Friday, May 2, 2014

സ്വകാര്യസ്വത്താക്കാന്‍ നീക്കം: മാര്‍ക്സ്-ഏംഗല്‍സ് സമാഹൃത കൃതികള്‍ക്ക് വെബ് ലോകത്ത് വിലക്ക്

കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും സമാഹൃത കൃതികള്‍ സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നു മുതല്‍ വെബ്ലോകത്തുനിന്ന് അപ്രത്യക്ഷമാകും. മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ആര്‍കൈവ്സിന്റെ വെബ്സൈറ്റില്‍ (www.marxists.org) നിന്ന് 50 വോള്യം വരുന്ന മാര്‍ക്സ്- ഏംഗല്‍സ് സമാഹൃത കൃതികള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രസാധകരായ ലോറന്‍സ് ആന്‍ഡ് വിഷാര്‍ട് നോട്ടീസ് നല്‍കി.

മലയാളം അടക്കം 25 ലോകഭാഷകളില്‍ മാര്‍ക്സിസ്റ്റ് സാഹിത്യം ഇന്റര്‍നെറ്റിലൂടെ സൗജന്യമായി എത്തിക്കുന്ന വെബ്സൈറ്റിലെ പ്രധാന ആകര്‍ഷണമാണ് മാര്‍ക്സ്-ഏംഗല്‍സ് സമാഹൃത കൃതികള്‍. പ്രതിമാസം 11 ലക്ഷത്തില്‍പരംപേര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്. ലോറന്‍സ് ആന്‍ഡ് വിഷാര്‍ടിന്റെ വിലക്കിനെ തുടര്‍ന്ന് മാര്‍ക്സിസത്തിന്റെ പഠനത്തിനും ഓണ്‍ലൈന്‍ ആശയസംവാദത്തിനുമായി ഇന്റര്‍നെറ്റ് ആര്‍കൈവ്സിന്റെ വെബ്സൈറ്റിനെ ആശ്രയിക്കുന്നവര്‍ ഇനിമുതല്‍ നിരാശരാകും.

മാര്‍ക്സും ഏംഗല്‍സും ഇംഗ്ലീഷിലും ജര്‍മനിലും എഴുതിയ മാര്‍ക്സിസ്റ്റ് ദര്‍ശനസാഹിത്യം വിവിധ രാജ്യങ്ങളിലെ പ്രസാധകര്‍ വിവിധ കൃതികളായി 1835നും 1895നും മധ്യേ പ്രസിദ്ധപ്പെടുത്തി. ഇവ സമാഹരിച്ച് മാര്‍ക്സ്- ഏംഗല്‍സ് സമാഹൃതകൃതികള്‍ എന്ന പേരില്‍ റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലായി 50 വോള്യങ്ങള്‍ പ്രസിദ്ധീകരിച്ചത് പഴയ സോവിയറ്റ് യൂണിയന്‍ പ്രസാധകരായ പ്രോഗ്രസ് പബ്ലിഷേഴ്സ് ആണ്. മാര്‍ക്സിസത്തിന്റെ പ്രചാരകര്‍ സന്നദ്ധ പ്രവര്‍ത്തനമായാണ് പുസ്തകശേഖരത്തിന്റെ വിവര്‍ത്തനവും പ്രചാരണവും നടത്തിയത്. ഇന്റര്‍നെറ്റ് ആര്‍കൈവ്സ് വെബ്സൈറ്റിലൂടെ സമാഹൃതകൃതികള്‍ ലോകത്തിനു സൗജന്യമായി ലഭ്യമാക്കി.

സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റുപാര്‍ടി പ്രസിദ്ധീകരണ സ്ഥാപനമായിരുന്ന പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ സാമ്പത്തിക സഹായത്തോടെയാണ് ലോറന്‍സ് ആന്‍ഡ് വിഷാര്‍ട് മാര്‍ക്സ്- ഏംഗല്‍സ് സമാഹൃതകൃതികള്‍ പ്രസിദ്ധീകരിച്ചത്. പകര്‍പ്പവകാശം ഇപ്പോഴും പ്രോഗ്രസിനാണ്.

ഗ്രന്ഥകര്‍ത്താവ് മരിച്ച് 70 വര്‍ഷം കഴിഞ്ഞാല്‍ കൃതി പൊതുസ്വത്തായി മാറുമെന്നാണ് ബ്രിട്ടീഷ് പകര്‍പ്പവകാശ നിയമം. മാര്‍ക്സും ഏംഗല്‍സും മരിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മാര്‍ക്സിയന്‍ ക്ലാസിക്കുകള്‍ പൊതുസഞ്ചയത്തിലാക്കാതെ സ്വന്തമാക്കി വില്‍പനച്ചരക്കാക്കാനാണ് ഇപ്പോള്‍ ലോറന്‍സ് ആന്‍ഡ് വിഷാര്‍ടിന്റെ ശ്രമം. പുസ്തകം വിവര്‍ത്തനംചെയ്ത കാലത്തെ അടിസ്ഥാനമാക്കി പകര്‍പ്പവകാശ പരിധി കഴിഞ്ഞിട്ടില്ലെന്നതോ പ്രസിദ്ധീകരണകാലത്ത് പ്രോഗ്രസ് പബ്ലിഷേഴ്സുമായുണ്ടാക്കിയ കരാര്‍ പ്രകാരമോ ആകാം ലോറന്‍സ് ആന്‍ഡ് വിഷാര്‍ട് അവകാശവാദം ഉന്നയിക്കുന്നതെന്നാണ് വിദഗ്ധ നിഗമനം.

ഇനി മാര്‍ക്സ്- ഏംഗല്‍സ് സമാഹൃതകൃതി സ്വന്തമാക്കണമെങ്കില്‍ ലോറന്‍സ് ആന്‍ഡ് വിഷാര്‍ടിന് 2500 പൗണ്ട് (രണ്ടര ലക്ഷത്തോളം രൂപ) നല്‍കേണ്ടിവരും. മാര്‍ക്സ്- ഏംഗല്‍സ് കൃതികളെ പകര്‍പ്പവകാശത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വെബ്സൈറ്റുവഴി ഒപ്പുശേഖരണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ഹര്‍ജി ഇവിടെ കാണാം

കൂടുതല്‍ വായനയ്ക്ക്:

കോപ്പി റൈറ്റ് ചെയ്യപ്പെടുന്ന മാര്‍ക്സും മാര്‍ക്സിസവും

അഡ്വ. ടി കെ സുജിത്തിന്റെ ലേഖനം

Thursday, May 1, 2014

ജുഡീഷ്യറിയെ എന്തുകൊണ്ട് വിമര്‍ശിച്ചുകൂടാ: സെബാസ്റ്റ്യന്‍ പോള്‍

വൈക്കം: സ്വാതന്ത്യവും ജനാധിപത്യവും കവര്‍ന്നെടുത്ത അടിയന്തിരാവസ്ഥക്കാലത്ത് വീരശൂരപരാക്രമികളായിരുന്ന ജഡ്ജിമാര്‍ എവിടെയായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ ചോദിച്ചു. കേരളാ എന്‍ജിഒ യൂണിയന്‍ 51-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "നീതിപീഠങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍"എന്ന വിഷയത്ത ില്‍ വൈക്കത്ത് നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എക്സിക്യൂട്ടിവിനേയും ലെജിസ്ലേച്ചറിനേയും മാധ്യമങ്ങളേയും വിമര്‍ശിക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ജുഡീഷറിയെ വിമര്‍ശിച്ചുകൂട? നീതിപീഠങ്ങളേയും വിചാരണ ചെയ്യണം. വിമര്‍ശിക്കാനുള്ള അധികാരവും യോഗ്യതയും എന്താണെന്നുള്ള കോടതിയുടെ ചോദ്യം അനുചിതമല്ല. ജഡ്ജിമാരെ വിലയിരുത്താന്‍ പൊതുസമൂഹത്തിന് അവകാശമുണ്ടാകണം. ജഡ്ജിമാര്‍ തെറ്റുചെയ്താല്‍ വിമര്‍ശിച്ചില്ലെങ്കില്‍ അവര്‍ ഏകാധിപതികളായിമാറുംമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായി നില്‍ക്കുന്ന സ്ഥാപനമെന്ന നിലയില്‍ നീതിപീഠങ്ങളെ വിചാരണചെയ്യാനുള്ള അധികാരം സമൂഹത്തിന് ഉണ്ടെന്ന് കേരളാ നിയമ സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഡോ: എന്‍ കെ ജയകുമാര്‍ പറഞ്ഞു. നീതിപീഠങ്ങള്‍ വിചാരണചെയ്യപ്പെടുമ്പോള്‍" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കോടതികളില്‍ തിരുത്തല്‍ ശക്തികളാകണം. ഇതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. തെറ്റായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നീതിപീഠങ്ങളെ സമൂഹം ചോദ്യം ചെയ്യും. മൗലികമായ അവകാശം നിഷേധിക്കുന്നത് ഭൂഷണമാണോയെന്നും അദ്ദേഹം ചോദിച്ചു.

സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, അഡ്വ. കെ അനില്‍കുമാര്‍, യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ പ്രസന്നന്‍ സ്വാഗതവും എം എന്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani

കുടിയൊഴിപ്പിച്ചത് സര്‍ക്കാരിന്റെതന്നെ ഭൂമിയിലുള്ളവരെ

കല്‍പ്പറ്റ: ഹാരിസണ്‍സ് മലയാളം കമ്പനിയുടേതെന്ന് പറഞ്ഞ് സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചത് സര്‍ക്കാരിന്റെതന്നെ ഭൂമിയില്‍ താമസിച്ചവരെ. വരും ദിവസങ്ങളില്‍ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതും സര്‍ക്കാരിന് അധികാരമുള്ള ഭൂമിയില്‍ താമസിക്കുന്നവരെയാണ്. രേഖകളും സര്‍ക്കാരിന്റെതന്നെ മുന്‍ ഉത്തരവുകളും പരിശോധിക്കാതെയാണ് കുടിയിറക്കല്‍. സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍സിന് തീറെഴുതാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഹാരിസണ്‍സിന്റെ ഭൂമിയാണെന്ന് പറഞ്ഞാണ് മേപ്പാടി നെടുമ്പാലയില്‍ കുടില്‍കെട്ടി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്. എന്നാല്‍ ഈ ഭൂമി വനംവകുപ്പിന്റേതാണെന്ന് ഹാരിസണ്‍സിന്റെ കൈയ്യേറ്റം കണ്ടെത്തനായി നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സജിത്ബാബു കമീഷന്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ രേഖകളിലും ഇക്കാര്യമുണ്ട്. കൈവശക്കാര്‍ക്ക് പട്ടയം നല്‍കാവുന്ന ഭൂമിയാണിത്. ഹാരിസണ്‍ അനധികൃതമായി അരപ്പറ്റയില്‍ കൈവശംവെക്കുന്ന ഭൂമിയിലാണ് കെഎസ്കെടിയുവിന്റെയും എകെഎസിന്റെയും നേതൃത്വത്തില്‍ ഭൂരഹിതര്‍ ഒന്നരവര്‍ഷത്തോളമായി കുടില്‍കെട്ടിയും വീട്വെച്ചും താമസിക്കുന്നത്. ഈ ഭൂമിയില്‍ ഏറെയും രേഖകള്‍പ്രകാരം സര്‍ക്കാരിന്റേതാമെന്ന് സജിത് ബാബു കമീഷന്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിന്റെപേരില്‍ ഈ ഭൂമിയും ഹരിസണ്‍സിന് വിട്ടുനല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍.

