Tuesday, April 22, 2014

ബാറില്‍ തര്‍ക്കം തീര്‍ന്നില്ല; സര്‍ക്കാരും കെപിസിസിയും രണ്ടുതട്ടില്‍

തിരു: നിലവാരമില്ലെന്ന പേരില്‍അടച്ചുപൂട്ടിയ ബാറുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി യോഗത്തില്‍ ധാരണയായില്ല. സര്‍ക്കാരും കെപിസിസി നേതൃത്വവും പരസ്പരവിരുദ്ധമായ നിലപാട് എടുത്തതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ മാത്രമായി ബുധനാഴ്ച പകല്‍ 11ന് വീണ്ടും യോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. മുഖ്യമന്ത്രിയും താനും രണ്ടുതട്ടില്‍ നില്‍ക്കുന്നതിനാലാണ് തീരുമാനം എടുക്കാത്തതെന്നത് ശരിയല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കെപിസിസി നിര്‍വാഹകസമിതി യോഗം ചൊവ്വാഴ്ചയും യുഡിഎഫ് യോഗം ബുധനാഴ്ചയും ചേരുന്നുണ്ട്. ഇതിലെ അഭിപ്രായം കൂടി അറിഞ്ഞശേഷം തീരുമാനമെടുത്താല്‍ മതിയെന്നും അതിനു മുമ്പ് വിവാദം സൃഷ്ടിക്കേണ്ടതില്ലെന്നുമാണ് ഇപ്പോഴത്തെ ധാരണ. ഇതിനിടെ, നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെതിരെ മുസ്ലിംലീഗും രംഗത്തുവന്നു. ഇതോടെ പൂട്ടിയ ബാറുകള്‍ തുറക്കുന്നത് യുഡിഎഫിലും ഏറ്റുമുട്ടലിന് വഴിതുറക്കും. എക്സൈസ് മന്ത്രി കെ ബാബുവിനെ തിങ്കളാഴ്ചത്തെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബാറുകള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കാമെന്ന എക്സൈസ് വകുപ്പിന്റെ നിലപാട് മന്ത്രി യോഗത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രി ഇതിനോട് യോജിച്ചെങ്കിലും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തു. തുടര്‍ന്നാണ് പിന്നീട് ചര്‍ച്ചചെയ്യാമെന്നു പറഞ്ഞ് മാറ്റിവച്ചത്. 418 ബാറുകള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് കാല്‍ലക്ഷത്തോളം തൊഴിലാളികള്‍ ദുരിതത്തിലാണ്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനു പിന്നിലെ കോഴയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം. ഇതിനിടെ വന്‍കിട നക്ഷത്ര ഹോട്ടലുകളിലെ 335 ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയിരുന്നു. ഇതിന് 25 കോടി രൂപ കോഴ പിരിച്ചിരുന്നു. മറ്റു ബാറുകളുടെ ലൈസന്‍സ് പുതുക്കിനല്‍കുന്നതിന് 25 ലക്ഷം രൂപ നിരക്കില്‍ ആവശ്യപ്പെട്ടെങ്കിലും ബാര്‍ ഉടമകള്‍ നല്‍കാന്‍ തയ്യാറായില്ല. ഇതോടെ വിലപേശലും തകൃതിയായി. തെരഞ്ഞെടുപ്പുഫണ്ട് ആവശ്യപ്പെട്ട് കെപിസിസിയും രംഗത്തുവന്നതോടെ തര്‍ക്കം രൂക്ഷമായി.

സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചാണ് ബാര്‍ ലോബിയുമായി എക്സൈസ് വകുപ്പ് വിലപേശല്‍ നടത്തിയത്. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ മാത്രമാണ് എക്സൈസ് മന്ത്രി പുറത്തെടുത്തിരിക്കുന്നത്. ലൈസന്‍സ് പുതുക്കിയ ബാറുകളുടെ കൂട്ടത്തില്‍ 22 എണ്ണം നിലവാരമില്ലാത്തവയാണെന്ന് ബാര്‍ ഉടമകള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതില്‍ എക്സൈസ് മന്ത്രിയുമായി അടുപ്പമുള്ള കൊച്ചിയിലെ ഒരു ഗ്രൂപ്പിന്റെ ഒമ്പതെണ്ണവും ഉള്‍പ്പെടും. മന്ത്രി കെ എം മാണിയുടെ മരുമകന്റെയും ബന്ധുക്കളുടെയും പേരിലുള്ള ബാറുകളുടെയും ബിയര്‍ പാര്‍ലറിന്റെയും ലൈസന്‍സും പുതുക്കിനല്‍കിയിട്ടുണ്ട്.

പൂട്ടിയ എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കാമെന്നും നിലവാരമുയര്‍ത്താന്‍ സമയപരിധി നല്‍കിയാല്‍ മതിയെന്നുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട്. എന്നാല്‍, നിലവാരമുയര്‍ത്താതെ ലൈസന്‍സ് പുതുക്കരുതെന്നാണ് സുധീരന്റെ ആവശ്യം. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാന്‍ ലൈസന്‍സ് പുതുക്കിയ ചില വന്‍കിട ഹോട്ടലുകാര്‍ രംഗത്തുണ്ട്. സാധാരണ ബാറുകള്‍ പൂട്ടിയത് വന്‍കിട ബാറുകാര്‍ക്ക് കൊയ്ത്തായി മാറിയിരിക്കുകയാണ്. പ്രത്യേക കൗണ്ടര്‍ തുറന്നാണ് ഇവിടങ്ങളില്‍ മദ്യവിതരണം. ഇതില്‍ ഒരുവിഭാഗത്തിനു വേണ്ടിയാണ് കെപിസിസി നേതൃത്വം നിലകൊള്ളുന്നതെന്ന് എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആരോപിച്ചു.

deshabhimani

No comments:

Post a Comment