Tuesday, December 28, 2010

അന്ധന്യായാസനങ്ങളെ ചോദ്യം ചെയ്യുക

ഇന്ത്യന്‍ കോടതികളുടെ കൊടിയടയാളമായി കണക്കാക്കപ്പെടുന്ന കണ്ണുകെട്ടിയ നീതിദേവത പ്രതീകവല്‍ക്കരിക്കുന്നത് അന്ധമായ നീതിനിര്‍വഹണത്തെയല്ല, മറിച്ച് പക്ഷപാതരാഹിത്യത്തെയാണ്. അന്ധത അറിവുകേടാണ്. അത് നീതിനിര്‍വഹണത്തെ യുക്തിരഹിതവും അനീതിപൂരിതവുമാക്കുകയേ ഉള്ളൂ. ന്യായാസനം ഇത്തരത്തില്‍ അന്ധമായി പ്രവര്‍ത്തിച്ചതിന്റെ വലിയ ഉദാഹരണമാണ് ഡോ. ബിനായക് സെന്നിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച നടപടി. ആദിവാസികള്‍ക്കിടയിലെ മാനുഷിക പ്രവര്‍ത്തനത്തിന് രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധനേടിയ ഡോ. സെന്നിനെ രാജ്യദ്രോഹക്കുറ്റത്തിനാണ് റായ്പുരിലെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു തീരാകളങ്കമുണ്ടാക്കിയ വിധെയന്നാവും ചരിത്രം ഇതിനെ രേഖപ്പെടുത്തുക.

ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന് കത്ത് കൈമാറിയെന്നതാണ് ഡോ. ബിനായക് സെന്നിന് എതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഇതേ കുറ്റത്തിന് വര്‍ഷങ്ങളായി ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു ഡോ. സെന്‍. സുപ്രിം കോടതി ഇടപെട്ടാണ് അടുത്തിടെ സെന്നിന് ജാമ്യം ലഭിച്ചത്. മാവോയിസ്റ്റുകളും മാവോയിസ്റ്റുകളെ അനുകൂലിക്കുന്നവരും മാവോയിസ്റ്റുകളെ എതിര്‍ക്കുന്നു എന്ന പേരില്‍ പച്ചയായ മനുഷ്യാവകാശ ലംഘനം നടത്തുന്നവരും സൈ്വര്യവിഹാരം നടത്തുന്ന ഒരു രാജ്യത്ത്, ജയിലില്‍ കഴിയുന്ന ഒരു മാവോയിസ്റ്റ് നേതാവിന് കത്തു കൈമാറിയെന്നതിന്റെ പേരില്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയേണ്ടി വരിക എന്നതുതന്നെ, ഛത്തിസ്ഗഢിലെ നീതിനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ ഏതു പ്രകാരമാണ് നടക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ്. മാവോയിസ്റ്റുകളെ എതിര്‍ക്കുന്നതിന് ഭൂഉടമകളും ഖനിമാഫിയയും ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന സ്വകാര്യ സേനയെ സര്‍ക്കാര്‍ തന്നെ പരിപോഷിപ്പിക്കുന്ന ഇടമാണ് ഛത്തിസ്ഗഢ്. സല്‍വാ ജുദൂം എന്ന ആ സമാന്തര സായുധ സേനയെ എതിര്‍ത്തവരെല്ലാം വധിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ആണ് ഉണ്ടായിട്ടുള്ളത്. സല്‍വാ ജുദൂമിന്റെ ആക്രമണത്തിനു പുറത്തുള്ളവരെ സര്‍ക്കാര്‍ തന്നെ ശിക്ഷാനടപടികള്‍ക്കു വിധേയമാക്കുന്നു. ഛത്തിസ്ഗഢിലെ ഒട്ടേറെ സി പി ഐ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കള്ളകേസുകളില്‍ കുടങ്ങി ജയിലില്‍ കഴിയുകയാണ്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് സ്വര്‍ണമെഡലോടെ പാസായി, ശോഭനവും സമ്പന്നവുമായ പ്രഫഷനല്‍ കരിയര്‍ വേണ്ടെന്നുവച്ച് പാവപ്പെട്ട ആദിവാസികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയ ഡോ. സെന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടുന്നത് ഇങ്ങനെയാണ്. മാവോയിസ്റ്റുകളുടെ അക്രമ പ്രവര്‍ത്തന രീതിയെ തുറന്ന് എതിര്‍ത്തിട്ടുള്ള ഡോ. സെന്‍ സാല്‍വാ ജുദൂമിനെയും എതിര്‍ക്കുന്നു എന്നതുകൊണ്ടാണ് ഛത്തിസ്ഗഢിലെ ഭ്രാന്തമായ ഭരണസംവിധാനത്തിന്റെ കണ്ണിലെ കരടായത്. ഈ ഭരണസംവിധാനത്തിന് കോടതിയെയും സ്വാധീനിക്കാന്‍ കഴിഞ്ഞെന്നാണ് അദ്ദേഹത്തിനു ജീവപര്യന്തം ശിക്ഷ ലഭിച്ച നടപടി തെളിയിക്കുന്നത്.

പ്രായം ചെന്ന ഒരു മാവോയിസ്റ്റ് നേതാവിനെ  ജയിലില്‍ ചികിത്സിക്കുന്നതിനിടെ സന്ദേശം കൈമാറിയെന്നാണ് ഡോ. സെന്നിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. ഇത്തരത്തില്‍ കൈമാറിയ കത്ത് പിടിച്ചെടുത്തതായി ഛത്തിസ്ഗ്ഢ് പൊലീസ് പറയുന്നു. മാവോയിസ്റ്റുകളെ നേരിടുന്നു എന്ന പേരില്‍ ആദിവാസിഗ്രാമങ്ങളില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന സാല്‍വാ ജുദൂമിനെതിരെ ആദ്യം സുപ്രിം കോടതിയെ സമീപിച്ച സി പി ഐ നേതാവ് കര്‍താം ജോഗ ഇപ്പോള്‍ ജയിലിലാണ്. മാവോയിസ്റ്റുകളെ സഹായിച്ചെന്ന കള്ളക്കേസാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഡോ. സെന്നിനെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ പൊലീസീന് എത്രവേഗം കഴിയുമെന്ന് ഇതില്‍നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചുവേണമായിരുന്നു കോടതി അദ്ദേഹത്തിനെതിരായ കേസ് പരിഗണിക്കേണ്ടത്. കേവലം പൊലീസിന്റെ വാദമുഖങ്ങളെ കണ്ണടച്ചുവിശ്വസിച്ച കോടതിയുടെ നടപടി തീര്‍ത്തും അന്ധമായിപ്പോയെന്നുതന്നെ പറയേണ്ടിവരും.

