Tuesday, November 2, 2010

ദാരിദ്ര്യമാണ് വലിയ മനുഷ്യാവകാശ ലംഘനം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ദാരിദ്ര്യമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ പറഞ്ഞു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ തൊണ്ണൂറ്റിയാറാം ജന്മദിനത്തില്‍ ശാരദ കൃഷ്ണ സദ്ഗമയ ഫൌണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് സംഘടിപ്പിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ പ്രഭാഷണ പരമ്പര ഹോട്ടല്‍ താജ് ഗേറ്റ്വേ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കപാഡിയ.

പാവങ്ങളുടെയും സമൂഹം പൊതുധാരയില്‍നിന്ന് മാറ്റിനിര്‍ത്തുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെയും അവകാശങ്ങള്‍ക്കായിരിക്കണം മുന്‍ഗണന കിട്ടേണ്ടത്. 20 ശതമാനം സമ്പന്നരുടെ കൈയിലാണ് ഇന്ത്യയുടെ സാമ്പത്തികവരുമാനത്തിന്റെ 85 ശതമാനവും. അതിലാകട്ടെ നികുതി കൃത്യമായി നല്‍കുന്നവര്‍ മൂന്നു ശതമാനം മാത്രമാണ്. ഈ സാമ്പത്തിക വിവേചനം നിലനില്‍ക്കുമ്പോള്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൌരാവകാശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പറയാനാവില്ല.

സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുന്നതിന് നിയമത്തില്‍ പൊളിച്ചെഴുത്തുകള്‍ വേണം. അപ്പോള്‍ മുന്‍ഗണന പാവപ്പെട്ടവര്‍ക്കായിരിക്കണം. അതിനായിരിക്കണം ജഡ്ജിമാരും കോടതികളും പ്രാധാന്യം നല്‍കേണ്ടത്. വരുമാനത്തിന്റെ കുറവു പറഞ്ഞ് പാവങ്ങളെ പട്ടിണിക്കിടുന്നത് മനുഷ്യാവകാശ ലംഘനത്തില്‍പ്പെടും. ഇത് അനുവദിക്കാനാകില്ലെന്നും ഇത്തരം വിഷയങ്ങളില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നിയമപണ്ഡിതരുടെ സേവനം അത്യാവശ്യമാണെന്നും ജസ്റ്റിസ് കപാഡിയ പറഞ്ഞു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനാധിപത്യം എന്നത് ഇന്ത്യയില്‍ നിലവിലുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിഗതികളെന്ന് ചടങ്ങില്‍ അധ്യക്ഷനായ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കിടചലയ്യ പറഞ്ഞു. ജനങ്ങളുടെ ആധിപത്യമെന്നത് ഇപ്പോള്‍ ഭരണഘടനാരേഖകളില്‍ മാത്രമായി ഒതുങ്ങിക്കിടക്കുകയാണെന്നും ജ. വെങ്കിടചലയ്യ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നീതിന്യായക്കോടതിയുടെ മാന്യത കാത്തുസൂക്ഷിക്കാനും അഴിമതി വിമുക്തമാക്കാനുമായി ബാര്‍-ബെഞ്ച് ബന്ധം ആരോഗ്യകരമായി നിലനിര്‍ത്തണമെന്ന് ജ. കൃഷ്ണയ്യര്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. ഇതിനായി ജഡ്ജിമാരും അഭിഭാഷകരും തമ്മിലുള്ള സഹകരണം, ഇന്ത്യന്‍ ജനതയുടെ മുഴവന്‍ നീതിന്യായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സുപ്രീം കോടതിയുടെ ക്രിയാത്മകമായ ഇടപെടല്‍, നീതി നടപ്പാക്കുന്നതില്‍ വര്‍ഗ വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്‍വിധികള്‍ ഒഴിവാക്കല്‍, ജഡ്ജിമാരുടെ വരുമാനത്തില്‍ സുതാര്യത ഉറപ്പുവരുത്തല്‍, ജുഡീഷ്യറിക്കായി പെര്‍ഫോര്‍മന്‍സ് കമീഷന്‍ രൂപീകരിക്കല്‍ എന്നീ നിര്‍ദേശങ്ങള്‍ താന്‍ മുന്നോട്ടുവയ്ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് കൃഷ്ണയ്യര്‍ എഴുതിയ 'സ്പീക്കിങ് ഫോര്‍ ദി ബെഞ്ച് ' എന്ന പുസ്തകം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്തി ചലമേശ്വര്‍ പ്രകാശനം ചെയ്തു. എല്‍എല്‍എബി, എല്‍എല്‍എം പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഫൌണ്ടേഷന്‍ സെക്രട്ടറി അഡ്വ. പി ബി സഹസ്രനാമന്‍ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി 02112010

യുഡിഎഫ് വിജയം രാഷ്ട്രീയബാഹ്യശക്തികളുടേത്: പിണറായി

തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം രാഷ്ട്രീയത്തിനുപുറത്തുള്ള വര്‍ഗീയശക്തികളുടെ ബലത്തില്‍ നേടിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയശക്തികളുടെ പിന്തുണയോടെയാണ് യുഡിഎഫ് ജയിച്ചത്. അതിന് തെളിവുണ്ട്. ബിജെപി, എസ്‌ഡിപിഐ തുടങ്ങിയവരുമായി കൂട്ടുചേരുന്നതിന് യുഡിഎഫിന് ഒരു മടിയുമുണ്ടായില്ല.

കൈവെട്ടുകേസിലെ പ്രതി അനസിനെ (എസ്‌ഡിപിഐ സ്ഥാനാര്‍ഥി) വിജയിപ്പിച്ചത് യുഡിഎഫാണ്. എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ളോക്കിലെ വഞ്ചിനാട് ഡിവിഷനിലാണ് അനസ് മത്സരിച്ചത്. ഈ ബ്ളോക്ക് ഡിവിഷനു കീഴിലുള്ള എട്ടു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഏഴിലും ജയിച്ചത് യുഡിഎഫാണ്. ഒരു വാര്‍ഡില്‍മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. അതുതന്നെ മൂന്ന് വോട്ടിന്. യുഡിഎഫിന് ഈ ബ്ളോക്ക് ഡിവിഷനില്‍ മൊത്തത്തില്‍ 4309 വോട്ടുണ്ട്. എന്നാല്‍, ബ്ളോക്ക് അടിസ്ഥാനത്തിലേക്ക് വരുമ്പോള്‍ യുഡിഎഫിന്റെ വോട്ട് 2089 ആയി കുറഞ്ഞു. എസ്‌ഡിപിഐയുടെ വോട്ട് 3992 ആയി വര്‍ധിച്ചു. കൈവെട്ടുകേസിലെ പ്രതിയെപ്പോലും വിജയിപ്പിക്കുന്നതിന് യുഡിഎഫ് വോട്ട് മറിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കണ്ണൂര്‍ നഗരസഭയിലെ ഒരു വാര്‍ഡില്‍ എസ്‌ഡിപിഐക്കുണ്ടായ വിജയത്തിന് കാരണം എല്‍ഡിഎഫ് വോട്ട് നല്‍കിയതാണെന്ന പ്രചാരണം വസ്തുതയല്ല. 2005ല്‍ ഐഎന്‍എലായിരുന്നു മത്സരിച്ചത്. അന്ന് 560 വോട്ട് ലഭിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 140 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അത് 133 ആയി. ഇപ്പോള്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് 169 ആയി വര്‍ധിച്ചു. എന്നാല്‍, ലീഗിന്റെ വോട്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 459 വോട്ട് കിട്ടിയ സ്ഥാനത്ത് ഉപതെരഞ്ഞെടുപ്പില്‍ 381ഉം. ഇപ്പോള്‍ അത് 290 ആയി. ഇവിടെയാണ് 325 വോട്ട് നേടി എസ്‌ഡിപിഐ വിജയിച്ചത്. എല്‍ഡിഎഫിന്റെ വോട്ടിലല്ല കുറവുവന്നത്. മറിച്ച് ലീഗിന്റെ വോട്ടിലാണ്.

