Monday, November 1, 2010

വിജയക്കൊടി


മത-സാമുദായിക ശക്തികളുമായും തീവ്രവാദികളടക്കമുള്ള വര്‍ഗീയ സംഘടനകളുമായും പരസ്യ കൂട്ടുകെട്ട് ഉണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ യുഡിഎഫിന് കോഴിക്കോട്ട് കനത്ത തിരിച്ചടി. ജില്ലയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമഗ്രാധിപത്യം. കോഴിക്കോട് കോര്‍പറേഷനിലും വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികളിലും വീണ്ടും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലും എല്‍ഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് നേടിയതോടെ സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനില്‍ മൂന്നെണ്ണത്തിന്റെ ഭരണസാരഥ്യം എല്‍ഡിഎഫ് കൈപ്പിടിയിലൊതുക്കി. വനിതാ മേയര്‍മാര്‍ ഭരിക്കുന്ന മൂന്നു കോര്‍പറേഷനും എല്‍ഡിഎഫിനാണെന്ന പ്രത്യേകതയുമുണ്ട്.

കോഴിക്കോട് കോര്‍പറേഷനില്‍ ആകെയുള്ള 75 സീറ്റില്‍ 41ഉം എല്‍ഡിഎഫ് നേടി. ഇതില്‍ 39ഉം സിപിഐ എമ്മിനാണ്. രണ്ടു സീറ്റ് എന്‍സിപിക്ക് ലഭിച്ചു. 34 സീറ്റാണ് യുഡിഎഫിന്. കോണ്‍ഗ്രസിന് 17ഉം ലീഗിന് 10ഉം സോഷ്യലിസ്റ്റ് ജനതയ്ക്ക് നാലും. ഐഎന്‍എല്ലിന് ഒരു സീറ്റ് ലഭിച്ചു. രണ്ട് യുഡിഎഫ് സ്വതന്ത്രരും ജയിച്ചു. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയമാണ് നേടിയത്. പാരമ്പര്യമായി കോണ്‍ഗ്രസിന്റെ തട്ടകമെന്നറിയപ്പെടുന്ന ഇവിടെ ആകെയുള്ള 44 സീറ്റില്‍ 27ഉം എല്‍ഡിഎഫ് നേടി. ഇതില്‍ 26ഉം സിപിഐ എമ്മിനാണ്. സിപിഐക്കാണ് ഒരു സീറ്റ്. യുഡിഎഫിന് 14 സീറ്റാണുള്ളത്. കോണ്‍ഗ്രസിന് ഒന്‍പതും ലീഗിന് അഞ്ചും. ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ചു. വടകരയില്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും നിഷ്പ്രഭമാക്കി എല്‍ഡിഎഫ് തിളങ്ങുന്ന വിജയം നേടി. ആകെയുള്ള 47 സീറ്റില്‍ 27 സീറ്റ് എല്‍ഡിഎഫിനാണ്. സിപിഐ എം-24, സിപിഐ-രണ്ട്, ജനതാദള്‍-ഒന്ന്. യുഡിഎഫിന് 19 സീറ്റേ ഉള്ളൂ. കോണ്‍ഗ്രസും ലീഗും ഒന്‍പതു സീറ്റുവീതം നേടി.

ഏഴിടത്ത് മല്‍സരിച്ച വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതയ്ക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രം. ഒരു സീറ്റില്‍ കോണ്‍ഗ്രസ് റിബല്‍ വിജയിച്ചു. സോഷ്യലിസ്റ്റ് ജനതയുടെ കേരളത്തിലെ ശക്തിദുര്‍ഗമെന്ന് 'മാതൃഭൂമി' വിശേഷിപ്പിച്ച പ്രദേശമാണ് വടകര. സിപിഐ എമ്മില്‍ നിന്ന് പുറത്താക്കിയവര്‍ ഒഞ്ചിയത്തുണ്ടാക്കിയ 'തരംഗം' വടകരയില്‍ ആഞ്ഞടിക്കുമെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇതൊന്നും കടത്തനാടന്‍ കളരിയില്‍ ഏശിയില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം അര്‍ധരാത്രി കഴിഞ്ഞേ പൂര്‍ണമാകൂ. ലഭ്യമായ കണക്കനുസരിച്ച് എല്‍ഡിഎഫ് ഭൂരിപക്ഷം നേടുമെന്നാണ് സൂചന. ബ്ളോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. 12 ബ്ളോക്ക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ട്. ജില്ലയില്‍ 75 ഗ്രാമപഞ്ചായത്താണുള്ളത്. കോഴിക്കോട് നഗരത്തോടു ചേര്‍ന്നുകിടക്കുന്ന കക്കോടി, കടലുണ്ടി, ഒളവണ്ണ, ഫറോക്ക്, തലക്കുളത്തൂര്‍, നന്മണ്ട തുടങ്ങിയ പഞ്ചായത്തുകളെല്ലാം എല്‍ഡിഎഫ് ഭരിക്കുമെന്ന് ഉറപ്പായി. മലയോരമേഖലകളിലെ ചില പഞ്ചായത്തില്‍ യുഡിഎഫിനാണ് മുന്നേറ്റം.
(കെ പ്രേമനാഥ്)