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പേരില്‍ പിടിയിലായി ജയിലില്‍ കഴിയുന്നവരെ വധിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നിയോഗിച്ചെന്ന ചില വിചാരണത്തടവുകാരുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ തൃപ്തമാവാതെ ഡല്‍ഹിയിലെ ഒരു കോടതി ഈ കേസ് നേരിട്ട് അന്വേഷിക്കുകയാണ്. രാജ്യത്തെ കോടതികള്‍ എത്രമാത്രം സക്രിയമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. ചിലപ്പോഴെല്ലാം പരിധി വിടുന്നുവെങ്കിലും ആ സക്രിയത, ഭരണ-അന്വേഷണ വിഭാഗങ്ങളുടെ ആസൂത്രിതമായ കൂട്ടുകെട്ടിനെ പൊളിക്കാന്‍ ഉപകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു സജീവതയിലേയ്ക്ക് രാജ്യത്തെ കോടതികള്‍ എത്തിയ സാഹചര്യത്തിലാണ് കാര്യങ്ങളെ പശ്ചാത്തല വസ്തുതകളോടെ മനസ്സിലാക്കാതെ റായ്പുര്‍ കോടതി കേവലമായ രേഖകളിലുടെ സഞ്ചരിച്ച്, രാജ്യത്തെതന്നെ നാണംകെടുത്തുന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണ്. ഈ ചോദ്യംചെയ്യലിന് ഡോ. സെന്നിനു പിന്നില്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ ഉറച്ചുനില്‍ക്കുക തന്നെ ചെയ്യും.

ജനയുഗം മുഖപ്രസംഗം 281210

ആണവകരാറും വന്‍ അഴിമതി

തൃശൂര്‍: ഇന്തോ-അമേരിക്കന്‍ ആണവ കരാറിലെ ഉള്ളുകള്ളികള്‍ പുറത്തുവന്നാല്‍ വന്‍ അഴിമതിയുടെ ചുരുളഴിയുമെന്ന് ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അത് 2ജി സ്പെക്ട്രത്തേക്കാള്‍ വലിയ അഴിമതിയാകും. പ്രധാനമന്ത്രിയെയാണ് ഈ അഴിമതി നേരിട്ട് ബാധിക്കുക. ഇത്തരം ആണവപദ്ധതികളെ ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ ചെറുക്കണം. അഞ്ചു ദിവസം നീളുന്ന 13-ാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കുത്തക കച്ചവടക്കാരുമടങ്ങുന്ന വന്‍ഗൂഢസംഘമാണ് ഇന്തോ- അമേരിക്കന്‍ ആണവകരാറിന് പിന്നില്‍. ഇവര്‍ ഇല്ലാതാക്കുന്നത് നെഹ്രുവിന്റെ കാലം മുതല്‍ പിന്തുടരുന്ന രാജ്യത്തിന്റെ ആണവോര്‍ജ നയങ്ങളാണ്. ആണവോര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് ആദ്യകാലംമുതല്‍ ശ്രമിച്ചിരുന്നത്. പൊക്രാനില്‍ 1974ലും 1998ലും നടത്തിയ പരീക്ഷണങ്ങള്‍ ആണവമേഖലയില്‍ ഇന്ത്യയുടെ ശക്തമായ കാല്‍വയ്പ്പുതന്നെയായിരുന്നു. എന്നാല്‍ അവ പിന്തുടരാതെ, ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ആണവോര്‍ജമേഖലയും കുത്തകരാഷ്ട്രങ്ങള്‍ക്ക് അടിയറവയ്ക്കാനാണ് ശ്രമം. സിടിബിടിയില്‍ ഒപ്പുവയ്ക്കാതിരിക്കുമ്പോള്‍ത്തന്നെ അമേരിക്കയുമായി ആണവ ഉടമ്പടികളുമായി മുന്നോട്ട് പോകുന്നത് ജനവഞ്ചനയാണ്. കോടികള്‍ മുടക്കി വിദേശ ആണവ റിയാക്ടറുകള്‍ സ്ഥാപിച്ചതുകൊണ്ടുമാത്രം ഇന്ത്യയുടെ ആണവ പ്രതിസന്ധി പരിഹരിക്കാനാവില്ല. മറിച്ച് കൊങ്ക(ണ്‍) പോലുള്ള ചെറിയ പ്രദേശങ്ങളില്‍ ഇത്തരം റിയാക്ടറുകള്‍ സ്ഥാപിക്കുന്നത് ജീവന് ഭീഷണിയാകും.

ഇന്ത്യയില്‍ ഉപയോഗിക്കുന്നത് ഘന ജല റിയാക്ടറുകളാണ്. ഇറക്കുമതി ചെയ്യുന്നവ ലഘു ജല റിയാക്ടടറുകളും. ഇതിനാവശ്യമായ ഇന്ധനവും ഇറക്കുമതി ചെയ്യേണ്ടിവരും. പൊക്രാനിലെ ആദ്യ പരീക്ഷണത്തെത്തുടര്‍ന്ന് ലോക രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. അത്തരം സാഹചര്യം ഇനിയുമുണ്ടായാല്‍ ഇന്ധനം ലഭിക്കാതെ റിയാക്ടറുകള്‍ ഉപയോഗശൂന്യമാകും. അതുകൊണ്ട് ഇന്ത്യയില്‍തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചെടുക്കുന്ന റിയാക്ടറുകളാകും എറെ അനുയോജ്യമായത്. ആണവകരാര്‍ ഉടമ്പടികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ടതല്ല. ഒളിപ്പിച്ചുവയ്ക്കുന്ന അത്തരം വ്യവസ്ഥകള്‍ വിവരാവകാശനിയമത്തിന്റെ പിന്‍ബലത്താല്‍ പുറത്തുകൊണ്ടുവരണമെന്നും ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സി പി നാരായണന്‍ അധ്യക്ഷനായി. ശാസ്ത്രം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വികസനത്തിനും എന്ന മുദ്രാവാക്യമുയര്‍ത്തി കേരളവര്‍മ്മ കോളേജിലും 'കില'യിലുമായി നടക്കുന്ന കോണ്‍ഗ്രസില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ഓളം പ്രതിവിധികള്‍ക്കു പുറമെ കേരളത്തില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള പ്രതിനിധികളുംപങ്കെടുക്കുന്നു.