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, വരവൂര്‍ പഞ്ചായത്തുകളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ പരസ്യമായ കൂട്ടുകെട്ടിലായിരുന്നു. അവിടെ ബിജെപിക്കും യുഡിഎഫിനും ഒരേസ്ഥാനാര്‍ഥികളായിരുന്നു. കണ്ണാടി, എലപ്പുള്ളി എന്നിവിടങ്ങളിലും ഇതേനില ആയിരുന്നു ഉണ്ടായിരുന്നത്. വര്‍ഗീയ ഇടപെടല്‍ യുഡിഎഫിനുവേണ്ടി അതിരുകവിഞ്ഞനിലയിലുണ്ടായി. ഇത്രത്തോളം വര്‍ഗീയ ഇടപെടല്‍ ഉണ്ടായിട്ടും എല്‍ഡിഎഫ് വോട്ടിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായില്ല. ആത്മവിശ്വാസം പകരുന്ന മത്സരവും വിജയവുമാണ് ഉണ്ടായത്.

യുഡിഎഫിന് സംസ്ഥാനത്ത് പലപ്പോഴും വല്ലാതെ വോട്ട് കുറഞ്ഞ അവസ്ഥ ഉണ്ടായിട്ടുണ്ട്. എല്‍ഡിഎഫിന് അത് സംഭവിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫ് ദുര്‍ബലമായിട്ടില്ലെന്ന് വ്യക്തം. 2005ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 49.22 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ അത് 42.32 ശതമാനമായി കുറഞ്ഞു. അതായത് 6.90 ശതമാനം വോട്ടിന്റെ കുറവ്. എന്നാല്‍, 2005ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്ന ഡിഐസി, ജനതാദള്‍, ഐഎന്‍എല്‍, കേരള കോൺഗ്രസ് (ജോസഫ്) എന്നിവയില്‍ ഒരു വിഭാഗം ഇത്തവണ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്നില്ല. അവര്‍ക്ക് ഓരോരുത്തര്‍ക്കും 2005ല്‍ ലഭിച്ച വോട്ടിന്റെ കണക്ക് ഇങ്ങനെയാണ്. ഡിഐസി- 4.67, ജനതാദള്‍ (എസ്)- 2.37, കേരള കോൺഗ്രസ് (ജോസഫ്)- 1.79, ഐഎന്‍എല്‍- 0.35. ഇവയെല്ലാം ചേര്‍ത്താല്‍ 9.18 ശതമാനം വോട്ട് വരും. ഈ വോട്ട് 2005ല്‍ കിട്ടിയ വോട്ടില്‍നിന്ന് കുറച്ചാല്‍ എല്‍ഡിഎഫിന്റെ വോട്ട് 40.04 ശതമാനമാണ്. എന്നാല്‍, ഇപ്പോഴാകട്ടെ അത് 42.32 ശതമാനമാണ്. അതായത് 2.28 ശതമാനത്തിന്റെ വര്‍ധന.

രണ്ടായിരത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 42.64 ശതമാനം വോട്ടാണ്. അതുമായി താരതമ്യപ്പെടുത്തിയാല്‍ എല്‍ഡിഎഫിന് ഇത്തവണ 0.32 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മുന്നണിസംവിധാനത്തില്‍ വന്ന മാറ്റംകൂടി പരിഗണിച്ചാല്‍ എല്‍ഡിഎഫിലെ കക്ഷികളുടെ ശക്തി ദുര്‍ബലപ്പെട്ടിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് 0.37 ശതമാനം വോട്ട് വര്‍ധിച്ചു.

1995 മുതല്‍ നടന്ന 11 തെരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ ഇപ്പോള്‍ ലഭിച്ച 42.32 ശതമാനം വോട്ടിനേക്കാള്‍ കുറവ് വോട്ട്, യുഡിഎഫിന് പല തെരഞ്ഞെടുപ്പിലും ലഭിച്ചിട്ടുണ്ട്. അതിന്റെ കണക്ക് ഇപ്രകാരമാണ്: 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 38.45 ശതമാനം, 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 40.21 ശതമാനം, 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 41.48 ശതമാനം. അതായത് മൂന്നുതവണ ഇപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്.

യുഡിഎഫിന് ലഭിച്ചതരത്തില്‍ വോട്ട് കുറയുന്ന നില ഒരു തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഉണ്ടായിട്ടില്ല. ഇത് കാണിക്കുന്നത് യുഡിഎഫിനേക്കാള്‍ കരുത്തുറ്റ രാഷ്ട്രീയ അടിത്തറയിലാണ് എല്‍ഡിഎഫ് നിലകൊള്ളുന്നത് എന്നാണ്. യുഡിഎഫിന് വോട്ട് വര്‍ധിക്കുന്നത്, അവരുടെ രാഷ്ട്രീയ അടിത്തറയ്ക്ക് ബാഹ്യമായ ഘടകങ്ങളുടെ അതായത്, വര്‍ഗീയ പിന്തിരിപ്പന്‍ ഭീകരവാദ സംഘടനകളുടെ പിന്തുണകൊണ്ടാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 67,17,438 വോട്ടാണ്. എന്നാല്‍, ഇപ്പോള്‍ ലഭിച്ചത് 77,81,671 വോട്ടാണ്. ഇതു കാണിക്കുന്നത് 10,64,233 വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇക്കുറി ലഭിച്ചെന്നാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മികവുറ്റ പ്രകടനം എല്‍ഡിഎഫ് കാഴ്ചവച്ചു. ഇത് ഓരോ ജില്ലയിലെയും കണക്കില്‍ വ്യക്തമാണ്. തിരുവനന്തപുരം- 1,65,523, കൊല്ലം- 1,25,653, പത്തനംതിട്ട- 51,632, ആലപ്പുഴ- 72,795, കോട്ടയം- 50,488, ഇടുക്കി- 21,342, എറണാകുളം- 94,049, തൃശൂര്‍- 89,176, പാലക്കാട്- 84,288, മലപ്പുറം- 23,813, കോഴിക്കോട്- 1,19,101, വയനാട്- 63,421, കണ്ണൂര്‍- 85,504, കാസര്‍കോട്- 17,447. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂരിലും ആലപ്പുഴയിലും യുഡിഎഫിന് വോട്ട് കുറഞ്ഞെന്നും പിണറായി ചൂണ്ടിക്കാട്ടി.

