Saturday, March 1, 2014

ഫാക്ടിന്റെ പുനരുജ്ജീവന പാക്കേജിന് അംഗീകാരമില്ല

കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഫാക്ടിന്റെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചു. 999.90 കോടി രൂപയുടെ പാക്കേജ് ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ താല്‍പ്പര്യമില്ലായ്മ മൂലം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാക്കേജിന് അംഗീകാരമുണ്ടാകില്ലെന്ന് തീര്‍ച്ചയായി. ഏതുനിമിഷവും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നിരിക്കെ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഫാക്ടിലെ ജീവനക്കാരുടെ പ്രതീക്ഷയത്രയും. അനുകൂല തീരുമാനമെടുക്കാതെ മന്ത്രിസഭാ യോഗം പിരിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി പാക്കേജ് അംഗീകരിക്കാതെ വന്നാല്‍ ഫാക്ടിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാകും. നാഫ്ത ഇന്ധനമായി വളം ഉല്‍പ്പാദനം നടത്തുന്ന രാസവളം കമ്പനികള്‍ക്ക് നല്‍കുന്ന പ്രത്യേക സഹായമെന്ന നിലയില്‍ 149.68 കോടി രൂപ മാത്രം ഫാക്ടിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2010 ജൂലൈ 1 മുതല്‍ 2013 ഒക്ടോബര്‍ 4 വരെയുള്ള കാലയളവില്‍ നാഫ്ത ഉപയോഗിച്ച് ഉല്‍പ്പാദനം നടത്തിയതിന് സഹായമെന്ന നിലയിലാണിത്. നാഫ്തയില്‍നിന്ന് പ്രകൃതിവാതകത്തിലേക്ക് മാറിയതിനാല്‍ ഈ സഹായം തുടര്‍ന്ന് ലഭിക്കില്ല. എല്‍എന്‍ജി വിലനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയരൂപീകരണം നടത്തണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

നിലവില്‍ എല്‍എന്‍ജിക്ക് ഉയര്‍ന്ന വിലയാണ് ഫാക്ട് നല്‍കുന്നത്. ഫാക്ടിന് കുറഞ്ഞ നിരക്കില്‍ എല്‍എന്‍ജി ലഭ്യമാക്കണമെന്ന ആവശ്യം ദീര്‍ഘനാളായി നിലനില്‍ക്കുന്നതാണ്. നിലവില്‍ നാഫ്തയേക്കാള്‍ ഉയര്‍ന്ന വിലയാണ് ഫാക്ട് എല്‍എന്‍ജിക്ക് നല്‍കുന്നത്. മന്ത്രിസഭായോഗത്തില്‍ ഈ വിഷയം താന്‍ ഉന്നയിച്ചതായിമാത്രം കേന്ദ്ര മന്ത്രി കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നൂറ് കോടി രൂപ പലിശരഹിത വായ്പ, 250 കോടി രൂപ ഗ്രാന്റ്, നിലവിലുള്ള വായ്പയില്‍ 212.79 കോടി രൂപ എഴുതിത്തള്ളല്‍, പലിശ ഇനത്തില്‍ 159.17 കോടി രൂപ എഴുതിത്തള്ളല്‍ എന്നിങ്ങനെയാണ് ഫാക്ടിന്റെ പുനരുജ്ജീവന പാക്കേജ്. വളംമന്ത്രാലയം അംഗീകരിച്ച പാക്കേജ് നിലവില്‍ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കെ വി തോമസ് പറഞ്ഞു. ധനമന്ത്രി ചിദംബരമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും തോമസ് പറഞ്ഞു.

ഫാക്ട് സംരക്ഷണ സായാഹ്നം ഇന്ന്

കൊച്ചി: ഫാക്ടിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഫാക്ട് സംരക്ഷണ സായാഹ്നം സംഘടിപ്പിക്കുമെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്യോഗമണ്ഡല്‍ ഫാക്ട് കവലയിലാണ് പരിപാടി. വൈകിട്ട് അഞ്ചിന് കണ്ടെയ്നര്‍ റോഡ് ഫാക്ട് ആനവാതിലില്‍നിന്ന് സമരപ്പന്തലിലേക്ക് മഹാറാലി. 5.30ന് പൊതുസമ്മേളനം. ഏഴിന് പ്രതിഷേധജ്വാലകൊളുത്തലും പ്രതിജ്ഞയെടുക്കലും. തുടര്‍ന്ന് കലാസന്ധ്യ എന്നിവയാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും തൊഴിലാളിസംഘടനകളുടെയും പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക-സാഹിത്യ നായകരും സിനിമ, മിമിക്രി രംഗത്തുള്ള കലാകാരന്മാരും അണിനിരക്കും.