ദേശാഭിമാനി 281210

ബിനായക് സെന്നിനെ മോചിപ്പിക്കുക: നോം ചോംസ്കി

മാവോയിസ്റുകളെ സഹായിച്ചെന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം നല്‍കണമെന്നും അദ്ദേഹത്തിന്റെ അപ്പീലില്‍ ഉടന്‍ വാദംകേള്‍ക്കണമെന്നും വിഖ്യാത ചിന്തകന്‍ നോം ചോംസ്കിയടക്കം എണ്‍പതോളം പണ്ഡിതര്‍ ആവശ്യപ്പെട്ടു. സെന്‍ ഒരിക്കലും ആക്രമണത്തില്‍ ഏര്‍പ്പെടുകയോ അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് റൊമില ഥാപ്പര്‍, പ്രഭാത് പട്നായിക്, അശോക് മിത്ര, മുഷിറുള്‍ ഹസന്‍ എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.

നക്സല്‍ പ്രവര്‍ത്തകന്‍ നാരായ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസിനസുകാരന്‍ പിയുഷ് ഗുഹ എന്നിവര്‍ക്കൊപ്പമാണ് ബിനായക് സെന്നിന് വെള്ളിയാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാവോയിസ്റുകളുമായി ചേര്‍ന്ന് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നിഗമനത്തിലാണ് വിധി. ജയിലിലായിരുന്ന സന്യാലിന്റെ സന്ദേശങ്ങള്‍ മാവോയിസ്റുകള്‍ക്ക് എത്തിച്ചിരുന്നത് ബിനായക് സെന്നായിരുന്നെന്നും കോടതി വിലയിരുത്തി. സെന്നിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കാന്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ ഇന്റര്‍നെറ്റിലൂടെ ഒപ്പുശേഖരണം തുടങ്ങി. 3500 പേര്‍ ഒപ്പിട്ടു. ഛത്തീസ്ഗഢില്‍ മാവോയിസ്റുകളെ സെന്‍ സഹായിച്ചതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

അതിനിടെ, സെന്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന വിധി അപഹാസ്യവും അസ്വീകാര്യവുമാണെന്ന് മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ അഭിപ്രായപ്പെട്ടു. പൌരസ്വാതന്ത്ര്യം അപകടത്തിലാകുന്നതു തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിനായക് സെന്നിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിവിധ സംഘടനകള്‍ പ്രകടനം നടത്തി. അരുന്ധതി റോയ്, സ്വാമി അഗ്നിവേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി 281210

Monday, December 27, 2010

എങ്ങനെ ജീവിക്കും?

വിലക്കയറ്റം എല്ലാ വേലിയും തകര്‍ത്ത് മുന്നോട്ട് കുതിക്കുകയാണ്. പ്രധാനമന്ത്രി കൃഷിമന്ത്രിയെ വിളിച്ചുവരുത്തി വിലകുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ശമിക്കുന്നതല്ല വിലക്കയറ്റം. സവാള എന്ന ഒരൊറ്റ ഇനത്തിന്റെ വില പരിശോധിച്ചാലറിയാം ഇന്ത്യക്കാര്‍ അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ തീവ്രത. വിപണിയില്‍ സവാളയ്ക്ക് തീവില തുടരുകയാണ്. ഇറക്കുമതിത്തീരുവ പൂര്‍ണമായും ഒഴിവാക്കിയെങ്കിലും വിലയില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു കിലോ സവാളയ്ക്ക് 100 രൂപ വരെയെത്തിയിരുന്നു. വിലക്കയറ്റം മൂന്നുമാസംവരെ തുടരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

കാലം തെറ്റി പെയ്ത മഴയെത്തുടര്‍ന്ന് കൃഷി നശിച്ചതാണ് വില വര്‍ധിക്കാന്‍ ഇടയായത്. രാജ്യത്തെ സവാളയുടെ 20 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. ഉത്തര്‍പ്രദേശ്, കര്‍ണാടകം, ഒറീസ എന്നിവിടങ്ങളിലും കാര്യമായ ഉല്‍പ്പാദനമുണ്ട്. എന്നാല്‍, നവംബറില്‍ പെയ്ത മഴ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. സവാളയുടെ ദൌര്‍ലഭ്യം മുതലെടുക്കാന്‍ പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരും ശ്രമിച്ചതോടെ വില ക്രമാതീതമായി വര്‍ധിച്ചു.

വില കുറയ്ക്കാന്‍ കാര്യമായ നടപടികളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായില്ല. സംസ്ഥാന സര്‍ക്കാരുകളാണ് വില കുറയ്ക്കാന്‍ നടപടിയെടുക്കേണ്ടതെന്നുപറഞ്ഞ് കൈകഴുകുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. സവാള നേരിട്ട് ഇറക്കുമതിചെയ്യാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. സവാള ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുന്നിലുള്ള ചൈന, തുര്‍ക്കി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി നടത്താനുള്ള നടപടിയൊന്നും ആയിട്ടില്ല. സര്‍ക്കാര്‍തലത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ചപോലും നടക്കുന്നില്ല. ഇപ്പോള്‍ പാകിസ്ഥാനില്‍നിന്ന് സവാള ഇറക്കുമതി ചെയ്യുന്നത് സ്വകാര്യ കമ്പനികളാണ്. വന്‍ ലാഭം നേടുന്നതിനാണ് ഈ ഇറക്കുമതി. സര്‍ക്കാര്‍തലത്തില്‍ നേരിട്ട് ഇറക്കുമതി ചെയ്തില്ലെങ്കില്‍ വില വീണ്ടും ഉയരാനാണ് സാധ്യത. മൊത്ത വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇത് ചില്ലറവിപണിയില്‍ പ്രതിഫലിച്ചിട്ടില്ല.

ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ് സവാള. പ്രത്യേകിച്ചും ഉത്തരേന്ത്യക്കാര്‍ക്ക്. സവാളയുടെ വിലക്കയറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗധേയംതന്നെ പലതവണ മാറ്റിമറിച്ചിട്ടുണ്ട്. 1980ലെ പൊതുതെരഞ്ഞെടുപ്പില്‍ ചരസിങ് സര്‍ക്കാരിനെതിരെ ഇന്ദിരാഗാന്ധിയുടെ പ്രധാന പ്രചാരണായുധം സവാള വിലക്കയറ്റമായിരുന്നു. സവാളയുടെ പ്രഭാവം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയും ചെയ്തു. 1998ല്‍ ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടാനിടയാക്കിയത് സവാളയുടെ വിലക്കയറ്റമാണ്. കനത്ത മഴയെ തുടര്‍ന്ന് വിള നശിച്ചപ്പോള്‍ 1998 നവംബറില്‍ സവാളവില കിലോയ്ക്ക് 60 രൂപവരെ ഉയര്‍ന്നിരുന്നു. ഈ വിലക്കയറ്റം കോണ്‍ഗ്രസ് പ്രചാരണായുധമാക്കുകയും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തറപറ്റിക്കുകയും ചെയ്തു.

ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി കമ്പോളമായ ആസാദ്പുരില്‍ സവാളയ്ക്ക് ഇപ്പോഴത്തെ വില ക്വിന്റലിന് 3550 രൂപയാണ്. ഇത് ഒരുഘട്ടത്തില്‍ 5000 രൂപവരെ ഉയര്‍ന്നു. ദക്ഷിണേന്ത്യയിലും സവാളവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇറക്കുമതിത്തീരുവ കുറച്ചത് ദക്ഷിണേന്ത്യയില്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. സവാളയ്ക്ക് മാത്രമല്ല മറ്റ് പച്ചക്കറികള്‍ക്കും വന്‍വിലയാണ്. എണ്ണവില വര്‍ധിച്ചത് പച്ചക്കറിമേഖലയിലാണ് കൂടുതല്‍ പ്രകടമായത്. ഡല്‍ഹിയില്‍ ഒരുകിലോ തക്കാളിക്ക് 60 രൂപയുണ്ട്. വെളുത്തുള്ളിവിലയാകട്ടെ കിലോയ്ക്ക് 320 രൂപവരെയെത്തി. പാകിസ്ഥാനിലേക്ക് വന്‍തോതില്‍ കള്ളക്കടത്തായി തക്കാളിയും ഉള്ളിയും ഉള്‍പ്പെടെയുള്ളവ കടത്തുന്നതും വില വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. വാഗാ അതിര്‍ത്തിയിലൂടെയാണ് കള്ളക്കടത്ത് വ്യാപകമായി നടക്കുന്നത്. ഇത് തടയുന്നതിന് ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് ഇപ്പോഴുണ്ടായ രൂക്ഷമായ വിലക്കയറ്റത്തിന് കാരണമെന്നത് നിസ്തര്‍ക്കമാണ്. ഭക്ഷ്യസുരക്ഷയോ പൊതുവിതരണമോ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി യുപിഎ നേതൃത്വം കാണുന്നില്ല. ഈ ഉത്തരവാദിത്തരാഹിത്യം സ്വകാര്യകുത്തകകള്‍ക്ക് പൂഴ്ത്തിവയ്ക്കാനും കരിഞ്ചന്തയില്‍ വില്‍ക്കാനും അവസരം നല്‍കുന്നു. അത് അവര്‍ പൂര്‍ണമായും ഉപയോഗിക്കുകയും കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുകയും ചെയ്യുന്നു. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പോളത്തില്‍ ഇടപെടുന്നത് സര്‍ക്കാര്‍ നിര്‍ത്തിയതും വിലക്കയറ്റം രൂക്ഷമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

വിലക്കയറ്റം ഉള്‍പ്പെടെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുനേരെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുമ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വില കുറയ്ക്കുന്നതിനാവശ്യമായ എല്ലാ നടപടിയും എടുക്കുന്നുണ്ട്. വിലക്കയറ്റത്തിന്റെ രൂക്ഷത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 250 കോടി രൂപയുടെ നിത്യോപയോഗസാധനങ്ങളാണ് സപ്ളൈകോയിലൂടെയും കസ്യൂമര്‍ഫെഡിലൂടെയും വിപണിയിലെത്തിക്കുന്നത്. പൊതുകമ്പോളത്തേക്കാള്‍ 10 മുതല്‍ 65 ശതമാനംവരെ വില കുറച്ചാണ് സപ്ളൈകോയും കണ്‍സ്യൂമര്‍ഫെഡും സാധനങ്ങള്‍ വില്‍ക്കുന്നത്. നിലവിലുള്ള 1370 വിപണനകേന്ദ്രങ്ങള്‍ക്ക് പുറമേ താലൂക്ക് തലത്തില്‍ 56 പ്രത്യേക ബസാറുകളും തുറന്ന് വിലക്കയറ്റം നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രൂക്ഷമായ വിലക്കയറ്റം. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഗോഡൌണില്‍ കെട്ടിക്കിടന്ന് നശിച്ചിട്ടും അത് പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ വിസമ്മതിച്ച സര്‍ക്കാരില്‍നിന്ന് അതല്ലേ പ്രതീക്ഷിക്കേണ്ടൂ.

ദേശാഭിമാനി മുഖപ്രസംഗം 271210

യൂത്ത് കോണ്‍ഗ്രസ് നേതാവ് പി വി ശ്രീനിജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി ആക്ഷേപം

കൊച്ചി: കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. പി വി ശ്രീനിജന്‍ നാല് വര്‍ഷം കൊണ്ട് സമ്പാദിച്ചത് കോടികളുടെ അനധികൃത സ്വത്ത്. മുന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവു കൂടിയായ ശ്രീനിജന്‍ എറണാകുളം ജില്ലയ്ക്ക് പുറമെ തൃശൂരിലും ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആധാരത്തില്‍ വില കുറച്ച് രേഖപ്പെടുത്തിയാണ് എല്ലാ ഇടപാടുകളും നടത്തിയിട്ടുമുള്ളത്. 

