Friday, November 19, 2010

സിപിഐ എമ്മിന്റേത് മതനിരപേക്ഷ നിലപാട്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ യുഡിഎഫിനുണ്ടായ വിജയം മതനിരപേക്ഷതയുടെ വിജയമായി ഉയര്‍ത്തിക്കാണിക്കാനും ജാതി - മത ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയത് എല്‍ഡിഎഫാണെന്ന് വരുത്താനുമുള്ള സംഘടിതമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മതനിരപേക്ഷ പാരമ്പര്യത്തെക്കുറിച്ചുള്ള വായ്ത്താരികളും കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുയര്‍ന്നുവരുന്നുണ്ട്.

        മതനിരപേക്ഷത എന്നതിന് മതകാര്യങ്ങളില്‍ രാഷ്ട്രീയവും രാഷ്ട്രീയകാര്യങ്ങളില്‍ മതവും ഇടപെടാതിരിക്കുക എന്നാണര്‍ത്ഥം. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന ഈ ചിന്താഗതി ഉയര്‍ന്നുവന്നത് ഫ്യൂഡലിസത്തിനെതിരായും മതാധിഷ്ഠിത ഭരണ കാര്യങ്ങള്‍ക്കെതിരായും വളര്‍ന്നുവരുന്ന ബൂര്‍ഷ്വാസിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ഫലമായാണ്. എന്നാല്‍ രൂപീകരണഘട്ടം മുതല്‍ ഇന്നേവരെ കോണ്‍ഗ്രസിന് അങ്ങനെയൊരു നിലപാട് മതനിരപേക്ഷതയെക്കുറിച്ച് എടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇല്ലെന്നതിന് ചരിത്രംതന്നെയാണ് സാക്ഷി.

        ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്നതിന് പറഞ്ഞ ന്യായം സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായി പിന്നോക്കംനില്‍ക്കുന്ന ഇന്ത്യക്കാരെ മുന്നോട്ടുനയിക്കുന്നതിനുവേണ്ടിയാണെന്നാണ്. സ്വാഭാവികമായും അവര്‍ക്കെതിരെ സ്വാതന്ത്ര്യസമരം നയിക്കുന്നവര്‍ക്ക് ഇന്ത്യക്കൊരു മഹത്പാരമ്പര്യമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ഗുപ്ത-മൌര്യ സാമ്രാജ്യങ്ങളെയാണ് ഒരു കൂട്ടര്‍ മാതൃകയാക്കി ഉയര്‍ത്തിക്കാട്ടിയതെങ്കില്‍, മുഗള്‍കാലഘട്ടത്തെയാണ് മറ്റൊരുകൂട്ടര്‍ മാതൃകയാക്കി ഉയര്‍ത്തിക്കാണിച്ചത്. കോണ്‍ഗ്രസിന്റെ ആദ്യകാല നേതൃത്വത്തില്‍ ഹിന്ദു പുനരുത്ഥാനത്തിന്റേതായ കാഴ്ചപ്പാടിനായിരുന്നു പ്രാമുഖ്യം. വിഖ്യാത സ്വാതന്ത്ര്യസമരനേതാവായിരുന്ന ബാലഗംഗാധര തിലകന്‍ ഗണേശപൂജയും കാളീപൂജയുമൊക്കെ സ്വാതന്ത്ര്യസമരത്തില്‍ ജനങ്ങളെ അണിനിരത്തുന്നതിനായി ഉപയോഗിച്ചിരുന്നു. ഗാന്ധിജിയുടെ രാമരാജ്യത്തിനും ഒരു ഹിന്ദു പരിവേഷമുണ്ടായിരുന്നു. സ്വാഭാവികമായും കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ അത് ഹിന്ദു മേധാവിത്വത്തിലുള്ള ഒരു ഭരണകൂടമായിരിക്കുമെന്ന ചിന്താഗതി ഇന്ത്യയിലെ അഹിന്ദുക്കളില്‍ രൂപപ്പെടുന്നതിന് ഈ കോണ്‍ഗ്രസ് പാരമ്പര്യം ഇടയാക്കിയിട്ടുണ്ട്. അതാണ് ലീഗ് രൂപീകരണത്തിലേക്കും പിന്നീട് ഇന്ത്യയുടെ വിഭജനത്തിലേക്കുമൊക്കെ നയിച്ചത്.

