൻസിങ്ങിനെ ‘നോൻസെൻസ്'എന്നുവിളിച്ച് അവഹേളിച്ചും പ്രണബ് മുഖർജിയെ രാഷ്ട്രപതി ഭവനിലേക്ക്‌ നാടുകടത്തിയും രാഹുൽ ചെയ്തത് പ്രധാനമന്ത്രി പദത്തിലേക്കുള്ള തന്റെ സഞ്ചാരം സുഗമമാക്കുകയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമായതിനെ തുടർന്ന് എല്ലാം മറ്റുള്ളവരുടെ തലയിലിട്ട് രാഹുൽ മാളത്തിലൊളിച്ചു. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായാൽ കൊട്ടുംകുരവയുമായി രാഹുൽ മടങ്ങിയെത്തും. അതുവരെ ഭാരം ചുമക്കാൻ നെഹ്‌റുകുടുംബത്തിലെ വിശ്വസ്തരായ ആരെങ്കിലുമെല്ലാം വേണം. ആ പണിക്കായി രാഹുൽ കണ്ടുവച്ചിരുന്ന ഗ്വാളിയോർ രാജാവ് ജ്യോതിരാദിത്യസിന്ധ്യ ഇന്ന്  ബിജെപിയിലാണ്.

കോൺഗ്രസിനെ രക്ഷപ്പെടുത്താനായി കച്ചകെട്ടി ഇറങ്ങിയ വിമത പക്ഷത്തിന്റെ നോട്ടവും അധികാരക്കസേരയിൽ മാത്രമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ നടപടിയെ ബിജെപി നേതാക്കളേക്കാൾ ആവേശത്തോടെ ന്യായീകരിച്ച ശശി തരൂരാണ്  വിമതപക്ഷത്തിനുവേണ്ടി സോണിയ  ഗാന്ധിക്കെതിരായ കത്ത് തയ്യാറാക്കിയത്. അയോധ്യയിൽ പ്രധാനമന്ത്രി  രാമക്ഷേത്രത്തിന് ശിലയിടുന്നതിനെ പ്രിയങ്ക വാനോളം പുക‍ഴ്‌ത്തിയപ്പോൾ അതിനെതിരെ ശബ്ദിക്കാൻ കപിൽ സിബലോ ആനന്ദ് ശർമയോ ഗുലാം നബിയോ  തയ്യാറായില്ല. എന്നാൽ, നെഹ്റു അങ്ങനെയായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം ഗുജറാത്തിൽ പുനർനിർമിക്കപ്പെട്ട സോമനാഥക്ഷേത്രം ഉദ്ഘാടനം ചെയ്യാനായി  അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ക്ഷണിക്കപ്പെട്ടപ്പോൾ ഒരിക്കലും ക്ഷണം സ്വീകരിക്കരുതെന്ന് അഭ്യർഥിച്ച് നെഹ്‌റു രാജേന്ദ്രപ്രസാദിന് കത്തെ‍ഴുതിയിരുന്നു.  ആ  പാരമ്പര്യം ഇന്ന് കോൺഗ്രസിന് ഇല്ല. അതില്ലാത്തിടത്തോളം കാലം കോൺഗ്രസ് അധ്യക്ഷപദവിയിൽ ആര്‌ ഇരുന്നാലും തിരിച്ചുവരവ് അസാധ്യമാണ്.

*

കെ രാജേന്ദ്രൻ

രാജ്യത്ത്‌ 4 മിനിറ്റിൽ ഒരു ആത്മഹത്യ

 ന്യൂഡൽഹി: കഴിഞ്ഞവർഷം രാജ്യത്ത്‌ നാല്‌ മിനിറ്റിൽ ഒരാൾവീതം ജീവനൊടുക്കിയെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ (എൻസിആർബി) റിപ്പോർട്ട്‌. 2018നെ അപേക്ഷിച്ച്‌ 2019ൽ ആത്മഹത്യ 3.4 ശതമാനം വർധിച്ചു. സാമ്പത്തികത്തകർച്ചയാണ്‌ ജീവനൊടുക്കാന്‍ മുഖ്യപ്രേരണ. ജീവനൊടുക്കിയവരില്‍  67 ശതമാനം പേരുടെയും പ്രതിമാസവരുമാനം 8300 രൂപയിൽ താഴെ‌.  കൃഷിക്കാരും കൂലിപ്പണിക്കാരുമായ 42,480 പേർ ജീവനൊടുക്കി.