ഫാക്ടിന് സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതടക്കം വിവിധ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഒന്നരവര്‍ഷമായി നടത്തുന്ന നിവേദനങ്ങള്‍ക്കും 132 ദിവസമായി ഫാക്ട് ഉദ്യോഗമണ്ഡലില്‍ നടത്തിയ സത്യഗ്രഹത്തിനും ഫലപ്രാപ്തിയുണ്ടായില്ല. അതിനാല്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം 33 ദിനങ്ങളായി നടത്തി വരികയാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ജനവിഭാഗങ്ങളുടെയും പിന്തുണയാര്‍ജിച്ച് സമരം കൂടുതല്‍ ശക്തമാവുകയാണെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാക്ടിന് സാമ്പത്തിക പാക്കേജ് എത്രയും വേഗം അനുവദിക്കണം. തെരഞ്ഞെടുപ്പുവിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഇത് സാധ്യമല്ല. താമസിച്ചാല്‍ ഫാക്ട് പീഡിതവ്യവസായങ്ങളുടെ ഗണത്തില്‍പ്പെടും. സാമ്പത്തിക പാക്കേജ് ഇല്ലെങ്കില്‍ കാപ്രോലാക്ടം, അമോണിയ പ്ലാന്റുകള്‍ക്കു പിന്നാലെ മറ്റു പ്ലാന്റുകള്‍കൂടി നിശ്ചലമാകും. ഫാക്ട് അടഞ്ഞുപോയാല്‍ സ്ഥാപനത്തിലെ 2750 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ദക്ഷിണേന്ത്യയില്‍ 11 ലക്ഷം ടണ്‍ രാസവളം കര്‍ഷകന് ലഭ്യമാകാത്ത സ്ഥിതിയുമുണ്ടാകും. രാജ്യത്തിന്റെ ഭക്ഷ്യോല്‍പ്പാദനത്തെ ഇത് ഗണ്യമായി ബാധിക്കുമെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

കണ്‍വീനര്‍ കെ എന്‍ ഗോപിനാഥ്, അഡ്വ. കെ പി ഹരിദാസ്, എന്‍ പി ശങ്കരന്‍കുട്ടി, കെ വിജയന്‍പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

ചന്ദ്രശേഖരന്‍ കേസിന് പ്രത്യേകതയില്ല: കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ കേസിന് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഹൈക്കോടതി. മറ്റു കേസുകള്‍പോലെ മാത്രമേ ഇതും കാണാനാവൂ എന്ന് ജസ്റ്റിസുമാരായ വി കെ മോഹനന്‍, ബി കമാല്‍പാഷ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. തെളിവു നശിപ്പിക്കല്‍ കുറ്റത്തിന് വിചാരണക്കോടതി മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ച 31-ാം പ്രതി ലംബു പ്രദീപന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. ഉപാധികളോടെ ജാമ്യം നല്‍കാനും നിര്‍ദേശിച്ചു.

ചന്ദ്രശേഖരന്‍ വധക്കേസ് പ്രത്യേക കേസായി പരിഗണിക്കണമെന്നും പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയരുതെന്നുമുള്ള പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലിയുടെ വാദം കോടതി തള്ളി. തെളിവുനശിപ്പിച്ച കുറ്റത്തിനാണ് ലംബു പ്രദീപനെ മൂന്നുവര്‍ഷം കഠിന തടവിനും 20,000 രൂപ പിഴക്കും ശിക്ഷിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ എന്തിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കണമെന്ന് കോടതി ചോദിച്ചു.

ചെന്നിത്തലയുടെ പ്രസ്താവന ഭരണപരിചയമില്ലാത്തതിനാല്‍: തിരുവഞ്ചൂര്‍

കോട്ടയം: ""ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ഫൈവ്സ്റ്റാര്‍ സൗകര്യമൊരുക്കാന്‍ വേറെ ആളെ നോക്കണമെന്"" ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഒളിയമ്പ്. ചെന്നിത്തലയ്ക്ക് വേണ്ടത്ര ഭരണപരിചയമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് കണ്‍വന്‍ഷനിലാണ് ചെന്നിത്തല തിരുവഞ്ചൂരിനെതിരെ മുനവെച്ച് സംസാരിച്ചത്.

