ഐആര്‍ഡിഎ നിര്‍ദേശപ്രകാരം 34 ജനപ്രിയ പോളിസികള്‍ ഡിസംബര്‍ 31ന് ശേഷം പിന്‍വലിക്കാന്‍ എല്‍ഐസി തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം എല്‍ഐസി ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചു. 2000നു മുമ്പുള്ള എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും വീണ്ടും ഐആര്‍ഡിഎയുടെ അംഗീകാരത്തിന് സമര്‍പ്പിക്കണമെന്ന നിയമമനുസരിച്ചാണ് ഇവ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നത്. നവംബര്‍ 15ന് ഏഴ് പോളിസിയും 23ന് അഞ്ച് പോളിസിയും 30ന് രണ്ട് പോളിസിയും പിന്‍വലിച്ച് എല്‍ഐസി ഡിവിഷണല്‍ മാനേജര്‍മാര്‍ ഏജന്റുമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. അടുത്ത ജനുവരിമുതല്‍ ഈ പോളിസികള്‍ ഉണ്ടാകില്ല. നിലവിലെ പോളിസി മാറ്റമില്ലാതെ തുടരും. പുതുതായി വരുന്ന പോളിസികള്‍ക്ക് നിലവിലുള്ള ജനറല്‍ ഇന്‍ഷുറന്‍സ് നിരക്കനുസരിച്ച് 12.36 ശതമാനം സേവനനികുതിയാണ് ഏര്‍പ്പെടുത്തുക. നിരക്ക് മാറുന്നതിനനുസരിച്ച് തുകയില്‍ മാറ്റം വരാം.
പോളിസി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സേവനനികുതി ഏര്‍പ്പെടുത്തുന്നതെന്നും സറണ്ടര്‍ തുക കൂടുതല്‍ നല്‍കുന്നതിന്റെ ഭാഗമാണിതെന്നുമാണ് ഐആര്‍ഡിഎയുടെ അവകാശവാദം. എന്നാല്‍, ഇത്തരം വാദങ്ങളുമായി ഐആര്‍ഡിഎയുടെ അനുവാദത്തോടെ മുമ്പു വന്ന പല സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും പിന്‍വാങ്ങിയ അനുഭവമുള്ളപ്പോഴാണ് സേവനനികുതി അടിച്ചേല്‍പ്പിക്കാന്‍ എല്‍ഐസിയെ ഐആര്‍ഡിഎ നിര്‍ബന്ധിക്കുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സഹായകമാണ് ഈ നിലപാട്. ഇന്‍ഷുറന്‍സ് മേഖലയില്‍ നിയന്ത്രണത്തിന് 1999ല്‍ രൂപീകരിച്ച ഐആര്‍ഡിഎ 2000ലാണ് ഇടപെടല്‍ തുടങ്ങിയത്. പാര്‍ലമെന്റ് പാസാക്കിയതാണ് 1956ലെ ഇന്‍ഷുറന്‍സ് നിയമം. ഇതനുസരിച്ചുള്ള പോളിസി ഉല്‍പ്പന്നങ്ങളാണ് എല്‍ഐസി നല്‍കിയിരുന്നത്. എന്നാല്‍, പോളിസികള്‍ ഇനി വില്‍ക്കണമെങ്കില്‍ ഫയല്‍ സമര്‍പ്പിച്ച് അംഗീകാരം നേടണമെന്നാണ് അതോറിറ്റിയുടെ പുതിയ വാദം.
(മഞ്ജു കുട്ടികൃഷ്ണന്‍)
deshabhimani
No comments:
Post a Comment