Tuesday, September 24, 2013

പാമൊലിന്‍ കേസ് പിന്‍വലിക്കുന്നു

പാമൊലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പില്‍ നിന്നിറങ്ങി. ഇനി കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും.

കേസില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍കേസില്‍ നിന്ന് ഉദ്യോഗസ്ഥരെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. കേസില്‍ അഞ്ചാം പ്രതിയും പാമോലിന്‍ ഇറക്കുമതി സമയത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയുമായിരുന്ന ജിജി തോംസനെയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ പി ജെ തോമസിനെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥരെ മാത്രം ഒഴിവാക്കുന്നത് നിയപരമായി നിലനില്‍ക്കുന്നതല്ലെന്നും കേസ് പൂര്‍ണമായും പിന്‍വലിക്കുന്നതിന് കോടതിയെ സമീപിക്കാമെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ഭരണസാമൂഹ്യരംഗങ്ങളില്‍ വലിയ കോളിളക്കമുണ്ടാക്കിയ അഴിമതിക്കേസായിരുന്നു പാമോലിന്‍ കേസ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരുന്ന 1991-92 കാലയളവിലായിരുന്നു പാമോലിന്‍ അഴിമതി നടന്നത്. മലേഷ്യയില്‍ നിന്ന് കൂടിയ വിലയ്ക്ക് പാമൊലിന്‍ ഇറക്കുമതി ചെയ്തെന്നാണ് കേസ്. ഇതുവഴി ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലന്‍സ് കണ്ടെത്തി. സിംഗപ്പൂരിലെ പവര്‍ ആന്റ് എനര്‍ജി എന്ന കമ്പനി വഴി 15,000 ടണ്‍ പാമൊലിനാണ് ഇറക്കുമതി ചെയ്തത്. ടണ്ണിന് 405 യുഎസ് ഡോളറിനാണ് പാമൊലിന്‍ വാങ്ങിയത്. എന്നാല്‍ അക്കാലത്ത് ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ (എസ്ടിസി) ഇറക്കുമതി ചെയ്യുന്ന നിരക്ക് 392 ഡോളറായിരുന്നു. മാത്രമല്ല, 405 ഡോളറിലും കുറഞ്ഞ നിരക്കില്‍ ഒമ്പത് ഓഫര്‍ ലഭിച്ചിരുന്നു. അത് മറച്ചുവച്ചു.

ഹസ്സന്‍ ചെയര്‍മാനായ നിയമസഭാ കമ്മിറ്റി പാമൊലിന്‍ ഇടപാടിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. സിഎജിയും അഴിമതി പറുത്തുകൊണ്ടുവന്നു. കരുണാകരനായിരുന്നു ഒന്നാം പ്രതി. അദ്ദേഹം അന്തരിച്ചതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യ സെക്രട്ടറി പി ജെ തോമസ് എന്നിവരടക്കം ഏഴുപേരായിരുന്നു മറ്റു പ്രതികള്‍. രണ്ടാം പ്രതി മുസ്തഫ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജിയെ തുടര്‍ന്ന്് തുടരന്വേഷണ ആവശ്യമുയര്‍ന്നു. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും പാമൊലിന്‍ ഇറക്കുമതിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുസ്തഫ വാദിച്ചതോടെയാണ് കേസ് വഴിത്തിരിവിലെത്തിയതും ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായതും.

കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കീഴിലുള്ള വിജിലന്‍സ് കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വിചിത്രമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ വിജിലന്‍സ് ജഡ്ജി ഇത് സ്വീകരിക്കാതെ തുടര്‍ന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ യുഡിഎഫ് നേതാക്കളുടെ പരസ്യവിമര്‍ശനങ്ങളെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പിസി ജോര്‍ജിനെ ഇറക്കി വിജിലന്‍സ് ജഡ്ജി പികെ ഹനീഫയെ ഭീഷണിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് ജഡ്ജി കേസില്‍ നിന്ന് അദ്ദേഹംസ്വയം ഒഴിവായി. പിന്നീട് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. തൃശൂര്‍ കോടതി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. ഇപ്പോള്‍ കേസ് ആകെ പിന്‍വലിക്കാനാണ് നീക്കം.

deshabhimani

No comments:

Post a Comment