        വിഭജനത്തിനുശേഷം രൂപംകൊണ്ട പാകിസ്ഥാന്‍ ഇസ്ളാമിക രാഷ്ട്രമായി മാറിയപ്പോള്‍ ഇന്ത്യ മതനിരപേക്ഷതയില്‍ അടിയുറച്ചുനിന്നു. സ്വാതന്ത്ര്യസമരകാലത്തുതന്നെ ഇന്ത്യയില്‍ രൂപപ്പെട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനം വര്‍ഗാടിസ്ഥാനത്തില്‍ ജാതി-മത ചിന്താഗതികള്‍ക്കതീതമായാണ് ജനങ്ങളെ സംഘടിപ്പിച്ചിരുന്നത്. കമ്യൂണിസ്റ്റുകാരായില്ലെങ്കിലും കോണ്‍ഗ്രസിലൊരുവിഭാഗം കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിപ്പിടിച്ച ഇടതുപക്ഷ മതനിരപേക്ഷ നിലപാടുകളോട് അനുഭാവം പുലര്‍ത്തിയവരായിരുന്നു. ഇന്ത്യയിലൊട്ടുക്ക് നാടുവാഴിത്തത്തിനെതിരെ നടന്ന പോരാട്ടങ്ങളില്‍ വളരുന്ന ശക്തിയായി മാറാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞിരുന്നു. സോവിയറ്റ് റഷ്യയുടെയും സോഷ്യലിസ്റ്റ് ചേരിയുടെയും നിലനില്‍പും ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ സ്വാധീനിച്ചിരുന്നു. ഇതിന്റെയൊക്കെ ഫലമായാണ് മതനിരപേക്ഷത അംഗീകരിക്കുന്ന ഒരു ഭരണഘടന ഇന്ത്യയ്ക്കായി തയ്യാറാക്കപ്പെട്ടത്.

        എന്നാല്‍ അധികാരത്തില്‍വന്ന കോണ്‍ഗ്രസിന് ഈ മതനിരപേക്ഷത അജഗളസ്തനംപോലെയാണനുഭവപ്പെട്ടത്. 1957-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി അധികാരത്തില്‍വന്നു. ഇന്ത്യയിലൊട്ടുക്ക് ഏകകക്ഷി മേധാവിത്വം ആസ്വദിച്ചുവന്ന കോണ്‍ഗ്രസിന് ഇത് സഹിക്കാനാവുമായിരുന്നില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെതിരെ എല്ലാ വിധത്തിലുമുള്ള ജാതി-മത ശക്തികളെ അണിനിരത്തിക്കൊണ്ട് 'വിമോചനസമരം' നടത്തി ആ ഗവണ്‍മെന്റിനെ തെരുവില്‍ നേരിടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് ചെയ്തത്. 'മതനിരപേക്ഷവാദി'യെന്ന് അവകാശപ്പെട്ടിരുന്ന നെഹ്റുവിന് അവസാനം എഐസിസി പ്രസിഡണ്ടായ മകളുടെ നിര്‍ബന്ധത്തിനുവഴങ്ങി കേരളത്തിലെ മന്ത്രിസഭയെ പിരിച്ചുവിടേണ്ടതായി വന്നു. തുടര്‍ന്നുനടന്ന തെരഞ്ഞടുപ്പില്‍ 'ചത്തകുതിര'യെന്ന് നെഹ്റുതന്നെ വിശേഷിപ്പിച്ചിരുന്ന മുസ്ളീംലീഗുമായി കോണ്‍ഗ്രസിന്റെ കൊടി കൂട്ടിക്കെട്ടിക്കൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അങ്ങനെ തുടങ്ങിയതാണ് കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം. അത് പിന്നീട് വ്യത്യസ്ത രൂപങ്ങളില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ചു.

        പഞ്ചാബില്‍ കോണ്‍ഗ്രസിനെതിരായി വളര്‍ന്നുവന്ന ഒരു പ്രാദേശിക രാഷ്ട്രീയപാര്‍ടിയായിരുന്നു അകാലിദള്‍. അവര്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് അധികാരത്തിലെത്തി. അകാലിദളിനെ തകര്‍ക്കാന്‍ ശ്രീമതി ഗാന്ധി വളര്‍ത്തിയെടുത്ത ഭിന്ദ്രന്‍വാലയാണ് പിന്നീട് വിഘടനവാദമുയര്‍ത്തിക്കൊണ്ട് ഇന്ത്യയെ അസ്ഥിരീകരിക്കുന്നതിനുവേണ്ടി ശ്രമിച്ചത്. ത്രിപുരയിലെ ഉപ ജാതി ജൂബ സമിതി, ആസാമിലെ വിഘടനവാദികള്‍, മഹാരാഷ്ട്രയിലെ ശിവസേന തുടങ്ങി എല്ലാ തരത്തിലുമുള്ള വര്‍ഗ്ഗീയ വിഘടനവാദ ശക്തികളുമായി ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ കൂട്ടുകൂടിയതിന്റെ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്.