deshabhimani

തലമുറകളുടെ തലയൊരുക്കി അപ്പുവണ്ണന്‍ ഇപ്പോഴും സജീവം

തലയാണ് തലമുറകളെയും അപ്പുവണ്ണനെയും ബന്ധിപ്പിക്കുന്ന കണ്ണി. എഴുപത്തൊന്ന് വയസ്സുള്ള അപ്പുവണ്ണന്റെ കണ്‍മുന്നിലൂടെ തിരുവനന്തപുരം ശ്രീചിത്ര പുവര്‍ഹോമില്‍ നിന്ന് ഉയരങ്ങളിലേക്ക് നടന്നുകയറിയവര്‍ എണ്ണിയാലൊടുങ്ങാത്ത അത്രയുമുണ്ട്. വാത്സല്യം കിനിയുന്ന വിരലുകളാലും പഴകിയെങ്കിലും തുരുമ്പെടുത്ത കത്രികയാലും ബാല്യത്തില്‍ അനേകം പേരുടെ തലയൊരുക്കിയ അഗതിമന്ദിരത്തിന്റെ സ്വന്തം ബാര്‍ബറെ അവര്‍ എങ്ങനെ മറക്കും.

ഒരുമാസം മുമ്പാണ്. യുറോപ്പില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ശ്രീചിത്ര ഹോമിലെത്തി. അഗതി മന്ദിരത്തിലെ ജീവനക്കാരാരെയും യുവാവ് ഓര്‍ക്കുന്നില്ല. പക്ഷേ, അപ്പുവണ്ണന്‍ തെളിമയുള്ള ചിത്രമായി അവന്റെ ഓര്‍മയിലുണ്ട്. സ്വീകരണ മുറിയില്‍ കാത്തിരുന്ന സന്ദര്‍ശകന്റെ മുന്നിലേക്ക് ചെന്നുനിന്നപ്പോഴും അണ്ണന്‍ ഓര്‍മകളില്‍ ആ മുഖം പരതുകയായിരുന്നു. ഐടി എന്‍ജിനിയറായ അവന്റെ പഴയകാലം തിരിച്ചറിയാന്‍ ആതിഥേയന്‍ പാടുപെട്ടു. ""എന്റെ അമ്മയുടെ മുടി അണ്ണന്‍ വെട്ടിയിട്ടുണ്ട്"" എന്ന് സൂചന വന്നമാത്രയില്‍ ആളെ അപ്പുവണ്ണന്‍ തിരിച്ചറിഞ്ഞു.

ശ്രീചിത്രാ ഹോമിലെ അനേകം തലമുറകളുടെ തലയൊരുക്കിയത് അപ്പുവണ്ണനാണ്. തസ്തികയില്‍, ക്ഷുരകന്‍ മാത്രമെങ്കിലും അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് അച്ഛനും മുത്തച്ഛനും അണ്ണനും ഒക്കെയായി മാറുന്നൊരാള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള മുടിവെട്ടുകാരനായി നന്നേ ചെറുപ്പത്തിലെ എത്തിയതാണ് അപ്പുവണ്ണന്‍. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയുമായിരുന്നു മുടിവെട്ട്. 65 രൂപ മാസവേതനം. 1934ല്‍ സ്ഥാപിച്ച ശ്രീചിത്ര ഹോമില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട സേവനം. ശമ്പളം അധികമൊന്നും വര്‍ധിച്ചില്ലെങ്കിലും സേവനം തുടരുന്നു. ശ്രീചിത്ര ഹോമില്‍ വളര്‍ന്ന് വലുതാവുകയും പിന്നീട് ഇവിടേക്ക് ജോലി ലഭിച്ച് തിരികെ എത്തിയ പല ആയമാര്‍ക്കും കുഞ്ഞുന്നാളില്‍ മുടി വെട്ടിയത് അപ്പുവണ്ണനാണ്. പക്ഷേ, അവര്‍ക്കുള്ള തുച്ഛശമ്പളത്തിന്റെ പകുതിപോലും അപ്പുവണ്ണന് ഇപ്പോഴുമില്ലെന്നുമാത്രം. അടുത്തിടെ മുന്‍ അന്തേവാസിയായ സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥന്റെ സന്ദര്‍ശനമാണ് ശമ്പളത്തില്‍ ചെറിയ വര്‍ധനയ്ക്ക് നിമിത്തമായത്.

