Wednesday, April 24, 2013

ശാരദാ ഗ്രൂപ്പിന്റെ ആസ്തി കണ്ടുകെട്ടി നിക്ഷേപകര്‍ക്കു നല്‍കണം: ഇടതുമുന്നണി


തൃണമൂല്‍ സര്‍ക്കാരിന്റെ സഹായത്തോടെ ജനങ്ങളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത ശാരദാ ഗ്രൂപ്പ് ചിട്ടി ക്കമ്പനിയുടെ ആസ്തികള്‍ കണ്ടുകെട്ടി ഇടപാടുകാര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് ബംഗാള്‍ ഇടതുമുന്നണി ആവശ്യപ്പെട്ടു. ഇതുപോലുള്ള സ്ഥാപനങ്ങളില്‍ ഭരണകക്ഷിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത തല കമ്മിറ്റി രൂപീകരിക്കണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് 30ന് കൊല്‍ക്കത്തയിലും എല്ലാ ജില്ലയിലും പ്രകടനവും യോഗങ്ങളും നടത്തുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ബസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചിട്ടിക്കമ്പനിയുടെ തകര്‍ച്ച സംസ്ഥാനത്ത് വലിയ സാമൂഹ്യ പ്രശ്നമാണ്് സൃഷ്ടിക്കുന്നതെന്ന് ബിമന്‍ബസു പറഞ്ഞു. ഇടത്തരക്കാരും പാവപ്പെട്ടവരുമാണ് വന്‍തോതില്‍ കബളിപ്പിക്കപ്പെട്ടത്. എല്ലാ സമ്പാദ്യവും ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ച മൂന്നുപേര്‍ ഇതിനകം ആത്മഹത്യചെയ്തു. ചിട്ടിക്കമ്പനി ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവന കമ്പനി ഉടമ സുദീപ് സെന്നിന് രക്ഷപ്പെടാന്‍ കൂടുതല്‍ സമയം അനുവദിക്കലാണ്. അയാളെയും ബന്ധപ്പെട്ട ഉന്നതരെയും ഉടന്‍ അറസ്റ്റു ചെയ്യണം. ശാരദാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിനെതിരെ ഇടതുമുന്നണി പലതവണ പരാതി നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനികളെയും ധനസ്ഥാപനങ്ങളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി ഭരണത്തിലിരുന്നപ്പോള്‍ ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചു. തൃണമൂല്‍ അധികാരത്തില്‍വന്ന് രണ്ടുവര്‍ഷമായിട്ടും ബില്ലിന് അംഗീകാരം നേടിയെടുക്കാന്‍ ശ്രമിച്ചില്ല.

2011 ആഗസ്റ്റ് 22ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്രയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ട് ചിട്ടിക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ യൂപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോഴായിരുന്നു ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കമ്പനിയുടെ ഏജന്റുമാര്‍ തൃണമൂലിനുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു ശാരദാ ഗ്രൂപ്പിന്റെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിക്ഷേപകരെ എങ്ങനെ സംരക്ഷിക്കുമെന്ന് പറഞ്ഞില്ല. കമ്പനിയുമായി അടുത്ത ബന്ധമുള്ള സംസ്ഥാനമന്ത്രി മദന്‍ മിത്ര, തൃണമൂല്‍ എംപി കുനാല്‍ഘോഷ് എന്നിവരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപകരും ഏജന്റുമാരും കൊല്‍ക്കത്തയില്‍ വന്‍പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. കമ്പനിയുമായി ബന്ധമുള്ള തൃണമൂല്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പലയിടത്തും റോഡ് ഉപരോധിച്ച് പ്രകടനം നടത്തി.
(ഗോപി)

deshabhimani

No comments:

Post a Comment