        ന്യൂനപക്ഷ വര്‍ഗീയതയോടുമാത്രമല്ല ഭൂരിപക്ഷ വര്‍ഗീയതയോടും സമരസപ്പെട്ടുപോകാന്‍ കോണ്‍ഗ്രസ് മടികാണിച്ചിട്ടില്ല. ബാബറിമസ്ജിദ് തകര്‍ക്കുന്നതിനുമുമ്പ് എല്‍ കെ അദ്വാനിയുടെ രഥയാത്ര കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ തടസ്സങ്ങളില്ലാതെ കടന്നുപോയപ്പോള്‍ ആ രഥ ഘോഷയാത്രയെ തടഞ്ഞത് അന്ന് വി പി സിംഗിന്റെ പാര്‍ട്ടിക്കാരനായ ലാലുപ്രസാദ് യാദവായിരുന്നു.

        1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് പൊളിക്കുമ്പോള്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നരസിംഹറാവു ആ രംഗം ടിവിയില്‍ കണ്ട് ആസ്വദിച്ചിരിക്കുക ആയിരുന്നു എന്ന കാര്യം ആര്‍ക്കും നിഷേധിക്കാവുന്നതല്ല. അന്നുമുതല്‍ ഇന്നുവരെ ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ മുദ്രാവാക്യങ്ങളോടും അവര്‍ സ്വീകരിക്കുന്ന നിലപാടുകളോടുമെല്ലാം മൃദു ഹിന്ദുത്വത്തിന്റെ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവന്നിരുന്നത്.

        തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരുവശത്ത് ലീഗിനെയും എസ്ഡിപിഐയും മറുഭാഗത്ത് ബിജെപിയെയും നിര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുവിജയം നേടിയത്. അതിന്റെ വിശദാംശങ്ങളൊക്കെ പത്രങ്ങള്‍ വിശദമായിത്തന്നെ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പു പൂര്‍ത്തിയായിരിക്കുന്നു. ഒരു ഡസനിലേറെ പഞ്ചായത്തുകളിലെങ്കിലും ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസുകാര്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ബിജെപിയുടെയോ എസ്ഡിപിഐയുടേയോ പിന്തുണയോടെ ഭരണത്തിലേറാനില്ല എന്ന ചെന്നിത്തല പ്രഖ്യാപനത്തിന് വെള്ളത്തില്‍ വരച്ചവരയുടെ വിലകൊടുക്കാന്‍പോലും കോണ്‍ഗ്രസുകാര്‍ തയ്യാറായില്ല. മറിച്ച് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തില്‍ പാലക്കാട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടോടെയാണ് ജയിക്കാനായത് എന്നതിനാല്‍ ചെയര്‍മാന്‍ സ്ഥാനം വലിച്ചെറിഞ്ഞ പാരമ്പര്യമാണ് സിപിഐ (എം)നുള്ളത്.

        കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പിന്തുണനല്‍കി എന്നതൊരു വാസ്തവമാണ്. അവരെ മുന്നണിയിലെടുക്കുകയോ അവരുമായി കൂട്ടുകെട്ടുണ്ടാക്കുകയോ ചെയ്തിരുന്നില്ല. എന്നിട്ടും എന്തൊരു പുക്കാറായിരുന്നു അന്ന്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മഅദനിയെ സ്നേഹിക്കുന്നവരെല്ലാം ഐക്യ ജനാധിപത്യമുന്നണിക്കാണ് വോട്ടുചെയ്തതെന്ന് അവരുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനം നടത്തി പറഞ്ഞിട്ടും ഒരു വിശകലനക്കാരനും അതിനുപിറകെ പോയതായി കണ്ടില്ല. പിഡിപി, യുഡിഎഫിനെ പിന്തുണച്ചാല്‍ അത് മതനിരപേക്ഷം; പിന്തുണച്ചില്ലെങ്കില്‍ ഭീകരവാദം എന്ന മട്ടിലാണ് കുത്തക പത്രങ്ങള്‍ എടുക്കുന്ന സമീപനം.