തൃശൂര്‍ അന്നമനടയില്‍ പുഴയോരത്ത് ശ്രീനിജന്‍ സ്വന്തമാക്കിയത് രണ്ടര ഏക്കര്‍ ഭൂമിയാണ്. 2008-ല്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ ഇപ്പോള്‍ ആര്‍ഭാട റിസോര്‍ട്ടുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. എളമക്കര കീര്‍ത്തിനഗറില്‍ 2009 ജൂണില്‍ 30 സെന്റ് ഭൂമിയും തന്റെയും ഭാര്യ അഡ്വ. കെ ബി സോണിയുടെയും പേരില്‍ സ്വന്തമാക്കി. ഇതിനടുത്ത് ഈ വര്‍ഷം ഒക്‌ടോബറില്‍ അമ്മയുടെ പേരില്‍ 15 സെന്റ് ഭൂമിയും സ്വന്തമാക്കി. ഇവിടെ കൂറ്റന്‍ ബംഗ്ലാവിന്റെ പണിയും നടക്കുന്നു.  ഹൈക്കോടതിക്ക് സമീപം എംപയര്‍ ബില്‍ഡിങ്ങില്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന ഓഫീസ് മന്ദിരം, ഇടപ്പള്ളി ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ ഭാര്യയുടെ പേരില്‍ ഫഌറ്റും ഇടക്കാലം കൊണ്ട് ശ്രീനിജന്‍ സ്വന്തമാക്കി.

കീര്‍ത്തിനഗറില്‍ സെന്റിന് എട്ട്-പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുടേതായി ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. അമ്മയുടെ പേരില്‍ വാങ്ങിയ ഭൂമിയുടെയും വില കേവലം ഒരു ലക്ഷം മാത്രം. അന്നമനടയില്‍ രണ്ടര ഏക്കര്‍ ഭൂമിക്ക് ഒട്ടാകെ രേഖപ്പെടുത്തിയിട്ടുള്ളത് 14 ലക്ഷം രൂപ മാത്രമാണ്. ഇവിടെ രണ്ട് ലക്ഷത്തോളം രൂപയാണ് സെന്റ് ഭൂമിയുടെ വില. ഇടപ്പള്ളിയിലെ കണ്ണായ സ്ഥലത്തുള്ള ഫഌറ്റിന്റെ വിലയാകട്ടെ ആധാരത്തില്‍ കേവലം ഒമ്പത് ലക്ഷം രൂപ മാത്രവും. ഇവയ്ക്ക് പുറമെ ആര്‍ഭാട കാറായ ടയോട്ട കൊറോളയും സമീപവര്‍ഷം ശ്രീനിജന്‍ സ്വന്തമാക്കി.

2006-ല്‍ ഞാറയ്ക്കല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീനിജന്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്ങ്മൂലത്തില്‍ തന്റെ സ്വത്തായി കാണിച്ചിട്ടുള്ളത് 25000 രൂപയും 3 പവന്റെ സ്വര്‍ണ്ണവുമാണ്.

ഭാര്യയുടേതായി തിരുവാങ്കുളത്ത് 29 സെന്റ് സ്ഥലവും 20 പവന്‍ സ്വര്‍ണ്ണവും രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഒട്ടേറെ ഭൂസ്വത്തുക്കള്‍ ശ്രീനിജന്‍ വാരിക്കൂട്ടിയത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്.

അഭിഭാഷക ജോലിമാത്രമാണ് വരുമാന സ്രോതസ്സെന്ന് ശ്രീനിജന്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 2008ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷക ജോലി വഴി ഇത്രകുറഞ്ഞകാലംകൊണ്ട് കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇദ്ദേഹത്തിന് എങ്ങനെയുണ്ടായെന്ന് പാര്‍ട്ടിക്കാര്‍പോലും സംശയം പ്രകടിപ്പിക്കുന്നു. അഭിഭാഷകജോലിയില്‍നിന്ന് തന്റെ വരുമാനം 25 ലക്ഷം രൂപയും ഭാര്യയുടേത് 15 ലക്ഷം രൂപയുമാണെന്ന് ആദായനികുതി വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

'ജുഡീഷ്യല്‍ അന്വേഷണം വേണം' 'ആരോപണങ്ങള്‍ നീതിപീഠത്തിന് അപമാനകരം'
     
മുന്‍ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണത്തെക്കുറിച്ചന്വോഷിക്കാന്‍ 3 ചീഫ് ജസ്റ്റിസുമാരുള്‍പ്പെടുന്ന പാനലിനെ നിയമിക്കണമെന്ന് ജസ്റ്റിസ് VR കൃഷ്ണയ്യര്‍ പറഞ്ഞു. KG ബാലകൃഷ്ണന്റെ ബന്ധുക്കളുടെ അനധികൃതമായ സ്വത്തിനെക്കുറിച്ച് ഉയര്‍ന്ന ആരോപണം ഇന്ത്യന്‍ നിയമവ്യവസ്ഥയെ തന്നെ ലജ്ജിപ്പിക്കുന്നതാണ്. മുന്‍ ജസ്റ്റിസ് ഗോഖലെ അഴിമതിക്കാരനായ രാജയെക്കുറിച്ച് എഴുതിയ കത്ത് KG ബാലകൃഷ്ണന്‍ നിഷേധിച്ചിരുന്നു. ഈ സംഭവത്തിലും അന്വേഷണം ആവശ്യമാണ്. മനുഷ്യാവകാശത്തിന്റെ ഒരു പുതിയ ചരിത്രം തന്നെയാണ് ഈ അന്വേഷണം കൊണ്ട് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി ശ്രീനിജന്‍, കര്‍ണ്ണാടകയിലെ ബി ജെ പി മന്ത്രി ജനാര്‍ദ്ദന റെഡ്ഡിക്കുവേണ്ടി കേസുകളില്‍ അനുകൂല വിധി ഉണ്ടാക്കുന്നതിനായി ഇടപെട്ടതായി ആരോപണം. ദില്ലിയിലെ പത്രപ്രവര്‍ത്തകനായ ഡോ.എം ഫര്‍ഗ്വാന്‍, രാഷ്ട്രപതിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ പരാതി തുടര്‍ നടപടിക്കായി കൈമാറിയിരിക്കുകയാണ്. പി വി ശ്രീനിജന്‍ അനധികൃതമായി നടത്തിയ സ്വത്ത് സമ്പാദനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.

