പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും തുറക്കുന്നത് പുതിയ നിയമയുദ്ധത്തിനുള്ള വഴികള്‍. അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിയ കേസാണിത്. ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടും പൂഴ്ത്തിയ നിലയില്‍ കിടപ്പുണ്ട്. പാമൊലിന്‍ കേസ് പിന്‍വലിച്ച 2005ലെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശ്യപരമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം മറച്ചുവച്ചാണ് അതേ ഉത്തരവ് പുനഃസ്ഥാപിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. കേസ് പിന്‍വലിച്ച നടപടി റദ്ദാക്കിയതിനെതിരെ കെ കരുണാകരന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി 2005ലെ തീരുമാനം ദുരുദ്ദേശ്യപരമല്ലേയെന്ന ചോദ്യം ഉയര്‍ത്തിയത്.
നാല് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി നിരാകരിച്ച ഉത്തരവ് നിലനില്‍ക്കെയാണ് കേസ് പൂര്‍ണമായും പിന്‍വലിച്ചത്. അഞ്ചാം പ്രതിയും സപ്ലൈകോ മുന്‍ എംഡിയുമായ ജിജി തോംസനെമാത്രം പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയാല്‍ നിയമപ്രാബല്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് കേസ് തന്നെ അവസാനിപ്പിക്കുന്നത്. വിജിലന്‍സ് നിയമോപദേഷ്ടാവാണ് കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനെ ഉപദേശിച്ചതും. 2005ല്‍ കേസ് പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയും ഹൈക്കോടതിയും നടത്തിയ പരാമര്‍ശം ഈ ഉപദേഷ്ടാവും അവഗണിച്ചു. പാമൊലിന്‍ ഇടപാട് നടന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇറക്കുമതി തീരുമാനത്തില്‍ നിര്‍ണായക പങ്കുള്ളതായി വിജിലന്‍സ് ആദ്യം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വിജിലന്‍സ് ആസ്ഥാനത്ത് മുക്കി. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍തന്നെയാണ് റിപ്പോര്‍ട്ട് യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് കൈമാറിയത്. 14 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. പാമൊലിന്‍ ഇറക്കുമതിചെയ്യുന്നതിന് അന്നത്തെ ചീഫ് സെക്രട്ടറിയും മൂന്നാം പ്രതിയുമായ എസ് പത്മകുമാര്‍, നാലാം പ്രതി സഖറിയാ മാത്യു എന്നിവരുമായി ചേര്‍ന്ന് ധനമന്ത്രി ഉമ്മന്‍ചാണ്ടിയും ധന സെക്രട്ടറി എന്‍ വി മാധവനും ഗൂഢാലോചന നടത്തിയെന്നായിരുന്നു കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിക്കും എന്‍ വി മാധവനും എതിരെയുള്ള തെളിവ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തി. എന്നാല്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിന് ശേഷം 2011 ഓഗസ്ത് എട്ടിന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍നിന്ന് ഈ ഭാഗം നീക്കി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഏഴു പേരെ വിജിലന്‍സ് അന്വേഷണ ഘട്ടത്തില്‍ ചോദ്യംചെയ്തിരുന്നു. ഒടുവില്‍ 14 പേജുള്ള റിപ്പോര്‍ട്ട് ഒമ്പത് പേജായി ചുരുങ്ങി. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ തള്ളിയത്.
ഇതേത്തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തിനൊടുവിലാണ് ജഡ്ജി പിന്‍വാങ്ങിയത്. കേസ് തൃശൂരിലേക്ക് മാറ്റുകയുംചെയ്തു. വിജിലന്‍സ് ആസ്ഥാനത്ത് പൂഴ്ത്തിവച്ചിരിക്കുന്ന പഴയ റിപ്പോര്‍ട്ട് കാലാന്തരത്തില്‍ വീണ്ടും ഉയര്‍ന്നുവരുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെ വേട്ടയാടുന്നത്. "അഴിമതിയുടെ വിപത്ത് നിയപരമായ സാങ്കേതികതയുടെ പരവതാനികള്‍ക്കിടയില്‍ ഒളിക്കപ്പെടേണ്ടതല്ല" പാമൊലിന്‍ കേസില്‍ ഒരു ഘട്ടത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ നിരീക്ഷണമാണിത്. 2005ല്‍ കേസ് പിന്‍വലിച്ച നടപടി തിരുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന പരാമര്‍ശവും നിലനില്‍ക്കുന്നു. പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം നിരാകരിച്ചതും കോടതിയാണ്.
(കെ ശ്രീകണ്ഠന്‍)
കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിക്ക് തടിയൂരാന്‍
കോളിളക്കം സൃഷ്ടിച്ച പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് തടിയൂരാന്‍. വിചാരണ തുടര്‍ന്നാല്‍ താനും പ്രതിയാകുമെന്ന് ഉമ്മന്‍ചാണ്ടി ഉറച്ച് വിശ്വസിക്കുന്നു. ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഈ കേസ് പിന്‍വലിക്കുന്നതിലൂടെ മറ്റൊരു രാഷ്ട്രീയവഞ്ചനയ്ക്ക് കൂടി കേരളം സാക്ഷ്യം വഹിക്കുന്നു. സോളാര്‍ തട്ടിപ്പ്, സ്വര്‍ണക്കടത്ത് കേസ് തുടങ്ങി തട്ടിപ്പുകളുടെ ചുരുളുകള്‍ അഴിയുന്ന ഘട്ടത്തില്‍ പാമൊലിന്‍ കേസില്‍ കൂടി പ്രതിയാകേണ്ടിവന്നാല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാം.