ജീവനക്കാരനായി അംഗീകാരം കിട്ടിയില്ലെങ്കിലും പെന്‍ഷന്‍പ്രായം ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മരണംവരെയും ജോലിചെയ്യാം. ചെയ്യാനായില്ലെങ്കിലോ? ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് 71 പിന്നിട്ട അപ്പുവണ്ണന്‍.

ഒരു നേരത്തെ ആഹാരത്തിനായി അലഞ്ഞുനടക്കുന്ന കാലത്താണ് അപ്പു ശ്രീചിത്രഹോമിലെത്തുന്നത്. നഗരത്തിലുള്ള അഗതികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം നടത്തിയിരുന്ന വഞ്ചി പുവര്‍ ഫണ്ടിലെത്തിയപ്പോഴാണ് ശ്രീചിത്ര ഹോമില്‍ ബാര്‍ബറെ ആവശ്യമുണ്ടെന്ന് കേട്ടത്. തൊഴില്‍രഹിതരായിരുന്ന അച്ഛനും അമ്മയും ഉള്‍പ്പെടുന്ന വീട്ടിലെ ആദ്യ "ജോലിക്കാരന്‍" ആയി അങ്ങനെ അപ്പു മാറി. തുടര്‍ന്നിങ്ങോട്ട് നിരാലംബര്‍ക്കായി പകുത്തു നല്‍കിയ ജീവിതം. മെഡിക്കല്‍കോളേജ് സെന്റ് ജോര്‍ജ് ലെയ്നിലെ കൊച്ചുവീട്ടില്‍നിന്ന് കുടുംബം അടുത്തകാലത്താണ് പുത്തന്‍പാലത്തേക്ക് മാറിയത്. കൂലിപ്പണിക്കാരായ രണ്ട് ആണ്‍മക്കളും ഭാര്യ സുശീലയുമടങ്ങിയതാണ് ഈ സന്തുഷ്ട കുടുംബം.

എം വി പ്രദീപ് deshabhimani

വിജ്ഞാപനം റദ്ദാക്കാതെ ഒത്തുകളി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്ക പരിഹരിക്കുമെന്ന് ആവര്‍ത്തിക്കുകയും അതേസമയം വിജ്ഞാപനം അതേപടി നടപ്പാക്കുമെന്ന് ഹരിത ട്രിബ്യൂണലില്‍ സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ വെളിവായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതിയും പുനഃപരിശോധനയും വേണമെന്ന കേരളത്തിന്റെ ആവശ്യം നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന സമീപനമാണ് കഴിഞ്ഞദിവസം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചത്. പശ്ചിമഘട്ട കര്‍ഷകജനതയ്ക്ക് പ്രതികൂലമായ കസ്തൂരിരംഗന്‍ ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശത്തില്‍ അന്തിമ തീരുമാനം എടുക്കാതെ നീട്ടുന്നതെന്തിനാണെന്നണ് കര്‍ഷക സംഘടനകളുടെയും കര്‍ഷകരുടെയും ചോദ്യം.

ജനവാസ മേഖലകളെയും കൃഷി- തോട്ടം മേഖലയെയും പരിഗണിക്കാതെയാണ് പരിസ്ഥിതി ദുര്‍ബല പട്ടിക തയ്യറാക്കിയതെന്ന കേരളത്തിന്റെ അഭിപ്രായം കേന്ദ്രം അംഗീകരിച്ചിട്ടില്ല. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണലില്‍ കഴിഞ്ഞ ജനുവരി 28ന് കേന്ദ്രം അറിയിച്ചത് തുടരാനാണ് സാധ്യത. സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയാണെന്നും ഇഎസ്എ മേഖലയുടെ സംരഷണം ഉറപ്പുവരുത്തുന്നതിനുള്ള വിജ്ഞാപനമാണ് 2013 നവംബര്‍ 13 ന് ഇറക്കിയത്. ഈ വിജ്ഞാപനം നിലനില്‍ക്കുന്നത് തന്നെയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ കണ്‍വീനറായ സമിതിയുടെ തെളിവെടുപ്പു നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് പറയുമ്പോഴും ചര്‍ച്ചവേണമെന്നാണ് വീരപ്പമൊയ്ലി അഭിപ്രായപ്പെടുന്നത്.