95 കുടിലുകളിലായി 145 കുടുംബങ്ങളും 500ഓളം പേരുമാണ് അരപ്പറ്റയിലെ ഭൂമിയില്‍ താമസിക്കുന്നത്. ഇവരെയും കുടിയിറക്കാണ് ജില്ലാധികൃതരുടെ നീക്കം. ഹാരിസണ്‍സ് അനധികൃതമായി കൈവശംവെക്കുന്ന മിച്ചഭൂമി എന്ന ഗണത്തിലാണ് ഈ സ്ഥലം നേരത്തെ സര്‍ക്കാര്‍ പെടുത്തിയിരുന്നു. എന്നാല്‍ വൈത്തിരി താലൂക്ക് ബോര്‍ഡിന്റെ ഉത്തരവില്‍ ഈ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1971 ലെ നിക്ഷിപ്ത വനഭൂമി ചട്ടങ്ങള്‍ പ്രകാരം വനഭൂമിയെന്ന് പ്രഖ്യാപിച്ചിട്ടുള്ളവയും ഹാരിസണ്‍സിന്റെ മിച്ചഭൂമി പട്ടികയിലുണ്ട്. കോട്ടപ്പടി വില്ലേജിലെ 188/3 എ1 ലെ 251.86 ഏക്കറും. മൂപൈനാട് വില്ലേജിലെ 1215/1 പാര്‍ട്ട് ഒന്നിലെ 200 ഏക്കറും അച്ചൂരാനം വില്ലേജിലെ 183/5 എയിലെ 239.44 ഏക്കറും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് നേരത്തെ രേഖകള്‍ പ്രകാരം വ്യക്തമായതാണ്. ഈ ഭൂമികളിലാണ് ഭൂരഹിതര്‍ താമസിക്കുന്നത്. ഹാരിസണ്‍സിന്റേതാണെന്ന് പറഞ്ഞ് ഇവിടെനിന്നും ഇവരെ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുകയാണ്.

കുടിയിറക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മിച്ചു നല്‍കണം: കര്‍ഷകസംഘം

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ നെടുമ്പാലയില്‍ പൊലീസ് റവന്യൂ അധികൃതര്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ കാടത്തവും പ്രതിഷേധാര്‍ഹവുമാണെന്ന് കര്‍ഷക സംഘം അഖിലേന്ത്യ ട്രഷറര്‍ പി കൃഷ്ണപ്രസാദും ജില്ല ട്രഷറര്‍ എം വേലായുധനും പറഞ്ഞു.

സര്‍കാര്‍ ഹാരിസണ്‍ കമ്പനിക്കൊപ്പമാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖ പോലും കൈയിലില്ലാത്ത കമ്പനിയുടെ കൈയേറ്റത്തിന് കൂട്ട് നില്‍ക്കുന്ന സര്‍കാര്‍ കമ്പനിക്ക് വേണ്ടി പാവപ്പെട്ട തൊഴിലാളികളെ ബലം പ്രയോഗിച്ച് കുടിയിറക്കുന്നത് നിന്ദ്യവും നീചവുമാണ്. പൊലീസ് റവന്യു അധികൃതര്‍ നിഷ്ഠൂരമായി കുടിലുകള്‍ പൊളിച്ച് നീക്കി പെരുവഴിയിലേക്ക് തള്ളിയ ഈ തൊഴിലാളികള്‍ക്ക് സര്‍കാര്‍ അടിയന്തിരമായി വീട് നിര്‍മിച്ച് നല്‍കണം. അല്ലാത്ത പക്ഷം സര്‍കാര്‍ ചെലവില്‍ ഇവരെ വാടകക്ക് താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കണം. ഈ തൊഴിലാളികളുടെ അവകാശ സമരങ്ങളെ കര്‍ഷക സംഘം പിന്തുണക്കും. വര്‍ഷങ്ങളായി ഈ ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന ഏഴ് കുടിലുകളാണ് സര്‍കാര്‍ പൊളിച്ച് മാറ്റി കുടുംബങ്ങളെ വഴിയാധാരമാക്കിയത്. കുടിയിറക്കപ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ മഴയും വെയിലും മഞ്ഞും കൊണ്ട് പെരുവഴിയിലാണ്. കടുത്ത ചൂടും വേനല്‍ മഴയും തുടരുന്ന സമയത്ത് ഈ കുടുംബങ്ങളെ പെരുവഴിയിലേക്കിറക്കി വിട്ടത് അങ്ങേയറ്റം ക്രൂരവും പൈശാചികവുമാണ്.അരപ്പറ്റയിലും അവകാശം സ്ഥാപിച്ച നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്.

