Friday, April 26, 2013

കാരുണ്യം പരസ്യത്തില്‍ മാത്രം; ചികിത്സ വഴിമുട്ടി ആരോമല്‍


കൂത്താട്ടുകുളം: കാരുണ്യ ലോട്ടറി വിപണനത്തിനായി മലയാളത്തിലെ പ്രമുഖ നടന്മാരും നടികളും വെള്ളിത്തിരയിലും മിനിസ്ക്രീനിലും ദിവസവും ഉരുവിടുന്ന വാചകം പരസ്യം മാത്രമാണല്ലോയെന്ന സങ്കടത്തിലാണ് ഇടയാര്‍ വേളൂക്കരയില്‍ ശിവരാജനും കുടുംബവും. നെഫ്രോട്ടിക് സിഗ്രം എന്ന ഗുരുതരരോഗം ബാധിച്ച ശിവരാജന്റെ ഇളയ കുട്ടി ജിഷ്ണു (ആരോമല്‍)വിന്റെ ചികിത്സയ്ക്കായി ആറുമാസംമുമ്പ് കാരുണ്യ ചികിത്സാസഹായപദ്ധതിയില്‍നിന്ന് അനുവദിച്ച തുക ഇനിയും കിട്ടാത്തതാണ് മരുന്നു മുടങ്ങാന്‍ കാരണമായത്. ഒന്നരവയസ്സിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയവാല്‍വുകള്‍ ദ്രവിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന അണുബാധ കിഡ്നി പ്രവര്‍ത്തനത്തെ ബാധിക്കുന്ന അസുഖമാണിത്. ഇപ്പോള്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ജിഷ്ണുവിന് മാസത്തില്‍ 15,000 രൂപ മരുന്നിനുമാത്രം ചെലവാകും.

സര്‍ക്കാരിന് 2012 ഏപ്രില്‍ നാലിനു നല്‍കിയ അപേക്ഷപ്രകാരം ആറുമാസംമുമ്പാണ് 1,20,000 രൂപ ചികിത്സയ്ക്കായി അനുവദിച്ചത്. കിട്ടിയ തുകകൊണ്ട് പത്തുമാസമെങ്കിലും മുടക്കമില്ലാതെ മരുന്നു നല്‍കാമെന്നു കരുതി മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിയപ്പോഴാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം മരുന്നു ലഭിക്കുന്നതുകൊണ്ട് തുക വിനിയോഗിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഒരുപ്രാവശ്യം ഡോക്ടറെ കണ്ടുകഴിഞ്ഞശേഷം 1000 രൂപയില്‍താഴെയുള്ള മരുന്നു മാത്രമാണ് ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം നല്‍കാറുള്ളു എന്ന് ഈ അച്ഛനമ്മമാര്‍ പറയുന്നു. അല്ലെങ്കില്‍ ആശുപത്രിയില്‍ കിടക്കണം. രോഗത്തിന്റെ സ്വഭാവംവച്ച് സര്‍ക്കാര്‍ മാസംതോറും അനുവദിച്ച 10,000 രൂപ മരുന്നായി അനുവദിച്ചാല്‍ മതിയെന്നു പറഞ്ഞെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ മാണി എംപി തുടങ്ങിയവര്‍ക്കും പരാതി നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതേ അനുഭവമുള്ള നിരവധി രോഗികള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു.

ചികിത്സയ്ക്കായി റോഡിനോടു ചേര്‍ന്ന 20 സെന്റ് സ്ഥലം വിറ്റ് കുന്നിനു മുകളിലെ ചെറിയ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും ഇനിയും കടങ്ങള്‍ ബാക്കിയാണ്. കൂലിപ്പണിക്കാരായ ശിവരാജനും വത്സയും ഇനിയെന്ത് എന്നുള്ള ഭയപ്പാടിലാണ്. പ്രത്യേക രോഗമായതിനാല്‍ ഓപ്പറേഷനു സാധ്യതയില്ലെന്നും മരുന്നുകഴിക്കുക മാത്രമാണ് പോംവഴിയെന്നുമാണ് ചികിത്സിക്കുന്ന ഡോ. കെ പി ജയകുമാറിന്റെ അഭിപ്രായം. ചികിത്സാചെലവുകള്‍ കാരണം മൂത്തമകന്റെ പഠനവും പാതിവഴിയില്‍ നില്‍ക്കുകയാണ്. എന്നാല്‍, പ്രായത്തെ വെല്ലുന്ന മനസ്സുമായി അധികൃതരുടെ കണ്ണു തുറക്കുമെന്നു പ്രതീക്ഷയിലാണ് ഇടയാറിന്റെ ആരോമല്‍.
(എല്‍ദോ ജോണ്‍)

deshabhimani 260413

No comments:

Post a Comment