മുഴക്കുന്ന്: പൊലീസുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും "സാഹസികമായും" പിടികൂടിയ സിപിഐ എം മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറി കെ വത്സന്‍, ലോക്കല്‍ കമ്മിറ്റിയംഗം കാരായി ശ്രീധരന്‍ എന്നിവരെ പൊലീസ് വിട്ടയച്ചത് ഇരിട്ടി പൊലീസ് സ്റ്റേഷനില്‍ ആള്‍ജാമ്യത്തില്‍. പൊലീസും വലതുപക്ഷ മാധ്യമങ്ങളും കൊടുംകുറ്റവാളികളായി ചിത്രീകരിച്ചെങ്കിലും ഇരുവരെയും അന്നുതന്നെ ആള്‍ജാമ്യത്തില്‍ വിട്ടത് വാര്‍ത്തയായില്ല.
24ന് അര്‍ധരാത്രിയാണ് പൊലീസ് സംഘടിച്ചെത്തി രണ്ടുപേരെയും മുടക്കോഴിയില്‍നിന്ന് പിടിച്ചത്. ഇവരെക്കുറിച്ചും മുടക്കോഴി പ്രദേശത്തെക്കുറിച്ചും നിറംപിടിപ്പിച്ച നുണക്കഥകളാണ് പ്രചരിപ്പിച്ചത്. കാരായി ശ്രീധരന്‍ രക്ഷപ്പെടാന്‍ കുളത്തില്‍ ചാടി പത്തു മിനിറ്റ് മുങ്ങിനിന്നു എന്നായിരുന്നു ഒരു പത്രത്തിലെ വാര്‍ത്ത. ഇവിടെ കുളമേയില്ലെന്നതാണ് വസ്തുത. പാര്‍ടിയെ തകര്‍ക്കാനും സിപിഐ എമ്മിന് സ്വാധീനമുള്ള പ്രദേശത്തെ ബോധപൂര്‍വം താറടിക്കാനുമാകുമ്പോള്‍ ഇല്ലാത്ത കുളത്തിലും ആളുകള്‍ക്ക് മുങ്ങിനില്‍ക്കാന്‍ കഴിഞ്ഞേക്കും!
deshabhimani 280612
Thursday, June 28, 2012
സുഗതകുമാരി അവസരവാദിയെന്ന് മീന കന്ദസ്വാമി
പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് കവയിത്രി മീന കന്ദസ്വാമിയുടെ കാവ്യസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങില്‍നിന്ന് കവയിത്രി സുഗതകുമാരി വിട്ടുനിന്നു. മീന കന്ദസാമിയുടെ ടച്ച് എന്ന ഇംഗ്ലീഷ് കാവ്യസമാഹാരത്തിന്റെ പരിഭാഷ "സ്പര്‍ശ"ത്തിന്റെ പ്രകാശനച്ചടങ്ങില്‍നിന്നാണ് സുഗതകുമാരി വിട്ടുനിന്നത്. മീന കന്ദസ്വാമിയുടെ "മോഹന്‍ദാസ് കരംചന്ദ്" എന്ന കവിത ഗാന്ധിജിയെ ആക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് സുഗതകുമാരി പുസ്തകം പ്രകാശനം ചെയ്യുന്നതിന് വിസമ്മതം അറിയിക്കുകയും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തത്. ഇതേസമയം വേദിയില്‍ സംസാരിച്ച മീന കന്ദസ്വാമി സുഗതകുമാരിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ചിന്ത പബ്ലിഷേഴ്സും കേരള യൂണിവേഴ്സിറ്റി യൂണിയനും പുരോഗമന കലാസാഹിത്യസംഘവും സംയുക്തമായി സ്റ്റുഡന്റ്സ് സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യന്‍ സാഹിത്യത്തിലെ ദലിത്-സ്ത്രീസാന്നിധ്യം എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്ത മീന കന്ദസാമി സുഗതകുമാരി അവസരവാദിയാണെന്ന് പറഞ്ഞു. താന്‍ ദലിത് എഴുത്തുകാരിയായതിനാലാകാം സുഗതകുമാരി ചടങ്ങ് ബഹിഷ്കരിച്ചത്. തന്റെ കാവ്യസമാഹാരത്തിലെ ഒരു കവിതയോട് വിയോജിച്ച് അത് പ്രകാശനംചെയ്യാന്‍ വിസമ്മതിച്ചതില്‍നിന്ന് അവരുടെ ഇടുങ്ങിയ മനസ്ഥിതിയാണ് പ്രതിഫലിക്കുന്നത്. ഗാന്ധിയെ വിമര്‍ശിക്കുന്ന ആദ്യത്തെ ആളല്ല താന്‍. അംബേദ്കര്‍ അടക്കം നിരവധിപേര്‍ ഗാന്ധിയെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. എന്നെപ്പോലുള്ള ഒരു ദലിത് കവയിത്രി എഴുതുമ്പോള്‍മാത്രം വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തത് സുഗതകുമാരിയെപ്പോലുള്ള സവര്‍ണരുടെ പ്രശ്നമാണ്. സാഹിത്യത്തിലെ സവര്‍ണമേല്‍ക്കോയ്മയാണ് വിമര്‍ശത്തിലും ബഹിഷ്കരണത്തിലും തെളിയുന്നത്. സുഗതകുമാരിയുടെ പ്രതിഷേധം തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ സ്തുതിക്കലല്ല കവിയുടെ ധര്‍മം. കല ഒരു തൊഴിലെന്നതിലുപരി അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ഒപ്പം നില്‍ക്കലാണ്. തന്റെ പേര് മാറ്റി ഒരു കവിത അയച്ചാല്‍ പ്രസാധകര്‍ അത് തിരസ്കരിക്കും. വ്യക്തികളുടെ പേരും പ്രശസ്തിയുമാണ് പ്രസാധകര്‍ കച്ചവടവല്‍ക്കരിക്കുന്നത്. ഇത്തരം സവര്‍ണ, ബൂര്‍ഷ്വാ മനോഭാവങ്ങളാണ് സമകാലിക സാഹിത്യലോകത്തെ നിയന്ത്രിക്കുന്നതെന്നും മീന പറഞ്ഞു.
ഇന്ത്യന്‍ സവര്‍ണഭാവുകത്വവുമായി സന്ധിചെയ്ത പ്രത്യയശാസ്ത്രമായിരുന്നു ഗാന്ധിജിയുടേതെന്ന് സെമിനാറില്‍ സംസാരിച്ച കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. നിരുപദ്രവകരമായ പദാവലികള്‍ സ്വീകരിക്കുന്ന ആളല്ല ഗാന്ധി. ഹരിജന്‍, ക്വിറ്റ് ഇന്ത്യ തുടങ്ങിയ വാക്കുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഗാന്ധിജി സവിശേഷ സൂക്ഷ്മത പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
deshabhimani 280612
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂഴ്ത്തി
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തടഞ്ഞുവച്ചിരിക്കുകയാണെന്ന് കൊക്കോകോള വിരുദ്ധ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭ 2011 ഫെബ്രുവരി 24ന് പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും രാഷ്ട്രപതിയുടെ ഓഫീസില്‍ എത്തിയില്ല. കേരള ഗവര്‍ണര്‍ കഴിഞ്ഞ മാര്‍ച്ച് അവസാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴി അയച്ച ബില്‍ ആഭ്യന്തരമന്ത്രാലയം കൊക്കോകോളയ്ക്കുവേണ്ടി തടഞ്ഞവച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രാഷ്ട്രപതിഭവനുമായി ബന്ധപ്പെട്ടപ്പോഴും ബില്‍ എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി 15 അംഗ ഉന്നതാധികാരസമിതി നടത്തിയ വിശദ പഠനത്തിനുശേഷം സമിതി ശുപാര്‍ശ പ്രകാരമാണ് നഷ്ടപരിഹാര ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ നിയമം നിര്‍മിച്ചത്. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് അനുസൃതമായി തയ്യറാക്കിയ നിയമം ഏകകണ്ഠമായാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലിന് അംഗീകാരം നല്‍കണമെന്ന് അഞ്ച് മന്ത്രാലയങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ആറാഴ്ചയില്‍ കൂടുതല്‍ ഒരു ബില്‍ വച്ചുതാമസിക്കാന്‍ പാടില്ലെന്ന് ക്യാബിനറ്റ് നേരത്തെ നിര്‍ദേശിച്ചിട്ടുള്ളതുമാണ്.
