Tuesday, December 28, 2010

അന്ധന്യായാസനങ്ങളെ ചോദ്യം ചെയ്യുക

ഇന്ത്യന്‍ കോടതികളുടെ കൊടിയടയാളമായി കണക്കാക്കപ്പെടുന്ന കണ്ണുകെട്ടിയ നീതിദേവത പ്രതീകവല്‍ക്കരിക്കുന്നത് അന്ധമായ നീതിനിര്‍വഹണത്തെയല്ല, മറിച്ച് പക്ഷപാതരാഹിത്യത്തെയാണ്. അന്ധത അറിവുകേടാണ്. അത് നീതിനിര്‍വഹണത്തെ യുക്തിരഹിതവും അനീതിപൂരിതവുമാക്കുകയേ ഉള്ളൂ. ന്യായാസനം ഇത്തരത്തില്‍ അന്ധമായി പ്രവര്‍ത്തിച്ചതിന്റെ വലിയ ഉദാഹരണമാണ് ഡോ. ബിനായക് സെന്നിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച നടപടി. ആദിവാസികള്‍ക്കിടയിലെ മാനുഷിക പ്രവര്‍ത്തനത്തിന് രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധനേടിയ ഡോ. സെന്നിനെ രാജ്യദ്രോഹക്കുറ്റത്തിനാണ് റായ്പുരിലെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു തീരാകളങ്കമുണ്ടാക്കിയ വിധെയന്നാവും ചരിത്രം ഇതിനെ രേഖപ്പെടുത്തുക.

ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന് കത്ത് കൈമാറിയെന്നതാണ് ഡോ. ബിനായക് സെന്നിന് എതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഇതേ കുറ്റത്തിന് വര്‍ഷങ്ങളായി ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു ഡോ. സെന്‍. സുപ്രിം കോടതി ഇടപെട്ടാണ് അടുത്തിടെ സെന്നിന് ജാമ്യം ലഭിച്ചത്. മാവോയിസ്റ്റുകളും മാവോയിസ്റ്റുകളെ അനുകൂലിക്കുന്നവരും മാവോയിസ്റ്റുകളെ എതിര്‍ക്കുന്നു എന്ന പേരില്‍ പച്ചയായ മനുഷ്യാവകാശ ലംഘനം നടത്തുന്നവരും സൈ്വര്യവിഹാരം നടത്തുന്ന ഒരു രാജ്യത്ത്, ജയിലില്‍ കഴിയുന്ന ഒരു മാവോയിസ്റ്റ് നേതാവിന് കത്തു കൈമാറിയെന്നതിന്റെ പേരില്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയേണ്ടി വരിക എന്നതുതന്നെ, ഛത്തിസ്ഗഢിലെ നീതിനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ ഏതു പ്രകാരമാണ് നടക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ്. മാവോയിസ്റ്റുകളെ എതിര്‍ക്കുന്നതിന് ഭൂഉടമകളും ഖനിമാഫിയയും ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന സ്വകാര്യ സേനയെ സര്‍ക്കാര്‍ തന്നെ പരിപോഷിപ്പിക്കുന്ന ഇടമാണ് ഛത്തിസ്ഗഢ്. സല്‍വാ ജുദൂം എന്ന ആ സമാന്തര സായുധ സേനയെ എതിര്‍ത്തവരെല്ലാം വധിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ആണ് ഉണ്ടായിട്ടുള്ളത്. സല്‍വാ ജുദൂമിന്റെ ആക്രമണത്തിനു പുറത്തുള്ളവരെ സര്‍ക്കാര്‍ തന്നെ ശിക്ഷാനടപടികള്‍ക്കു വിധേയമാക്കുന്നു. ഛത്തിസ്ഗഢിലെ ഒട്ടേറെ സി പി ഐ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കള്ളകേസുകളില്‍ കുടങ്ങി ജയിലില്‍ കഴിയുകയാണ്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് സ്വര്‍ണമെഡലോടെ പാസായി, ശോഭനവും സമ്പന്നവുമായ പ്രഫഷനല്‍ കരിയര്‍ വേണ്ടെന്നുവച്ച് പാവപ്പെട്ട ആദിവാസികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയ ഡോ. സെന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടുന്നത് ഇങ്ങനെയാണ്. മാവോയിസ്റ്റുകളുടെ അക്രമ പ്രവര്‍ത്തന രീതിയെ തുറന്ന് എതിര്‍ത്തിട്ടുള്ള ഡോ. സെന്‍ സാല്‍വാ ജുദൂമിനെയും എതിര്‍ക്കുന്നു എന്നതുകൊണ്ടാണ് ഛത്തിസ്ഗഢിലെ ഭ്രാന്തമായ ഭരണസംവിധാനത്തിന്റെ കണ്ണിലെ കരടായത്. ഈ ഭരണസംവിധാനത്തിന് കോടതിയെയും സ്വാധീനിക്കാന്‍ കഴിഞ്ഞെന്നാണ് അദ്ദേഹത്തിനു ജീവപര്യന്തം ശിക്ഷ ലഭിച്ച നടപടി തെളിയിക്കുന്നത്.