കെ പി സി സി അംഗം ശ്രീനിജന് എതിരായ അഴിമതി ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് DYFI സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് എം പി. അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന കാര്യങ്ങള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും ഗൌരവമേറിയ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

ജനയുഗം/പീപ്പിള്‍ ചാനല്‍ വാര്‍ത്ത

റബര്‍ ഇറക്കുമതി തീരുവ വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: സ്വാഭാവിക റബറിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഏഴര ശതമാനമായി വെട്ടിക്കുറച്ചു. 40,000 ടണ്‍ വരെയുള്ള ഇറക്കുമതിക്കാണ് മാര്‍ച്ച് 31 വരെ തീരുവ കുറച്ചിരിക്കുന്നത്. ടയര്‍ വ്യവസായികളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി.
ഇരുപതു ശതമാനമോ കിലോയ്ക്ക് ഇരുപതു രൂപയോ എന്നതാണ് നിലവില്‍ റബറിന്റെ ഇറക്കുമതി തീരുവ. ഇതില്‍ കുറവ് ഏതാണോ അതാണ് ഈടാക്കുക. മാര്‍ച്ച് 31നു ശേഷം ഇതേ നിരക്ക് പുനസ്ഥാപിക്കുമെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്.

റബറിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ തീരുവ വെട്ടിക്കുറയ്ക്കാന്‍ ടയര്‍ ലോബി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ, സ്വാഭാവിക റബര്‍ ഉല്‍പ്പാദന രാഷ്ട്രമാണ് ഇന്ത്യ. കഴിഞ്ഞ ഏപ്രില്‍ നവംബര്‍ കാലയളവില്‍ 143468 ടണ്‍ റബരാണ് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം മാത്രം കൂടുതലാണിത്. ആവശ്യം ഇതിന്റെ പല മടങ്ങ് കൂടിയിട്ടും ഇറക്കുമതി വര്‍ധിക്കാത്തതിനു കാരണം ഉയര്‍ന്ന തീരുവയാണെന്നാണ് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന ആവശ്യവും ഇറക്കുമതി കുറഞ്ഞതും രാജ്യത്ത് സ്വാഭാവിക റബറിന്റെ വിലയില്‍ വര്‍ധനയുണ്ടാക്കിയിരുന്നു. ഇതില്‍ നേട്ടമുണ്ടാക്കിയ കര്‍ഷകര്‍ക്കു തിരിച്ചടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. ഇറക്കുമതി ചുങ്കം 300 ശതമാനം വരെയാക്കാവുന്നത് നേരത്തെ പടിപടിയായി കുറച്ച് 20 ശതമാനമാക്കിയിരുന്നു. ഇതിനെതിരെ കര്‍ഷകരില്‍നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് ഇരുപതു ശതമാനമോ കിലോയ്ക്ക് ഇരുപതു രൂപയോ എന്ന നിലയില്‍ ചെറിയൊരു മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. തീരുവ കുറയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേരളത്തില്‍നിന്നുള്ള പ്രതിനിധികളോട് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കുകയും ചെയ്തിരുന്നു. കര്‍ഷകരുടെ താല്‍പ്പര്യം പോലെ തന്നെ വ്യവസായികളുടെയും താല്‍പ്പര്യം കണക്കിലെടുക്കേണ്ടതുണ്ടെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
തായ്‌ലാന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും ഇന്ത്യയിലേയ്ക്ക് റബര്‍ ഇറക്കുമതി ചെയ്യുന്നത്. സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ദിവസം കേരളത്തില്‍ കിലോയ്ക്ക്  207 രൂപ വരെ എത്തിയിരുന്നു. സര്‍വകാല റെക്കോഡാണിത്. രാജ്യാന്തര വിപണിയില്‍ സ്വാഭാവിക റബറിന് 222 രൂപ വരെ എത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇറക്കുമതി തീരുമാനം കാര്യമായ മാറ്റമുണ്ടാക്കില്ലെന്നുമാണ് വ്യവസായ രംഗത്തുള്ളവര്‍ പറയുന്നത്.

ലോകത്തെ ഏറ്റവും വലിയ റബര്‍ ഉല്‍പ്പാദകരായ തായ്‌ലാന്‍ഡില്‍ കൃഷിനാശമുണ്ടായതും ചൈനയില്‍നിന്നുള്ള ആവശ്യം വര്‍ധിച്ചതുമാണ് രാജ്യാന്തര വിപണിയില്‍ സ്വാഭാവിക റബറിന്റെ വില ഉയരാന്‍ ഇടയാക്കിയതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കനത്ത മഴ ടാപ്പിംഗിനെ പ്രതികൂലമായി ബാധിച്ചത് കേരളത്തിലും റബര്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്.

ജനയുഗം 271210

എ ഐ സി സി സമ്മേളനത്തിലെ ഫലിതവും...