ഇതിനിടെ ആഭ്യന്തരമന്ത്രാലയം കോളക്കമ്പനിയുടെ നിയമോപദേശം കൈപ്പറ്റുകയും സംസ്ഥാന സര്‍ക്കാരിന് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പതിവുള്ളതല്ലാതിരുന്നിട്ടും അതിനും മറുപടി സംസ്ഥാനം നല്‍കിയിട്ടുണ്ട്. നിയമം രാഷ്ട്രപതിക്ക് കൈമാറാതിരിക്കുന്നത് നിയമസഭയോടുള്ള അവഹേളനവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് സമരസമിതി ആരോപിച്ചു. ഇതിനായി സമരസമിതിയും ഐക്യദാഢ്യസമിതിയും നിയമസഭയ്ക്കു മുന്നില്‍ 28ന് ധര്‍ണ നടത്തും. ക്വിറ്റ് ഇന്ത്യ ദിനത്തില്‍ അനിശ്ചിതകാല നിരാഹാരവും തുടങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ടി പീറ്റര്‍, കെ സജിത്, ആര്‍ ബിജു, എം ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
deshabhimani 280612
സ്കൂളുകള്‍ ലീഗ് നേതാക്കളുടേത്
മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച് എയിഡഡ് മേഖലയ്ക്ക് നല്‍കിയ 35 സ്കൂളുകളില്‍ ഭൂരിഭാഗവും മുസ്ലിംലീഗ് നേതാക്കളുടേത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍മുതല്‍ പ്രാദേശിക നേതാക്കള്‍വരെ ഭാരവാഹികളായ ട്രസ്റ്റുകളാണ് സ്കൂളുകള്‍ നടത്തുന്നത്. സ്കൂളുകള്‍ എയ്ഡഡ് ആക്കുകവഴി കോടികളുടെ കോഴയാണ് മാനേജ്മെന്റുകള്‍ ലക്ഷ്യമിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ മേഖലാ ഊര്‍ജിത വികസന പരിപാടിക്ക്(ഏരിയ ഇന്റന്‍സീവ് ഡെവലെപ്മെന്റ് പ്രോഗ്രാം)കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകളില്‍ 27 എണ്ണം മലപ്പുറം ജില്ലയിലാണ്. മൂന്നെണ്ണം വീതം പാലക്കാട്ടും കോഴിക്കോട്ടും ഒന്ന് വീതം കാസര്‍കോടും വയനാട്ടിലുമാണ്.
ലീഗിന്റെ പഞ്ചായത്ത്- മണ്ഡലം- ജില്ലാ-സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകളാണ് സ്കൂളുകള്‍ നടത്തുന്നത്. അതില്‍ പത്തെണ്ണത്തിന്റെ പ്രസിഡന്റോ ചെയര്‍മാനോ പാണക്കാട് തങ്ങളാണ്. കരുവാരക്കുണ്ട് ദാറുനജാത്ത് ഓര്‍ഫനേജ് യുപി സ്കൂളും ഇരുവേറ്റി എളയൂര്‍ എംഎഒയുപിസ്കൂളും നടത്തുന്ന ട്രസ്റ്റിന്റെ ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്. എടക്കര മുസ്ലിം ഓര്‍ഫനേജിന്റെ കീഴിലുള്ള സ്കൂളിന്റെ പ്രസിഡന്റും തങ്ങള്‍ തന്നെ. എഐഡിപി സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലീഗിന്റെ ജില്ലാ നേതാവും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം സി മുഹമ്മദ് ഹാജിയാണ്. വള്ളുവമ്പ്രത്തുള്ള അത്താണിക്കല്‍ എംഐസിഎല്‍പി സ്കൂള്‍ നടത്തുന്നത് ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടരിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ ടി വി ഇബ്രാഹിം ജനറല്‍ സെക്രട്ടറിയായ ട്രസ്റ്റാണ്. പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്.