യുഡിഎഫിന് 84,55,193 വോട്ടും (46.01 ശതമാനം) എല്‍ഡിഎഫിന് 77,67,888 വോട്ടുമാ (42.64 ശതമാനം)ണ് ഇത്തവണ ലഭിച്ചത്. 6,87,305 വോട്ടിന്റെ വ്യത്യാസം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നികത്തും.

തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ട മറ്റൊരു വാദം സോഷ്യലിസ്റ് ജനതയുടെ ശക്തിയെക്കുറിച്ചുള്ളതായിരുന്നു. പെരിങ്ങളം, വടകര, ചിറ്റൂര്‍ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കുറച്ചെങ്കിലും ശക്തിയുള്ളത്. അതില്‍ ചിറ്റൂര്‍ മുമ്പുതന്നെ യുഡിഎഫ് ശക്തികേന്ദ്രമാണ്. പിന്നെയുള്ളത് പെരിങ്ങളവും വടകരയുമാണ്. പെരിങ്ങളത്തെ രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ ജയിച്ചത് എല്‍ഡിഎഫാണ്. വടകര നഗരസഭയില്‍ എല്‍ഡിഎഫ് നല്ല വിജയം നേടി. അതുപോലെ ഐഎന്‍എല്ലിന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്വാധീനമുള്ളത്. എന്നാല്‍, ഈ മൂന്നു ജില്ലയിലും എല്‍ഡിഎഫ് നല്ല പ്രകടനമാണ് കാഴ്ചവച്ചത്.

സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം എല്‍ഡിഎഫിന് നേടാനായില്ല. ഇനിയുള്ള ഘട്ടം ഉപയോഗിച്ച് കുറവുകള്‍ തീര്‍ത്ത് തങ്ങള്‍ മുന്നേറുമെന്നും യുഡിഎഫുമായുള്ള വോട്ടുവ്യത്യാസം നികത്തുമെന്നും പിണറായി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പലേടത്തും അതിരുകവിഞ്ഞ പണ സ്വാധീനം പ്രകടമായി. പണത്തിന്റെ കുത്തൊഴുക്കായിരുന്നു. അതിനെയെല്ലാം നേരിട്ടാണ് എല്‍ഡിഎഫ് നല്ല വിജയം നേടിയത്. സംസ്ഥാനകമ്മിറ്റി തെരഞ്ഞെടുപ്പുറിവ്യൂ പ്രാഥമികമായി നടത്തി. ഐ വി ദാസിന്റെ നിര്യാണം കാരണം കമ്മിറ്റി നിര്‍ത്തിവയ്ക്കേണ്ടിവന്നു. അതുകൊണ്ടാണ് അപ്പോള്‍ത്തന്നെ തെരഞ്ഞെടുപ്പുഫലത്തെ സംബന്ധിച്ച പാര്‍ടി പ്രതികരണം നടത്താതിരുന്നത്. വിശദമായ റിവ്യൂവിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് പിണറായി വ്യക്തമാക്കി.

ദേശാഭിമാനി 02112010

എല്‍ഡിഎഫ് അടിത്തറ ഭദ്രം: പിണറായി

എല്‍ഡിഎഫ് അടിത്തറ ഭദ്രമാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്നത് വസ്തുതയാണ്. പരാജയപ്പെട്ടാല്‍ അത് അംഗീകരിക്കുന്നവരാണ് ഞങ്ങള്‍. അല്ലാതെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്നു പറയുന്നവരല്ല. എല്‍ഡിഎഫിന്റെയും സിപിഐ എമ്മിന്റെയും അടിത്തറ കുറെക്കൂടി ബലപ്പെടുത്താന്‍ കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കുറച്ചുകൂടി പിന്നിലായിരുന്നു. ഇത്തവണ അവിടെനിന്ന് മുന്നോട്ടുവന്നു. ലോക്സഭാതെരഞ്ഞെടുപ്പിനേക്കാള്‍ 10,64,000 വോട്ട്് എല്‍ഡിഎഫിന് കൂടുതല്‍ ലഭിച്ചു. ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം 6.87 ലക്ഷമാണ്. ഇത് മറികടക്കാന്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് ഇതെന്നും പിണറായി എ കെ ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സമൂഹത്തിന് ആപല്‍ക്കരമായ പ്രവണത ഈ തെരഞ്ഞെടുപ്പില്‍ കണ്ടു, അത് വര്‍ഗീയശക്തികളുടെ ഇടപെടലാണ്. വര്‍ഗീയകക്ഷികളുമായി കൂട്ടുചേര്‍ന്ന് താല്‍ക്കാലിക വിജയം നേടുന്നതാണ് നേട്ടമെന്നു കരുതുന്നവര്‍ രാജ്യത്തിന് വലിയ ദോഷമാണുണ്ടാക്കുന്നത്. എല്‍ഡിഎഫിനെതിരെ ജാതി-മത-വര്‍ഗീയശക്തികളുടെ ഏകീകരണമുണ്ടായി. ബിജെപി-എസ്‌ഡിപിഐ തുടങ്ങിയവരുമായി കൂട്ടുചേരുന്നതിന് യുഡിഎഫിന് ഒരു വൈക്ളബ്യവുമുണ്ടായില്ല. ഇതിനുപുറമെ സംസ്ഥാനത്തെ ചിലയിടങ്ങളിലെ സിപിഐ എം വിരുദ്ധരും യുഡിഎഫിനൊപ്പം അണിചേര്‍ന്നു. ഇങ്ങനത്തെ സാഹചര്യത്തില്‍ ഏതു മുന്നണിയും സാധാരണഗതിയില്‍ തകരും. എന്നാല്‍, ഇതിനെയെല്ലാം നേരിട്ട് എല്‍ഡിഎഫ് നല്ല തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കി.