കര്‍ഷകരെ കൂടാതെ പശ്ചിമഘട്ട വികസനം സാധ്യമല്ലെന്നും കൃഷിക്കാര്‍ക്ക് മാത്രമെ പശ്ചിമഘട്ടം സംരക്ഷിക്കാനാവുകയുള്ളൂവെന്നുമാണ് സമിതി തെളിവെടുപ്പിനെത്തിയ കര്‍ഷകര്‍ക്ക് കിട്ടിയ ഉറപ്പ്. കൂടാതെ മേഖലയിലെ ജനവാസവും കൃഷിസ്ഥലവും നാണ്യവിളകളും പരിഗണിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പൂര്‍ണമായ തിരുത്തല്‍ വരുത്തിയ ശേഷമേ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. ഉപഗ്രഹ സര്‍വേപ്രകാരം പരിസ്ഥിതി ദുര്‍ബല മേഖല കണ്ടെത്തിയത് അശാസ്ത്രീയമാണെന്നും അതിരുകള്‍ പുനഃക്രമീകരിച്ച് ജനവാസ മേഖലകള്‍ ഒഴിവാക്കുമെന്നുമുള്ള സമിതിയുടെ കണ്ടെത്തലും അംഗീകരിച്ചിട്ടില്ല. ശുപാര്‍ശയിലെ കരട് വിജ്ഞാപനം സംബന്ധിച്ച് സംസ്ഥാനത്തിന്റെ അന്തിമ നിര്‍ദേശം മാര്‍ച്ച് 24 നകം അറിയിക്കാനാണ് ഹരിത ട്രിബ്യൂണല്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

മീറ്റ് പ്രോഡക്ട്സിന്റെ വികസനം ത്രിശങ്കുവില്‍

കൂത്താട്ടുകുളം: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ വികസനത്തിന് വഴിമുടക്കുന്നു. തൃശൂര്‍ ജില്ലയിലെ പരിയാരം വില്ലേജില്‍ ആരംഭിക്കാനിരുന്ന 37.40 കോടി രൂപയുടെ വന്‍പദ്ധതിയാണ് ത്രിശങ്കുവിലായത്. അതിരപ്പിള്ളി വില്ലേജ് രൂപീകരിച്ച സാഹചര്യത്തില്‍ പരിയാരത്തെ പരിസ്ഥിതിലോല പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, കേരളത്തിലെ 105 വില്ലേജുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ പരിയാരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. 1968ല്‍ ബേക്കണ്‍ ഫാക്ടറിയായി കൂത്താട്ടുകുളത്തെ എടയാറില്‍ ആരംഭിച്ച സ്ഥാപനം 1973ലാണ് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയായി മാറിയത്. കൃഷിവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിന് നഷ്ടത്തിന്റെ കണക്കുകളാണ് ഏറെയും. വികസനസാധ്യതയുള്ള പരിയാരത്തെ പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് രൂപംകൊണ്ടത്. കയറ്റുമതി ലക്ഷ്യമാക്കി മാട്, ആട്, കോഴി എന്നിവയുടെ മാംസം സംസ്കരിക്കുന്ന പദ്ധതിയാണിത്. 16 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. ആടുമാടുകളെ അറുക്കലും മാംസസംസ്കരണവും റെഡ് ക്യാറ്റഗറിയിലാണ് പെടുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം പരിസ്ഥിതിലോലപ്രദേശത്ത് ഇത് അനുവദനീയമല്ല.

deshabhimani

നാട്ടുകാരുടെ സംരക്ഷണയില്‍ സന്ദീപാനന്ദഗിരി പ്രഭാഷണം നടത്തി

കാഞ്ഞങ്ങാട്: പ്രഭാഷണത്തിനെത്തിയ സ്വാമി സന്ദീപാനന്ദഗിരിയെ മാവുങ്കാലില്‍ ആര്‍എസ്എസ്- സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. ജനാഭിലാഷം മാനിച്ച് സ്വാമി കിഴക്കുംകര ചിത്ര ഓഡിറ്റോറിയത്തില്‍ നാട്ടുകാരുടെ സംരക്ഷണയില്‍ പ്രഭാഷണം നടത്തി. ബുധനാഴ്ച വൈകിട്ട് ആറിന് മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടിയനുസരിച്ച് ഉച്ചയോടെ സ്വാമി പ്രഭാഷണത്തിന് ആനന്ദാശ്രമത്തിലെത്തി. ഇതറിഞ്ഞ സംഘപരിവാര്‍ സംഘം പ്രഭാഷണം നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ക്ഷേത്ര ഭാരവാഹികളും സ്വാമിയെ പിന്തിരിപ്പിക്കാനെത്തി. ബോധപൂര്‍വം ക്ഷേത്രമുറ്റത്ത് കലാപമുണ്ടാക്കി മുതലെടുക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ സ്വാമി പരിപാടി ഉപേക്ഷിച്ചു.

