Thursday, December 10, 2009

ജനിതക ഇന്ത്യന്‍

ജാര്‍ഖണ്ഡില്‍നിന്നുള്ള അജ്ഞാതനായ ആദിവാസിയുടെ പത്ത് മില്ലീലിറ്റര്‍ രക്തത്തില്‍നിന്ന് ഇന്ത്യന്‍ ശാസ്ത്രരംഗം മറ്റൊരു കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. മനുഷ്യന്റെ ജനിതകഘടന പൂര്‍ണമായി വേര്‍തിരിച്ച് മനസ്സിലാക്കുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായി ഇതോടെ ഇന്ത്യ മാറി. അമേരിക്ക, ബ്രിട്ടന്‍, ചൈന, കനഡ തുടങ്ങിയ ചുരുക്കം രാജ്യങ്ങളേ ഈ പട്ടികയിലുള്ളൂ. ചന്ദ്രനില്‍ ജലമുണ്ടെന്നതിന് തെളിവുനല്‍കിയ ആദ്യരാജ്യം എന്ന പദവി ഇന്ത്യ നേടിയ അതേ വര്‍ഷംതന്നെയാണ് ഈ മുന്നേറ്റമെന്നത് കൂടുതല്‍ അഭിമാനകരമാണ്. ഇരുപത്തയ്യായിരത്തോളം ജീനുകളില്‍ നാല് തന്മാത്രാ എഴുത്താണികളാല്‍ കുറിച്ചുവച്ച 300 കോടിയോളം നിര്‍ദേശങ്ങളെ വായിച്ചറിഞ്ഞ മനുഷ്യജനിതക പദ്ധതി ആരോഗ്യമേഖലയിലാണ് വിപ്ളവകരമായ മാറ്റമുണ്ടാക്കുക. പാരമ്പര്യരോഗങ്ങള്‍ നേരത്തെ തിരിച്ചറിയുക, ഇതിന് നേരത്തെ ചികിത്സ തുടങ്ങുക എന്നതാണ് ഇതിന്റെ കര്‍മം. ജീവിതം കാലൂന്നുമ്പോള്‍ 'അകാരണമായി' വീണുപോകുന്ന അനേകായിരങ്ങള്‍ക്ക് പുതിയ അത്താണിയാകും ഇത് എന്നതില്‍ സംശയമേതുമില്ല. ബൌദ്ധിക സ്വത്തവകാശ നിയമം ഗവേഷണ മേഖലയില്‍ വന്‍മതില്‍ തീര്‍ക്കുന്ന കാലമായതിനാല്‍ ജനിതക മാപ്പിങ് ഓരോ രാജ്യവും വെവ്വേറെ കണ്ടുപിടിക്കേണ്ടതുമുണ്ട്. അതിനാല്‍ ഇന്ത്യയുടെ 'ജനിതകയാന്‍' വിജയിപ്പിച്ച ഡല്‍ഹിയിലെ ശാസ്ത്ര-വ്യാവസായിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ സവിശേഷ അഭിനന്ദനം അര്‍ഹിക്കുന്നു. ഈ സംഘത്തില്‍ മലയാളിയായ ഡോക്ടര്‍ വിനോദ് സ്കറിയയും ഉണ്ടെന്നതില്‍ മലയാളിക്ക് കൂടുതല്‍ അഭിമാനബോധം നല്‍കുന്നു.

എന്നാല്‍, എല്ലാ ശാസ്ത്ര മുന്നേറ്റങ്ങള്‍ക്കും ഒരു ചെറുശതമാനം പ്രതിലോമ സ്വഭാവം ഉണ്ടെന്നത് മനുഷ്യന്റെ പരിമിതികളില്‍ ഒന്നാണ്. കഴുത്തറുപ്പന്‍ കച്ചവട മനോഭാവവും വെട്ടിപ്പിടിത്തത്തിന്റെ സഹജസ്വഭാവവുമുള്ള മുതലാളിത്ത ലോകത്ത് ഈ പ്രതിലോമ ഘടകത്തിനാണ് മുന്‍തൂക്കം ലഭിക്കുന്നതെന്നതും ദുഃഖസത്യമാണ്. പ്രപഞ്ചോര്‍ജത്തിന്റെ രഹസ്യം മൂന്നക്കത്തില്‍ (e=mc2) ആവാഹിച്ച ഐന്‍സ്റ്റീന്‍ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വീണപ്പോള്‍ പരിതപിച്ചു; സവിശേഷ ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിച്ചതില്‍ ദുഃഖിക്കുന്നുവെന്ന്.

ഹ്യുമന്‍ ജീനോം പ്രോജക്ടിന് 1990ല്‍ അമേരിക്കയിലാണ് തുടക്കംകുറിച്ചത്. 13 വര്‍ഷത്തിനുശേഷം ജനിതക മാപ്പിങ് പൂര്‍ത്തീകരിച്ചായി അവര്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ആറു ലക്ഷ്യങ്ങളില്‍ അഞ്ചാമത്തേത് 'ലഭിക്കുന്ന സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറും'എന്നതാണ്. തല്‍ഫലമായി അമേരിക്കയുടെ ഭൂഖണ്ഡാന്തര ജൈവ സാങ്കേതിക വിദ്യാ വ്യവസായം കുതികുതിച്ചു. 2003നുശേഷം പുതിയ പുതിയ മരുന്നുകള്‍ വിപണിയിലിറങ്ങി. ഈ മരുന്നുകള്‍ക്ക് വിപണി കണ്ടുപിടിക്കുക എന്നത് കോര്‍പറേറ്റുകളുടെ അടിയന്തര ലക്ഷ്യമാണ്. ഓരോ മേഖലയിലെയും മനുഷ്യര്‍ക്ക് ഓരോതരം മരുന്ന് വേണ്ടി വരുമെന്നതാണ് ജനിതക ചികിത്സയുടെ മറ്റൊരു സവിശേഷത. ഭൂഖണ്ഡാന്തര മരുന്നുകമ്പനികളുടെ കൊയ്ത്തുകാലം വരികയാണ്. ആരോഗ്യരംഗത്തെ സദാചാരം ഇതില്‍ എത്ര കമ്പനികള്‍ക്ക് ഉണ്ടാകുമെന്നത് കണ്ടറിയേണ്ടതാണ്.

ഐന്‍സ്റ്റീനെ സാമ്രാജ്യത്വം ദുരുപയോഗിച്ചതുപോലെ ചാള്‍സ് ഡാര്‍വിനെയും മുതലാളിത്തം ദുര്‍വ്യാഖ്യാനംചെയ്ത് വംശഹത്യക്ക് ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ തദ്ദേശീയരെ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ ഉന്മൂലനംചെയ്ത വേളയിലാണ് 'സോഷ്യല്‍ ഡാര്‍വിനിസം' എന്ന പദം പ്രചുരപ്രചാരം നേടിയത്. അര്‍ഹതയുള്ളതിന്റെ അതിജീവനം എന്ന ഡാര്‍വിന്റെ സിദ്ധാന്തം വംശഹത്യയുടെ മാഗ്നാകാര്‍ട്ടയായി ഫാസിസം ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തന്റെ മാതുലനായ ഫ്രാന്‍സിസ് ഗാല്‍ട്ട (19-ാം നൂറ്റാണ്ടില്‍) തോമസ് മാല്‍ത്തൂസിനെ (18-ാം നൂറ്റാണ്ടില്‍) പിന്‍പറ്റി ഇങ്ങനെയൊരു ദുര്‍വ്യാഖ്യാനം കൊണ്ടുവന്നപ്പോഴേ ഡാര്‍വിന്‍ അതിനെ അതിശക്തമായി എതിര്‍ത്തിരുന്നു. ജനിതക മാപ്പിങ്ങിലും ഈയൊരു വംശഹത്യാ അപകടം പതിയിരിപ്പുണ്ട്. ആഗോളവല്‍ക്കരണ യുഗത്തിലെ മനുഷ്യരെ ചരിത്രാരംഭ കാലത്തേ ആദിമവംശജരായി ചിത്രീകരിക്കുക എന്നതിന് ശാസ്ത്രത്തിന്റെ മേമ്പൊടി ചേര്‍ക്കാന്‍ ഇത് ഉപയോഗിച്ചേക്കാം. വംശങ്ങളെ വേര്‍തിരിച്ചാണ് ഇപ്പോള്‍ ജനിതക മാപ്പിങ് നടക്കുന്നത്. കൊക്കേഷ്യന്‍, ഹാന്‍, കൊറിയന്‍, ഇന്ത്യന്‍.... എന്നിങ്ങനെ.