രാജ്യത്ത്‌ 2019ല്‍ ജീവനൊടുക്കിയ 1,39,123 പേരില്‍ 41,493 സ്‌ത്രീകളും 17 ട്രാൻസ്‌ജെൻഡറുകളുമുണ്ട്. ആത്മഹത്യയുടെ 49.5 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്‌, കർണാടകം, പശ്ചിമബംഗാൾ, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍. മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 18,916 പേർ.

2018ൽ 1,34,516 ആത്മഹത്യ. 2018നെ അപേക്ഷിച്ച്‌ ആത്മഹത്യയില്‍ വന്‍ വര്‍ധനയുണ്ടായത്‌  ബിഹാറിലാണ്‌– -44.7 ശതമാനം. പഞ്ചാബിൽ 37.5 ശതമാനവും വർധിച്ചു. കേരളത്തിൽ വർധന 3.9 ശതമാനം‌. 8556 പേര്‍ ജീവനൊടുക്കി‌; 2018ൽ 8237 പേരും.

പത്ത്‌ ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ചെന്നൈ– -2461, ഡൽഹി–- 2423, ബംഗളൂരു– -2081, മുംബൈ– -1229 എന്നിങ്ങനെയാണ്‌ കണക്ക്. ആത്മഹത്യചെയ്‌ത ദരിദ്രരുടെ എണ്ണത്തിലും തമിഴ്‌നാട്‌ മുന്നിൽ– -9723 പേർ. ബിരുദധാരികളായ 4447 പേർ സ്വയം ജീവനൊടുക്കി;  എംബിഎ അടക്കമുള്ള ഉന്നത ബിരുദധാരികളായ 335 പേരും. 2008ന്‌ ശേഷം രാജ്യത്ത്‌ 16 ലക്ഷം പേരാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ റിപ്പോർട്ടിൽ പറഞ്ഞു.

സാജൻ എവുജിൻ

അവിടെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകന്റെ ജീവൻ തിരിച്ചുപിടിക്കാൻ ഡിവൈഎഫ്‌ഐ

 കോഴിക്കോട്‌: തിരുവോണത്തലേന്ന്‌ തേമ്പാംമൂടിൽ യൂത്ത്‌ കോൺഗ്രസുകാരുടെ‌  രാഷ്‌ട്രീയ വൈര്യത്തിൽ രണ്ടു ചെറുപ്പക്കാർ വെട്ടേറ്റുവീണപ്പോൾ,  കക്കയത്ത്‌  യൂത്ത്‌ കോൺഗ്രസുകാരന്റെ ജീവൻ നിലനിർത്താനായി  പണം പിരിക്കുന്നതിലുള്ള തിരക്കിലായിരുന്നു ഒരുപറ്റം ഡിവൈഎഫ്‌ഐ പ്രവർത്തകർ. കോഴിക്കോട്‌ കൂരാച്ചുണ്ടിൽ  ഇരുവൃക്കയും തകരാറിലായ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകന്റെ ചികിത്സ‌ക്കായാണ്‌ ഉത്രാടനാളിൽ യൂത്ത്‌ ബ്രിഗേഡ്‌ വളന്റിയർമാർ കൊടിയുടെ നിറംനോക്കാതെ പണം സമാഹരിച്ചത്‌.

ഓണാഘോഷം ഒഴിവാക്കി, കക്കയം അങ്ങാടിയിലും മറ്റും  ബക്കറ്റ്‌ കലക്‌ഷനിലൂടെ നാൽപ്പതിനായിരം രൂപയാണ്‌ സമാഹരിച്ചത്‌. കക്കയം പന്നിവെട്ടുപറമ്പിൽ ജിനു ജോണിന്റെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്ക്ക്‌ പണം കണ്ടെത്താനാണ്‌ ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ രംഗത്തിറങ്ങിയത്‌‌. 60 ലക്ഷം രൂപ ചെലവ്‌ വരുന്ന ചികിത്സക്കായി  രണ്ടാഴ്‌ച മുമ്പാണ്‌ പഞ്ചായത്തംഗവും കോൺഗ്രസ്‌ നേതാവുമായ ആൻഡ്രൂസ്‌ കട്ടിക്കാന ചെയർമാനും സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി ആന്റണി വിൻസെന്റ്‌ കൺവീനറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ച്‌ ധനശേഖരണം തുടങ്ങിയത്‌. തിരുവോണത്തിന്‌ രണ്ടുദിവസംമുമ്പ്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരു ഡോക്‌ടറുടെ വൃക്ക ജിനുവിന്‌ അനുയോജ്യമായി‌. ഇതോടെ ശസ്‌ത്രക്രിയ വേഗത്തിലാക്കുകയായിരുന്നു. ആറ്‌ ലക്ഷം രൂപ ആശുപത്രിയിൽ ഉടൻ കെട്ടിവെക്കേണ്ടതായും വന്നു. ഇതറിഞ്ഞാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ പണം സ്വരൂപിക്കാനിറങ്ങിയത്‌.  