തിരൂരിലുള്ള അഞ്ച് സ്കൂളുകള്‍ അവിടത്തെ പ്രാദേശിക ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലാണ്. കുറ്റിപ്പുറത്തിനടുത്ത പുറമണ്ണൂര്‍ മജ്ലിസ് എല്‍പി സ്കൂള്‍ ട്രസ്റ്റിന്റെ സെക്രട്ടറി സി പി ഹംസ ലീഗിന്റെ മണ്ഡലം ജോയിന്റ് സെക്രട്ടറിയാണ്. എടപ്പാള്‍ നെല്ലിശ്ശേരി മത്ത്ലാത്ത് മുസ്ലിമീന്‍ എജുക്കേന്‍ ട്രസ്റ്റ് നടത്തുന്ന സ്കൂളിന്റെ പ്രസിഡന്റ് ബാവഹാജി ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി ഭാരവാഹിയാണ്. സെക്രട്ടറി അബ്ദുള്ളക്കുട്ടി ഹാജിയും ലീഗ് നേതാവുതന്നെ. എടവണ്ണപ്പാറ സിഎച്ച് മുഹമ്മദ്കോയ സ്മാരക യുപി സ്കൂള്‍ നടത്തിപ്പ് പ്രാദേശിക നേതാക്കളുടെ കൈയിലാണ്. മക്കരപ്പറമ്പ് മനാര്‍ ഐഡിയല്‍ എല്‍പി സ്കൂള്‍ നടത്തുന്ന ദവാവുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് ലീഗ് നേതാക്കള്‍ ഉള്‍പ്പെടുന്നതാണ്. പറപ്പൂര്‍ വിളയില്‍ സിബിഎം സ്കൂളും മുണ്ടുപറമ്പ് അല്‍ അന്‍സാര്‍ യുപിയും മുസ്ലിംലീഗിനെ തുണക്കുന്ന ഇ കെ വിഭാഗം സുന്നികളുടേതാണ്. എടവണ്ണയിലെ കിഴക്കേ ചാത്തല്ലുര്‍ സ്കൂളും ഇഒഎല്‍പി സ്കുളും ലീഗുകാര്‍ നിയന്ത്രിക്കുന്നു. എളയൂര്‍ എംഎഒയുപി സ്കൂള്‍ ഭാരവാഹികളെല്ലാം ലീഗ് നേതാക്കളാണ്. അരീക്കോട് കുനിയില്‍ അല്‍ അന്‍വാര്‍ യു പിസ്കൂള്‍ നടത്തിപ്പ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ലീഗിന്റെ കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് നാരങ്ങാട് നജീബാണ്.
(ആര്‍ രഞ്ജിത്)
deshabhimani 280612
ക്രൈം നന്ദകുമാറിന് 3 മാസം തടവ്
ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കൊല്ലം ബാറിലെ അഭിഭാഷകനുമായ പാരിപ്പള്ളി രവീന്ദ്രനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ക്രൈംവാരിക പത്രാധിപര്‍ ടി പി നന്ദകുമാറിനെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സന്തോഷ്കുമാര്‍ മൂന്നുമാസം തടവിനു ശിക്ഷിച്ചു.