സോവിയറ്റ് ചേരി തകര്‍ന്നപ്പോള്‍ സംസ്കാരങ്ങളുടെ ഏറ്റുമുട്ടലാണ് ഇനി നടക്കുകയെന്ന് അമേരിക്കന്‍ സാമ്രാജ്യത്വം പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ന് സാമ്രാജ്യത്വ അധിനിവേശങ്ങളും ഭീകരതയും അരങ്ങുതകര്‍ക്കുന്നത്. ഗര്‍ഭാശയത്തില്‍ വളരുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനുള്ള ശാസ്ത്രീയ നേട്ടം വ്യാപകമായ പെഭ്രൂണഹത്യയിലേക്കാണ് നയിച്ചത്. ഒടുവില്‍ ഇതിന് നിരോധനത്തോളം പോന്ന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു. നാട്ടിന്‍പുറത്തെ ലാബുകളില്‍ അയ്യായിരം രൂപയ്ക്ക് ജനിതക മാപ്പിങ് വന്നാല്‍ ഉപയോഗത്തേക്കാള്‍ ദുരുപയോഗമായിരിക്കുമോ സംഭവിക്കുക എന്ന ആശങ്ക ആസ്ഥാനത്തല്ല.

ഇതിനെല്ലാറ്റിനുമുപരി മനുഷ്യന്‍ എന്നത് ജീനുകളാല്‍ തീര്‍ത്ത ഒരു യന്ത്രമനുഷ്യനാണെന്ന സങ്കല്‍പ്പം മുതലാളിത്ത മനസ്സിന്റെ പ്രതിഫലനമാണ്. മനസ്സ് എന്ന രൂപമില്ലാ അവയവത്തിന് ബോധം എന്നാണ് മാര്‍ക്സ് പേരിട്ടിരിക്കുന്നത്. ഈ ബോധം സാമൂഹ്യ ഉല്‍പ്പന്നമാണ്. അതുകൊണ്ടാണ് മനുഷ്യന്‍ സാമൂഹ്യജീവിയാകുന്നത്. മനുഷ്യനെ വെറും വ്യക്തിയാക്കി ചുരുക്കുക എന്നത് മുതലാളിത്തത്തിന്റെ പ്രതിലോമ തത്വശാസ്ത്രമാണ്. സമൂഹമില്ലാതെ മനുഷ്യനെന്നല്ല, ഭൂമിയില്‍ ജീവനുള്ള ഒന്നുമുണ്ടാകില്ലെന്നത് കോപ്പന്‍ ഹേഗന്‍ ഭൌമ ഉച്ചകോടി വേളയില്‍ ഒന്നുകൂടി ഓര്‍ക്കേണ്ടതാണ്. ഇതെല്ലാം അശുഭ ചിന്തകള്‍. ശാസ്ത്രനേട്ടങ്ങള്‍ എല്ലാ സങ്കുചിതങ്ങളെയും തകര്‍ത്ത് സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുമെന്നുറപ്പ്. അല്ലെങ്കില്‍ ഈ ഭൂമി എന്നേ ഇല്ലാതായേനേ.

ദേശാഭിമാനി മുഖപ്രസംഗം 111209

1 comment:

  1. .....ഇതിനെല്ലാറ്റിനുമുപരി മനുഷ്യന്‍ എന്നത് ജീനുകളാല്‍ തീര്‍ത്ത ഒരു യന്ത്രമനുഷ്യനാണെന്ന സങ്കല്‍പ്പം മുതലാളിത്ത മനസ്സിന്റെ പ്രതിഫലനമാണ്. മനസ്സ് എന്ന രൂപമില്ലാ അവയവത്തിന് ബോധം എന്നാണ് മാര്‍ക്സ് പേരിട്ടിരിക്കുന്നത്. ഈ ബോധം സാമൂഹ്യ ഉല്‍പ്പന്നമാണ്. അതുകൊണ്ടാണ് മനുഷ്യന്‍ സാമൂഹ്യജീവിയാകുന്നത്. മനുഷ്യനെ വെറും വ്യക്തിയാക്കി ചുരുക്കുക എന്നത് മുതലാളിത്തത്തിന്റെ പ്രതിലോമ തത്വശാസ്ത്രമാണ്. സമൂഹമില്ലാതെ മനുഷ്യനെന്നല്ല, ഭൂമിയില്‍ ജീവനുള്ള ഒന്നുമുണ്ടാകില്ലെന്നത് കോപ്പന്‍ ഹേഗന്‍ ഭൌമ ഉച്ചകോടി വേളയില്‍ ഒന്നുകൂടി ഓര്‍ക്കേണ്ടതാണ്. ഇതെല്ലാം അശുഭ ചിന്തകള്‍. ശാസ്ത്രനേട്ടങ്ങള്‍ എല്ലാ സങ്കുചിതങ്ങളെയും തകര്‍ത്ത് സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുമെന്നുറപ്പ്. അല്ലെങ്കില്‍ ഈ ഭൂമി എന്നേ ഇല്ലാതായേനേ.

    ReplyDelete