എ ഐ സി സി സമ്മേളനത്തിലെ ഫലിതവും യൂത്ത് കോണ്‍ഗ്രസിലെ തിരഞ്ഞെടുപ്പ് മഹാമഹവും

ജനാധിപത്യം എന്നത് സമസ്ത കോണ്‍ഗ്രസുകാരനും ജീവനേക്കാള്‍ പ്രധാനമായി കരുതുന്ന ഒന്നാണ്. അതുകൊണ്ടാണ് പി സി സി അധ്യക്ഷന്‍മാരെ ദേശീയ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്ത് ജനാധിപത്യത്തിന്റെ പുഷ്‌കലകാലം കോണ്‍ഗ്രസിനുള്ളില്‍ ആവര്‍ത്തിച്ച് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ പ്രസിഡന്റിനാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട പി സി സി പ്രസിഡന്റുമാര്‍ ഡി സി സി പ്രസിഡന്റുമാരെയും അതേ മാതൃകയില്‍ നിയമിക്കണം. ഡി സി സി പ്രസിഡന്റുമാരും മാതൃക പിന്തുടരണം. ഇല്ലെങ്കില്‍ അച്ചടക്ക ലംഘനമാവും. കാരണം അച്ചടക്കത്തിനും പേരുകേട്ട രാഷ്ട്രീയ കക്ഷിയാണ് കോണ്‍ഗ്രസെന്ന് എല്ലാ ഭാരതീയര്‍ക്കും അറിയാവുന്നതാണ്. സോഡാകുപ്പിയേറും കസേരകൊണ്ടടിയും ഉടുമുണ്ടഴിക്കലും പരസ്യവിഴുപ്പലക്കലും വഴി അച്ചടക്കത്തിന്റെ നവമാതൃകകള്‍ സൃഷ്ടിച്ച കക്ഷിയാണ് കോണ്‍ഗ്രസ്  എന്ന് ഏവര്‍ക്കും ബോധ്യമുണ്ട്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരേയൊരാളിനു വേണ്ടി മാത്രം ഓരോ പി സി സിയും ഒന്നിലേറെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകൊണ്ട്, പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തീര്‍ത്തും ജനാധിപത്യവല്‍ക്കരിക്കും. പട്ടാഭി സീതാരാമയ്യയും സുഭാഷ് ചന്ദ്രബോസും തമ്മില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന മത്സരമൊക്കെ ഒരേയൊരു പേരെഴുതി പത്രിക സമര്‍പ്പിക്കുന്ന കോണ്‍ഗ്രസിലെ ഇന്നത്തെ മഹാമല്ലന്‍മാര്‍ക്ക് പിടിയുണ്ടാവുകയില്ല. ഏത് പട്ടാഭി, ഏത് സുഭാഷ് എന്നൊക്കെ അവര്‍ ചോദിച്ചു കളയും. കോണ്‍ഗ്രസ് ചരിത്രമെഴുതിയ പട്ടാഭി എന്നാരെങ്കിലും പറഞ്ഞാല്‍ 'അതെവിടെ കിട്ടും?' എന്ന് തിരിഞ്ഞുനിന്ന് ചോദിക്കും. ഇത്തരത്തിലുള്ള അധികം ചോദ്യങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനമൊക്കെ ഒന്നര ദിവസം കൊണ്ട് അവസാനിപ്പിക്കുന്നത്. ഉദ്ഘാടന പ്രസംഗവും രാഷ്ട്രീയ-സാമ്പത്തിക-സംഘടനാ പ്രമേയങ്ങളും ചര്‍ച്ചകളുമൊക്കെ നിമിഷനേരം കൊണ്ടു കഴിയും. എല്ലാവര്‍ക്കും ഒരേ രാഗത്തില്‍ സൃഷ്ടിക്കപ്പെട്ട സ്തുതിഗീതമല്ലാതെ മറ്റൊന്നും പാടാനാവാത്തത് കോണ്‍ഗ്രസുകാര്‍ അത്രമേല്‍ ഐക്യമുള്ളവരും ഒരുപോലെ ചിന്തിക്കുന്നവരും ആയതുകൊണ്ടാണ്. അതിവേഗതയില്‍ അവസാനിച്ച സമ്പൂര്‍ണ പ്ലീനറി സമ്മേളനത്തില്‍ കുറച്ച് സമയം തമ്മില്‍ തല്ലും ഉന്തും തള്ളും മൂലം നഷ്ടപ്പെട്ടെങ്കിലും കുണ്ഠിതമില്ല. കാരണം ആഗോള പ്രശ്‌നങ്ങള്‍ മുതല്‍ ഗ്രാമതല വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തിയാണ് പിരിഞ്ഞത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സോണിയാഗാന്ധിയുടെ ഒറ്റ പ്രസംഗം കൊണ്ടു സാധിച്ചു. അതുകൊണ്ട് സവാളയും തക്കാളിയും വെളുത്തുള്ളിയും കണ്ടാല്‍ ഭാരതീയര്‍ ഓടിരക്ഷപ്പെടുന്ന നിലവന്നു.

അഴിമതി എന്നു കേട്ടാല്‍ അറയ്ക്കുന്ന, അപ്പോള്‍ തന്നെ ആട്ടുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടു മാത്രം ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപയുടെ ടെലികോം അഴിമതി അറിഞ്ഞില്ലെന്നു നടിച്ചു. പഴയ ടെലികോം കുംഭകോണത്തിന്റെ ഭാഗമായി, തലയണയ്ക്കടിയില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെടുക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സുഖ്‌റാം കോണ്‍ഗ്രസ് നേതാവാണെന്ന വസ്തുത ഓര്‍ക്കാതെ പോയി. കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണവും ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയും ബഡാ പ്രശ്‌നങ്ങളല്ലാതായി. സോണിയ പറഞ്ഞതുപോലെ അഴിമതിക്കാര്‍ക്കെതിരെ അപ്പപ്പോള്‍ കോണ്‍ഗ്രസ് നടപടിയെടുത്ത് ഞെട്ടിച്ചുകളഞ്ഞു. പക്ഷേ രാജയുടെ ടെലികോം കുംഭകോണം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച മന്‍മോഹന്‍സിംഗ് വേദിയില്‍ മുന്‍നിരയിലും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ പെട്ട കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖും സുശീല്‍ കുമാര്‍ ഷിന്‍ഡയും വേദിയുടെ പിന്‍നിരയിലും അശോക് ചവാന്‍ സദസ്സിലും കോണ്‍വെല്‍ത്ത് ഗെയിംസില്‍ കുറ്റം ചാര്‍ത്തപ്പെട്ട ഷീലാദീഷിത് വേദിയിലും സുരേഷ് കല്‍മാഡി സദസ്സിലും ഇരിക്കുമ്പോഴായിരുന്നൂ സോണിയയുടെ അഴിമതി വിരുദ്ധ പ്രസംഗം എന്നതുകൊണ്ട് തന്നെ അത് അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമായി എന്ന് കോണ്‍ഗ്രസുകാര്‍ അഭിമാനിച്ചു. തെറ്റ് പറയരുതല്ലോ, കോണ്‍ഗ്രസുകാര്‍ക്ക് എന്തും ഏതും അഭിമാനത്തിനു വക നല്‍കുന്നതാണ്. അതുകൊണ്ട് മാത്രമാണ് ബിഹാര്‍ നിയമസഭാ സീറ്റുകള്‍ മുകുള്‍വാസ്‌നിക്ക് എന്ന ചുമതലക്കാരന്‍ വിറ്റഴിച്ചു എന്ന് പറഞ്ഞ് ബിഹാറിലെ കോണ്‍ഗ്രസുകാര്‍ തല്ലുണ്ടാക്കുകയും സമ്മേളനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്ത കാര്യം പോലും അതിരറ്റ അഭിമാനമാണ് സമ്മാനിച്ചതെന്ന് ഖദര്‍ധാരികള്‍ വ്യക്തമാക്കുന്നത്.

