കലാപങ്ങളും യുദ്ധങ്ങളും അടയാളപ്പെടുത്തിയ 74 വർഷങ്ങൾ. ഭരണഘടനാമൂല്യങ്ങൾക്ക് വർഷങ്ങൾ കൊണ്ട് ഏറ്റ അപരിഹാര്യമായ പരിക്കുകൾക്കും ഈ വർഷങ്ങൾ സാക്ഷിയായി. കലാപങ്ങളിൽ നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ജീവനും ജീവിതങ്ങളും. രാഷ്‌ട്രീയ ലാഭത്തിനായി ജനങ്ങളെ വിഭജിച്ച കോൺഗ്രസ്–- ബിജെപി സർക്കാരുകൾ. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നത് കോർപറേറ്റ് സേവയ്‌ക്കുകൂടി വേണ്ടിയാണെന്ന് ബോധ്യപ്പെട്ട വർഷങ്ങൾ. ധനാഢ്യർക്കുവേണ്ടി മാത്രം ഭരിക്കുന്ന സർക്കാർ. ദരിദ്രരുടെയും മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെയും തൊഴിലാളികളുടെയും ദീനരോദനം കേൾക്കാൻ തയ്യാറാകാത്ത സർക്കാരുകൾ ജനാധിപത്യത്തെ ദുർബലമാക്കിയിരിക്കുന്നു. ഈ 74 വർഷത്തെ സുപ്രധാന ചരിത്ര സംഭവങ്ങൾ...
കശ്‌മീർ ഇന്ത്യയിൽ (1947)
ഇന്ത്യ–-പാക് വിഭജനത്തിന് പിന്നാലെ, സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന കശ്‌മീർ പിടിച്ചെടുക്കാൻ പാകിസ്ഥാൻ ശ്രമം. പാക് സൈന്യം പ്രാദേശിക ഗോത്രവർഗക്കാരുടെ സഹായത്തോടെ ശ്രീനഗറിലേക്ക്. ഓപ്പറേഷൻ ഗുൽമാർഗ് എന്ന പാക് നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാൻ കശ്‌മീരിലെ രാജാവ് ഹരിസിങ് അഭ്യർഥിച്ചു. ഇന്ത്യൻ പട്ടാളം കശ്‌മീരിൽ. ഈ എറ്റമുട്ടലാണ് ഒന്നാം ഇന്ത്യ–- പാക് യുദ്ധം. ഹരിസിങ് ഇന്ത്യയോട് സഹായം അഭ്യർഥിച്ചതിനൊപ്പം തന്നെ ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള ലയനരേഖ ഒപ്പുവച്ചു. കശ്‌മീരിനെ ഇന്ത്യയോട് ചേർക്കുകയാണെന്ന് 1947 ഒക്‌ടോബർ 26ന് രാജാവ് പ്രഖ്യാപിച്ചു. പ്രത്യേകപദവിയും പരമാവധി സ്വയംഭരണവും നൽകുമെന്ന് ഇന്ത്യ വാഗ്‌ദാനം നൽകി. ഇതിനായി 370 അനുച്ഛേദം ഭരണഘടനയിൽ ഉൾപ്പെടുത്തി. കശ്‌മീരിന്റെ ഒരു ഭാഗം അന്ന് പാക് നിയന്ത്രണത്തിലായി. അതാണ് പാക് അധിനിവേശ കശ്‌മീർ.
ഗാന്ധി വധം (1948)
1948 ജനുവരി 30ന് രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ഹിന്ദുമഹാസഭാ–- ആർഎസ്‌എസ് നേതാവായ നാഥുറാം വിനായക് ഗോഡ്‌സേ കൊലപ്പെടുത്തി. ഡൽഹി ബിർളാ ഹൗസിന്റെ മുറ്റത്ത് പ്രാർഥനാ യോഗത്തിന് എത്തിയപ്പോൾ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രാർഥനാവേദിയിലേക്ക് ഗാന്ധിജി നടന്നുപോകവേ, ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന തോക്ക് ഇരുകൈകളിലാക്കി ഗാന്ധിജിയെ വന്ദിച്ചു. ഇടതുകൈകൊണ്ട് ഗാന്ധിജിയുടെ സഹായി മനുവിനെ തള്ളിമാറ്റി. മറുകൈയിലെ തോക്കുകൊണ്ട് മൂന്ന് തവണ വെടിയുതിർത്തു. മൂന്ന് വെടിയുണ്ടയും ഗാന്ധിജിയുടെ നെഞ്ചിൽ തുളച്ചുകയറി. "ഹേ റാം, ഹേ റാം" എന്ന് പറഞ്ഞ് കൈകൂപ്പി നിലത്ത് വീണു. മതനിരപേക്ഷ ഇന്ത്യയുടെ നെഞ്ച് പിളർത്തുകയായിരുന്നു ഹിന്ദുത്വ തീവ്രവാദികൾ.