സംസ്ഥാനത്തെ എട്ടു ജില്ലകളിലായി പാട്ടക്കാലാവധി കഴിഞ്ഞ അറുപതിനായിരത്തോളം ഏക്കര്‍ ഭൂമിയാണ് എച്ച്എംഎല്‍ കൈവശംവെക്കുന്നത്. ഇതില്‍ പ്രധാനഭാഗം വയനാട്ടിലാണ്. ഇത് നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചാണെന്ന് സര്‍ക്കാര്‍ തന്നെ നിയമിച്ച വിവിധ കമീഷനുകളും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖകള്‍ സൃഷ്ടിച്ചും രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയും ഭൂമി കൈവശംവെച്ച് അനുഭവിക്കുകയാണ് എച്ച്എംഎല്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. ഹാരിസണ്‍ കമ്പനിക്ക് ഈ ഭൂമിയില്‍ യാതൊരു അവകാശവുമില്ലെന്ന് സര്‍കാര്‍ നിശ്ചയിച്ച സജിത് ബാബു കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും വലിയ കൈയേറ്റക്കാരായ എച്ച്എംഎല്ലിനെയാണ് ആദ്യം ഒഴിപ്പിക്കേണ്ടത്. വിദേശത്ത് രജിസ്റ്റര്‍ ചെയ്തതാണ് എച്ച്എംഎല്‍ കമ്പനിക്ക് നിയമപരമായി ഇന്ത്യയില്‍ ഭൂമി കൈവശംവെക്കാന്‍ സാധിക്കില്ല. ഇത്രയും വലിയ നിയമലംഘനവും കൈയേറ്റവും സര്‍കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വന്‍ തോതില്‍ പണം ചെലവഴിച്ച് സര്‍കാറിലും ഉന്നത റവന്യൂ ഉദ്യോഗസ്ഥരിലും സ്വാധീനം ചെലുത്തി് കൈയേറ്റം ഉറപ്പിക്കാനുള്ള ഹാരിസണ്‍ ശ്രമത്തിന് കോടതിയും കൂട്ട് നില്‍ക്കുകയാണ്. വന്‍കിടക്കാര്‍ക്ക് വേണ്ടി പാവങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന സര്‍കാര്‍ നയം തിരുത്തണം. തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

വീണ്ടും കണ്ണില്‍ പൊടിയിടല്‍

കണ്ണൂര്‍: രാജ്യത്തെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ലയായ കണ്ണൂരില്‍ ബുധനാഴ്ച അളന്നുതിരിച്ച് ഭൂമി നല്‍കിയത് ഏതാനും പേര്‍ക്ക്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മൂന്നുസെന്റ് പട്ടയം ലഭിച്ചവര്‍ക്കാണ് സ്ഥലം വേര്‍തിരിച്ചുനല്‍കിയത്. തളിപ്പറമ്പ് താലൂക്കിലെ പെരിങ്ങോം, പെരിന്തട്ട, കയരളം വില്ലേജുകളിലെ ഭൂരഹിതര്‍ക്കാണ് സ്ഥലം നല്‍കിയത്. ഇതില്‍ കയരളത്ത് മാത്രമാണ് പട്ടയം ലഭിച്ചവരില്‍ ഭൂരിഭാഗവും ഭൂമിയില്‍ പ്രവേശിച്ചത്. പെരിങ്ങോത്തും പെരിന്തട്ടയിലും സാമാന്യം മോശമല്ലാത്ത ഭൂമി അളന്നുതിരിച്ചുവച്ചിട്ടും ഭൂരിഭാഗം പട്ടയക്കാരും സ്ഥലം ഏറ്റെടുക്കാനെത്തിയില്ല. ഭൂമി അളന്നുതിട്ടപ്പെടുത്താനെത്തിയ സര്‍വേയര്‍മാര്‍ക്ക് ഒരു സൗകര്യവും ഒരുക്കിക്കൊടുത്തില്ല. സര്‍ക്കാരിന് ഫണ്ടില്ലെന്ന് പറഞ്ഞതിനാല്‍ അളന്നുതിരിക്കേണ്ട ഭൂമിയിലെ കാടുകളും മറ്റും വെട്ടിത്തെളിച്ചത് പട്ടയം ലഭിച്ചവര്‍ തന്നെയാണ്. സ്ഥലം വേണമെങ്കില്‍ ഇനിയുള്ള കാര്യങ്ങള്‍ ഗുണഭോക്താക്കള്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നയം. വ്യക്തികള്‍ക്ക് പട്ടയം നല്‍കിയ ഭുമിയിലെ ഉഭയങ്ങള്‍ സര്‍ക്കാര്‍ വീണ്ടും പാട്ടം നല്‍കിയയിടത്തും ഇതാണ് അനുഭവം.

പട്ടയം നല്‍കിയ ഭൂമിയില്‍ സര്‍ക്കാരിന് അവകാശമില്ലെന്നിരിക്കെ, കശുവണ്ടിയും റബറും ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ലേലം ചെയ്ത് വിറ്റത് തികച്ചും നിയമവിരുദ്ധവും വ്യക്തികളുടെ സ്വത്തവകാശത്തിന്‍ മേലുള്ള കടന്നുകയറ്റവുമാണ്. സര്‍വേയര്‍മാര്‍ക്ക് ക്ഷാമമുള്ളതിനാല്‍ അവശേഷിക്കുന്ന പതിനായിരത്തോളം പട്ടയക്കാര്‍ക്ക് ഭൂമി അളന്നുകൊടുക്കല്‍ പ്രതിസന്ധിയിലാവും. പട്ടയം ലഭിച്ചിട്ട് ഇപ്പോള്‍ ആറുമാസം കഴിഞ്ഞു. ഒരുവര്‍ഷത്തിനകം വിനിയോഗിക്കുന്നില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കുമെന്നാണ് നിബന്ധന. അതിനാല്‍ ഈ നിബന്ധന പ്രകാരം ആറുമാസത്തിന് ശേഷം ഭൂമി സര്‍ക്കാരിന് സ്വന്തമാകും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ 90 ശതമാനം ഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്തമാകാന്‍ പോകുകയാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ തളിപ്പറമ്പ് താലൂക്കില്‍ ഭൂമി അനുവദിച്ച കണ്ണൂര്‍ താലൂക്കിലെ ഗുണഭോക്താക്കള്‍ ഉത്തരവും പട്ടയവും കൈപ്പറ്റാന്‍ ഒരാഴ്ചയ്ക്കുളളില്‍ അപേക്ഷ സമര്‍പ്പിച്ച വില്ലേജ് ഓഫീസില്‍ ബന്ധപ്പെടണമെന്ന് കണ്ണൂര്‍ തഹസില്‍ദാരുടെ അറിയിപ്പിച്ചുണ്ട്. കൈപ്പറ്റാത്തവരുടെ പട്ടയം റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഇതിനൊപ്പമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുടെ തട്ടിപ്പിന്റെ ഉള്ളുകള്ളികളാണ് ഇനിയുള്ള മാസങ്ങളില്‍ വെളിപ്പെടാന്‍ പോകുന്നത്. 11,033 പേര്‍ക്കാണ് പദ്ധതി പ്രകാരം പട്ടയം നല്‍കിയത്. 500.81 ഏക്കര്‍ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. ഇതില്‍ മിക്കവയും വാസയോഗ്യമല്ലാത്ത ഭൂമിയാണ്.