2005ല്‍ 49.22 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചതെങ്കില്‍ ഇത്തവണ 42.32 ശതമാനമായി. 6.90 ശതമാനത്തിന്റെ കുറവ്. എന്നാല്‍, 2005ല്‍ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്ന ഡിഐസിയും ജനതാദള്‍, ഐഎന്‍എല്‍, കേരളകോൺഗ്രസ് ജോസഫ് എന്നിവയിലെ നല്ലൊരു പങ്കും ഇത്തവണ ഒപ്പമില്ലായിരുന്നു. ഡിഐസിക്ക് 4.67ഉം ജനതാദള്‍ എസിന് 2.37ഉം കേരളകോൺഗ്രസ് ജോസഫിന് 1.79ഉം ഐഎന്‍എല്ലിന് 0.35ഉം ശതമാനം വോട്ടായിരുന്നു അന്ന് കിട്ടിയത്. ഇവയെല്ലാം ചേര്‍ത്താല്‍ 9.18 ശതമാനം വോട്ട് വരും. ഈ വോട്ട് 2005ല്‍ കിട്ടിയ വോട്ടില്‍നിന്ന് കുറച്ചാല്‍ എല്‍ഡിഎഫിന്റെ വോട്ട് 40.04 ശതമാനമാണ്. എന്നാല്‍, ഇത്തവണ അത് 42.32 ശതമാനമാണ്. 2.28 ശതമാനം വര്‍ധിച്ചു. എല്‍ഡിഎഫ് ദുര്‍ബലമായിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന നയത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സമൂഹത്തിന് ആപത്താണ്. ഇക്കാര്യം കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും പറഞ്ഞിട്ടുണ്ട്. വര്‍ഗീയ ഏകീകരണമുണ്ടായെങ്കിലും സംസ്ഥാനത്ത് ക്രിസ്ത്യന്‍ വോട്ടുകളാകെ എല്‍ഡിഎഫിന് നഷ്ടമായിട്ടില്ലെന്ന് തീരദേശമേഖലയിലെ വിജയങ്ങള്‍ ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു.

ഒഞ്ചിയത്തും ഷൊര്‍ണൂരും മറ്റും പാര്‍ടിവിരുദ്ധര്‍ നേടിയ വിജയം താല്‍ക്കാലികമാണ്. യുഡിഎഫിന്റെ വാലില്‍ തൂങ്ങുന്നവരാണ് ഇവരെന്നു മനസ്സിലാക്കുമ്പോള്‍ ഇവരെ ഇപ്പോള്‍ പിന്തുണച്ചവര്‍ നിലപാട് മാറ്റും. നേതൃനിരയില്‍ ഇരുന്നു പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് തെറ്റുതിരുത്തി പാര്‍ടിയില്‍ തിരിച്ചുവരാന്‍ സമയമെടുക്കും. എന്നാല്‍, തെറ്റിദ്ധരിച്ച് പാര്‍ടി വിട്ടവര്‍ക്കുമുന്നില്‍ പാര്‍ടിയുടെ വാതില്‍ അടച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാര്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം വച്ചുനോക്കിയാല്‍ ഇന്ന് ലഭിച്ചതിനേക്കാള്‍ വോട്ട് കിട്ടണം. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുകയും അംഗീകാരം വാങ്ങാന്‍ കഴിയുകയും ചെയ്യുമെന്നാണ് കരുതുന്നത്. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടായെന്ന പ്രചാരണം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നും പിണറായി വ്യക്തമാക്കി.

ദേശാഭിമാനി 02112010

ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം 3 കെ വി സുധാകരന്‍ 

ആദ്യഭാഗം ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം   
രാഷ്ട്രീയധാര്‍മികതയുടെ വിശുദ്ധിക്കുമേല്‍ കരിവാരിതേച്ച് കോണ്‍ഗ്രസ് മെനഞ്ഞെടുത്ത രാഷ്ട്രീയ സമവാക്യം 'വടകര-ബേപ്പൂര്‍ മോഡലും' കോ-ലീ-ബി സഖ്യവും. ഈ പഴയ കഥകളുടെ ആവര്‍ത്തനത്തിന് തൃശൂര്‍ ജില്ലയിലെ കോഗ്രസും യുഡിഎഫും ഇക്കുറി ഒരു പുതിയ പേരുതന്നെ രൂപപ്പെടുത്തി. 'ആപ്പിള്‍ മുന്നണി'യെന്നും 'മാങ്ങ മുന്നണി'യെന്നും അറിയപ്പെട്ട വിഖ്യാത കൂട്ടുകെട്ട്. വികൃതമുഖം മറയ്ക്കാന്‍ കോണ്‍ഗ്രസ് എടുത്ത പുറംമോടിയായിരുന്നു ആപ്പിള്‍-മാങ്ങ മുന്നണി. യുഡിഎഫ് സഹായത്താല്‍ സാന്നിധ്യം അറിയിക്കാന്‍ ബിജെപി ചൂട്ടുപിടിച്ചു. അതിനായി ഇരുകൂട്ടരും തങ്ങളുടെ കൊടിയടയാളവും ചിഹ്നവും തെരുവില്‍ ഉപേക്ഷിക്കാനും മടിച്ചില്ല.

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, വരവൂര്‍ പഞ്ചായത്തുകളാണ് ആപ്പിള്‍, മാങ്ങ മുന്നണികളുടെ കൂത്തരങ്ങായത്. വല്ലച്ചിറയിലെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ കോഗ്രസും ബാക്കി അഞ്ചിടങ്ങളില്‍ ബിജെപിയുമാണ് ഒരു മുന്നണിയായി മത്സരിച്ചത്. ഇതില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബിജെപി മൂന്നിടത്തും ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ചു. ഈ അപകടകൂട്ടുകെട്ട് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും വഴിവച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ടിയുടെ വല്ലച്ചിറ മണ്ഡലം കമ്മിറ്റി പിരിച്ചുവിടേണ്ടി വന്നു. പരസ്യമായ സഖ്യമുണ്ടാക്കിയ ഇവിടെ ഇവര്‍ക്ക് എട്ട് സീറ്റ് കരസ്ഥമാക്കി ഭൂരിപക്ഷം നേടാനായി. പക്ഷേ, രഹസ്യധാരണയുണ്ടാക്കിയ വരവൂരില്‍ കാര്യങ്ങള്‍ പാളിപ്പോയി.

തെരഞ്ഞെടുപ്പ് കാലത്ത് വരവൂര്‍ പഞ്ചായത്തിലൂടെ സഞ്ചരിച്ച പലരും അത്ഭുതംകൂറി. യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചോ? പഞ്ചായത്തിലൊരിടത്തും യുഡിഎഫ് കക്ഷികളുടെ കൊടിയോ ചിഹ്നമോ കണ്ടില്ല. പിന്നീട് ഇവര്‍ക്ക് ഗുട്ടന്‍സ് പിടികിട്ടി. എങ്ങനെയും എല്‍ഡിഎഫിനെ തോല്‍പ്പിക്കുക ലക്ഷ്യമിട്ട് കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചിരിക്കുന്നു. പഞ്ചായത്തിലെ 14 വാര്‍ഡിലും ബിജെപിയുടെ വോട്ട് നേടുന്നതിന് കോണ്‍ഗ്രസ് കൈപ്പത്തിയും ലീഗ് കോണിയും ഉപേക്ഷിച്ച് 'മാങ്ങ'യില്‍ കടിച്ചുതൂങ്ങി. ഇങ്ങനെ മത്സരിച്ച യുഡിഎഫ് അഞ്ച് സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിക്കുകയുംചെയ്തു.

ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പട്ടികജാതി സംവരണമുണ്ടായിരുന്ന ഏഴാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി പ്രീതി ബാലാജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. ഇവിടെ എല്‍ഡിഎഫാണ് വിജയിച്ചത്. പട്ടികജാതി സംവരണമുണ്ടായിരുന്ന രണ്ടാം വാര്‍ഡില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച ബിന്ധ്യശ്രീയാണ് ജയിച്ചത്. ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല, പാഞ്ഞാള്‍, കൊണ്ടാഴി, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ചേലക്കര, ദേശമംഗലം, പഴയന്നൂര്‍ പഞ്ചായത്തുകളില്‍ പകുതി സീറ്റുകളില്‍നിന്ന് ബിജെപി പിന്മാറി. ഇതുമൂലം ബിജെപിക്ക് വള്ളത്തോള്‍ നഗറില്‍ രണ്ടും പാഞ്ഞാളില്‍ ഒരു സീറ്റും നേടാന്‍ കഴിഞ്ഞു. എന്നാല്‍, ചൊവ്വന്നൂര്‍ ബ്ളോക്കിലെ കടവല്ലൂരില്‍ ഈ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച എന്‍ഡിഎഫ് നേതാവ് ജമാല്‍ പരാജയപ്പെടുകയുംചെയ്തു. വടക്കാഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പൊതുസ്ഥാനാര്‍ഥിയായിരുന്നു. ആര്‍എസ്എസ് ശാഖാ കാര്യവാഹക് മത്സരിച്ച നെന്മണിക്കര പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല.

തൃശൂര്‍ ജില്ലയിലെതന്നെ ആറാട്ടുപുഴ പഞ്ചായത്തില്‍ സമാനസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രനാഥന്‍ മത്സരിച്ചത് ആപ്പിള്‍ ചിഹ്നത്തിലായിരുന്നു. ഇവിടെ സഖ്യത്തിന്റെ ഭാഗമായ ബിജെപി തെരഞ്ഞെടുത്തത് താമരയ്ക്കു പകരം ത്രാസായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവ് മോഹനന്‍ ഒമ്പതാം വാര്‍ഡില്‍ മത്സരിച്ചതും തുലാസിലായിരുന്നു. പഞ്ചായത്തിലെ 14 വാര്‍ഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സരമേയില്ലായിരുന്നു.

മലപ്പുറം ജില്ലയിലെ താനൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ രണ്ടാം വാര്‍ഡി(പൂരപ്പുഴ)ലും 22-ാം വാര്‍ഡി(ചിറക്കല്‍)ലും ഇത്തവണ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയാണ് യുഡിഎഫ് ബിജെപിയെ സഹായിച്ചത്. ഈ രണ്ടിടങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളായ എ പ്രഭാകരനും ആരയില്‍ പ്രമീളയും വിജയിക്കുകയുംചെയ്തു. തിരുനാവായ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥി പിന്മാറി യുഡിഎഫിന് തുണയേകി. സംസ്ഥാനത്തെ ചില ജില്ലകളുടെ കാര്യമേ ഇതേവരെ പറഞ്ഞുള്ളൂ. ഇതുകേട്ട് തെരഞ്ഞെടുക്കപ്പെട്ട ചില ജില്ലകളിലോ പ്രദേശങ്ങളിലോ മാത്രമാണ് കോണ്‍ഗ്രസ്-ബിജെപി-എസ്ഡിപിഐ കൂട്ടുകെട്ടുണ്ടാക്കിയതെന്ന് കരുതിയാല്‍ വായനക്കാര്‍ക്ക് തെറ്റി. ഒരു ജില്ലയോടും പക്ഷഭേദം കാട്ടാതെ എല്ലായിടങ്ങളിലും അവിശുദ്ധസഖ്യത്തിന്റെ അരങ്ങ് കൊഴുപ്പിക്കാന്‍ മൂന്ന് കക്ഷികളും അഹമഹമികയാ സജീവമായിരുന്നു. ആ കഥകള്‍ നാളെ. (അവസാനിക്കുന്നില്ല)

Monday, November 1, 2010

അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട്

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം- 2

ആദ്യഭാഗം ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം

ബിജെപി-യുഡിഎഫ് സഖ്യം ഏറ്റവും പ്രകടമായി പുറം ലോകം കണ്ടത് 'വടകര-ബേപ്പുര്‍' സഖ്യത്തിലൂടെയായിരുന്നു. പാളിപ്പോയ പരീക്ഷണമെന്ന് കെ ജി മാരാര്‍ വിശേഷിപ്പിച്ച ഈ സഖ്യം രണ്ടുപതിറ്റാണ്ടിനിപ്പുറവും കേരളത്തില്‍ സജീവം. എസ്ഡിപിഐയും ബിജെപിയുമൊക്കെ വര്‍ഗീയപാര്‍ടികളാണെന്നും ഇവരുമായി കൂട്ടുകെട്ടിനില്ലെന്നും രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും ഇപ്പോഴും വാചാടോപം നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിയെ പണ്ടേതന്നെ വര്‍ഗീയകക്ഷിയായാണ് കണക്കാക്കുന്നതെന്ന് തങ്കച്ചനും മറ്റും ആവര്‍ത്തിച്ച് കൊട്ടിഘോഷിക്കുമ്പോഴും ബിജെപിയുടെ സഹായം സ്വീകരിച്ചും അവരെ സഹായിച്ചും നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കഥകള്‍ സംസ്ഥാനത്തെ പല ജില്ലകളിലും പ്രകടമാണ്. ബിജെപിയുടെ സാന്നിധ്യം അല്‍പ്പമെങ്കിലും പ്രകടമാകുന്ന പാലക്കാട്ടാണ് ഈ അവിശുദ്ധബാന്ധവത്തില്‍ കെട്ടിപ്പൊക്കിയ വിജയത്തിന്റെ അപകടകരമായ കഥകള്‍ ചുരുളഴിയുന്നത്.

കുപ്രസിദ്ധമായ 'വടകര-ബേപ്പൂര്‍ സഖ്യ'ത്തിന്റെ പുതിയ പതിപ്പാണ് പാലക്കാട്ട് അരങ്ങേറിയത്. കോണ്‍ഗ്രസ്-ബിജെപി-ലീഗ് സഖ്യത്തിന് ശക്തി പകരാന്‍ സിപിഐ എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലരും ഒപ്പം ചേര്‍ന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഏതുവിധേനെയും പരാജയപ്പെടുത്താന്‍ ഈ അപകടക്കൂട്ട് പ്രധാനമായും തെരഞ്ഞെടുത്തത് എലപ്പുള്ളി, കണ്ണാടി തുടങ്ങിയ പഞ്ചായത്തുകളാണ്. ഇതിനൊരു കാരണമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതകരമായ വികസനമുന്നേറ്റം സാക്ഷാത്കരിച്ച പഞ്ചായത്തുകളാണ് ഇവ രണ്ടും. ദൂരദര്‍ശന്‍ അടുത്തയിടെ സംപ്രേഷണം ചെയ്ത 'ഗ്രീന്‍ കേരള എകസ്പ്രസ്' റിയാലിറ്റി ഷോയില്‍ ഒന്നും നാലും സ്ഥാനങ്ങള്‍ നേടിയ പഞ്ചായത്തുകളാണിവ. എല്‍ഡിഎഫ് ഭരണസാരഥ്യത്തിലാണ് അഭിമാനകരമായ വികസനനേട്ടം കൈവരിച്ചത്. ഇത് കൂടുതല്‍ ഉയരങ്ങളിലേക്ക് പോകരുതെന്ന് അവിശുദ്ധ രാഷ്ട്രീയസഖ്യം തീരുമാനിച്ചതിന്റെ ഉല്‍പ്പന്നമായിരുന്നു രാഷ്ട്രീയധാര്‍മികതയുടെ എല്ലാ സീമകളെയും തകര്‍ത്തെറിഞ്ഞ 'പൌരമുന്നണി'.