  ഞായറാഴ്‌ച രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ അഞ്ചുവരെ 23 പ്രവർത്തകർ കൂരാച്ചുണ്ട്‌ അങ്ങാടിയിലും കടകളിലും എത്തുന്നവരിൽനിന്നാണ്‌  പണം പിരിച്ചെടുത്തത്‌. ലഭിച്ച 40,010 രൂപ ജനകീയ സമിതി കൺവീനർക്ക്‌ കൈമാറിയതായി യൂത്ത്‌ ബ്രിഗേഡ്‌ ചീഫ്‌ അഡ്വൈസർ മുജീബ്‌ കക്കയം പറഞ്ഞു. വൃക്ക മാറ്റിവച്ച ജിനു ജോൺ ആസ്‌റ്റർ മിംസ്‌ ആശുപത്രിയിൽ സുഖം പ്രാപിക്കുകയാണ്‌.

താക്കീതായി കേരളമനസ്സ്‌ ; കരിദിനത്തിൽ അണിനിരന്നത്‌ ലക്ഷങ്ങൾ

 കേരളത്തെ കണ്ണീരിലാഴ്‌ത്തി‌ തിരുവോണ തലേന്ന്‌ രാത്രി വെഞ്ഞാറമൂട്ടിൽ കോൺഗ്രസ്‌ അക്രമികൾ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും അരുംകൊല ചെയ്‌തതിനെതിരെ നാടാകെ പ്രതിഷേധം. കോൺഗ്രസ്‌ നേതാക്കളുടെ അറിവോടെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം ആഹ്വാനംചെയ്‌ത കരിദിനാചരണത്തിലും ബ്രാഞ്ചുതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണയിലും ലക്ഷങ്ങൾ അണിനിരന്നു. കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.  കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ വൈകിട്ട്‌ നാലുമുതൽ ആറുവരെയായിരുന്നു ധർണ. ഒരു കേന്ദ്രത്തിൽ അഞ്ചുപേരിൽ കൂടരുതെന്ന നിർദേശം പാലിച്ച്‌  ബ്രാഞ്ചുകളിൽ നിരവധി കേന്ദ്രത്തിലായിരുന്നു പ്രതിഷേധം. നിയമസഭയിൽ സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്ന്‌ നാണംകെട്ട്‌ പ്രതിസന്ധിയിലായ കോൺഗ്രസ്‌ ജനശ്രദ്ധ തിരിച്ചുവിടാൻ നരവേട്ട നടത്തിയതിൽ രാഷ്ട്രീയ ഭേദമെന്യേ നാട്‌ ഒറ്റമനസായി പങ്കുചേർന്നു.

എറണാകുളം രാജേന്ദ്രമൈതാനത്തിനു സമീപം ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ ധർണ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിലും കെ രാധാകൃഷ്ണൻ കോർപറേഷൻ ജനറൽ ആശുപത്രിക്കുമുന്നിലും വൈക്കം വിശ്വൻ കോട്ടയം തിരുനക്കരയിലും ഉദ്‌ഘാടനം ചെയതു. പി കരുണാകരൻ നീലേശ്വരത്തും പി കെ ശ്രീമതി പാപ്പിനിശേരിയിലും എം വി ഗോവിന്ദൻ കണ്ണൂർ കാൽടെക്സിലും എളമരം കരീം കോഴിക്കോട്‌ മാനാഞ്ചിറ എസ്‌ കെ പ്രതിമയ്ക്കു മുന്നിലും ധർണ ഉദ്‌ഘാടനംചെയ്‌തു.

സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ എൻ ബാലഗോപാൽ തിരുവനന്തപുരം പാളയത്തും ആനത്തലവട്ടം ആനന്ദൻ ആറ്റിങ്ങൽ കച്ചേരി ജങ്‌ഷനിലും  ഉദ്‌ഘാടനം ചെയ്‌തു.