ഇന്ത്യ–-ചൈന യുദ്ധം (1962)
അയൽരാജ്യങ്ങൾക്കിടയിലെ ദീർഘസൗഹൃദത്തിന് 1950കളിൽ രൂപപ്പെട്ട അതിർത്തി തർക്കത്തോടെ പരിക്കേറ്റു. 1959 മാർച്ചിൽ ടിബറ്റിൽനിന്ന് പലായനം ചെയ്‌ത ദലൈലാമയ്‌ക്ക് ഇന്ത്യ അഭയം നൽകിയത് ചൈനയെ പ്രകോപിപ്പിച്ചു. 1960 ഏപ്രിലിൽ ഇന്ത്യ–- ചൈന ഉച്ചകോടിയിലെ ചർച്ച 20 മണിക്കൂറിലേറെ തുടർന്നെങ്കിലും അതിർത്തി തർക്കത്തിൽ സമവായവുണ്ടായില്ല. 1962 സെപ്‌തംബർ 10ന് ഇരുരാജ്യങ്ങളിലെയും സേനകൾ തമ്മിൽ ഉരസലുണ്ടായി. ഒക്‌ടോബർ 20ന് യുദ്ധം ആരംഭിച്ചു. കിഴക്ക്, പടിഞ്ഞാറ് സെക്‌ടറുകളിൽ നിന്ന് ഒരേസമയം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന് പിടിച്ചു നിൽക്കാനായില്ല. തവാങ്ങും അരുണാചൽ പ്രദേശിന്റെ ഒരു ഭാഗവും പിടിച്ചെടുത്തു. ഇന്ത്യയെ നിഷ്‌പ്രയാസം തോൽപ്പിച്ച ചൈന നവംബർ 21ന് മുന്നേറ്റം നിർത്തിവയ്‌ക്കുകയായിരുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ചൈന പിൻമാറി. ഏറ്റുമുട്ടലിന്റെ അലയൊലി ഇപ്പോഴും തുടരുന്നു. കഴിഞ്ഞ വർഷം ലഡാക്ക് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലും ഇതിന്റെ തുടർച്ച.
ഇന്ത്യ–-പാക് യുദ്ധം (1965)
ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യ നേരിട്ട തിരിച്ചടിയാണ് പാകിസ്ഥാനെ യുദ്ധത്തിന് പ്രേരിപ്പിച്ചത്. 1965ൽ കശ്‌മീർ പിടിച്ചെടുക്കാൻ ‘ഓപ്പറേഷൻ ജിബ്രാൾട്ടർ’ എന്ന നുഴഞ്ഞുകയറ്റ പദ്ധതി പാകിസ്ഥാൻ രൂപംനൽകി. ഇതിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണം ഇരു രാജ്യവും തമ്മിൽ നടത്തിയ ഏറ്റവും വലിയ സേനാമുന്നേറ്റത്തിന് വഴിതുറന്നു. പാക് നീക്കം ചെറുത്ത ഇന്ത്യൻ സൈന്യം പാകിസ്ഥാനിലേക്ക് പ്രവേശിച്ചു. യുദ്ധത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. 1965 സെപ്‌തംബർ 22ന് യുഎൻ സുരക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കി. തുടർന്ന് സോവിയറ്റ് യൂണിയൻ മുൻകൈയെടുത്ത് 1966 ജനുവരി 10ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്‌ത്രിയും പാക് പട്ടാളഭരണാധികാരി അയൂബ് ഖാനും താഷ്‌ക്കെന്റ് കരാറിൽ ഒപ്പിട്ടതോടെയാണ് യുദ്ധം അവസാനിച്ചത്. അടുത്തദിവസം താഷ്‌ക്കെന്റിൽ ലാൽബഹാദൂർ ശാസ്‌ത്രി മരിച്ചു.