ഭഗവദ്ഗീത ഉള്‍പ്പെടെയുള്ള പുരാണകൃതികളെ മനുഷ്യപക്ഷത്തുനിന്ന് വ്യാഖ്യാനിക്കുന്ന സ്വാമിയുടെ ദൗത്യത്തില്‍ ആകൃഷ്ടരായ നൂറുകണക്കിന് ഹിന്ദുമത വിശ്വാസികള്‍ സ്വാമിയുടെ അനുവാദത്തോടെ പ്രഭാഷണത്തിനായി കിഴക്കുംകരയിലെ ചിത്ര ഓഡിറ്റോറിയത്തില്‍ സൗകര്യമൊരുക്കുകയായിരുന്നു. സംഘപരിവാര്‍ ശക്തികളുടെ ഭീഷണിയില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടതിനാല്‍ നാട്ടുകാര്‍ കേന്ദ്രത്തില്‍ സംരക്ഷണവുമായെത്തി. വൈകിട്ട് ആറോടെ പ്രഭാഷണം അവസാനിച്ചു. സ്കൂള്‍ ഓഫ് ഭഗവത്ഗീതയുടെ നേതൃത്വത്തില്‍ ഭാരതീയ ദര്‍ശനം, ഇതിഹാസ പുരാണം, ആചാരാനുഷ്ഠാനം എന്നിവയെക്കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി 23 മുതലാണ് ജില്ലയില്‍ പ്രഭാഷണ പരമ്പര തുടങ്ങിയത്. കാസര്‍കോട് മുരളീമുകുന്ദ് ഓഡിറ്റോറിയത്തില്‍ 25 വരെ നടത്തിയ പ്രഭാഷണ പരമ്പരക്കിടെ മാതാ അമൃതാനന്ദമയി ഉള്‍പ്പെടെയുള്ള ആള്‍ദൈവങ്ങള്‍ ആത്മീയതയുടെ മറപറ്റി നടത്തുന്ന അനാചാരങ്ങള്‍ക്കും ഹൈന്ദവവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ വിമര്‍ശിച്ച് സംസാരിച്ചതാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിതരാക്കിയത്.