അടിമുതല്‍ മുടിവരെ ജനാധിപത്യം ഈ വിധം പൂത്തുനില്‍ക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ 'യുവരാജാവ്' രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയത്. അംഗത്വ വിതരണ ഘട്ടത്തില്‍ തന്നെ അതു നിരീക്ഷിക്കാന്‍ ഖജനാവിലെ പണം ചെലവഴിച്ച് രാഹുലന്‍ കേരളത്തില്‍ വരുകയും ടാലന്റ് ഹണ്ട് നടത്തുകയും ചെയ്തു. കേരളത്തിലുള്ളവരാകെ ടാലന്റുള്ളവരായതുകൊണ്ട് കേരളത്തിലുള്ള യുവാക്കളുടെ ഇരട്ടിയിലധികം പേര്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളായി.  എയും ഐയും വിശാല ഐയും മൂന്ന്, നാല്, അഞ്ച്, ആറ്... എന്നിങ്ങനെ നീളുന്ന ഗ്രൂപ്പുകളുമായി കേരള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുപേരെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളാക്കി. യുവാക്കള്‍ക്കുവേണ്ടി ശബ്ദിച്ചും സമരം ചെയ്തും തളര്‍ന്നുപോയ, പാര്‍ട്ടി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും തമ്പടിച്ച് വിശ്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരോട് കേരളത്തിലെ യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ആഭിമുഖ്യം ഉണ്ടാവുന്നതിലും അംഗത്വമെടുക്കുന്നതിലും അദ്ഭുതമില്ല തന്നെ.
പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ പത്രിക നല്‍കിയവര്‍ കേരളക്കരയാകെ കാലുപിടിച്ചു നടന്നു. വോട്ടര്‍മാരെ കണ്ടു കാലുപിടിച്ചു. വാഗ്ദാനങ്ങളില്‍ തെല്ലും കുറവുവരുത്തിയില്ല. അത്യാവശ്യം നല്‍കേണ്ടതൊക്കെ നല്‍കി. ഒടുവില്‍ തിരഞ്ഞെടുപ്പ് മഹാമഹം അരങ്ങേറുന്നതിനു തൊട്ടു മുമ്പ് ഐക്യം പൂത്തുലഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിലെ ബഹുവിധ ഗ്രൂപ്പുകാര്‍ തങ്ങളുടെ കൈവശമാണ് ഏറ്റവും അധികം വോട്ടെന്ന് പത്രദ്വാര്വാ മാലോകരെ അറിയിച്ചു.

ഇത്തരം മഹോത്സവങ്ങള്‍ നടത്താന്‍ ഇപ്പോള്‍ കമ്പനികളുള്ളതുകൊണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സ്ഥാനാര്‍ഥികളുടെ ബോര്‍ഡ് വെയ്ക്കുന്നതിനോ പോസ്റ്റര്‍ ഒട്ടിക്കുന്നതിനോ ആയാസപ്പെടേണ്ടിവന്നില്ല. കോടിക്കണക്കിനു രൂപ നല്‍കി ഈവന്റ് മാനേജ്‌മെന്റുകളെ ഏര്‍പ്പിച്ചു. ഗാന്ധിയന്‍ ശൈലിയുള്ള പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് മഹാമഹം സംഘടിപ്പിച്ചതും ഇത്തരത്തില്‍ ഒരു കമ്പനിതന്നെ.

സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചു നല്‍കിയ ചിഹ്നങ്ങളുടെ പട്ടിക കാണുമ്പോഴാണ് കോണ്‍ഗ്രസിന്റെ മഹത്വം കൂടുതല്‍ മനസ്സിലാകുക. കത്തുന്ന ടോര്‍ച്ച് ലൈറ്റ്, ടൂത്ത് ബ്രഷ്, വടി, ബലൂണ്‍, പമ്പരം എന്നിത്യാദിയായിരുന്നൂ അടയാളങ്ങള്‍. വടി ഉള്‍പ്പെടുത്തിയതിന് പ്രത്യേക കാരണമുണ്ട്. അവശ്യം വരുന്ന സന്ദര്‍ഭത്തില്‍, വിശേഷിച്ചും തിരഞ്ഞെടുപ്പാകയാല്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വടി. സോഡാക്കുപ്പി, പിച്ചാത്തി, കോടാലി, വെട്ടുകത്തി എന്നിവ കൂടി ഉള്‍പ്പടുത്തേണ്ടതായിരുന്നൂ.

പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ പ്രസംഗിച്ചപ്പോള്‍ കത്തുന്ന ടോര്‍ച്ച് ലൈറ്റിന്റെ പ്രതിനിധി അനുയായികളുടെ കരഘോഷത്തിന്റെ പിന്‍ബലത്തോടെ പറഞ്ഞുവത്രേ; ഇപ്പോള്‍ ഇരുട്ടാണ്. പക്ഷേ വെളിച്ചം പകരാന്‍ എന്റെ കൈയില്‍ കത്തുന്ന ടോര്‍ച്ച് ലൈറ്റുണ്ട്. ബ്രഷ് ചിഹ്നമായി കിട്ടിയ സ്ഥാനാര്‍ഥി പറഞ്ഞത് മാലിന്യങ്ങളാകെ തുടച്ചുനീക്കാന്‍ ബ്രഷ് വേണം. ഇപ്പോള്‍ തന്റെ കൈയില്‍ ചെറിയ ബ്രഷുണ്ട്. പക്ഷേ ഇതു പോരാ. മാലിന്യങ്ങള്‍ തുടച്ചുമാറ്റാന്‍ എനിക്ക് വലിയൊരു ബ്രഷ് വേണം.

അനുയായികളില്‍ കൂടുതല്‍ പേര്‍ ബ്രഷിന് വോട്ടു ചെയ്തു. കാരണം മറ്റൊന്നുമല്ല, അഴിമതിയുടെ ചളിക്കുണ്ടില്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ തുടച്ചു വൃത്തിയാക്കാന്‍ വലിയ ബ്രഷ് വേണമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. വെളിച്ചമില്ലെങ്കിലും കുഴപ്പമില്ല, സ്വന്തം നേതാക്കളുടെ മേല്‍പുരണ്ട അഴിമതിക്കറ തുടച്ചു വൃത്തിയാക്കി സുമുഖരാക്കുകയാണ് അടിയന്തര കടമയെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ആ ഉദ്യമത്തില്‍ അവര്‍ വിജയിക്കട്ടെ.

ദിഗംബരന്‍ ജനയുഗം 271210