ഒളിയിടം ഒരുക്കിയത്‌ കോന്നിയിൽ ; കോൺഗ്രസ്‌ ബന്ധം കൂടുതൽ വെളിപ്പെടുന്നു

വെഞ്ഞാറമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കോൺഗ്രസുകാർക്ക്‌ ഒളിയിടം ഒരുക്കിയത്‌ അടൂർ പ്രകാശ്‌ എംപിയുടെ തട്ടകമായ കോന്നിയിൽ. ഇവിടേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ മഹിളാ കോൺഗ്രസ്‌ പ്രവർത്തക പ്രീജയെയും മുഖ്യ പ്രതികളായ  സജീവ്‌, സനൽ എന്നിവരെയും ചൊവ്വാഴ്‌ച പിടികൂടിയത്‌. ഇവരെ കോടതി റിമാൻഡ്‌ ചെയ്‌തു.  അതിനിടെ പ്രതികളെ രക്ഷിക്കാൻ അടൂർ പ്രകാശ്‌ എംപി പരസ്യമായി രംഗത്തെത്തി.  പ്രതികളെ ന്യായീകരിച്ച എംപി കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരെ അക്രമികളായാണ്‌ മാധ്യമങ്ങളോട്‌ ചിത്രീകരിച്ചത്‌. ഒപ്പം സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ആരോപണങ്ങളുന്നയിച്ച്‌ ഭീഷണിപ്പെടുത്താനും അടൂർ പ്രകാശ്‌ ശ്രമിക്കുന്നു.

പ്രതികളെ സഹായിച്ച അടൂർ പ്രകാശിന്റെ അടുപ്പക്കാരനും മാണിക്കൽ പഞ്ചായത്ത്‌ തലയിൽ വാർഡ്‌ അംഗവുമായ ഗോപന്റെ പങ്കിനെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം തുടങ്ങി. തലയിൽ ഗോപന്റെ അടുപ്പക്കാരനാണ് ഒളിവിലുള്ള പ്രധാനപ്രതി ഉണ്ണി‌. ഗോപൻ തിരുവോണദിവസം പുലർച്ചെ മൂന്നരയ്‌ക്കും ആറരയ്‌ക്കും ഉണ്ണിയുടെ വീട്ടിൽ എത്തിയിരുന്നു.  സനലിന്റെ വീടും സന്ദർശിച്ചിരുന്നു‌.   സംഭവം പുറത്തുവന്നതോടെ ഇയാൾ ഫോൺ സ്വിച്ച്‌ ഓഫാക്കി മുങ്ങി. ബുധനാഴ്‌ച ഉച്ചയോടെയാണ്‌ ഫോൺ ഓണാക്കി ചില മാധ്യമങ്ങളുമായി സംസാരിച്ചത്‌. ഇക്കാര്യം പൊലീസ്‌ വിശദമായി അന്വേഷിക്കുന്നുണ്ട്‌. കോൺഗ്രസ്‌, ഐൻഎൻടിയുസി നേതാവായ ഉണ്ണിക്കായി തെരച്ചിൽ ഊർജിതമാക്കി‌.‌

വസ്‌ത്രങ്ങളും ആയുധങ്ങളും കണ്ടെടുത്തു

പ്രതികളുടേതെന്നു കരുതുന്ന വസ്‌ത്രങ്ങളും വെട്ടാനും കുത്താനും ഉപയോഗിച്ച ആയുധങ്ങളും പൊലീസ്‌ കണ്ടെടുത്തു. നെടുമങ്ങാട്‌ ആനാടിന്‌ അടുത്തുള്ള മൊട്ടക്കാവിലെ റബർ തോട്ടത്തിൽനിന്നാണ്‌ രണ്ട്‌ ഷർട്ട്‌ കണ്ടെടുത്തത്‌. ഇവ പ്രതികൾ ഉപയോഗിച്ചതെന്നാണ്‌  നിഗമനം. ഇവ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയക്കും. ആയുധങ്ങൾ ചൊവ്വാഴ്‌ചയാണ്‌ കണ്ടെടുത്തത്‌.

പ്രതികളുടെയും ചില കോൺഗ്രസ്‌ നേതാക്കളുടെയും മൊബൈൽ ഫോൺ വിളികളുടെ വിശദവിവരം (സിഡിആർ) പൊലീസ്‌  പരിശോധിച്ചുവരികയാണ്‌. ആയിരത്തിലധികം ഫോൺ രേഖയാണ്‌ പരിശോധിക്കുന്നത്‌. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്‌ വിശദമായ അന്വേഷണവും തെളിവെടുപ്പും നടത്തും.