deshabhimani

തൊഴില്‍ "അഭയാര്‍ഥി"കളുടെ ജീവിതം ആരുകാണും

കണ്ണൂര്‍: പ്രത്യാശകള്‍ നിറച്ച ഇരുണ്ട കേന്ദ്രങ്ങളാണ് ജില്ലയില്‍ ഭൂരിപക്ഷം മറുനാടന്‍ തൊഴിലാളികളുടെയും തൊഴിലിടങ്ങള്‍. കൊടിയ തൊഴില്‍ ചൂഷണത്തിനാണ് പലയിടങ്ങളിലും ഇവര്‍ വിധേയമാകുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നതിനാല്‍ രോഗങ്ങള്‍ക്കടിപ്പെടുകയാണ്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനൊ കുടിവെള്ള സൗകര്യമൊ ഇല്ലാതെ ദുരിതം തിന്നുകയാണ്. റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളും ഇടത്തട്ടുകാരും സാമ്പത്തികമായി കൊടിയ ചൂഷണമാണ് നടത്തുന്നത്. ജില്ലയില്‍ ഏകദേശം നാലുലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ വിവിധ ജോലികള്‍ ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എവിടെ കായികാധ്വാനം കൂടുതലുണ്ടൊ, അവിടെയെല്ലാം അന്യസംസ്ഥാനത്തൊഴിലാളികള്‍ വേണം എന്ന സ്ഥിതിയാണ്. ഹോട്ടല്‍, ഫര്‍ണിച്ചര്‍, കല്ലുവെട്ട്, വാര്‍പ്പ്, തേപ്പ് തുടങ്ങി പലവിധ ജോലികളിലും ഏര്‍പ്പെട്ടുവരികയാണ്. സംഘടിത മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് യൂണിയനുകളുടെ ഇടപെടലിന്റെ ഫലമായി പ്രാദേശികത്തൊഴിലാളികളുടേതിന് സമാനമായ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഹോട്ടല്‍, ഫര്‍ണിച്ചര്‍, വിവിധ കടകള്‍ എന്നിവിടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ദുരിതം മാത്രമാണ് മിച്ചം.

പശ്ചിമ ബംഗാള്‍, ഒറീസ, ഉത്തര്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍പേര്‍ ജില്ലയിലെത്തുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇവരുടെ ക്ഷേമത്തിനായി പദ്ധതികളൊന്നുമില്ല. പലരും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരാണ്. ഹോട്ടല്‍ ജോലിയെടുക്കുന്നവര്‍ക്ക് തുഛമായ കൂലിയാണ്, പ്രായപൂര്‍ത്തിയകാത്തവരടക്കം പണിയെടുക്കുന്നു. പുലര്‍ച്ചെ ജോലി തുടങ്ങിയാല്‍ രാവേറെ ചെന്നാലെ അവസാനിക്കു. കൂലിയും നന്നേക്കുറവ്. സംഘടിതരല്ലാത്തതിനാല്‍ നാവടക്കി പണിയെടുക്കകയാണ്. പത്തുമുതല്‍ പതിനഞ്ചു മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടി വരുന്നു. ജോലിസ്ഥലത്ത് തന്നെ കുടുക്കിയിടാനുള്ള തന്ത്രങ്ങളാണ് പല തൊഴിലുടമകളും പയറ്റുന്നത്. വന്‍കിട കമ്പനികള്‍ക്ക് വേണ്ടി കെട്ടിട നിര്‍മാണരംഗത്ത് തൊഴിലാളികളെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികളെ വിതരണം നടത്തുന്നവര്‍ ഇവരില്‍നിന്ന് പ്രതിഫലത്തുക മുന്‍കൂട്ടി വാങ്ങി തൊഴിലിടങ്ങളിലേക്ക് വിട്ടുകൊടുക്കുകയാണ്. മെച്ചപ്പെട്ട കൂലിയും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് തൊഴിലാളികളെ സ്ഥാപനങ്ങളും ഉടമകളും ആകര്‍ഷിക്കുക. എന്നാല്‍ ഇതിനുശേഷം മതിയായ താമസസൗകര്യമൊ ഭക്ഷണമൊ കൂലിയൊ നല്‍കാതെ കഠിനജോലിയെടുപ്പിക്കന്നു. പിഞ്ചുകുട്ടികളടക്കം ഈ കൂട്ടത്തിലുണ്ടാവും. അതിരാവിലെ മുതല്‍ പൊരിവെയിലില്‍ ഇരുട്ടുന്നതുവരെ ജോലി തുടരും. പുതിയ ജോലി സ്ഥലത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതുപൊലെ സ്ത്രീകളെയടക്കം ലോറിയിയാണ് കൊണ്ടുപോവുക. പലരും മാസങ്ങള്‍കൊണ്ട് തന്നെ രോഗികളായി നാട്ടിലേക്ക് തിരിച്ചുപോവുകയാണ്.