deshabhimani

മലയോര കര്‍ഷകരെ വഞ്ചിക്കരുത്

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനുമുന്നില്‍ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. 2013 നവംബര്‍ 13ന് ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് നിരാഹാരം ആരംഭിച്ചത്. ഫാദര്‍ അജി പുതിയപറമ്പില്‍ ഉള്‍പ്പെടെ അഞ്ച് കര്‍ഷക-ബഹുജനനേതാക്കള്‍ നിരാഹാരസമരത്തിലുണ്ട്. സമരത്തില്‍ ഏര്‍പ്പെട്ടവരോട് അനുഭാവമറിയിച്ചും പിന്തുണ പ്രഖ്യാപിച്ചും ബഹുജനങ്ങള്‍ സമരകേന്ദ്രങ്ങളില്‍ എത്തുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകവിരുദ്ധ നടപടികള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളെ അറിയിക്കുകയുണ്ടായി. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കുപിറകെ കേന്ദ്ര പരിസ്ഥിതിമന്ത്രി വീരപ്പമൊയ്ലിയുടെ നിഷേധവും വന്നു. മൊയ്ലി പറയുന്നത്, കേരളജനതയുടെ ആശങ്ക ശരിയാണെങ്കിലും നിലവിലുള്ള സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ്. ആശങ്ക പൂര്‍ണമായും പരിഹരിക്കാന്‍ സാധ്യമല്ലെന്ന് മൊയ്ലി സംശയലേശമെന്യേ വെളിപ്പെടുത്തി. രണ്ടുദിവസത്തിനകം ഭാഗികമായി എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് നിസ്സഹായതയോടെ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയത്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ കേരളത്തില്‍ മാത്രമായി എന്തെങ്കിലും ഭേദഗതിവരുത്തുന്നത് അസാധ്യമാണെന്നുമാണ് വനം-പരിസ്ഥിതി വകുപ്പിന്റെയും നിലപാട്. 123 ഗ്രാമങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉത്തരവില്‍നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ഥനയുണ്ടായി. മറ്റ് അഞ്ച് സംസ്ഥാനങ്ങളില്‍നിന്നും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുള്ളതിനാല്‍ പുനര്‍നിര്‍ണയം നടക്കില്ലെന്നാണ് വനം-പരിസ്ഥിതി വകുപ്പിന്റെ നിലപാട്. ചുരുക്കത്തില്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുകയോ ഭേദഗതി വരുത്തുകയോ സാധ്യമല്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. മുഖ്യമന്ത്രിയാകട്ടെ, റിപ്പോര്‍ട്ടിന്റെ കെടുതിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏതെങ്കിലും ഒരു കമീഷന്റെ തലയില്‍ കെട്ടിവച്ച് തടിയൂരാനും കര്‍ഷകരെ വഞ്ചിക്കാനുമാണ് പതിവുപോലെ ശ്രമിക്കുന്നത്. എന്നാല്‍, 2013 നവംബറിലെ ഉത്തരവ് റദ്ദാക്കണമെന്നുതന്നെയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പത്രക്കാരോട് പറഞ്ഞത് പാര്‍ടി ജനങ്ങളുടെ പക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നാണ്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള, ജനങ്ങളുടെ ഭാവി അപകടത്തില്‍പ്പെടുത്തിയുള്ള ഒരു നിലപാടിനോടും പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ലെന്ന് പിണറായി സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ വോട്ടുനേടാനുള്ള വിഷയമല്ല. എല്ലാം വോട്ടിനുവേണ്ടിയാണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്താന്‍ ശ്രമിക്കരുത്. ജനങ്ങളുടെ ജീവിതമാണ് പ്രധാനം. കേരളത്തിലെ മൂന്നിലൊന്ന് ജനവിഭാഗങ്ങളുടെ ഭാവിജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണിത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒന്നോ രണ്ടോ നാളുകള്‍ക്കകം പുറത്തുവരാനിടയുണ്ട്. അതുകൊണ്ട് ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണം. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പുതിയ കമീഷനെ നിശ്ചയിക്കണം. കമീഷനില്‍ വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യവും പരിചയവുമുള്ളവരെ ഉള്‍പ്പെടുത്തണം. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മാത്രം തീരുമാനിക്കേണ്ട വിഷയമല്ല ഇത്. കൃഷിശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ വേണ്ടത്ര വിജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തി പുതിയ കമീഷനെ നിശ്ചയിച്ച് അവര്‍ വിഷയം ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അത്തരത്തിലുള്ള റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. അത്തരം ചര്‍ച്ചയ്ക്കുശേഷം മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ ആരുടെയെങ്കിലും സമ്മര്‍ദത്തിനു വഴങ്ങി ഏകപക്ഷീയമായി ഉത്തരവിറക്കി ജീവിതം ദുഷ്കരമാക്കുന്ന നടപടികള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമല്ല. ഇപ്പോള്‍ത്തന്നെ 123 ഗ്രാമങ്ങളിലുള്ള കര്‍ഷകര്‍ക്ക് അവരുടെ സ്വന്തം ഭൂമിയില്‍ കൃഷിചെയ്യാനുള്ള പണംകണ്ടെത്താന്‍, ഭൂമി ബാങ്കില്‍ പണയപ്പെടുത്തി കാര്‍ഷികവായ്പ വാങ്ങാന്‍ കഴിയാത്ത നിലയുണ്ടായിരിക്കുന്നു. സ്വന്തം ഭൂമി വിറ്റ് മറ്റെവിടെയെങ്കിലും പോയി ജീവിക്കണമെന്ന് ആഗ്രഹിച്ചാല്‍ അതും നടപ്പില്ല. സ്വന്തം മണ്ണില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. അനുഭവമാണല്ലോ നല്ല ഗുരുനാഥന്‍ .

പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ച ഭൂമിയുടെ ഉടമയ്ക്ക് പുതിയ വീടുവയ്ക്കാന്‍പോലും കഴിയാതായി. ചെങ്കല്ലും കരിങ്കല്ലുമില്ലാതെ വീടുവയ്ക്കുന്ന കാര്യം ചിന്തിക്കാന്‍പോലും കഴിയില്ല. ജനങ്ങള്‍ തികച്ചും നിരാശരും ആശങ്കാകുലരുമാണ്. ഭംഗിവാക്കുകൊണ്ടോ പൊള്ളയായ വാഗ്ദാനംകൊണ്ടോ അവരെ ആശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന് അധികാരത്തിലുള്ളവര്‍ ഓര്‍ക്കണം. അടിത്തറയില്ലാത്ത വാഗ്ദാനംകൊണ്ട് അവര്‍ വഞ്ചിതരാകില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകദ്രോഹനിലപാട് ഉടന്‍ പിന്‍വലിക്കുകതന്നെവേണം. നിരാഹാരം അവസാനിപ്പിക്കാനുള്ള സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അല്ലാത്തപക്ഷം അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചറിയേണ്ടിവരും എന്ന മുന്നറിയിപ്പുനല്‍കാന്‍ ഞങ്ങളാഗ്രഹിക്കുന്നു.

