Tuesday, November 16, 2010

സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നത് സിപിഐ എം

രണ്ടാം തലമുറ സ്പെക്ട്രം ഇടപാടില്‍ കോടികളുടെ അഴിമതി നടന്നതായി ആദ്യം പുറത്തുകൊണ്ടുവന്നത് സിപിഐ എം. 2008 ഫെബ്രുവരിയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പല്‍ ബസുവും വാര്‍ത്താസമ്മേളനം നടത്തിയാണ് അഴിമതിക്കഥ വെളിച്ചത്തുകൊണ്ടുവന്നത്.

2008 ജനുവരി പത്തിനാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് ഒമ്പത് സ്വകാര്യ കമ്പനികള്‍ക്ക് വാര്‍ത്താവിനിമയ മന്ത്രാലയം സ്പെക്ട്രം ലൈസന്‍സ് നല്‍കിയത്. 2001 ല്‍ ഈടാക്കിയ അതേ നിരക്കിലായിരുന്നു 2008 ലും ലൈസന്‍സ് നല്‍കിയത്. മൊത്തം നല്‍കിയ 121 ലൈസന്‍സില്‍ പകുതിയിലധികവും അനധികൃതമാണെന്നും 60,000 കോടി രൂപയെങ്കിലും ഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് അന്ന് സിപിഐ എം ചൂണ്ടിക്കാട്ടിയത്. അന്ന് മറ്റ് രാഷ്ട്രീയപാര്‍ടികളും മാധ്യമങ്ങളും ഇത് ഗൌരവമായി കണ്ടില്ല. തുടര്‍ന്ന് പാര്‍ലമെന്റിന്റെ എല്ലാ സമ്മേളനങ്ങളിലും ഏതെങ്കിലും രൂപത്തില്‍, പ്രത്യേകിച്ചും ശൂന്യവേളയില്‍ സിപിഐ എം ഈ അഴിമതി ഉന്നയിച്ചിരുന്നു. പല ഘട്ടങ്ങളിലും മന്ത്രി രാജതന്നെ സ്വയം പ്രതിരോധിക്കാന്‍ മുന്നോട്ടുവന്നു. യെച്ചൂരിതന്നെ മൂന്നുതവണ അഴിമതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി. 2008 ഫെബ്രുവരി 29, 2008 നവംബര്‍ 18, 2010 മെയ് 31 തീയതികളിലായിരുന്നു കത്തെഴുതിയത്. എന്നാല്‍,ഒന്നിനോടുപോലും പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
അവസാനം നല്‍കിയ കത്തില്‍ പുതിയ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയ ഇനത്തില്‍ 1,24,000 കോടിയും സിഡിഎംഎ ഓപ്പറേറ്റര്‍മാര്‍ക്ക് 'ക്രോസ് ഓവര്‍ ലൈസന്‍സ്' (സാങ്കേതികവിദ്യ പരസ്പരം കൈമാറുന്ന സംവിധാനത്തിനുള്ള ലൈസന്‍സ്) നല്‍കിയ ഇനത്തില്‍ 36,000 കോടി രൂപയും നിശ്ചയിച്ചതിലും അധികം സ്പെക്ട്രം അനധികൃതമായി അനുവദിച്ചതുള്‍പ്പെടെ മൊത്തം 1,90,000 കോടി രൂപ കേന്ദ്രഖജനാവിന് നഷ്ടമുണ്ടായെന്നാണ് ചൂണ്ടിക്കാട്ടിയത്. സിഎജിയുടെ റിപ്പോര്‍ട്ട് പറയുന്നത് 1,76,379 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. സിപിഐ എം ആരോപണത്തെ ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്.

തുടക്കംമുതല്‍ ഈ വിഷയം പാര്‍ലമെന്റിനകത്തും പുറത്തും ഉയര്‍ത്തിയത് സിപിഐ എമ്മാണെന്ന് യെച്ചൂരി പറഞ്ഞു. രണ്ടുവര്‍ഷത്തിന് ശേഷമാണെങ്കിലും മന്ത്രിക്ക് പുറത്തുപോകേണ്ടിവന്നിരിക്കയാണ്. മന്ത്രി പുറത്തുപോയതുകൊണ്ടുമാത്രം പ്രശ്നം തീരില്ല. അനധികൃതമായി ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരടക്കം എല്ലാവരും ശിക്ഷിക്കപ്പെടണം. അനധികൃതമായി ലൈസന്‍സ് നേടിയ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി പുനര്‍ലേലം നടത്തണമെന്നും യെച്ചൂരി പറഞ്ഞു. 1999ല്‍ പുതിയ ടെലികോം നയം അംഗീകരിച്ച ഘട്ടത്തില്‍തന്നെ അതിനെ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും ശക്തമായി വിമര്‍ശിച്ചിരുന്നു. പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി വന്ന ടെലികോം രംഗത്തെ ഈ നയംമാറ്റമാണ് ഇപ്പോഴത്തെ അഴിമതിക്ക് കാരണമായത്.