ഏഴിടത്ത് മത്സരിച്ച വീരന്റെ പാര്‍ടി ആറിടത്തും തോറ്റു

വടകര: ശക്തി കേന്ദ്രമെന്ന് സ്വയം അവകാശപ്പെട്ട വടകരയില്‍ വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളിന് ദയനീയ പരാജയം. മത്സരിച്ച ഏഴിടങ്ങളില്‍ ആറും തോറ്റു. ഒരു വനിത മാത്രം കഷ്ടിച്ചു കടന്നുകൂടി. വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എയും വടകരയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും ജനഹിതം അനുകൂലമായില്ല. പത്രമുതലാളിമാര്‍ക്കായി മാതൃഭൂമി നടത്തിയ പ്രചാരണവും വോട്ടര്‍മാര്‍ തള്ളി.

സോഷ്യലിസ്റ്റ് ജനത സംസ്ഥാന സമിതി അംഗം എടയത്ത് ശ്രീധരന്‍ പരാജയപ്പെട്ടതില്‍ പ്രമുഖനാണ്. ഐഎന്‍ടിയുസി സംസ്ഥാന നേതാവ് അഡ്വ. ഇ നാരായണന്‍ നായര്‍, കഴിഞ്ഞ കൌസില്‍ അംഗങ്ങളായ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി കേളു, കൌസില്‍ പാര്‍ടി നേതാവ് പി കെ പ്രഭാകരന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി വി സുധീര്‍കുമാര്‍ എന്നിവരും തോറ്റു. 47 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 27 വാര്‍ഡുകള്‍ നേടി. യുഡിഎഫിന് ലഭിച്ചത് 19 സീറ്റുകള്‍ മാത്രം. വീരഞ്ചേരി വാര്‍ഡില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി രജിത വിജയിച്ചു. എല്‍ഡിഎഫില്‍ സിപിഐ എം ഇരുപത്തിനാലും സിപിഐ രണ്ടും ജനതാദള്‍ എസ് ഒന്നും വാര്‍ഡുകളില്‍ വിജയിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസും ലീഗും ഒമ്പത് വീതവും സോഷ്യലിസ്റ്റ് ജനതാദള്‍ ഒരു സീറ്റിലുമാണ് വിജയിച്ചത്. എടോടി വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഇ ടി കെ അബൂബക്കര്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ 12 വോട്ട് മാത്രമാണ് ലഭിച്ചത്.
(കെ കെ ശ്രീജിത്)