2001 സെപ്തംബര്‍ ലക്കം ക്രൈംവാരികയിലാണ് അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചത്. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാസെക്രട്ടറി അഡ്വ. പാരിപ്പള്ളി രവീന്ദ്രന്‍ ജയിലിലാകുമോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലുടനീളം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളായിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗവും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന പാരിപ്പള്ളി രവീന്ദ്രന്‍ കൊല്ലത്തെ ഒരു അഭിഭാഷകനെ ഹൈക്കോടതി ജഡ്ജിയാക്കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപ കരാര്‍ ഉറപ്പിച്ചതായും 65,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയതായും ലേഖനത്തില്‍ ആരോപിച്ചു. കല്ലുവാതുക്കല്‍ പഞ്ചായത്ത് അംഗവും നടയ്ക്കല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റുമായിരിക്കെ കല്ലുവാതുക്കല്‍ പഞ്ചായത്ത് സ്കൂളിലെ അധ്യാപക നിയമനങ്ങളില്‍ രവീന്ദ്രന്‍ കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചിരുന്നു. വിവാദലേഖനം പ്രസിദ്ധീകരിച്ചതിന് താന്‍ ഉത്തരവാദിയല്ല എന്നും താന്‍ ചീഫ് എഡിറ്റര്‍ മാത്രമാണ് എന്നുമുള്ള നന്ദകുമാറിന്റെ വാദം കോടതി തള്ളി. ഒരു പ്രസിദ്ധീകരണം മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഉപകരണമായി ഉപയോഗിച്ച് അതുവഴി സ്വകാര്യലാഭം ഉണ്ടാകണമെന്നുള്ള ഉദ്ദേശമാണ് പ്രതിക്കുണ്ടായിരുന്നത് എന്നും കോടതി നിരീക്ഷിച്ചു.
deshabhimani 280612
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തെ ഇരുട്ടിലാക്കും
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് അതിരപ്പിള്ളി പദ്ധതിയുടെ മാത്രമല്ല, സംസ്ഥാനത്തെ വൈദ്യുതി വികസനംതന്നെ അട്ടിമറിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ജലവൈദ്യുത പദ്ധതികള്‍ മാത്രമല്ല, താപ, സൗരോര്‍ജ, കാറ്റാടി വൈദ്യുതി പദ്ധതികള്‍ക്കും റിപ്പോര്‍ട്ടിലെ നിബന്ധനകള്‍ തടസ്സമാകും. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ കേരളം ഇരുട്ടിലാവുമെന്നാണ് അഭിപ്രായം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.
കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പഠനം നടത്തിയാണ് പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ പശ്ചിമഘട്ട എക്സ്പെര്‍ട്ട് ഇക്കോളജി സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട അതിരപ്പള്ളി പദ്ധതിക്ക് മാത്രം അനുമതി നല്‍കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 42 താലൂക്കുകള്‍ പരിസ്ഥിതി സംരക്ഷണ മേഖലയിലാണ്. അതില്‍ 13 താലൂക്കുകള്‍ അതീവ ദുര്‍ബലപ്രദേശമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു മരക്കൊമ്പ് വെട്ടാന്‍പോലും അനുവാദമില്ല. കേന്ദ്ര അനുമതിക്കായി കാത്തിരിക്കുന്ന അതിരപ്പിള്ളി, പൂയംകുട്ടി, പാത്രക്കടവ് എന്നിവയും പണി പുരോഗമിക്കുന്ന തോട്ടിയാര്‍ വൈദ്യുതി പദ്ധതിയും ഈ മേഖലയിലാണ്. ഇതിനു പുറമെ അനുമതിക്ക് സമര്‍പ്പിച്ച അമ്പതോളം ചെറു പദ്ധതികളും സംരക്ഷിത മേഖലയിലുള്‍പ്പെടും. ഇതില്‍ പെരിങ്ങല്‍കുത്ത് എക്സ്റ്റന്‍ഷന്‍, മാങ്കുളം, ആനക്കയം, ചിന്നാര്‍, മാനന്തവാടി പദ്ധതികളും ഉള്‍പ്പെടുന്നു. ഇടുക്കി ജില്ല പൂര്‍ണമായും ഈ മേഖലയുടെ കീഴില്‍ വരും. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ പദ്ധതികളെല്ലാം മുടങ്ങാനാണ് സാധ്യത.