രാജയെ 2 വര്‍ഷം രക്ഷിച്ചത് കോണ്‍ഗ്രസ്

സ്പെക്ട്രം അഴിമതിക്ക് നേതൃത്വം നല്‍കിയ ടെലികോംമന്ത്രി എ രാജ പുറത്താകുന്നത് രണ്ട് വര്‍ഷത്തിനുശേഷം. 2008 ജനുവരിയില്‍ രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് നല്‍കിയ വേളയില്‍തന്നെ സിപിഐ എം ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ അഴിമതി നടന്നതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്നൊന്നും അന്വേഷണത്തിന് ഉത്തരവിടാനോ മന്ത്രിയെ പുറത്താക്കാനോ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. പ്രധാനമന്ത്രിയടക്കം അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കുകയും പരസ്യമായി തന്നെ പിന്തുണയ്ക്കുകയും ചെയ്യുകയായിരുന്നു. 2009 ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നപ്പോഴെങ്കിലും രാജയെ മന്ത്രിയാക്കില്ലെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, മന്‍മോഹന്‍സിങ് അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, അഴിമതിക്കാരനായ രാജയെ അതേ വകുപ്പില്‍തന്നെ മന്ത്രിയാക്കുകയായിരുന്നു.

പാര്‍ലമെന്റിനകത്തും പല തവണ ഈ വിഷയം ചര്‍ച്ചചെയ്യപ്പെട്ടുവെങ്കിലും അന്നും സഖ്യകക്ഷിയിലെ മന്ത്രിയെ സംരക്ഷിക്കുന്നതിനാണ് യുപിഎയ്ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് തയ്യാറായത്. കഴിഞ്ഞ വര്‍ഷം വാര്‍ത്താവിനിമയ മന്ത്രാലയംപോലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തപ്പോഴും മന്ത്രിയെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസും പ്രധാനമന്ത്രിയും തയ്യാറായത്. സിഎജി റിപ്പോര്‍ട്ട് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒക്ടോബര്‍ ആദ്യവാരത്തിലായിരുന്നു. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടം വരുത്തിവച്ചുവെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. അപ്പോഴും മന്ത്രിയെ ന്യായീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്. സിഎജിയില്‍ പരാമര്‍ശം വന്നതുകൊണ്ടുമാത്രം മന്ത്രി രാജിവക്കേണ്ടതില്ലെന്നും മാത്രമല്ല സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടല്ല പത്രങ്ങളില്‍ വന്നതെന്നും മറ്റും പറഞ്ഞ് രാജയെ രക്ഷിക്കാനായിരുന്നു ആഭ്യന്തരമന്ത്രി പി ചിദംബരവും നിയമമന്ത്രി വീരപ്പ മൊയ്ലിയും മറ്റും തയ്യാറായത്. അവസാനംവരെയും അഴിമതിക്കാരനായ മന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഗത്യന്തരമില്ലാതെ പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നു.

ദേശാഭിമാനി 161110

4 comments:

  1. രണ്ടാം തലമുറ സ്പെക്ട്രം ഇടപാടില്‍ കോടികളുടെ അഴിമതി നടന്നതായി ആദ്യം പുറത്തുകൊണ്ടുവന്നത് സിപിഐ എം. 2008 ഫെബ്രുവരിയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പല്‍ ബസുവും വാര്‍ത്താസമ്മേളനം നടത്തിയാണ് അഴിമതിക്കഥ വെളിച്ചത്തുകൊണ്ടുവന്നത്.

    ReplyDelete
  2. എന്നാല്‍ ഇത് സാധ്യമല്ലെന്നു മനോരമയും കണ്ട് പിടിച്ചിട്ടുണ്ട്....
    "ടെലികൊം രംഗത്തെ പുതിയ തലമുറ കമ്പിനികളും അത്യന്തം ശ്രദ്ധാലുക്കളായ ഉന്നതോഗസ്ഥരും ഓരോ വിഷയത്തെക്കുറിച്ചും സൂക്ഷ്മനിരീക്ഷണം നടത്തുമ്പോള്‍ അഴിമതി നടത്താന്‍ എളുപ്പമല്ല."(Manorama Online oct-27-2009).

    ReplyDelete
  3. ഇപ്പൊ ജെ പി സീ ക്കുവേണ്ടി സമരം ചെയ്യുന്നത് ബീ ജെ പീയും!!!!

    ReplyDelete