പ്രായം ചെന്ന ഒരു മാവോയിസ്റ്റ് നേതാവിനെ  ജയിലില്‍ ചികിത്സിക്കുന്നതിനിടെ സന്ദേശം കൈമാറിയെന്നാണ് ഡോ. സെന്നിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. ഇത്തരത്തില്‍ കൈമാറിയ കത്ത് പിടിച്ചെടുത്തതായി ഛത്തിസ്ഗ്ഢ് പൊലീസ് പറയുന്നു. മാവോയിസ്റ്റുകളെ നേരിടുന്നു എന്ന പേരില്‍ ആദിവാസിഗ്രാമങ്ങളില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന സാല്‍വാ ജുദൂമിനെതിരെ ആദ്യം സുപ്രിം കോടതിയെ സമീപിച്ച സി പി ഐ നേതാവ് കര്‍താം ജോഗ ഇപ്പോള്‍ ജയിലിലാണ്. മാവോയിസ്റ്റുകളെ സഹായിച്ചെന്ന കള്ളക്കേസാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഡോ. സെന്നിനെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ പൊലീസീന് എത്രവേഗം കഴിയുമെന്ന് ഇതില്‍നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചുവേണമായിരുന്നു കോടതി അദ്ദേഹത്തിനെതിരായ കേസ് പരിഗണിക്കേണ്ടത്. കേവലം പൊലീസിന്റെ വാദമുഖങ്ങളെ കണ്ണടച്ചുവിശ്വസിച്ച കോടതിയുടെ നടപടി തീര്‍ത്തും അന്ധമായിപ്പോയെന്നുതന്നെ പറയേണ്ടിവരും.

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പേരില്‍ പിടിയിലായി ജയിലില്‍ കഴിയുന്നവരെ വധിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നിയോഗിച്ചെന്ന ചില വിചാരണത്തടവുകാരുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ തൃപ്തമാവാതെ ഡല്‍ഹിയിലെ ഒരു കോടതി ഈ കേസ് നേരിട്ട് അന്വേഷിക്കുകയാണ്. രാജ്യത്തെ കോടതികള്‍ എത്രമാത്രം സക്രിയമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. ചിലപ്പോഴെല്ലാം പരിധി വിടുന്നുവെങ്കിലും ആ സക്രിയത, ഭരണ-അന്വേഷണ വിഭാഗങ്ങളുടെ ആസൂത്രിതമായ കൂട്ടുകെട്ടിനെ പൊളിക്കാന്‍ ഉപകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു സജീവതയിലേയ്ക്ക് രാജ്യത്തെ കോടതികള്‍ എത്തിയ സാഹചര്യത്തിലാണ് കാര്യങ്ങളെ പശ്ചാത്തല വസ്തുതകളോടെ മനസ്സിലാക്കാതെ റായ്പുര്‍ കോടതി കേവലമായ രേഖകളിലുടെ സഞ്ചരിച്ച്, രാജ്യത്തെതന്നെ നാണംകെടുത്തുന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണ്. ഈ ചോദ്യംചെയ്യലിന് ഡോ. സെന്നിനു പിന്നില്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ ഉറച്ചുനില്‍ക്കുക തന്നെ ചെയ്യും.

ജനയുഗം മുഖപ്രസംഗം 281210

1 comment:

  1. ഇന്ത്യന്‍ കോടതികളുടെ കൊടിയടയാളമായി കണക്കാക്കപ്പെടുന്ന കണ്ണുകെട്ടിയ നീതിദേവത പ്രതീകവല്‍ക്കരിക്കുന്നത് അന്ധമായ നീതിനിര്‍വഹണത്തെയല്ല, മറിച്ച് പക്ഷപാതരാഹിത്യത്തെയാണ്. അന്ധത അറിവുകേടാണ്. അത് നീതിനിര്‍വഹണത്തെ യുക്തിരഹിതവും അനീതിപൂരിതവുമാക്കുകയേ ഉള്ളൂ. ന്യായാസനം ഇത്തരത്തില്‍ അന്ധമായി പ്രവര്‍ത്തിച്ചതിന്റെ വലിയ ഉദാഹരണമാണ് ഡോ. ബിനായക് സെന്നിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച നടപടി. ആദിവാസികള്‍ക്കിടയിലെ മാനുഷിക പ്രവര്‍ത്തനത്തിന് രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധനേടിയ ഡോ. സെന്നിനെ രാജ്യദ്രോഹക്കുറ്റത്തിനാണ് റായ്പുരിലെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു തീരാകളങ്കമുണ്ടാക്കിയ വിധെയന്നാവും ചരിത്രം ഇതിനെ രേഖപ്പെടുത്തുക.

    ReplyDelete