കാസര്‍കോട് ജില്ലയിലെ ചീമേനി താപനിലയം സ്ഥാപിക്കുന്ന പ്രദേശവും ഇതേ വിഭാഗത്തില്‍പ്പെടുന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടാന്‍ ഇടയുണ്ട്. താപനിലയത്തിന് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര അനുമതിക്ക് സമര്‍പ്പിച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കാറ്റാടി വൈദ്യുതി പദ്ധതികളേയും പ്രതികൂലമായി ബാധിക്കും. കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദനത്തിന് സാധ്യതയുള്ള ഇടുക്കിയിലെ രാമക്കല്‍മേട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കഞ്ചിക്കോട് തുടങ്ങിയ സ്ഥലങ്ങളും തൃശൂര്‍ ജില്ലയില്‍ പണി പുരോഗമിക്കുന്ന പീച്ചി, ചിമ്മിനി പദ്ധതികളും പരിസ്ഥിതി സംരക്ഷണ മേഖലയിലാണ്. അമ്പതു വര്‍ഷം കഴിഞ്ഞ അണക്കെട്ടുകളെല്ലാം ഡീ-കമീഷന്‍ ചെയ്യണമെന്ന കമീഷന്‍ റിപ്പോര്‍ട്ടും കേരളത്തെ ദോഷകരമായി ബാധിക്കും. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ ഇടുക്കി, മൂഴിയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് പദ്ധതികളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. തൃശൂര്‍ ജില്ലയുടെ പ്രധാന കുടിവെള്ളസ്രോതസ്സായ പീച്ചി ഡാമും അമ്പതു വര്‍ഷം പിന്നിട്ടതാണ്. അശാസ്ത്രീയവും വികസന വിരുദ്ധവുമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് മറ്റ് അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനോട്് ആവശ്യപ്പെട്ടപ്പോള്‍ കേരളം മിണ്ടിയില്ല. സമിതി റിപ്പോര്‍ട്ടിനെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ചെയ്യേണ്ടതെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി പ്രദീപ് പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)
deshabhimani 280612
ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപം: കേരളം സമ്മതംമൂളി
ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിന് കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. ഗ്ലോബല്‍ ഇന്ത്യാ ബിസിനസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ വാണിജ്യ കമ്മീഷണര്‍ കാള്‍ ഡി ഗുച്ചുമായി നടത്തിയ ചര്‍ച്ചയിലും ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിരുന്നു.
കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, അസം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാണ എന്നീ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളും ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഒറീസ എന്നീ കോണ്‍ഗ്രസിതര ഗവണ്‍മെന്റുകളുള്ള സംസ്ഥാനങ്ങളുമാണ് സമ്മതം അറിയിച്ചതായി ആനന്ദ് ശര്‍മ അറിയിച്ചത്. ബിഹാറുമായി ചര്‍ച്ച നടന്നുവരുന്നു. ഏറെക്കുറെ സമ്മതം കിട്ടുമെന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം കേരളത്തില്‍ നടപ്പാക്കില്ലെന്നും എതിര്‍ക്കുമെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ നിലപാടിന് വിരുദ്ധമായാണ് ഇപ്പോള്‍ അതിന് സമ്മതം നല്‍കുന്ന നിലപാട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിക്കുകയും ശചയ്തിരുന്നു. ചില്ലറവില്‍പ്പന മേഖലയിലെ ആഗോള കുത്തക കമ്പനിയായ വാള്‍മാര്‍ട്ടിന്റെ മേധാവി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ നേരിട്ടു കണ്ട് വിദേശനിക്ഷേപം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ളവരും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. രണ്ട് മാസം മുമ്പ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മെയ് മാസത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ നടപടിയെ തടഞ്ഞുനിര്‍ത്തിയത് ഇടതുപക്ഷമാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വീണ്ടും ഇത് പൊടിതട്ടിയെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം ചില്ലറവില്‍പ്പന മേഖലയില്‍ അനുവദിക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ടികളും ചില യുപിഎ ഘടകകക്ഷികളും ശക്തമായി എതിര്‍ത്തതോടെ തീരുമാനം ഗവണ്‍മെന്റ് മാറ്റിവെച്ചു. കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചത്. അതിനുശേഷം അക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
(വി ജയിന്‍)
deshabhimani news
Subscribe to:
Posts (Atom)