കണ്ണാടി പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ ഒന്നില്‍ മാത്രമാണ് കോണ്‍ഗ്രസ് കൈപ്പത്തിചിഹ്നത്തില്‍ മല്‍സരിച്ചത്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയോ ബിജെപിയുടെ താമരയോ ലീഗിന്റെ കോണിയോ ഉണ്ടായിരുന്നില്ല. എല്ലാവരും പൌരമുന്നണിയുടെ പേരില്‍ സ്വതന്ത്രരുടെ ചിഹ്നങ്ങളില്‍ മത്സരിച്ചു. ബിജെപി മത്സരിച്ച മൂന്ന് സീറ്റിലും താമരചിഹ്നം കാണാനുണ്ടായിരുന്നില്ല. പൌരമുന്നണിയുടെ ബാനറില്‍ മത്സരിച്ച ബിജെപി ഒരു സീറ്റില്‍ കടന്നുകൂടി. ഫലം വന്നപ്പോള്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അവിശുദ്ധ സഖ്യം ഭരണത്തിലെത്തി. എലപ്പുള്ളിയില്‍ മത്സരിച്ച സമാനസഖ്യത്തിന് 11 സീറ്റ് നേടി എല്‍ഡിഎഫിനൊപ്പമെത്താനേ കഴിഞ്ഞുള്ളൂ. പുതുശേരി, പുതൂര്‍(അട്ടപ്പാടി), നല്ലേപ്പള്ളി, തിരുവേഗപ്പുറ, ഓങ്ങല്ലൂര്‍ എന്നീ പാലക്കാടന്‍ പഞ്ചായത്തുകളിലും സമാനമായ കൂട്ടുകെട്ട് വിജയം കണ്ടു.

കോട്ടയം നഗരസഭയില്‍ പ്രത്യക്ഷത്തില്‍ സഖ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികളും ഒരു ബിജെപി സ്വതന്ത്രനും ജയിച്ച സീറ്റുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് യുഡിഎഫ്-ബിജെപി രഹസ്യധാരണയെ തുടര്‍ന്നായിരുന്നുവെന്നത് ഇന്ന് നാട്ടില്‍ പാട്ടാണ്.

എറണാകുളം ജില്ലയില്‍ ബിജെപി ചെയ്ത സഹായത്തിന് പ്രത്യുപകാരമായി കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സെന്‍ട്രല്‍, മൂവാറ്റുപുഴ നഗരസഭയിലെ ഏഴാം വാര്‍ഡ്, പുത്തന്‍കുരിശ് പഞ്ചായത്തിലെ വടയന്‍പാത്തന്‍മല വാര്‍ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചു. പെരുമ്പാവൂര്‍ നഗരസഭയിലെ 20-ാം ഡിവിഷനില്‍ ബിജെപി പ്രവര്‍ത്തകനായ രഘുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. മൂവാറ്റുപുഴ നഗരസഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച ഏഴാം വാര്‍ഡില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് അഞ്ച് വോട്ടുമാത്രം. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച നേതാവ് ഷാജി ജോര്‍ജ് വിജയിച്ച പുത്തന്‍കുരിശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാമതായി. എറണാകുളം സൌത്തില്‍ കഴിഞ്ഞ തവണ 300ലേറെ വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് കോണ്‍ഗ്രസിനെ സഹായിച്ചത്.

മറ്റ് ജില്ലകളിലും ബിജെപിയുമായുള്ള കോണ്‍ഗ്രസ് ബാന്ധവത്തിന് ഒത്തിരി കഥകള്‍ പറയാനുണ്ട്. 

തുടരും...

കിനാലൂരില്‍ എല്‍ഡിഎഫ്; മാറാട് വീണ്ടും ഇടത്തോട്ട്

കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാതയുടെ മറവില്‍ കേരളത്തിലെ നന്ദിഗ്രാം എന്ന് മാധ്യമങ്ങളും യുഡിഎഫും അധിക്ഷേപിച്ച പനങ്ങാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം. എല്ലാ നുണപ്രചാരണങ്ങളെയും അവിശുദ്ധ സഖ്യത്തെയും പരാജയപ്പെടുത്തി, ആകെയുള്ള 21 വാര്‍ഡില്‍ 11ലും എല്‍ഡിഎഫ് മിന്നുന്ന വിജയം നേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളം ഉറ്റുനോക്കിയ മണ്ണാണ് പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ ഗ്രാമം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആവര്‍ത്തിക്കുമെന്ന് സ്വപ്നം കണ്ടവര്‍ ഒടുക്കം നിരാശരായി. നന്ദിഗ്രാം ആവര്‍ത്തിക്കുകയാണെന്ന് അപമാനിച്ചവര്‍ക്കും കിനാലൂര്‍ വ്യവസായവികസനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും തെരഞ്ഞെടുപ്പ് വിധി കനത്ത പ്രഹരമായി.

വ്യവസായപാര്‍ക്ക് അടങ്ങുന്ന നിര്‍ദിഷ്ടപ്രദേശത്തെ രണ്ട്, ആറ്, ഒന്‍പത് വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. കിനാലൂര്‍ പ്രദേശമടങ്ങുന്ന ബ്ളോക്ക് ഡിവിഷനില്‍ എല്‍ഡിഎഫിലെ റംല 336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ജനകീയ ഐക്യവേദിയെന്ന ലേബലില്‍ ജമാ അത്തെ ഇസ്ളാമിയും എസ്ഡിപിഐയും യുഡിഎഫും ബിജെപിയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നേരിട്ടത്. കിനാലൂരില്‍ വ്യവസായ വികസനത്തിന് അടിസ്ഥാന സൌകര്യമുണ്ടാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും സമ്മതിച്ചതിനാലാണ് നിര്‍ദിഷ്ട വ്യവസായ പാര്‍ക്കിലേക്കുള്ള നാലുവരിപ്പാതയ്ക്ക് സര്‍വേ തുടങ്ങിയത്. തദ്ദേശവാസികളല്ലാത്ത ക്രിമിനലുകളെ സംഘടിപ്പിച്ച് യുഡിഎഫും ചില വികസനവിരുദ്ധരും ചേര്‍ന്ന് സര്‍വേ തടയുകയും പൊലീസ് സംഘത്തെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മാധ്യമങ്ങളുടെ സഹായത്തോടെ നുണക്കഥകള്‍ പ്രചരിപ്പിച്ചത്. നാടിന്റെ വികസനത്തിന് വഴിതുറക്കുന്ന സംരംഭത്തെ തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള ജനഹിതമാണ് പനങ്ങാട്ടുണ്ടായത്.
(പി കെ സജിത്)