പ്രതികളെ കടത്താൻ സ്വർണം പണയംവച്ചു

പ്രതികളായ ഉണ്ണിയുടെയും സനലിന്റെയും   ബന്ധുവാണ്‌ പ്രീജ. ഇവരുടെ അമ്മ കോന്നിക്കാരിയാണ്‌. ഉണ്ണിയുടെ നിർദേശ പ്രകാരമാണ്‌ സനലിനെയും സജീവിനെയും മാരുതി സ്വിഫ്‌റ്റ്‌ ഡിസയറിൽ കോന്നിയിലേക്ക്‌ കടത്താൻ ശ്രമിച്ചത്‌. ഇതിനായി സ്വർണം പണയംവച്ച പണവും  നേരത്തെ തന്നെ പ്രീജ കരുതിയിരുന്നു.  13,500 രൂപ വാഹനത്തിൽനിന്ന്‌ പൊലീസ്‌ പിടിച്ചെടുത്തു. എംസി റോഡിലേക്ക്‌ കടക്കുംമുമ്പാണ്‌ കാർ പിന്തുടർന്ന്‌ പൊലീസ്‌ പിടികൂടിയത്‌

Wednesday, September 2, 2020

രണ്ടില പോയി: പെട്ടത്‌ ജോസഫും യുഡിഎഫും ; മലക്കം മറിഞ്ഞ്‌ കോൺഗ്രസ്

രണ്ടിലയും പേരും ജോസ്‌ കെ മാണിക്ക്‌; പി ജെ ജോസഫിന്‌ തിരിച്ചടി

ന്യൂഡൽഹി> കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ലഭിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്കായിരിക്കും. ഇതോടെജോസ് ജോസഫ് തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് നിര്‍ണായക നേട്ടമായി. ഇരു വിഭാഗവും ഏറെനാളായി ചിഹ്നത്തിനായി പോരടിക്കുകയായിരുന്നു. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് പറഞ്ഞു.  

കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷനിലെ 3 അംഗങ്ങളില്‍ രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചത്

കെഎം മാണിയുടെ മരണത്തിന് പിന്നാലെ പാലാ ുപതെരെഞ്ഞെടുപ്പിലാണ്‌  ചിഹ്നം സംബന്ധിച്ച തര്‍ക്കം രൂക്ഷമായത്. അന്ന്‌ രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് കെ മാണി വിഭാഗം പാലാായിൽ മത്സരിച്ചത്.  

കേരള കോൺഗ്രസിന്റെ അവകാശവും അടയാളവുമായ രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിനാണെന്ന തെരഞ്ഞെടുപ്പ് കമീഷൻ വിധി വെട്ടിലാക്കിയത് കോൺഗ്രസിനെയും യുഡിഎഫിനേയും. ഔദ്യോഗിക പാർടി ചിഹ്നം കാത്തിരുന്ന പി ജെ ജോസഫിന് അപ്രതീക്ഷത തിരിച്ചടിയായി‌.

രണ്ടില പോയി: പെട്ടത്‌ ജോസഫും യുഡിഎഫും ; മലക്കം മറിഞ്ഞ്‌ കോൺഗ്രസ്

ജോസ് വിഭാഗത്തിനെതിരെ ബുധനാഴ്ച കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചിരിക്കെ കമീഷന്റെ തീരുമാനം യുഡിഎഫിനെയാകെ ആശയക്കുഴപ്പത്തിലാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം കൈമാറ്റ പ്രശ്നത്തിൽ ജൂൺ 29ന് പുറത്താക്കിയെന്ന്‌ പ്രഖ്യാപിച്ചിട്ട്‌   ഇനിയെന്ത് കടുത്ത നടപടിയെന്ന് ജോസ് വിഭാഗം ചോദിക്കുന്നു.

