Wednesday, September 30, 2020

വിധി മതേതര -ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും;സിബിഐ ഉടൻ അപ്പീൽ നൽകണം: പി.ബി

ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ഈ വിധി പുറപ്പെടുവിക്കാൻ നീണ്ട 28 വർഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നൽകാൻ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആർ‌എസ്‌എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്.

കഴിഞ്ഞ വർഷം നവംബർ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ലഖ്‌നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ വിധി, ഭരണഘടനയാൽ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും. ഈ വിധിക്കെതിരെ സിബിഐ ഉടൻ തന്നെ അപ്പീൽ നൽകണം - പ്രസ്‌താവനയിൽ പറഞ്ഞു.

ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്ന വിധി; രാഷ്ട്രീയ ആവശ്യത്തിന് ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിന്‌ തെളിവ്‌: കോടിയേരി

തിരുവനന്തപുരം > ബാബറി മസ്‌ജിദ് തകർത്ത കേസിൽ സി ബി ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കോൺഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് മസ്‌ജിദ് തകർത്തത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരപ്രവർത്തനമായിരുന്നു മസ്‌ജിദ് തകർക്കൽ. ടെലിവിഷൻ ചാനലുകളിലൂടെ ലോകം മുഴുവനുള്ളവർ മസ്‌ജിദ് പൊളിച്ചവരാരാണ് എന്നത് വ്യക്തമായി കണ്ടു. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

ഒരു തെളിവും കണ്ടെത്താനോ, ഹാജരാക്കാനോ സി ബി ഐ തയ്യാറായില്ല. ബിജെപി രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അന്വേഷണ ഏജൻസികളെ എങ്ങിനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിൻ്റെ പ്രത്യക്ഷമായ തെളിവാണ് ഈ കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്.

ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താനുള്ള തുടർനടപടികളാണ് ഇനി ഉണ്ടാവേണ്ടത്. മത ന്യൂനപക്ഷങ്ങൾക്ക്, അവരുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും ബി ജെ പി ഭരണത്തിൽ സുരക്ഷിതത്വമില്ലെന്ന സന്ദേശമാണ് ഉണ്ടായിരിക്കുന്നത്. ഈ കോടതിവിധി ആർ എസ് എസുകാർക്ക് നിയമം കൈയ്യിലെടുക്കാൻ ഉത്തേജനം നൽകുന്നതാണ്. മത ന്യൂനപക്ഷങ്ങളുടെ പല ആരാധനാലയങ്ങൾക്കുമെതിരെ ആർ എസ് എസുകാർ ഭീഷണിയും അവകാശവാദവും ഉയർത്തുന്ന സന്ദർഭത്തിൽ വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതാണ് സി ബി ഐ കോടതി വിധി - കോടിയേരി പറഞ്ഞു.

No comments:

Post a Comment