deshabhimani

13000 എസ്ബിഐ ശാഖ നോക്കുകുത്തിയാകും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വിഴുങ്ങിയ റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആദ്യഘട്ടമായി തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഏകദേശം 5000 ഔട്ട്ലെറ്റുകള്‍ (എസ്ബിഐ സേവാ കേന്ദ്രങ്ങള്‍) സ്ഥാപിക്കും. എസ്ബിഐക്ക് രാജ്യത്ത് 13,000 ശാഖയുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ വ്യാപാരം കുറഞ്ഞ ശാഖകളെ ഒഴിവാക്കിയും നഗരങ്ങളിലെ ഒന്നിലേറെ ശാഖകള്‍ കേന്ദ്രീകരിച്ച് ഒന്ന് എന്ന തോതിലാക്കിയുമാകും സേവാകേന്ദ്രങ്ങള്‍ തുടങ്ങുക. ഇതോടെ ബാങ്ക് ശാഖകളാകെ നോക്കുകുത്തിയാകും.

പ്രമുഖ കോര്‍പറേറ്റ് ആയ ടാറ്റായുടെ ഉടമസ്ഥതയിലുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി കേന്ദ്ര വിദേശമന്ത്രാലയം ഉണ്ടാക്കിയ കരാറിനെത്തുടര്‍ന്ന്, സമാന്തര പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചതോടെ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് ചരമക്കുറിപ്പായപോലെയാകും ഇനി എസ്ബിഐ ശാഖകളുടെയും സ്ഥിതി. എസ്ബിഐയിലെ 2,21,336 ജീവനക്കാരുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 25ന് അതീവരഹസ്യമായി എസ്ബിഐയും റിലയന്‍സും ഒപ്പിട്ട കരാര്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍വന്നെങ്കിലും ഇതുവരെ സേവാകേന്ദ്രങ്ങള്‍ തുടങ്ങിയില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുകയെന്ന ധാരണയാണിതിനു പിന്നില്‍.

അതേസമയം, പ്രധാന നഗരങ്ങളിലെല്ലാം ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിക്കഴിഞ്ഞതായാണ് വിവരം. അയ്യായിരം സേവാകേന്ദ്രങ്ങളാണ് തുടങ്ങുന്നതെങ്കിലും ലാഭ നഷ്ടങ്ങള്‍ നോക്കി ഇത് കൂട്ടാനും കുറയ്ക്കാനും റിലയന്‍സിന് അധികാരമുണ്ട്. ഉപയോക്താക്കളുടെ സേവനമായിരിക്കില്ല, റിലയന്‍സിന്റെ ലാഭക്കൊള്ളയായിരിക്കും ഇതിന്റെ മാനദണ്ഡവും. വര്‍ഷങ്ങള്‍ക്കുമുമ്പ് എസ്ബിഐയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട "ബിസിനസ് കറസ്പോണ്ടന്റ്" പരിപാടിയാണ് പുതിയ രൂപത്തില്‍ അവതരിപ്പിച്ചതെന്ന പ്രത്യേകതയും ഉണ്ട്. അന്ന് വ്യാപാരം വര്‍ധിപ്പിക്കാന്‍ രാജ്യവ്യാപകമായി ബിസിനസ് കറസ്പോണ്ടന്റ് എന്ന പേരില്‍ ഏജന്റുമാരെ വച്ചു. കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവര്‍ ബാങ്കിന് കോടികളുടെ ബാധ്യത വരുത്തിവച്ചപ്പോള്‍ അതുപേക്ഷിക്കുകയായിരുന്നു. ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നതിന് അന്നുണ്ടാക്കിയ നിയമങ്ങളും ചട്ടങ്ങളും ദുര്‍വ്യാഖ്യാനം ചെയ്താണ് ചര്‍ച്ചപോലും നടത്താതെയുള്ള ഈ കരാര്‍. അന്ന് വ്യക്തികളെയാണ് നിയമിച്ചതെങ്കില്‍ ഇപ്പോള്‍ അത് കോര്‍പറേറ്റിന് അടിയറ വയ്ക്കുന്ന നിലയിലേക്കെത്തി. അന്ന് ബിസിനസ് കറസ്പോണ്ടന്റുമാര്‍ വെറും ഏജന്റുമാരായിരുന്നെങ്കില്‍ ഇനിമുതല്‍ റിലയന്‍സ് സമാന്തര ബാങ്ക് ശാഖകള്‍ ആകുകയാണ്.