എന്നാല്‍, പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി നിരത്തുന്ന വാദങ്ങള്‍ നിരര്‍ഥകമാണെന്ന് കാണാം. കേസ് എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല എന്ന് ചോദിച്ച് 2007ല്‍ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ അയച്ച കത്തിന് അന്നത്തെ സര്‍ക്കാര്‍ മറുപടി പറയാത്തതിനാലാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ന്യായം. എന്നാല്‍, ഈ കത്തിന് ശേഷവും രണ്ട് തവണ സുപ്രീംകോടതി ശക്തമായ നിലപാടെടുത്തിട്ടുണ്ട്. പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കെ കരുണാകരന്‍ കത്ത് നല്‍കിയപ്പോഴാകാട്ടെ വിചാരണക്കോടതി വിചാരണ നടത്തി തീരുമാനിക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. 2005ല്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനമുള്ളതിനാല്‍ കോടതി നിര്‍ദേശങ്ങളൊന്നും ബാധകമല്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചിത്രമായ നിലപാട്. കേസിന്റെപേരില്‍ ജിജി തോംസന്റെ സ്ഥാനക്കയറ്റം തടയുന്നുവെന്നാണ് അടുത്ത ന്യായം. ഇതിന്റെപേരില്‍ ജിജി തോംസണെതിരായ കേസ് മാത്രം പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഉത്തരവിറങ്ങിയപ്പോള്‍ കേസ് മുഴുവന്‍ പിന്‍വലിക്കുന്നു എന്നാക്കിയതും പാമൊലിന്‍ കേസ് തുടരുന്നത് തനിക്കുതന്നെ ഭീഷണിയാണ് എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിഞ്ഞതുകൊണ്ടാണ്. കേസ് വിചാരണ ചെയ്യുന്നതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെവരെ സമീപിച്ചതിനാല്‍ വിചാരണ വൈകി. പക്ഷേ, ഈ കാരണം പറഞ്ഞ് കേസ് പിന്‍വലിക്കുന്നതെങ്ങനെ?
കേസിന്റെ വിചാരണ തുടങ്ങാമെന്ന് സുപ്രീംകോടതി പറഞ്ഞതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. തങ്ങള്‍ പ്രതികളാണെങ്കില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്നുകാണിച്ച് രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നല്‍കി. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് പുനരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഈ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സിനെ ഉമ്മന്‍ചാണ്ടി ഉപയോഗിച്ചു. അത് വിജിലന്‍സ് ജഡ്ജി തടഞ്ഞപ്പോള്‍ ജഡ്ജിയെ അപമാനിച്ച് ഇറക്കിവിട്ടു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ "ശല്യം" അദ്ദേഹത്തിന് മുകളില്‍ മറ്റൊരാളെ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് താന്‍ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയെക്കൊണ്ട് അംഗീകരിപ്പിച്ചു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും ഒരു സുപ്രധാന പരാമര്‍ശമുണ്ട്. വിചാരണവേളയില്‍ വിചാരണക്കോടതിക്ക് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ പ്രതികളെ കൂട്ടിച്ചേര്‍ക്കാം. ടി എച്ച് മുസ്തഫയുടെയും സഖറിയ മാത്യുവിന്റെയും സത്യവാങ്മൂലം കോടതിയില്‍ തെളിവായിക്കിടക്കുകയാണ്. ഇതാണ് എന്നും ഉമ്മന്‍ചാണ്ടിക്ക് ഭീഷണിയായി നില്‍ക്കുന്നതും. കെ കരുണാകരനെ പുകച്ച് ചാടിക്കാന്‍ പമൊലിന്‍ കേസ് ആയുധമാക്കിയ ഉമ്മന്‍ചാണ്ടി തന്നെയാണ് ഇപ്പോള്‍ കേസില്‍ അഴിമതിയില്ലെന്ന് പറയുന്നത് എന്നത് മറ്റൊരു വിരോധാഭാസം.
ഉമ്മന്‍ചാണ്ടി സുപ്രീംകോടതി പരാമര്‍ശം മറയ്ക്കുന്നു: ഐസക്
ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവില്ലെന്ന കേന്ദ്ര വിജിലന്‍സ് കമീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പാമൊലിന്‍ കേസ് പിന്‍വലിച്ചതെന്ന വാദത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാഥാര്‍ഥ്യം മറച്ചുവയ്ക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു.
കേന്ദ്ര വിജിലന്‍സ് കമീഷന്റെ കത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇതിനുശേഷം കേസ് വാദത്തിനെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്നതിന് അടിസ്ഥാനമായ രേഖകളൊന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി പരാമര്‍ശം മറച്ചുവച്ചാണ് സിവിസിയുടെ കത്തിന്റെ കാര്യം മാത്രം ഉമ്മന്‍ചാണ്ടി പറയുന്നതെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്്. ഇതില്‍ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയിട്ടില്ല. പാമൊലിന്‍ വിഷയത്തില്‍ എ കെ ആന്റണി ചെയ്യാന്‍ വിസമ്മതിച്ച കാര്യമാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. ഇതിനെ നിയമപരമായി ചോദ്യംചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.
deshabhimani
No comments:
Post a Comment