മൂന്നാം ഇന്ത്യ–-പാക് യുദ്ധം; ബംഗ്ലാദേശിന്റെ പിറവി (1971)
1971 ഡിസംബർ മൂന്നി-ന് ഇന്ത്യൻ വ്യോമതാവളങ്ങളെ പാകിസ്ഥാൻ ആക്രമിച്ചതോടെയാണ് യുദ്ധാരംഭം. ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് അതിർത്തിയിലാണ് 13 ദിവസം ഏറ്റുമുട്ടലുണ്ടായത്. പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്ന് ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായി വേറിട്ടുനിൽക്കുന്ന കിഴക്കൻ പാകിസ്ഥാന്റെ സ്വാതന്ത്ര്യസ്വപ്‌നം യുദ്ധത്തിലൂടെ ഇന്ത്യ സാധ്യമാക്കി. ബംഗാളിന്റെ മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്ഥാന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ, ഭരണകേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരമെന്നത് കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്തയിലേക്ക് എത്തുകയായിരുന്നു. 1971 ഡിസംബർ 16ന് ഇന്ത്യ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ തൊണ്ണൂറ്റിമുവായിരത്തോളം പാക് സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി.
അടിയന്തരാവസ്ഥ (1975–-1977)
പൗരന്മാർക്ക് മൗലികാവകാശം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയ്‌ക്ക് നേരെയുണ്ടായ മിന്നലാക്രമണമായിരുന്നു 1975 ജൂൺ 26ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. ഇന്ത്യാ ചരിത്രത്തിലെ കറുത്ത എടുകളിൽ ഒന്ന്. പൗരാവകാശങ്ങൾ നിഷേധിച്ച്- പ്രധാനമന്ത്രി ഇന്ദിരഗാന്ധി പെൺ ഹിറ്റ്‌ലറായി. രാഷ്ട്രീയ എതിരാളികളെ വേട്ടയാടി. കേന്ദ്രഭരണത്തിനെതിരെ അലയടിച്ച പ്രതിഷേധത്തിന്റെയും ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ്- റദ്ദാക്കിയ അലഹബാദ്- ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിലായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനം. "ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന മുദ്രാവാക്യം ഉയർത്തി പ്രധാനമന്ത്രിയായി തുടരുന്നതിന് അന്നോളം കാണാത്ത ജനാധിപത്യവിരുദ്ധ നടപടികൾ കൂട്ടത്തോടെ നടപ്പാക്കി. പ്രതിപക്ഷ പാർടി നേതാക്കളും പ്രവർത്തകരും മാത്രമല്ല അടിയന്തരാവസ്ഥയെ വിമർശിച്ച സാംസ്-കാരിക പ്രവർത്തകരുമെല്ലാം ആഭ്യന്തര സുരക്ഷാ നിയമപ്രകാരം തുറുങ്കിലടയ്-ക്കപ്പെട്ടു. പ്രസ്- സെൻസർഷിപ്- നിലവിൽ വന്നു. പൗരസ്വാതന്ത്ര്യം ഹനിച്ചു. പാർലമെന്റും എക്-സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര സന്തുലനത്തിൽ മാറ്റം വരുത്തി 42–-ാം ഭരണഘടനാ ഭേദഗതി പാസാക്കി. പാർലമെന്റ്- പാസാക്കിയ ഭരണഘടനാ ഭേദഗതികൾ പുനഃപരിശോധിക്കാൻ ജുഡീഷ്യറിക്ക്- അധികാരമില്ലെന്നതാണ് ഭരണഘടനയിൽ വരുത്തിയ പ്രധാന മാറ്റം. വൈകാതെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. 1977 മാർച്ച് 21 ന് അടിയന്തരാവസ്ഥ പിൻവലിച്ചു. അമിതാധികാര വാഴ്-ചയിലേക്ക്- ഇന്ദിരാ സർക്കാർ നീങ്ങുന്നുവെന്ന് 1972ൽ മധുരയിൽ ചേർന്ന സിപിഐ എം ഒമ്പതാം പാർടി കോൺഗ്രസ്- മുന്നറിയിപ്പ്- നൽകിയിരുന്നു. അതിനെ വേണ്ടത്ര ഗൗരവത്തിൽ കാണാൻ മറ്റുള്ളവർ തയ്യാറായില്ല. 1974ൽ റെയിൽവേ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിനെ പൊലീസിനെയും അർധസൈന്യത്തെയും ഉപയോഗിച്ച്- അതിഭീകരമായി അടിച്ചമർത്തി-. പശ്ചിമബംഗാളിൽ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ അർധഫാസിസ്റ്റ്- ഭീകരത കെട്ടഴിച്ചുവിട്ടു. അടിയന്തരാവസ്ഥയ്-ക്കെതിരെ ശക്തിയുള്ളയിടങ്ങളിലെല്ലാം സിപിഐ എം വലിയ പ്രതിഷേധം സംഘടിപ്പിച്ചു-. എന്നാൽ, ആർഎസ്-എസ് പ്രതിഷേധം പരിമിതമായിരുന്നു. അന്ന് സർസംഘ്- ചാലക്- ആയിരുന്ന ബാലാസാഹിബ്- ദേവറസ്- ഇന്ദിരയ്‌ക്ക്- നൽകിയ കത്ത്- മാപ്പ്- അപേക്ഷയായിരുന്നു.