പൂജ്യം ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങല്‍, ഭവനവായ്പകളും സ്വത്ത് ഈട് വച്ചുള്ള വായ്പകളും വാഹനവായ്പകളും സ്വര്‍ണപ്പണയവായ്പകളും നല്‍കല്‍ എല്ലാം റിലയന്‍സ് സേവനകേന്ദ്രങ്ങള്‍ വഴിയാകും. ചെറുകിട വ്യാപാര-വ്യവസായവായ്പകളും പൊതു ക്രെഡിറ്റ് കാര്‍ഡുകളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും റിലയന്‍സ് നല്‍കും. സ്ഥിര നിക്ഷേപങ്ങളും ആവര്‍ത്തന നിക്ഷേപങ്ങളും സ്വീകരിക്കലും മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കലുമെല്ലാം ഈ സേവാകേന്ദ്രങ്ങള്‍ വഴിയാകുന്നതോടെ എസ്ബിഐ ശാഖകളിലുള്ള ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പണിയില്ലാതാകും.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പാസ്പോര്‍ട്ട് വിതരണം കോര്‍പറേറ്റുകളെ ഏല്‍പ്പിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്തുകൂടിയാണ് എസ്ബിഐയുമായുണ്ടാക്കിയ കരാര്‍ വിവരം പുറത്തുവിടാത്തത്. രാജ്യത്ത് ആകെ 37 പാസ്പോര്‍ട്ട് ഓഫീസുകളാണുണ്ടായിരുന്നതെങ്കില്‍ 77 സേവാകേന്ദ്രങ്ങളും 16 മിനി സേവാകേന്ദ്രങ്ങളും കോര്‍പറേറ്റ് കമ്പനിയായ ടാറ്റാ തുടങ്ങി. എന്നാല്‍, എസ്ബിഐക്ക് 13,000 ശാഖകളുണ്ടെന്നത് ഈ കരാറിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 36 വിദേശരാജ്യങ്ങളിലായി 160 വിദേശ ഓഫീസുകളും എസ്ബിഐക്കുണ്ട്. ഇവിടങ്ങളിലും സേവാ കേന്ദ്രങ്ങള്‍ തുടങ്ങുമോ എന്ന സംശയവും ബലപ്പെടുകയാണ്.

എം രഘുനാഥ് deshabhimani

മെയ്ദിനം നീണാള്‍ വാഴട്ടെ

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ അന്തിമഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് ഇത്തവണ മെയ്ദിനാഘോഷം. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ മുന്നില്‍നില്‍ക്കുന്ന നവലിബറല്‍ വാഴ്ചയില്‍ തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും സ്ഥിതി അഭിവൃദ്ധിപ്പെടില്ല. വേണ്ടത് ബദല്‍നയ പരിപ്രേക്ഷ്യമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി വിട്ടുവീഴ്ച കൂടാതെ ഉറച്ചുനില്‍ക്കുന്നതും പാര്‍ലമെന്റിനകത്തും പുറത്തും തൊഴിലാളികളുടെ സമരങ്ങളെ പിന്തുണയ്ക്കുന്നതും കോര്‍പറേറ്റ് അനുകൂല നവലിബറല്‍ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്നതും സിപിഐ എമ്മും മറ്റ് ഇടതുപക്ഷ കക്ഷികളുമാണ്.

നാടനും മറുനാടനുമായ വന്‍കിട കോര്‍പറേറ്റുകള്‍ ജീവിതസാഹചര്യങ്ങള്‍ക്കും തൊഴില്‍സാഹചര്യങ്ങള്‍ക്കും മേല്‍ ആക്രമണമഴിച്ചുവിടുമ്പോള്‍ അതിനെതിരെ തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരാന്‍ 16-ാം ലോക്സഭയില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയാകെയും ശക്തി വര്‍ധിക്കേണ്ടതുണ്ട്. പ്രതിസന്ധിയുടെ ഭാരമാകെ തൊഴിലാളികളുടെ ചുമലില്‍ കയറ്റിവയ്ക്കാന്‍ വന്‍കിട ബിസിനസുകാരും കോര്‍പറേറ്റുകളും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ സംയുക്ത ശബ്ദം പാര്‍ലമെന്റിനുള്ളില്‍ പ്രതിധ്വനിക്കാന്‍ അത് അനിവാര്യമാണ്. തെരഞ്ഞെടുപ്പുരംഗത്ത്, തൊഴിലാളികളുമായി ബന്ധപ്പെട്ട മൂര്‍ത്തമായ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതും പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവച്ചതും സിപിഐ എം ആണ്. ഉപഭോക്തൃ വിലസൂചികയുമായി ബന്ധപ്പെടുത്തി മിനിമം വേതനം 10,000 രൂപയാക്കുക, വേതനിര്‍ണയം ശാസ്ത്രീയ അടിസ്ഥാനത്തിലാക്കുക, അന്യസംസ്ഥാന തൊഴിലാളി നിയമം ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളി നിയമങ്ങളും കര്‍ശനമായി നടപ്പാക്കുക- ഇങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ സിപിഐ എം അവതരിപ്പിക്കുന്നു.

തൊഴിലിലെ കരാര്‍വല്‍ക്കരണവും താല്‍ക്കാലികവല്‍ക്കരണവും നിരുത്സാഹപ്പെടുത്തുക. കരാര്‍ തൊഴില്‍ നിയമം (നിര്‍മാര്‍ജനവും നിയന്ത്രണവും) നിര്‍ബന്ധമായും നടപ്പാക്കുക. ഒരേ തൊഴിലിന് സ്ഥിരംതൊഴിലാളികള്‍ക്ക് നല്‍കുന്ന അതേ തുല്യവേതനവും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നിര്‍ബന്ധമായും നടപ്പാക്കുക. തൊഴില്‍വകുപ്പിനെ ശക്തിപ്പെടുത്തുന്നതോടൊപ്പം അത് നടപ്പാക്കുന്ന ഏജന്‍സികളായ ലേബര്‍/ഫാക്ടറി ഇന്‍സ്പെക്ടറേറ്റുകളെ മതിയായ മാനുഷികശേഷിയാലും സൗകര്യങ്ങളാലും ശക്തിപ്പെടുത്തുക, വ്യവസായ ട്രിബ്യൂണലുകളിലെയും തൊഴില്‍ കോടതികളിലെയും ജഡ്ജിമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും ഒഴിവുകള്‍ നികത്തുക- ഇങ്ങനെ പ്രശ്നങ്ങളെ അതിന്റെ സൂക്ഷ്മതലത്തില്‍ കണ്ട് പരിഹാരം നിര്‍ദേശിക്കുകയാണ് സിപിഐ എം.