24 ന് നടന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പിലും അവിശ്വാസ വോട്ടെടുപ്പിലും വിട്ടുനിന്ന ജോസ് കെ മാണി വിഭാഗത്തെ മുന്നണി കൺവീനറും പ്രതിപക്ഷ നേതാവും ഭീഷണി മുഴക്കി അന്ത്യശാസനവും നൽകി വിട്ടതാണ്‌. പി ജെ ജോസഫിന് എല്ലാ പിന്തുണയും നൽകി കേരള കോൺഗ്രസിനെ ശിഥിലമാക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ്‌ ജോസ് വിഭാഗം.  കെ എം മാണിയുടെ മരണത്തെ തുടർന്ന് കേരള കോൺഗ്രസിനെ ശിഥിലമാക്കാനുള്ള സംഘടിത നീക്കവും ഗൂഢാലോചനയും നടന്നതായാണ് ജോസ് വിഭാഗത്തിന്റെ പ്രധാന ആക്ഷേപം. പാലാ തെരഞ്ഞെടുപ്പോടെ  ഭിന്നത രൂക്ഷമായി.കോൺഗ്രസിലെ ചേരിപ്പോരും ഇതിന് ആക്കം കൂട്ടി.

പാർടി ചിഹ്നം ജോസഫ് വിഭാഗത്തിന് ലഭിക്കുമെന്ന് കരുതിയാണ് കോൺഗ്രസിലെ ഒരു വിഭാഗം ജോസഫിനൊപ്പംനിന്ന് കരുക്കൾനീക്കിയത്.  രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും വിപ്പ് നൽകി വേറിട്ട നിലപാട് സ്വീകരിച്ചു.  കമീഷൻ വിധി വന്നതോടെ വിപ്പ് ലംഘനവും വീണ്ടും പ്രശ്നമായേക്കും.

മലക്കം മറിഞ്ഞ്‌ കോൺഗ്രസ്

കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗത്തിന്‌ അനുകൂലമായി തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനം വന്നതോടെ മലക്കം മറിഞ്ഞ്‌ കോൺഗ്രസ്‌. ജോസ്‌ വിഭാഗത്തെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയിട്ടില്ലെന്ന വാദവുമായി പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല രംഗത്ത്‌ വന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ ചർച്ചയിലും വിട്ടുനിന്ന ജോസ്‌ വിഭാഗത്തിനെതിരെ നടപടി എടുക്കാൻ മൂന്നിന്‌ ചേരാനിരുന്ന യുഡിഎഫ്‌ യോഗവും മാറ്റി.

യുഡിഎഫ്‌ നേതൃത്വത്തിന്‌  പക്വതയില്ല: ജോസ്‌ കെ മാണി

യഥാർഥ കേരള കോൺഗ്രസ്‌ എം തങ്ങളാണെന്ന്‌  ജോസ്‌ കെ മാണി എംപി. രണ്ടില ചിഹ്നവും കേരള കോൺഗ്രസ്‌ എം അംഗീകാരവും  കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ തങ്ങൾക്ക്‌ അനുവദിച്ചുവെന്ന്‌ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പോടെ പാർടിയുടെ മുന്നണി പ്രവേശം  തീരുമാനമാകും. അതുവരെ മുന്നണികളോട്‌  തുല്യ അകലം പാലിക്കും. വികസന രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കും. യുഡിഎഫ്‌ നേതൃത്വത്തിന്‌ രാഷ്‌ട്രീയ പക്വതയില്ല.  തങ്ങളെ എന്ത്‌ കുറ്റത്തിനാണ്‌ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയത്‌? പാർടിയുടെ വാതിൽ തുറന്നുകിടക്കുകയാണ്‌.

തെറ്റിദ്ധരിപ്പിക്കപ്പെട്ടവർക്കും രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർക്കും മടങ്ങിവരാം. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ്‌ ലംഘിച്ചവർക്കെതിരേ നടപടിയുണ്ടാകും–- ജോസ്‌ പറഞ്ഞു.തോമസ്‌ ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്‌റ്റിൻ, എൻ ജയരാജ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജോസ് വിഭാഗം പുറത്തുതന്നെ: പി ജെ ജോസഫ്

ജോസ് വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെകൊണ്ടുവരില്ലെന്ന് പി ജെ ജോസഫ് എംഎൽഎ. യുഡിഎഫ് കൺവീനർ കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും ജോസഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജോസ് വിഭാഗം യുഡിഎഫിൽനിന്ന് സ്വയം പുറത്തുപോയതാണ്. മുമ്പുണ്ടായ വിധികൾ പരിഗണിക്കാത്ത തെരഞ്ഞെടുപ്പ് കമീഷന്റെ വിധി നിയമപരമല്ല. ജോസ് വിഭാഗത്തിന്റെ വിജയം താൽക്കാലികമാണ്. ഇപ്പോഴത്തെ ആഹ്ലാദം കരച്ചിലാകും. ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ജോസഫ് പറഞ്ഞു.

കെ ടി രാജീവ്