മാറാട് വീണ്ടും ഇടത്തോട്ട്

കോഴിക്കോട്: വര്‍ഗീയതയുടെ വിഷശരങ്ങള്‍ തീമഴയായി പെയ്ത മാറാടിന്റെ മണ്ണില്‍ സമാധാനത്തിന്റെ കുളിര്‍കാറ്റുമായി വീണ്ടും എല്‍ഡിഎഫ്. കോര്‍പ്പറേഷനിലെ 49-ാം വാര്‍ഡായ മാറാടില്‍ കോണ്‍ഗ്രസിലെ രമേഷ് നമ്പിയത്തിനെ 474 വോട്ടിന് പരാജയപ്പെടുത്തി എല്‍ഡിഎഫിലെ പൊന്നത്ത് ദേവരാജന്‍ (സിപിഐ എം) ഉജ്വലവിജയം നേടി. വര്‍ഗീയതയുടെ തീക്കനലുകള്‍ ഊതിക്കത്തിക്കാന്‍ സദാ ശ്രമിക്കുന്ന ബിജെപി ഇവിടെ മൂന്നാംസ്ഥാനത്തായി. ബേപ്പൂര്‍ പഞ്ചായത്തിലെ 1, 17, 22, വാര്‍ഡുകളിലുള്ള മാറാട് പ്രദേശമാണ് കലാപത്തിന്റെ വിളഭൂമിയായത്. ഇവിടെ 2005 ല്‍ നടന്ന ഗ്രാമപഞ്ചായത്ത്തെരഞ്ഞെടുപ്പില്‍ മൂന്നുവാര്‍ഡിലും എല്‍ഡിഎഫ് ഉജ്വലവിജയം നേടി. കൂട്ടക്കൊല നടന്ന 22ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയെ 370 ന് വോട്ടിന് തോല്‍പ്പിച്ച് സിപിഐ എമ്മിലെ ടി മനോഹരി വിജയക്കൊടി നാട്ടി. 17-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ 410 വോട്ടിന് തോല്‍പിച്ച് സിപിഐ എമ്മിലെ എന്‍ ശോഭനയും, ഒന്നാം വാര്‍ഡില്‍ അരയസമാജം പ്രസിഡന്റു കൂടിയായ ബിജെപിയിലെ ദേവദാസനെ 307 വോട്ടിന് തോല്‍പിച്ച് സിപിഐ എമ്മിലെ പി പീതാംബരനും മതേതരത്വത്തിന്റെ കരുത്തു തെളിയിച്ചു.

ദേശാഭിമാനി 011110

വിജയക്കൊടി


മത-സാമുദായിക ശക്തികളുമായും തീവ്രവാദികളടക്കമുള്ള വര്‍ഗീയ സംഘടനകളുമായും പരസ്യ കൂട്ടുകെട്ട് ഉണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ യുഡിഎഫിന് കോഴിക്കോട്ട് കനത്ത തിരിച്ചടി. ജില്ലയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമഗ്രാധിപത്യം. കോഴിക്കോട് കോര്‍പറേഷനിലും വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികളിലും വീണ്ടും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലും എല്‍ഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് നേടിയതോടെ സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനില്‍ മൂന്നെണ്ണത്തിന്റെ ഭരണസാരഥ്യം എല്‍ഡിഎഫ് കൈപ്പിടിയിലൊതുക്കി. വനിതാ മേയര്‍മാര്‍ ഭരിക്കുന്ന മൂന്നു കോര്‍പറേഷനും എല്‍ഡിഎഫിനാണെന്ന പ്രത്യേകതയുമുണ്ട്.

കോഴിക്കോട് കോര്‍പറേഷനില്‍ ആകെയുള്ള 75 സീറ്റില്‍ 41ഉം എല്‍ഡിഎഫ് നേടി. ഇതില്‍ 39ഉം സിപിഐ എമ്മിനാണ്. രണ്ടു സീറ്റ് എന്‍സിപിക്ക് ലഭിച്ചു. 34 സീറ്റാണ് യുഡിഎഫിന്. കോണ്‍ഗ്രസിന് 17ഉം ലീഗിന് 10ഉം സോഷ്യലിസ്റ്റ് ജനതയ്ക്ക് നാലും. ഐഎന്‍എല്ലിന് ഒരു സീറ്റ് ലഭിച്ചു. രണ്ട് യുഡിഎഫ് സ്വതന്ത്രരും ജയിച്ചു. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയമാണ് നേടിയത്. പാരമ്പര്യമായി കോണ്‍ഗ്രസിന്റെ തട്ടകമെന്നറിയപ്പെടുന്ന ഇവിടെ ആകെയുള്ള 44 സീറ്റില്‍ 27ഉം എല്‍ഡിഎഫ് നേടി. ഇതില്‍ 26ഉം സിപിഐ എമ്മിനാണ്. സിപിഐക്കാണ് ഒരു സീറ്റ്. യുഡിഎഫിന് 14 സീറ്റാണുള്ളത്. കോണ്‍ഗ്രസിന് ഒന്‍പതും ലീഗിന് അഞ്ചും. ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ചു. വടകരയില്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും നിഷ്പ്രഭമാക്കി എല്‍ഡിഎഫ് തിളങ്ങുന്ന വിജയം നേടി. ആകെയുള്ള 47 സീറ്റില്‍ 27 സീറ്റ് എല്‍ഡിഎഫിനാണ്. സിപിഐ എം-24, സിപിഐ-രണ്ട്, ജനതാദള്‍-ഒന്ന്. യുഡിഎഫിന് 19 സീറ്റേ ഉള്ളൂ. കോണ്‍ഗ്രസും ലീഗും ഒന്‍പതു സീറ്റുവീതം നേടി.

ഏഴിടത്ത് മല്‍സരിച്ച വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതയ്ക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രം. ഒരു സീറ്റില്‍ കോണ്‍ഗ്രസ് റിബല്‍ വിജയിച്ചു. സോഷ്യലിസ്റ്റ് ജനതയുടെ കേരളത്തിലെ ശക്തിദുര്‍ഗമെന്ന് 'മാതൃഭൂമി' വിശേഷിപ്പിച്ച പ്രദേശമാണ് വടകര. സിപിഐ എമ്മില്‍ നിന്ന് പുറത്താക്കിയവര്‍ ഒഞ്ചിയത്തുണ്ടാക്കിയ 'തരംഗം' വടകരയില്‍ ആഞ്ഞടിക്കുമെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇതൊന്നും കടത്തനാടന്‍ കളരിയില്‍ ഏശിയില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം അര്‍ധരാത്രി കഴിഞ്ഞേ പൂര്‍ണമാകൂ. ലഭ്യമായ കണക്കനുസരിച്ച് എല്‍ഡിഎഫ് ഭൂരിപക്ഷം നേടുമെന്നാണ് സൂചന. ബ്ളോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. 12 ബ്ളോക്ക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ട്. ജില്ലയില്‍ 75 ഗ്രാമപഞ്ചായത്താണുള്ളത്. കോഴിക്കോട് നഗരത്തോടു ചേര്‍ന്നുകിടക്കുന്ന കക്കോടി, കടലുണ്ടി, ഒളവണ്ണ, ഫറോക്ക്, തലക്കുളത്തൂര്‍, നന്മണ്ട തുടങ്ങിയ പഞ്ചായത്തുകളെല്ലാം എല്‍ഡിഎഫ് ഭരിക്കുമെന്ന് ഉറപ്പായി. മലയോരമേഖലകളിലെ ചില പഞ്ചായത്തില്‍ യുഡിഎഫിനാണ് മുന്നേറ്റം.
(കെ പ്രേമനാഥ്)