മുരളീധരന്റെ വോട്ടും യുഡിഎഫിനെ തുണച്ചില്ല

കൊയിലാണ്ടി: വിജയത്തിളക്കത്തിന്റെ നാലാമൂഴം കൊയിലാണ്ടി നഗരസഭയില്‍ എല്‍ഡിഎഫ് ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസില്‍നിന്നടര്‍ന്നുപോയ മുരളീധരപക്ഷത്തിന്റെ തകര്‍ച്ച കൂടിയാണ് ശ്രദ്ധേയമാകുന്നത്. ഡിഐസിയുടെ വോട്ടുകളാണ് കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ എല്‍ഡിഎഫിനെ വിജയിപ്പിച്ചതെന്ന വലതുപക്ഷ പ്രചാരണങ്ങളെ തകര്‍ത്തുകൊണ്ടാണ് ഇത്തവണ എല്‍ഡിഎഫ് ഉജ്വല വിജയത്തിലേക്കെത്തിയത്. കഴിഞ്ഞ തവണ അഞ്ച് സീറ്റുണ്ടായിരുന്ന ഡിഐസിയും ഓരോ സീറ്റുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനതയും ഐഎന്‍എല്ലും എല്‍ഡിഎഫ് വിട്ടിട്ടും 27 സീറ്റിലാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. കോണ്‍ഗ്രസിന് ഒന്‍പതും ലീഗിന് അഞ്ചും ബിജെപിക്ക് മൂന്നും സീറ്റുകള്‍ ലഭിച്ചു. ഡിഐസി അടക്കം ശക്തമായ വേരുകളുള്ള പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് പോയതിനാല്‍ എല്‍ഡിഎഫ് പാടെ തകരുമെന്ന പ്രചാരണത്തിനുള്ള ശക്തമായ തിരിച്ചടിയായി എല്‍ഡിഎഫ് വിജയം. കഴിഞ്ഞ വര്‍ഷം 27 സീറ്റാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം 26 സീറ്റ് സിപിഐ എമ്മിന് ലഭിച്ചു. മുരളി വിഭാഗം സ്ഥാനാര്‍ഥിയും പച്ചതൊട്ടില്ല. കഴിഞ്ഞ വര്‍ഷം സീറ്റില്ലാത്ത സിപിഐ നഗരസഭയില്‍ ഒരു സീറ്റു നേടി.


നഗരസഭ രൂപീകൃതമായ 1995 മുതല്‍ എല്‍ഡിഎഫിനോടൊപ്പമാണ് കൊയിലാണ്ടി നഗരസഭ. അഭിമാനകരമായ വിജയം: പിണറായി തലശേരി: കോഴിക്കോട്ട് എല്‍ഡിഎഫ് അഭിമാനകരമായ വിജയമാണ് നേടിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോര്‍പറേഷനില്‍ മികച്ച വിജയമാണ്. കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികളിലും മികച്ച വിജയം കൈവരിക്കാനായി. ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന് സ്വാധീനമുള്ള വടകര നഗരസഭ പിടിക്കുമെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞത്. വീരേന്ദ്രകുമാര്‍ വിഭാഗത്തിന് സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ട കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പെരിങ്ങളം ഡിവിഷനിലടക്കം എല്‍ഡിഎഫ് അഭിമാനകരമായ വിജയമാണ് നേടിയതെന്നും പിണറായി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ അഭിമാനകരമായ വിജയമാണ് എല്‍ഡിഎഫ് നേടിയതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം മന്ത്രി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്ന പ്രചാരണത്തിനിടെയാണ് ഈ വിജയം. കോഴിക്കോട് നഗരപ്രദേശത്തെ പരമ്പരാഗതവോട്ടുകളടക്കം ഇത്തവണയും എല്‍ഡിഎഫിന് അനുകൂലമായെന്നും കോടിയേരി പറഞ്ഞു.
(എ സജീവ്കുമാര്‍)

deshabhimani 011110

1 comment:

  1. മത-സാമുദായിക ശക്തികളുമായും തീവ്രവാദികളടക്കമുള്ള വര്‍ഗീയ സംഘടനകളുമായും പരസ്യ കൂട്ടുകെട്ട് ഉണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ യുഡിഎഫിന് കോഴിക്കോട്ട് കനത്ത തിരിച്ചടി. ജില്ലയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമഗ്രാധിപത്യം. കോഴിക്കോട് കോര്‍പറേഷനിലും വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികളിലും വീണ്ടും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലും എല്‍ഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് നേടിയതോടെ സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനില്‍ മൂന്നെണ്ണത്തിന്റെ ഭരണസാരഥ്യം എല്‍ഡിഎഫ് കൈപ്പിടിയിലൊതുക്കി. വനിതാ മേയര്‍മാര്‍ ഭരിക്കുന്ന മൂന്നു കോര്‍പറേഷനും എല്‍ഡിഎഫിനാണെന്ന പ്രത്യേകതയുമുണ്ട്.

    ReplyDelete