കോൺഗ്രസ് ഇതര സർക്കാർ (1977)
അടിയന്തരാവസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെതിരെ ജനരോഷം പ്രതിഫലിച്ചു. പ്രതിപക്ഷ പാർടികളുടെ സഖ്യമുന്നണിയായ ജനതാ സഖ്യം അധികാരം പിടിച്ചെടുത്തു. ജയപ്രകാശ് നാരായണന്റെ പിന്തുണയിൽ മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 81–-ാം വയസ്സിൽ അധികാരത്തിൽ എത്തിയ ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാണ്.
പ്രതിപക്ഷകക്ഷികളായ സോഷ്യലിസ്റ്റ് പാർടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (സംഘടന), ഭാരതീയ ലോക്ദൾ, ഭാരതീയ ജനസംഘം എന്നീ കക്ഷികൾ ഒന്നിച്ച് ജനതാ പാർടിയായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ പല നടപടികളും റദ്ദാക്കിയ ജനതാ സർക്കാർ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെപ്പറ്റി അന്വേഷിക്കാൻ കമീഷനെവച്ചു. പല തരം പ്രശ്‌നങ്ങളും നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതകളും കാരണം 1979 ജൂലൈയിൽ മൊറാർജി രാജിവച്ചു. ചരൺസിങ് പ്രധാനമന്ത്രിയായെങ്കിലും ആറ് മാസത്തിനകം ഭൂരിപക്ഷം നഷ്‌ടമായി രാജിവച്ചു. അങ്ങിനെ കോൺഗ്രസിതര മന്ത്രിസഭയ്‌ക്ക് കാലാവധി തികയ്‌ക്കാനായില്ല.
ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984)
പ്രത്യേക സിഖ് രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഖാലിസ്ഥാൻ ഭീകരരെ അമർച്ച ചെയ്യാൻ നടത്തിയ സൈനിക നടപടി. ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ സുവർണക്ഷേത്രത്തിൽ തമ്പടിച്ച സംഘത്തെ പിടികൂടാൻ 1984 ജൂൺ മൂന്നിന് സൈന്യം പ്രദേശം വളഞ്ഞു. അഞ്ചിന് ക്ഷേത്രത്തിൽ പ്രവേശിച്ച് ഏറ്റുമുട്ടലിൽ ഭിന്ദ്രൻവാലയെയും സംഘത്തെയും വധിച്ചു. തീർഥാടകരായി എത്തിയ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്‌ടമായി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നു ഈ നടപടി.
ഇന്ദിര ഗാന്ധി വധം (1984)
സുവർണ ക്ഷേത്രത്തിലെ സൈനിക നടപടി സിഖ് സമൂഹത്തിൽ ഇന്ദിര ഗാന്ധിയോടുള്ള വിരോധത്തിന് കാരണമായി. 1984 ഒക്ടോബർ 31-ന് അംഗരക്ഷകരായ സത്‌വന്ത് സിങ്, ബിയാന്ത് സിങ് എന്നിവർ ഇന്ദിര ഗാന്ധിയെ വീട്ടുമുറ്റത്ത് വെടിവച്ച് വീഴ്‌ത്തി. ബിയാന്ത് സിങ് ഇന്ദിരാഗാന്ധിയുടെ കൈയിലേക്ക് മൂന്ന് റൗണ്ട് വെടിവച്ചു. സത്‌വന്ത് സിങ് ശരീരത്തിലേക്ക് മുപ്പത് റൗണ്ടും വെടിയുതിർത്തു. ഡൽഹിയിലെ സഫ്‌ദർജങ് ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആക്രമണത്തിനിടെ ബിയാന്ത് സിങ്ങിനെ മറ്റ് അംഗരക്ഷകർ വധിച്ചു. സത്‌വന്ത് സിങ്ങിനെ അറസ്റ്റുചെയ്തു.