deshabhimani editorial 010314

കബളിപ്പിക്കാന്‍ കേന്ദ്ര നീക്കം

കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നുള്ള കടുത്ത പ്രതിഷേധം തണുപ്പിക്കാന്‍ തട്ടിക്കൂട്ടി പുതിയൊരു വിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. മാര്‍ച്ച് ആദ്യവാരം തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അതിനുമുമ്പുതന്നെ പ്രതിഷേധക്കാരെ കബളിപ്പിക്കാന്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചുമാത്രം അന്തിമവിജ്ഞാപനം എന്നതരത്തില്‍ ഒരു ഹൃസ്വകുറിപ്പ് പുറത്തിറക്കി തലയൂരാനാണ് കേന്ദ്രനീക്കം.

പരിഗണിക്കാമെന്ന പല്ലവിയല്ലാതെ ഉത്തരവ് പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം മടിക്കുകയാണ്. സമര്‍ദം ശക്തമായ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുംവിധം എന്ത് നടപടി സ്വീകരിക്കാനാകുമെന്ന തിരക്കിട്ട ചര്‍ച്ചയിലാണ് പരിസ്ഥിതി മന്ത്രാലയം.കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ശ്രദ്ധയോടെ മാത്രമേ മന്ത്രാലയത്തിന് നീങ്ങാന്‍ കഴിയൂ. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ നിലവില്‍ വന്നതായി അറിയിച്ചുള്ള വിജ്ഞാപനം നിലനില്‍ക്കുന്നതാണെന്ന് മന്ത്രാലയം നേരത്തെ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. ഈ നിലപാടില്‍ മാറ്റം വരുത്തേണ്ടെന്ന ഉറച്ച നിലപാട് തന്നെയാണ് മന്ത്രാലയത്തിനുള്ളത്.

അതേസമയം, കേരളത്തിന്റെ ആശങ്കകള്‍ക്ക് എത്രയും വേഗം തൃപ്തികരമായ പരിഹാരമുണ്ടാകുമെന്ന് വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലി ഉറപ്പുനല്‍കിയതായി പ്രതിരോധ മന്ത്രി എ കെ ആന്റണി അറിയിച്ചു. കേരള സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് മൊയ്ലി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ നടപടിയുണ്ടാകുമെന്നും മൊയ്ലി പറഞ്ഞതായി ആന്റണി പ്രസ്താവനയില്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസം ഇതുതന്നെ അവകാശപ്പെട്ടിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള യുപിഎ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കിസാന്‍സഭ ആഹ്വാനം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചുകൊണ്ട് ശക്തമായ മറുപടി കര്‍ഷകര്‍ നല്‍കണം. നവംബര്‍ 16ലെ ഓഫീസ് മെമ്മോറാണ്ടം അടിയന്തരമായി റദ്ദുചെയ്യണം. വിഷയം പഠിക്കാന്‍ പുതിയ സമിതിയെ വയ്ക്കണം. ജനങ്ങളുടെ വികസന-ജീവിതോപാധി പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് വീണിരിക്കയാണെന്ന നിര്‍ണായക വസ്തുത കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാനം നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ വിദഗ്ധസമിതി പൂര്‍ണമായും പരാജയപ്പെട്ടു. കേരളത്തിലെ ഇഎഫ്എല്‍ നിയമം റദ്ദുചെയ്യുകയെന്ന ആവശ്യമുന്നയിച്ച് വിഷയം വഴിതിരിച്ച് വിടുകയാണ് അവര്‍ ചെയ്തത്. പരിസ്ഥിതിലോല മേഖലയുടെ വിസ്തൃതി കുറയ്ക്കുകയെന്ന ആവശ്യത്തിലേക്ക് മാത്രമായി യുഡിഎഫ് സര്‍ക്കാരും വിദഗ്ധസമിതിയും ചുരുങ്ങിയെന്നും കിസാന്‍സഭ പ്രസ്താവനയില്‍ പറഞ്ഞു.

എം പ്രശാന്ത് deshabhimani