അസംഘടിത തൊഴിലാളികള്‍ക്കായി ദേശീയ ഫണ്ട് രൂപീകരിക്കുന്നതിനായി മതിയായ തുക ബജറ്റില്‍ വകയിരുത്തണം. ദാരിദ്ര്യരേഖാ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെതന്നെ, വാര്‍ധക്യകാലത്തും പ്രസവകാലത്ത് കുട്ടികളെ സംരക്ഷിക്കുന്നതിനും ഉള്ള ആനുകൂല്യങ്ങളും അപകട ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള മിനിമം സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രികമായി നടപ്പാക്കണം. പുതിയ പെന്‍ഷന്‍ പദ്ധതിയും പിഎഫ്ആര്‍ഡിഎ ആക്ടും എടുത്തുകളയേണ്ടത് അനിവാര്യതയാണ്. അതിന്റെ സ്ഥാനത്ത്, തൊഴിലുടമകളുടെയും സര്‍ക്കാരിന്റെയും മതിയായ ഫണ്ട് ഉള്‍പ്പെടുത്തിയുള്ള ഒരു പെന്‍ഷന്‍പദ്ധതി ആനുകൂല്യമാണ് കൊണ്ടുവരേണ്ടത്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി, വിലസൂചികകൂടി കണക്കിലെടുത്ത് പെന്‍ഷനായി ഉറപ്പാക്കപ്പെടണം. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്റുകളിലെയും എല്ലാ കരാര്‍ തൊഴിലാളികളെയും ഗ്രാമീണ തപാല്‍ സര്‍വീസിലെ ജീവനക്കാരെയും സ്ഥിരപ്പെടുത്തേണ്ടതുണ്ട്.

ട്രേഡ് യൂണിയന്‍ അംഗീകാരം രഹസ്യബാലറ്റിലൂടെയാകണം. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുകയും എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരമുള്ള യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കുകയും വേണം. ഐഎല്‍ഒ കണ്‍വന്‍ഷന്‍ നമ്പര്‍ 87ഉം 98ഉം ആയി ബന്ധപ്പെട്ട, സംഘം ചേരാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം അംഗീകരിക്കുന്നത് തൊഴിലാളികളെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള അവകാശമാണ്. അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശമാര്‍, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍, സഹ അധ്യാപകര്‍, എന്‍സിഎല്‍പി ജീവനക്കാര്‍ തുടങ്ങി വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ എല്ലാ തൊഴിലാളികളെയും 45-ാമത് ഐഎല്‍സി നിര്‍ദേശമനുസരിച്ച് തൊഴിലാളികളായി അംഗീകരിക്കണം. അവര്‍ക്ക് നിയമപ്രകാരമുള്ള മിനിമംവേതനം, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ പ്രദാനംചെയ്യുകയും അവരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഉറപ്പാക്കുകയും വേണം.

എല്ലാ പ്രദേശങ്ങളിലെയും ജോലികള്‍ക്ക് തുല്യവേതനം, പ്രസവാനുകൂല്യങ്ങള്‍, ക്രെഷ് സൗകര്യങ്ങള്‍ എന്നിവ എല്ലാ സ്ത്രീത്തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പാക്കണം. സ്ത്രീത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍സാഹചര്യം, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയല്‍, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡന (തടയല്‍, നിരോധനം, പരാതി പരിഹാരം) നിയമമനുസരിച്ചുള്ള പ്രാദേശികമായതും തൊഴിലിടങ്ങളിലുള്ളതുമായ കമ്മിറ്റികളുടെ രൂപീകരണം എന്നിവ കര്‍ക്കശബുദ്ധിയോടെ ഉറപ്പുവരുത്തണം. മീന്‍പിടിത്തക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ക്ഷേമനിധി ബോര്‍ഡുകള്‍ സ്ഥാപിക്കുക, തിരിച്ചറിയല്‍ കാര്‍ഡുകളും സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പാക്കുക, വിദേശ ട്രോളറുകള്‍ നിരോധിക്കുക എന്നിവയും പ്രാധാന്യത്തോടെ നടപ്പാക്കേണ്ട വിഷയങ്ങളാണ്. ഈ വിഷയങ്ങളാകെ തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കാനും ക്രിയാത്മക ഇടപെടല്‍ വാഗ്ദാനംചെയ്യാനും തയ്യാറായത് ഇടതുപക്ഷം മാത്രമാണെന്നത് തൊഴിലാളിവര്‍ഗത്തിന്റെ ചായ്വ് എങ്ങോട്ടാകണമെന്നതിന്റെ ചൂണ്ടുപലകയാണ്.

നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും വരുംദിനങ്ങളില്‍ ശക്തമാക്കാനുള്ള പിന്തുണയാണ് ജനങ്ങളില്‍നിന്ന് ഇടതുപക്ഷം തേടുന്നത്. തീര്‍ച്ചയായും അത്തരം വിഷയങ്ങളിലെ തൊഴിലാളികളുടെ പ്രതികരണം തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ, 125-ാം മെയ്ദിനം ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് അത്യധികം പ്രത്യാശനല്‍കുന്നു.

deshabhimani editorial