സിഖ് വിരുദ്ധ കലാപം (1984)
ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനു പിന്നാലെ ഡൽഹിയിലും പരിസരങ്ങളിലും സിഖുകാർക്കെതിരെ കോൺഗ്രസുകാർ വ്യാപകമായ കലാപം അഴിച്ചുവിട്ടു. സിഖുകാരുടെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കൊള്ളയടിച്ചു, തീയിട്ടു. ഡൽഹിയിലും സമീപത്തുമായി 3100 ഓളം സിഖുകാർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക് എങ്കിലും യഥാർഥ മരണസംഖ്യ എത്രയോ ഇരട്ടിയാണ്. ആയിരക്കണക്കിനാളുകൾ പാലായനം ചെയ്‌തു. വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യ. വൻമരം വീഴുമ്പോൾ സമീപപ്രദേശങ്ങൾ കുലുങ്ങുമെന്ന രാജീവ് ഗാന്ധിയുടെ പ്രസ്‌താവന, കലാപം അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെയാണ് നടന്നതെന്നതിന് തെളിവായാണ് വിലയിരുത്തപ്പെടുന്നത്. കലാപം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലും സർക്കാർ താൽപ്പര്യം കാണിച്ചില്ല. ഇത് ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കും വഴിയൊരുക്കി. കൂട്ടക്കൊല നടത്തിയ കോൺഗ്രസുകാർക്ക് തങ്ങളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നുവെന്ന് ആർഎസ്‌എസ് നേതാക്കൾ പിന്നീട് വെളിപ്പെടുത്തി.
രാജസ്ഥാനിൽ സതി (1987)
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കവേ 1829ൽ നിരോധിച്ച സതി വീണ്ടും അനുഷ്‌ഠിച്ചു. കോൺഗ്രസ് അധികാരത്തിലിരിക്കെ രാജസ്ഥാനിലെ ദേവ്‌രാല ഗ്രാമത്തിൽ പതിനെട്ടുകാരിയായ രജപുത്ര യുവതി രൂപ് കൻവാർ 1987 സെപ്‌തംബർ നാലിനാണ് ദുരാചാരത്തിന് ഇരയായത്. ഭർത്താവ് മാൻസിങ്ങിന്റെ മരണത്തെത്തുടർന്ന് വിധവയായ രൂപയോട് കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സതി അനുഷ്‌ഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിരവധി ആളുകൾ സാക്ഷ്യംവഹിച്ച സംഭവത്തിൽ 45 പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. എന്നാൽ, പ്രതികളെയെല്ലാം വിചാരണയ്‌ക്കുശേഷം വെറുതെവിട്ടു. സതിയെ ന്യായീകരിക്കുകയും അനുഭാവം പ്രകടിപ്പിക്കുകയുംചെയ്‌ത രാഷ്ട്രീയനേതാക്കന്മാർ ഉൾപ്പെടെ 11 പേരെയും ജയ്‌പുർ കോടതി കുറ്റവിമുക്തരാക്കി.
മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കൽ (1990)
ഇന്ത്യയിൽ സാമൂഹ്യനീതി ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം. പട്ടികവിഭാഗക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സംവരണം നൽകേണ്ടതുണ്ടെന്ന് സ്വാതന്ത്ര്യസമരക്കാലത്തുതന്നെ തിരിച്ചറി ഞ്ഞിരുന്നു. ഭരണഘടനയിൽ ഇതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി. എന്നാൽ ജനസംഖ്യയുടെ വലിയൊരു വിഭാഗം ഉൾപ്പെടുന്ന മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ലഭിച്ചിരുന്നില്ല. ഇതുറപ്പാക്കാനാണ് 1990 ആഗസ്‌ത് ഏഴിന് മണ്ഡൽ കമീഷൻ ശുപാർശകൾ പ്രധാനമന്ത്രി വി പി സിങ് അംഗീകരിച്ചത്. നിർദിഷ്‌ട ജോലികൾ ഏറ്റെടുക്കാൻ പൂർവികരാൽ നിർബന്ധിതരായ ദശലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് ഉന്നത പഠനത്തിനും സർക്കാർ ജോലി ലഭിക്കാനും മണ്ഡൽ കമീഷൻ ശുപാർശകൾ അവസരമൊരുക്കി. 1980ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണമാണ് ശുപാർശ ചെയ്‌തത്. ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി മുന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെ നേതൃത്വത്തിൽ സംവരണ വിരുദ്ധ കലാപം ശക്തിപ്പെട്ടു. സംഘപരിവാർ ആയിരുന്നു പ്രക്ഷോഭത്തിന് പിന്നിൽ.
രാജീവ് ഗാന്ധി വധം (1991)
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മെയ് 21ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇ ഭീകരർ വധിച്ചു. തനു എന്നും തേന്മൊഴി രാജരത്നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം നടത്തിയ ചാവേർ സ്‌ഫോടനത്തിലാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിൽ രാജീവ് കൊല്ലപ്പെട്ടത്. 14 പേർക്ക് ജീവൻ നഷ്ടമായി. ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു കൊലപാതകം.
ഉദാരവൽക്കരണം (1991)
1991 മെയിൽ അധികാരത്തിൽ വന്ന പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഉദാരവൽക്കരണത്തിന് തുടക്കമിട്ടു. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ആസൂത്രണത്തിലും സ്വാശ്രയത്വത്തിലും ഊന്നിയുള്ള സമ്മിശ്രസമ്പദ്‌വ്യവസ്ഥയെന്ന അടിസ്ഥാന കാഴ്‌ചപ്പാട് തിരുത്തിയാണ് 1991 ജൂലൈ 24ന് ധനമന്ത്രി മൻമോഹൻ സിങ് കേന്ദ്ര ബജറ്റിലൂടെ നിയന്ത്രണങ്ങളില്ലാത്ത സ്വകാര്യവൽക്കരണത്തിന് തുടക്കമിട്ടത്. സമ്പദ്‌വ്യവസ്ഥ തുറന്നിട്ടുകൊണ്ട് സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് വഴിയൊരുക്കി. എല്ലാ മേഖലയിലും സർക്കാർ പിന്മാറ്റം, സ്വകാര്യമേഖലയ്‌ക്ക് പ്രവേശം. ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂടുതൽ സമന്വയിപ്പിച്ച് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്ന് അവകാശപ്പെടുമ്പോൾ നേട്ടം ലഭിച്ചത് ആഭ്യന്തര വിദേശ കോർപറേറ്റുകൾക്കു മാത്രം. മൂന്ന് പതിറ്റാണ്ടിനിടെ ശതകോടീശ്വരന്മാരുടെ എണ്ണത്തോടൊപ്പം പട്ടിണിക്കാരുടെ എണ്ണവും കൂടി. അടുത്തിടെ പുറത്തുവന്ന കണക്കുപ്രകാരം 34.5 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചതും വൻ അഴിമതി നടത്തിയതുമാണ് നവ ഉദാരവൽക്കരണത്തിന്റെ നേട്ടം. ഗാട്ട്, ഡബ്ല്യുടിഒ, ആസിയാൻ തുടങ്ങി നിരവധി അന്താരാഷ്ട്ര വ്യാപാര ഉടമ്പകളിൽ ഒപ്പിട്ടതോടെ രാജ്യത്തിന്റെ കാർഷിക, ചെറുകിട മേഖലയും പാപ്പരായി. ഉദാരവൽക്കരണത്തോടൊപ്പം ഇന്ത്യ അതിന്റെ ചേരിചേരാ നയം ഉപേക്ഷിച്ച് അമേരിക്കയുടെ ആശ്രിതരാജ്യമായി മാറിക്കൊണ്ട് പശ്‌ചാത്യചേരിയിൽ ഉറച്ചുനിന്നു.
ബാബ്‌റി മസ്‌ജിദ് തകർക്കൽ (1992)
മതനിരപേക്ഷ ഇന്ത്യ തലകുനിച്ച ദിനമാണ് 1992 ഡിസംബർ ആറ്. ബാബ്‌റി മസ്‌ജിദിന്റെ തകർച്ച ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. എൽ കെ അദ്വാനി രഥയാത്ര സംഘടിപ്പിച്ചതോടെയാണ് വർഗീയവാദികൾ മസ്‌ജിദ് ആക്രമണപദ്ധതിക്ക് തുടക്കമിട്ടത്. ആർഎസ്‌എസും അനുബന്ധ സംഘടനകളും ഒന്നരലക്ഷം കർസേവകരെ ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചു. ഇതിൽ ബിജെപി നേതാക്കളായ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരുടെ പ്രസംഗങ്ങളുമുണ്ടായിരുന്നു. റാലിയുടെ ആദ്യ മണിക്കൂറുകളിൽത്തന്നെ, ജനക്കൂട്ടം കൂടുതൽ അക്രമാസക്തരായി. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എണ്ണത്തിൽ കുറവായിരുന്ന പൊലീസ് പ്രത്യാക്രമണത്തിന് തയ്യാറാകാതെ ഓടിപ്പോയി. ആൾക്കൂട്ടം മഴു, ചുറ്റിക തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ മസ്‌ജിദിന്റെ മിനാരം പൂർണമായും പൊളിച്ചു.
കാർഗിൽ യുദ്ധം (1999)
1999 മെയ് മൂന്നുമുതൽ ജൂലൈ 26 വരെയാണ് യുദ്ധം നടന്നത്. കശ്‌മീരിൽ ഇരുരാജ്യവും തത്വത്തിൽ അംഗീകരിച്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാക് പട്ടാളവും ഭീകരരും നുഴഞ്ഞുകയറിയതാണ് യുദ്ധ കാരണം. ഇന്ത്യൻ വ്യോമസേനയുടെ സഹായതോടെ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദവും നിയന്ത്രണരേഖയ്‌ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്ഥാനെ നിർബന്ധിതമാക്കി. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന മേഖലയിലാണ് യുദ്ധം നടന്നത്. ഇരുരാജ്യവും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. യുദ്ധം അവസാനിച്ച ജൂലൈ 26 ഇന്ത്യ കാർഗിൽ വിജയദിനമായാണ് ആഘോഷിക്കുന്നത്.
ഗുജറാത്ത് വംശഹത്യ (2002)
2002 ഫെബ്രുവരി 27 മുതൽ ആഴ്‌ചകൾ നീണ്ട വംശഹത്യകളിൽ രണ്ടായിരത്തിലേറെ മുസ്ലിങ്ങൾ ഗുജറാത്തിന്റെ വിവിധ ഭാഗത്തായി കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റു. സ്‌ത്രീകളും കുട്ടികളുമാണ് വ്യാപകമായി ഇരയാക്കപ്പെട്ടത്. ഒട്ടേറെ സ്‌ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. പ്രധാന കലാപങ്ങൾ അഞ്ചുദിവസമാണ് നടന്നതെങ്കിലും സംസ്ഥാനത്തിന്റെ ചില ഭാഗത്ത് മൂന്നു മാസംവരെ അക്രമം തുടർന്നു. അഹമ്മദാബാദിൽ ആരംഭിച്ച കലാപം ഗുജറാത്തിൽ മുഴുവൻ പടരുകയായിരുന്നു. ഗുജറാത്തിലെ ഗോധ്‌ര റെയിൽവേ സ്റ്റേഷനിൽ സബർമതി എക്‌സ്‌പ്രസിന്റെ എസ്- 6 കോച്ചിന് തീ പിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സംഘപരിവാറിന് നേതൃത്വം നൽകുന്ന ആർഎസ്എസും പോഷക സംഘടനകളായ വിഎച്ച്പിയും ബജ്‌രംഗദളുമാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ കലാപങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയും മറ്റു മുതിർന്ന ബിജെപി നേതാക്കളും വംശഹത്യക്ക് മൗനാനുവാദം നൽകി. കലാപകാരികളോട് മൃദുസമീപനം സ്വീകരിക്കാൻ മോഡി ആവശ്യപ്പെട്ടതായി ആക്ഷേപമുയർന്നു. ഗുജറാത്ത് കലാപമാണ് നരേന്ദ്ര മോഡിയെ സംഘപരിവാറിന്റെ നേതൃത്വത്തിലേക്ക് ഉയരാൻ വഴിയൊരുക്കിയത്.
മുംബൈ ഭീകരാക്രമണം (2008)
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ലഷ്‌കർ ഇ തോയ്‌ബ ഭീകരർ 2008 നവംബർ 26-ന് ആക്രമണം നടത്തി. മുംബൈ നഗരത്തെയും രാജ്യത്തെയും നടുക്കിയ ഭീകരാക്രമണമായിരുന്നു ഇത്. കടൽ കടന്നെത്തിയ 10 ഭീകരർ നടത്തിയ ആക്രമണത്തിൽ 164 പേർ മരിച്ചു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. സിഎസ്ടി റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിങ്ങനെ പത്തിടത്ത് ആക്രമണം നടത്തി. ഏതാണ്ട് 60 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ഒമ്പത് ഭീകരരെ വധിച്ചു. പിടികൂടിയ ഭീകരരിൽ ഒരാളായ അജ്മൽ കസബിനെ വിചാരണയ്‌ക്കൊടുവിൽ 2012 നവംബർ 21-നു തൂക്കിലേറ്റി. 26/11 എന്നറിയപ്പെടുന്ന ഭീകരാക്രമണത്തിനിടെ ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കറെ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ വിജയ് സാലസ്‌കർ, അശോക് കാംതെ എന്നിവർ കൊല്ലപ്പെട്ടു. താജ് ഹോട്ടലിൽനിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണനും വീരമൃത്യു അടഞ്ഞു.
കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി (2019)
ജമ്മു കശ്‌മീരിന് ഭരണഘടനയുടെ 370–-ാം അനുച്ഛേദപ്രകാരം നൽകിയ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കി. ഭരണഘടനയിലെ 35എ അനുച്ഛേദവും അസാധുവാക്കി. ആഗസ്‌ത് അഞ്ചിന് പാർലമെന്റിൽ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവന്നു. പ്രതിപക്ഷ നേതാക്കളെയെല്ലാം തടവിലാക്കി താഴ്‌വരെ തോക്കിൻമുനയിൽ നിർത്തിയശേഷമായിരുന്നു കശ്‌മീരിന്റെ സ്വത്വം ഇല്ലാതെയാക്കിയ നടപടി. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ മിന്നലാക്രമണമായാണ് റദ്ദാക്കൽ വിലയിരുത്തപ്പെട്ടത്. സംസ്ഥാനത്തെ വിഭജിച്ച് ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി.
പൗരത്വ ഭേദഗതി നിയമം (2019)
1955-ലെ പൗരത്വനിയമം ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രിസ്‌തുമതവിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വാവകാശം നൽകും. മുമ്പ് കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്കു മാത്രമാണ് പൗരത്വം നൽകിയിരുന്നത്. പുതിയ നിയമം കലാവധി ആറു വർഷമായി ചുരുക്കി. മുസ്ലിങ്ങളെ പൂർണമായും ഒഴിവാക്കുന്നതുമാണ് നിയമം. 2019 ഡിസംബർ ഒമ്പതിന് ലോക്‌സഭയും 11ന് രാജ്യസഭയും ബിൽ പാസാക്കിയതോടെ നിയമം നിലവിൽ വന്നു. മുസ്ലിം അഭയാർഥികളെ സിഎഎയിൽനിന്ന് ഒഴിവാക്കി, ദേശീയ പൗരത്വ റജിസ്റ്ററി (എൻആർസി)ൽ മുസ്ലിം കുടിയേറ്റക്കാരൊഴികെ എല്ലാവരെയും ഉൾപ്പെടുത്തുകയും ചെയ്‌തു. മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ബിജെപിയുടെ നീക്കമായാണ് നിയമത്തെ വിലയിരുത്തുന്നത്. സിഎഎക്കെതിരെ രാജ്യത്താകമാനം പ്രക്ഷോഭം ആലയടിച്ചു. ഷഹീൻബാഗിൽ നടന്ന സമരം അന്തർദേശീയ ശ്രദ്ധ നേടി.
കർഷക പ്രക്ഷോഭം (2020)
കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ 2020 ആഗസ്‌ത് ഒമ്പതിന് ആരംഭിച്ച പ്രക്ഷോഭം ഒരു വർഷം പിന്നിട്ടു. നിയമങ്ങൾ നിലവിൽ വന്നയുടൻ കർഷക സംഘടനകൾ പ്രാദേശിക പ്രതിഷേധം ആരംഭിച്ചു. പിന്നീട് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി ചലോ സംഘടിപ്പിച്ചു. എന്നാൽ, ഡൽഹി അതിർത്തിയിൽ പ്രക്ഷോഭകരെ തടഞ്ഞു. തുടർന്ന് തലസ്ഥാന നഗര അതിർത്തിയിൽ പ്രക്ഷോഭകർ തമ്പടിച്ച് സമരം തുടരുകയാണ്. നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പൂർണമായി പിൻവലിക്കാതെ നഗരാതിർത്തികൾ ഒഴിയില്ലെന്ന നിലപാടിലാണ് സംഘടനകൾ. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക മുന്നേറ്റമായി മാറിക്കഴിഞ്ഞു. ബിജെപി സർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തെ അടിച്ചമർത്താൻ നിരവധി തവണ ശ്രമമുണ്ടായി. സമരത്തെ നേരിടുന്ന രീതിയോടുള്ള കടുത്ത വിയോജിപ്പ് സുപ്രീംകോടതി വാക്കാൽ രേഖപ്പെടുത്തിയിട്ടുണ്ട്