ഏഴിടത്ത് മത്സരിച്ച വീരന്റെ പാര്‍ടി ആറിടത്തും തോറ്റു

വടകര: ശക്തി കേന്ദ്രമെന്ന് സ്വയം അവകാശപ്പെട്ട വടകരയില്‍ വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളിന് ദയനീയ പരാജയം. മത്സരിച്ച ഏഴിടങ്ങളില്‍ ആറും തോറ്റു. ഒരു വനിത മാത്രം കഷ്ടിച്ചു കടന്നുകൂടി. വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എയും വടകരയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും ജനഹിതം അനുകൂലമായില്ല. പത്രമുതലാളിമാര്‍ക്കായി മാതൃഭൂമി നടത്തിയ പ്രചാരണവും വോട്ടര്‍മാര്‍ തള്ളി.

സോഷ്യലിസ്റ്റ് ജനത സംസ്ഥാന സമിതി അംഗം എടയത്ത് ശ്രീധരന്‍ പരാജയപ്പെട്ടതില്‍ പ്രമുഖനാണ്. ഐഎന്‍ടിയുസി സംസ്ഥാന നേതാവ് അഡ്വ. ഇ നാരായണന്‍ നായര്‍, കഴിഞ്ഞ കൌസില്‍ അംഗങ്ങളായ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി കേളു, കൌസില്‍ പാര്‍ടി നേതാവ് പി കെ പ്രഭാകരന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി വി സുധീര്‍കുമാര്‍ എന്നിവരും തോറ്റു. 47 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 27 വാര്‍ഡുകള്‍ നേടി. യുഡിഎഫിന് ലഭിച്ചത് 19 സീറ്റുകള്‍ മാത്രം. വീരഞ്ചേരി വാര്‍ഡില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി രജിത വിജയിച്ചു. എല്‍ഡിഎഫില്‍ സിപിഐ എം ഇരുപത്തിനാലും സിപിഐ രണ്ടും ജനതാദള്‍ എസ് ഒന്നും വാര്‍ഡുകളില്‍ വിജയിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസും ലീഗും ഒമ്പത് വീതവും സോഷ്യലിസ്റ്റ് ജനതാദള്‍ ഒരു സീറ്റിലുമാണ് വിജയിച്ചത്. എടോടി വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഇ ടി കെ അബൂബക്കര്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ 12 വോട്ട് മാത്രമാണ് ലഭിച്ചത്.
(കെ കെ ശ്രീജിത്)

മുരളീധരന്റെ വോട്ടും യുഡിഎഫിനെ തുണച്ചില്ല

കൊയിലാണ്ടി: വിജയത്തിളക്കത്തിന്റെ നാലാമൂഴം കൊയിലാണ്ടി നഗരസഭയില്‍ എല്‍ഡിഎഫ് ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസില്‍നിന്നടര്‍ന്നുപോയ മുരളീധരപക്ഷത്തിന്റെ തകര്‍ച്ച കൂടിയാണ് ശ്രദ്ധേയമാകുന്നത്. ഡിഐസിയുടെ വോട്ടുകളാണ് കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ എല്‍ഡിഎഫിനെ വിജയിപ്പിച്ചതെന്ന വലതുപക്ഷ പ്രചാരണങ്ങളെ തകര്‍ത്തുകൊണ്ടാണ് ഇത്തവണ എല്‍ഡിഎഫ് ഉജ്വല വിജയത്തിലേക്കെത്തിയത്. കഴിഞ്ഞ തവണ അഞ്ച് സീറ്റുണ്ടായിരുന്ന ഡിഐസിയും ഓരോ സീറ്റുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനതയും ഐഎന്‍എല്ലും എല്‍ഡിഎഫ് വിട്ടിട്ടും 27 സീറ്റിലാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. കോണ്‍ഗ്രസിന് ഒന്‍പതും ലീഗിന് അഞ്ചും ബിജെപിക്ക് മൂന്നും സീറ്റുകള്‍ ലഭിച്ചു. ഡിഐസി അടക്കം ശക്തമായ വേരുകളുള്ള പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് പോയതിനാല്‍ എല്‍ഡിഎഫ് പാടെ തകരുമെന്ന പ്രചാരണത്തിനുള്ള ശക്തമായ തിരിച്ചടിയായി എല്‍ഡിഎഫ് വിജയം. കഴിഞ്ഞ വര്‍ഷം 27 സീറ്റാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം 26 സീറ്റ് സിപിഐ എമ്മിന് ലഭിച്ചു. മുരളി വിഭാഗം സ്ഥാനാര്‍ഥിയും പച്ചതൊട്ടില്ല. കഴിഞ്ഞ വര്‍ഷം സീറ്റില്ലാത്ത സിപിഐ നഗരസഭയില്‍ ഒരു സീറ്റു നേടി.


നഗരസഭ രൂപീകൃതമായ 1995 മുതല്‍ എല്‍ഡിഎഫിനോടൊപ്പമാണ് കൊയിലാണ്ടി നഗരസഭ. അഭിമാനകരമായ വിജയം: പിണറായി തലശേരി: കോഴിക്കോട്ട് എല്‍ഡിഎഫ് അഭിമാനകരമായ വിജയമാണ് നേടിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോര്‍പറേഷനില്‍ മികച്ച വിജയമാണ്. കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികളിലും മികച്ച വിജയം കൈവരിക്കാനായി. ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന് സ്വാധീനമുള്ള വടകര നഗരസഭ പിടിക്കുമെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞത്. വീരേന്ദ്രകുമാര്‍ വിഭാഗത്തിന് സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ട കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പെരിങ്ങളം ഡിവിഷനിലടക്കം എല്‍ഡിഎഫ് അഭിമാനകരമായ വിജയമാണ് നേടിയതെന്നും പിണറായി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ അഭിമാനകരമായ വിജയമാണ് എല്‍ഡിഎഫ് നേടിയതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം മന്ത്രി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്ന പ്രചാരണത്തിനിടെയാണ് ഈ വിജയം. കോഴിക്കോട് നഗരപ്രദേശത്തെ പരമ്പരാഗതവോട്ടുകളടക്കം ഇത്തവണയും എല്‍ഡിഎഫിന് അനുകൂലമായെന്നും കോടിയേരി പറഞ്ഞു.
(എ സജീവ്കുമാര്‍)

deshabhimani 011110