        ഇടതുപക്ഷ ജനാധിപത്യമുന്നണിയും മുന്നണിക്ക് നേതൃത്വംകൊടുക്കുന്ന സിപിഐ (എം)ഉം പ്രത്യയശാസ്ത്ര രംഗത്തും സംഘടനാരംഗത്തും അതിശക്തമായ പോരാട്ടം നടത്തിയതിനുശേഷമാണ് വര്‍ഗീയവിരുദ്ധ നിലപാടിലേക്കെത്തിയിരുന്നത്. 67-ല്‍ കോണ്‍ഗ്രസിന്റെ അധികാര കുത്തക തകര്‍ക്കുന്നതിനുവേണ്ടി, കേരളത്തില്‍ ലീഗുമായി മുന്നണിയുണ്ടാക്കാന്‍ സിപിഐ (എം) തയ്യാറായിട്ടുണ്ട്. എന്നാല്‍ രണ്ടേ രണ്ടു വര്‍ഷമാണ് ആ ബന്ധം നിലനിന്നത്. 69-ല്‍ ലീഗ് കോണ്‍ഗ്രസിന്റെകൂടെ കൂടി. എന്നാല്‍ ലീഗില്‍നിന്നൊരു ഭാഗം അഖിലേന്ത്യാ ലീഗ് എന്ന പേരില്‍ സിപിഐ (എം)നൊപ്പമുണ്ടായിരുന്നു. ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നതിന് ന്യൂനപക്ഷ വര്‍ഗീയതയെക്കൂടി എതിര്‍ക്കേണ്ടതാണെന്ന് ബോധ്യപ്പെട്ട സിപിഐ (എം) അതിന്റെ 12-ാം പാര്‍ടി കോണ്‍ഗ്രസിലെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് അഖിലേന്ത്യാ ലീഗ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ടുപോയത്.

        ആ കാലയളവില്‍തന്നെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതിന് ലീഗിനേയും കേരള കോണ്‍ഗ്രസിനെയും മുന്നണിയിലെടുക്കണമെന്ന ഒരു ആശയഗതി രൂപപ്പെടുകയും അതിന്റെ വക്താവായി എം വി രാഘവന്‍ രംഗത്തുവരികയും ചെയ്തിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ രാഘവന്‍ സംഘടനാബാഹ്യമായ നിലപാടുകളിലേക്ക് പോവുകയും അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. അന്നുമുതല്‍ ഇന്നേവരെ ഉറച്ച മതനിരപേക്ഷ നിലപാടില്‍നിന്നുകൊണ്ടാണ് സിപിഐ (എം) നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി എല്ലാകാലത്തും ന്യൂനപക്ഷ ജനതാല്‍പര്യ സംരക്ഷകരായി നിലകൊണ്ടിട്ടുണ്ട്. ആ നിലപാടിനെ പിന്തുണച്ചുകൊണ്ട് ചിലപ്പോഴൊക്കെ ഐഎന്‍എല്‍, പിഡിപി തുടങ്ങിയ കക്ഷികള്‍ നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ അതൊന്നുംതന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിച്ചുവരുന്ന മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ത്തുകൊണ്ടായിരുന്നില്ല. ഉദ്ദിഷ്ട കാര്യസിദ്ധിയുണ്ടാവാതാവുമ്പോള്‍ അവരൊക്കെ മറിച്ചുള്ള നിലപാടും സ്വീകരിച്ചിട്ടുണ്ട് എന്നത് അതാണ് വ്യക്തമാക്കുന്നത്.

        സിപിഐ (എം) സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാടുകളെ ഹൈന്ദവ പ്രീണനമെന്നും മറുഭാഗത്ത് ന്യൂനപക്ഷ പ്രീണനമെന്നുമുള്ള വ്യാഖ്യാനങ്ങള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്. അത് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ചെയ്യുന്നത്.

കെ എ വേണുഗോപാലന്‍ ചിന്ത വാരിക 191110

2 comments:

  1. സിപിഐ (എം) സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാടുകളെ ഹൈന്ദവ പ്രീണനമെന്നും മറുഭാഗത്ത് ന്യൂനപക്ഷ പ്രീണനമെന്നുമുള്ള വ്യാഖ്യാനങ്ങള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്. അത് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ചെയ്യുന്നത്.

    ReplyDelete
  2. ഇതും മറ്റൊരു 'അടവ് നയം' അല്ലെ സഗാവേ?

    ReplyDelete