ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കാനുള്ള കാലപരിധി ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) ഡിസംബര്‍ 31 വരെ നീട്ടി. ഒക്ടോബര്‍ ഒന്നുമുതല്‍ ഐആര്‍ഡിഎ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പോളിസികള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിബന്ധനയുടെ സമയപരിധിയാണ് നീട്ടിയത്. ഐആര്‍ഡിഎ തീരുമാനം എല്‍ഐസി ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഏജന്റുമാര്‍ക്കും ആശ്വാസമായി. എല്‍ഐസിയുടെയും 24 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെയും 450 ഓളം പദ്ധതികളാണ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുന്നതിന് ഐആര്‍ഡിഎയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇവയില്‍ 150 എണ്ണത്തിന് മാത്രമാണ് അനുമതിയായത്. നിലവില്‍ സമര്‍പ്പിച്ച പദ്ധതികള്‍പോലും പരിശോധിച്ച് അനുമതി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന കമ്പനികളുടെയും ഏജന്റുമാരുടെയും ആവശ്യം പരിഗണിച്ചാണ് സമയപരിധി നീട്ടിയത്.
എല്‍ഐസി അറുപതോളം പദ്ധതികളാണ് മാനദണ്ഡങ്ങള്‍ പുതുക്കാന്‍ ഐആര്‍ഡിഎയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. നിലവിലുള്ള പോളിസികള്‍ വില്‍ക്കുന്നതിനുള്ള കാലപരിധി ചൊവ്വാഴ്ച അവസാനിച്ചതോടെ എല്‍ഐസി ഉദ്യോഗസ്ഥരും ഏജന്റുമാരും ആശങ്കയിലായിരുന്നു. നിര്‍ദേശമനുസരിച്ച് രണ്ട് പോളിസികള്‍ മാത്രമായിരുന്നു എല്‍ഐസിക്ക് വില്‍ക്കാനാവുക. കാലപരിധി നീക്കിയതോടെ ആശങ്ക നീങ്ങി. എല്‍ഐസിയുടെ ആറ് ജനപ്രിയ പോളിസികള്‍ക്കുകൂടി ഉടന്‍ അനുമതി ലഭിക്കുമെന്നാണ് അറിയുന്നത്. സാമൂഹ്യ സുരാക്ഷാ പദ്ധതികള്‍ക്ക് പ്രീമിയം തുകയ്ക്ക് ആനുപാതികമായ സര്‍വീസ് ചാര്‍ജ് പോളിസി ഉടമതന്നെ അടയ്ക്കണമെന്നതുള്‍പ്പെടെ നിരവധി നിബന്ധനകളാണ് ഐആര്‍ഡിഎ മാര്‍ഗനിര്‍ദേശത്തിലുള്ളത്. നിലവില്‍ എല്‍ഐസി സ്വന്തം ഫണ്ടില്‍ നിന്നാണ് സര്‍വീസ് ചാര്‍ജ് അടച്ചിരുന്നത്. പുതിയ നിബന്ധനകള്‍ ജനങ്ങളെ എല്‍ഐസിയില്‍നിന്ന് അകറ്റുമെന്ന ആശങ്ക ശക്തമാണ്.
deshabhimani
No comments:
Post a Comment