Thursday, June 28, 2012

ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപം: കേരളം സമ്മതംമൂളി


ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിന് കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. ഗ്ലോബല്‍ ഇന്ത്യാ ബിസിനസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ വാണിജ്യ കമ്മീഷണര്‍ കാള്‍ ഡി ഗുച്ചുമായി നടത്തിയ ചര്‍ച്ചയിലും ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിരുന്നു.

കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, അസം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാണ എന്നീ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളും ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഒറീസ എന്നീ കോണ്‍ഗ്രസിതര ഗവണ്‍മെന്റുകളുള്ള സംസ്ഥാനങ്ങളുമാണ് സമ്മതം അറിയിച്ചതായി ആനന്ദ് ശര്‍മ അറിയിച്ചത്. ബിഹാറുമായി ചര്‍ച്ച നടന്നുവരുന്നു. ഏറെക്കുറെ സമ്മതം കിട്ടുമെന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം കേരളത്തില്‍ നടപ്പാക്കില്ലെന്നും എതിര്‍ക്കുമെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ നിലപാടിന് വിരുദ്ധമായാണ് ഇപ്പോള്‍ അതിന് സമ്മതം നല്‍കുന്ന നിലപാട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിക്കുകയും ശചയ്തിരുന്നു. ചില്ലറവില്‍പ്പന മേഖലയിലെ ആഗോള കുത്തക കമ്പനിയായ വാള്‍മാര്‍ട്ടിന്റെ മേധാവി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ നേരിട്ടു കണ്ട് വിദേശനിക്ഷേപം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ളവരും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. രണ്ട് മാസം മുമ്പ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മെയ് മാസത്തില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ നടപടിയെ തടഞ്ഞുനിര്‍ത്തിയത് ഇടതുപക്ഷമാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വീണ്ടും ഇത് പൊടിതട്ടിയെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം ചില്ലറവില്‍പ്പന മേഖലയില്‍ അനുവദിക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ടികളും ചില യുപിഎ ഘടകകക്ഷികളും ശക്തമായി എതിര്‍ത്തതോടെ തീരുമാനം ഗവണ്‍മെന്റ് മാറ്റിവെച്ചു. കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചത്. അതിനുശേഷം അക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
(വി ജയിന്‍)

deshabhimani news

2 comments:

  1. ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിന് കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. ഗ്ലോബല്‍ ഇന്ത്യാ ബിസിനസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ വാണിജ്യ കമ്മീഷണര്‍ കാള്‍ ഡി ഗുച്ചുമായി നടത്തിയ ചര്‍ച്ചയിലും ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിരുന്നു.

    ReplyDelete
  2. ചില്ലറവില്‍പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുകൂലമായി കേരളം കത്തയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ആനന്ദ് ശര്‍മയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിദേശനിക്ഷേപത്തിനുള്ള തീരുമാനം വന്നപ്പോള്‍ തന്നെ താനും കെപിസിസി പ്രസിഡണ്ടും എതിര്‍ത്തിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete