Wednesday, February 26, 2014

നെല്ലിന്റെ സംഭരണവില ഉയര്‍ത്തിയത് അപര്യാപ്തം

ആശങ്കയോടെ കര്‍ഷകര്‍ 

പാലക്കാട്: നെല്ല്സംഭരണവില ഒരുരൂപമാത്രം ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കടുത്ത പ്രതിസന്ധി നേരിടുന്ന നെല്‍ക്കര്‍ഷകരെ ആശങ്കയിലാഴ്ത്തി. വിലക്കയറ്റം രൂക്ഷമായ കാലത്ത് നാമമാത്രമായി 18ല്‍നിന്ന് 19രൂപയാക്കി സംഭരണവില ഉയര്‍ത്തിയത് അപര്യാപ്തമാണെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെങ്കിലും താങ്ങുവിലയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിച്ചിരുന്ന കര്‍ഷകരെ സര്‍ക്കാര്‍ പ്രഖ്യാപനം നിരാശയിലാഴ്ത്തി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കടബാധ്യതയെത്തുടര്‍ന്ന് ഒമ്പത് കര്‍ഷകരാണ് പാലക്കാട് ജില്ലയില്‍ ആത്മഹത്യ ചെയ്തത്. ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും കാര്‍ഷികമേഖലയില്‍ നിന്ന് കര്‍ഷകരെ അകറ്റുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം താങ്ങുവിലയില്‍ മൂന്നുരൂപയുടെ വര്‍ധനമാത്രമാണുണ്ടായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച്വര്‍ഷംകൊണ്ട് ഏഴില്‍നിന്ന് 16രൂപയാക്കി നെല്ലിന്റെ താങ്ങുവില ഉയര്‍ത്തിയിരുന്നു.

350രൂപയുണ്ടായിരുന്ന രാസവളത്തിന്റെ വില 880രൂപയായി. പൊട്ടാഷിന്റെ വില 800 കടന്നു. ഡീസല്‍വിലവര്‍ധനയെത്തുടര്‍ന്ന് ട്രാക്ടറിന്റേയും കൊയ്ത്ത്യന്ത്രത്തിന്റേയും വാടക വര്‍ധിച്ചു. അന്യസംസ്ഥാനങ്ങളില്‍നിന്നുമെത്തുന്ന കൊയ്ത്ത്യന്ത്രങ്ങള്‍ക്ക് മണിക്കൂറിന് 1800മുതല്‍ 2000രൂപ വരെയാണ് വാടക. ട്രാക്ടറിന്റെ വാടക 650രൂപയായി വര്‍ധിച്ചു. തൊഴിലുറപ്പ്തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചതോടെ കര്‍ഷകത്തൊഴിലാളികളുടെ കൂലിയിലും വര്‍ധനയുണ്ടായി. വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കുഴല്‍ക്കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും മണിക്കൂറുകളോളം പമ്പ് ചെയ്താണ് കാര്‍ഷികാവശ്യത്തിന് വെള്ളമെത്തിച്ചിരുന്നത്. ഇതും കാര്‍ഷികമേഖലയില്‍ ചെലവ് ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കാര്‍ഷികമേഖലയെ പാടെ അവഗണിക്കുന്ന സര്‍ക്കാര്‍നയമാണ് കൃഷിയിടങ്ങളില്‍ കര്‍ഷകന്റെ കണ്ണീര്‍ വീഴ്ത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഭിവൃദ്ധി നേടിയ കാര്‍ഷികമേഖലയാണ് തകര്‍ച്ച നേരിടുന്നത്. നെല്ലിന്റെ താങ്ങുവില ഒരുരൂപമാത്രം വര്‍ധിപ്പിച്ചത് തികച്ചും അപര്യാപ്തമാണെന്ന് കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് കെ വി വിജയദാസ് എംഎല്‍എ, സെക്രട്ടറി പി കെ സുധാകരന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. നെല്‍ക്കര്‍ഷകരോട് നീതി പുലര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നെല്ലിന്റെ താങ്ങുവില 25രൂപയെങ്കിലും ആക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില അശാസ്ത്രീയവും മാനദണ്ഡം പാലിക്കാതെയുള്ളതുമാണെന്ന് ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി പറഞ്ഞു. കൃഷിക്കാരെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

നെല്‍ക്കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു: കര്‍ഷകസംഘം

പാലക്കാട്: ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ സംഭരണവില ഒരുരൂപമാത്രമായി ഉയര്‍ത്തിയ സര്‍ക്കാര്‍നടപടി കര്‍ഷകരെ വഞ്ചിക്കുന്നതാണെന്ന് കേരള കര്‍ഷകസംഘം ജില്ലാകമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാസവളത്തിന്റേയും ഡീസലിന്റേയും വില കുത്തനെ ഉയര്‍ന്നു. കൊയ്ത്ത്യന്ത്രത്തിന്റേയും ട്രാക്ടറിന്റേയും വാടക വര്‍ധിച്ചു. തൊഴിലാളികളുടെ കൂലിയുംകൂടി. ഈ സാഹചര്യത്തില്‍ സംഭരണവില 25 രൂപയെങ്കിലും ആക്കിയാലേ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകു. സംസ്ഥാനത്താകെ നെല്ലുല്‍പ്പാദനം കുറയുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയെ മുന്‍നിര്‍ത്തി കര്‍ഷകരെ പ്രോത്സാഹിപ്പിക്കേണ്ട നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ഒരുരൂപമാത്രം വര്‍ധിപ്പിച്ച് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാര്‍നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കര്‍ഷകസംഘം ജില്ലാകമ്മിറ്റി അറിയിച്ചു.

നെല്ലുസംഭരണവില 25 രൂപയാക്കണം: കര്‍ഷകസംഘം

തൃശൂര്‍: രാസവളത്തിന്റേയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും വില ഏറെ വര്‍ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 25 രൂപയെങ്കിലുമാക്കണമെന്ന് കേരള കര്‍ഷക സംഘം ആവശ്യപ്പെട്ടു. ഇക്കാര്യം കൊയ്ത്ത് തുടങ്ങിയ നാള്‍മുതല്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നതാണ്. സംഭരണവില കേന്ദ്രം വര്‍ധിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കിലോയ്ക്ക് 20 രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമെന്നും മുഖ്യമന്ത്രി തൃശൂരില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ വാക്കുപാലിക്കാതെ സംഭരണവില ഒരു രൂപമാത്രം വര്‍ധിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കര്‍ഷകസംഘം ജില്ലാ സെക്രട്ടറി മുരളി പെരുനെല്ലിയും പ്രസിഡന്റ് പി കെ ഡേവിസും ആവശ്യപ്പെട്ടു.

നെല്‍പ്പാടങ്ങളില്‍ ഇക്കുറി നഷ്ടക്കൊയ്ത്ത്

ആലപ്പുഴ: കൃഷിച്ചെലവ് വര്‍ധിച്ചതോടെ ഇക്കുറി കുട്ടനാടന്‍ നെല്‍പ്പാടങ്ങളില്‍ നിരാശയുടെ വിളവെടുപ്പ്. വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്ത് ആരംഭിച്ചെങ്കിലും പതിവ് ഉത്സവാന്തരീക്ഷം ഇല്ല. ഉല്‍പ്പാദനച്ചെലവിന് അനുസരിച്ച് വില കിട്ടാതായതോടെ പുഞ്ചകൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷയറ്റു. നാമമാത്രമായി വിലവര്‍ധിപ്പിച്ച് സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ ഇക്കുറി കര്‍ഷകര്‍ക്ക് നഷ്ടക്കൊയ്ത്തായി. ഏറെ പ്രത്യാശയോടെ കൃഷിയിറക്കിയ കര്‍ഷകരാണ് സര്‍ക്കാരിന്റെ വഞ്ചനയില്‍ മനംമടുത്ത് കൃഷി ഉപേക്ഷിക്കേണ്ട ഗതികേടില്‍ എത്തിയത്. കഴിഞ്ഞ പുഞ്ച സീസണിലേതിനെ അപേക്ഷിച്ച് വളം, കീടനാശിനി എന്നിവയുടെ വിലയടക്കം 30 ശതമാനത്തോളം കൃഷിച്ചെലവ് വര്‍ധിച്ചു. സര്‍ക്കാര്‍ സബ്സിഡിയില്‍ ഒരുരൂപപോലും കൂട്ടിയില്ലെന്നു മാത്രമല്ല ഇത് യഥാസമയം നല്‍കിയതുമില്ല. ഇതോടെ കടംവാങ്ങിയും ബ്ലേഡുകാരില്‍നിന്നും മറ്റും പലിശയ്ക്ക് വായ്പയെടുത്ത കര്‍ഷകര്‍ കടക്കെണിയിലായി. ഫാക്ടംഫോസ് ഒരു ചാക്കിന് (50 കിലോ) 350 രൂപയായിരുന്നത് 900 രൂപയായി ഉയര്‍ന്നു. പൊട്ടാഷിന്റെ വില 260ല്‍നിന്ന് 860 ആയി വര്‍ധിച്ചു. 250 രൂപയായിരുന്ന യൂറിയയ്ക്ക് 350 നല്‍കണം. നീറ്റുകക്ക ഇടുന്നതിന് എക്കറിന് 1,500 രൂപയും ചെലവഴിക്കണം. ഇതുകൂടാതെ കീടങ്ങളുടെ ആക്രമണം വ്യാപകമായതോടെ മൂന്നുതവണ കീടനാശിനി പ്രയോഗിക്കേണ്ടി വന്നതായി കര്‍ഷകര്‍ പറയുന്നു. ഇതിനായി 3000 രൂപയും ചെലവായി. കൊയ്ത്ത്, വളമിടല്‍ തുടങ്ങിയ ഇനങ്ങളില്‍ കൂലിച്ചെലവും വര്‍ധിച്ചു. ഭൂമിയുടെ പാട്ടം 13,000 രൂപമുതല്‍ 15,000 രൂപവരെ ഉയര്‍ന്നതോടെ കൃഷിയിറക്കിയവരില്‍ ഭൂരിഭാഗം വരുന്ന പാട്ടകൃഷിക്കാര്‍ പ്രതിസന്ധിയിലായി. എന്നാല്‍ കൃഷിക്കായി എത്രരൂപ ചെലവാക്കിയാലും സബ്സിഡിയായി 2150 രൂപമാത്രമേ ലഭിക്കൂ. വിളവെടുപ്പ് എത്തിയിട്ടും ഇതുവരെ ഈ തുക നല്‍കിയിട്ടുമില്ല. ഇതിനാല്‍ വിത്തുംവളവുമടക്കം സര്‍വതും ഉയര്‍ന്നവില കൊടുത്ത് വാങ്ങേണ്ട സ്ഥിതി കര്‍ഷകര്‍ക്ക് ഉണ്ടായി.

ഈ സാഹചര്യത്തില്‍ നെല്ലുവില കിലോയ്ക്ക് 25 രൂപയാക്കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു രൂപമാത്രമാണ് സര്‍ക്കാര്‍ നെല്ലുവില വര്‍ധിപ്പിച്ചു നല്‍കിയത്.

നാമമാത്ര വിലവര്‍ധനവിനെതിരെ സര്‍ക്കാരിനെ അനുകൂലിക്കുന്ന കര്‍ഷക സംഘടനകള്‍പോലും പ്രതിഷേധവുമായി രംഗത്തെത്തി. നെല്ലുവില ഉയര്‍ത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കര്‍ഷകര്‍ക്ക് ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഇതോടെ വില ഉയര്‍ത്തിയെന്നും ഇല്ലെന്നും പറയാവുന്ന അവസ്ഥയായി. കിലോയ്ക്ക് 18 രൂപയില്‍നിന്ന് 19 ആയി ഉയര്‍ത്തിയെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്മുമ്പ് സിവില്‍ സപ്ലൈസിന് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെങ്കില്‍ ഈ വിലയും കര്‍ഷകര്‍ക്ക് ലഭിക്കില്ല.

പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി കൃഷിഭവനുകള്‍ക്ക് പരിധിയിലുള്ള പാടശേഖരങ്ങളിലാണ് പുഞ്ചവിളവെടുപ്പ് തുടങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച വരുമാനം കിട്ടാതായതോടെ ഇക്കുറി വിളവെടുപ്പുത്സവമില്ല. ലാഭകരമല്ലാതായതോടെ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്നും കര്‍ഷകര്‍ പറഞ്ഞു.

ജി അനില്‍കുമാര്‍

deshabhimani

കൊച്ചിയില്‍ നിക്ഷേപ സംഗമം; മേയര്‍ ലണ്ടനില്‍

കൊച്ചി: കോര്‍പ്പറേഷന്‍ മേയര്‍ ലണ്ടനിലോ ദുബായിയിലോ? കോടികള്‍ ചെലവിട്ട് രണ്ട് ദിവസം കൊച്ചിയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പാര്‍ട്ണര്‍ കേരള സംഗമത്തില്‍ പങ്കെടുക്കാതെ മേയര്‍ ടോണി ചമ്മണിയും കുടുംബവും എവിടെയാണ്. ചൊവ്വാഴ്ച മേയറുടെ സുഹൃത്തുക്കളുടെ ഫേസ്ബുക്കില്‍ നിന്നാണ് ടോണി ചമ്മണിയെയും കുടുംബത്തെയും കണ്ടെത്തിയത്. അവര്‍ ലണ്ടനിലാണ്. വാര്‍ത്ത പരന്നതോടെ കൗണ്‍സിലര്‍മാര്‍ക്കും ശ്വാസം നേരെവീണു. അവരോട് പറഞ്ഞ് ദുബായിയില്‍ പോകുന്നുവെന്നായിരുന്നല്ലോ. കോര്‍പ്പറേഷന്റെയും ജിസിഡിഎയുടെയും ബൃഹദ് പദ്ധതികള്‍ നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുന്ന കൊച്ചി സംഗമത്തില്‍ പങ്കെടുക്കാതെ മേയര്‍ പോയതില്‍ വകുപ്പ് മന്ത്രിക്കും അമര്‍ഷം അടക്കാനായില്ലത്രെ. അതും പ്രതിപക്ഷ മേയര്‍മാരുപോലും സംഗമത്തില്‍ പങ്കെടുത്തപ്പോള്‍. കൊച്ചി മേയറില്ലാത്തതിലെ പ്രതിക്ഷേധം മന്ത്രി മഞ്ഞളാംകുഴി അലി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്.

നഗര വികസനത്തിനായി ഫണ്ടിറക്കാന്‍ സ്വകാര്യ മുതലാളിമാര്‍ ഒത്തുചേര്‍ന്ന പാര്‍ട്ണര്‍ കേരളയില്‍ പങ്കെടുക്കാതെ ലണ്ടനില്‍ ഭാര്യസമേതം മേയര്‍ കറങ്ങി നടക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. നഗര വികസന പദ്ധതികളുടെ ഭാഗമായി ലണ്ടനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു മേയറുടെ യാത്രയെന്നാണ് പറയുന്നത്. മാര്‍ച്ച് രണ്ടിനാണ് മേയര്‍ തിരിച്ചെത്തുക. സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങിയ കൊച്ചി കോര്‍പ്പറേഷന്റെ പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കത്തപ്പോള്‍ മേയര്‍ അടിക്കടി വിദേശ യാത്ര നടത്തുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അപമാനം

കൊച്ചി: നിര്‍മാണം പൂര്‍ത്തിയാകാത്ത ഓഫീസിന്റെ ഉദ്ഘാടനം അറിയിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അപമാനം. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍നിന്ന് വാര്‍ത്താസമ്മേളനത്തിന് ക്ഷണം ലഭിച്ചതിനെത്തുടര്‍ന്നാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ക്യാമറകള്‍ വാര്‍ത്താസമ്മേളനം നടക്കുന്നിടത്ത് പ്രവേശിപ്പിക്കരുതെന്ന് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനുപുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പ് വെളിയില്‍ വരുമെന്നതുകൊണ്ടാണ് ദൃശ്യമാധ്യമങ്ങളെ ഒഴിവാക്കിയതെന്ന ആക്ഷേപം ശക്തമാണ്. ഇതേത്തുടര്‍ന്ന് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട്ചെയ്യാതെ മടങ്ങി.

deshabhimani

ശശി തരൂരിന്റെ വഞ്ചന അവസാനിപ്പിക്കണം: കടകംപള്ളി

തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്ന കാര്യത്തില്‍ ശശി തരൂര്‍ തുടര്‍ച്ചയായി ജനത്തെ വഞ്ചിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. ജനത്തെ വിഡ്ഢികളാക്കുന്ന പണി ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദീര്‍ഘകാലമായി തിരുവനന്തപുരത്ത് സമരം തുടരുന്നു. എല്‍ഡിഎഫ് കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി നടത്തിയ വികസനസമരത്തിലെ മുഖ്യമുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഹൈക്കോടതി ബെഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കുകയെന്നത്. ഈ ജനകീയസമ്മര്‍ദത്തിനൊടുവിലാണ് ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണമുണ്ടായത്. എംപിയായി തെരഞ്ഞെടുത്താല്‍ 100 ദിവസത്തിനകം തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച ശശി തരൂര്‍, ഇക്കാര്യത്തില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകാതെ, ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണത്തോടെ എല്ലാമായെന്ന് പ്രചരിപ്പിച്ച് വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരിച്ച് നാലുമാസമായിട്ടും, ആ കമ്മിറ്റി യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് ഒരു തീരുമാനം പോലും കൈക്കൊണ്ടിട്ടില്ല. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി ഫുള്‍ ബെഞ്ച് രണ്ടു തവണ നിരാകരിച്ചതാണ്. നിര്‍ദിഷ്ട ജുഡീഷ്യല്‍ കമ്മിറ്റിയുടെ ശുപാര്‍ശയെന്ന നിലയിലെങ്കിലും ഈ പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നാല്‍ മാത്രമേ ഹൈക്കോടതിയുടെ പരിഗണനയില്‍ വീണ്ടും വരൂ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുംമുമ്പ് ജുഡീഷ്യല്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഉണ്ടാകുന്നതിനുള്ള ഇടപെടല്‍ പോലും ശശി തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഈ വസ്തുതകളെല്ലാം മറച്ച്, ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണത്തോടെ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനുള്ള എല്ലാ തടസ്സവും മാറിയെന്ന തരത്തിലുള്ള തരൂരിന്റെ പ്രചാരണം ശുദ്ധതട്ടിപ്പാണ്. അഞ്ചുവര്‍ഷം മുമ്പ് ഇക്കാര്യം പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതുപോലെ വീണ്ടും വഞ്ചിക്കാനുള്ള പാഴ്ശ്രമം മാത്രമാണിത്. തിരുവനന്തപുരത്തെ ജനങ്ങളുടെ ഓര്‍മശക്തിയെയും ക്ഷമയെയും പരിഹസിക്കുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ശശി തരൂരിന്റെ രാജിക്കായി 67 കേന്ദ്രത്തില്‍ ധര്‍ണ

സുനന്ദ പുഷ്കറുടെ അസ്വാഭാവികമരണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ മുമ്പില്‍ കുറ്റവാളിയായ ശശി തരൂര്‍ എല്ലാ അധികാരസ്ഥാനങ്ങളും രാജിവച്ച് സ്വതന്ത്രമായ അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പ്രാദേശിക സായാഹ്നധര്‍ണകള്‍ നടത്തി. എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ധര്‍ണ. ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിലായി 67 കേന്ദ്രങ്ങളിലാണ് സായാഹ്നധര്‍ണ നടന്നത്. തമ്പാനൂരിലും പേട്ടയിലുംധര്‍ണ മുന്‍മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. വഴുതക്കാട്ട് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വവും ആറ്റിപ്ര കല്ലിങ്കലില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും കാഞ്ഞിരംകുളത്ത് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാരും വഞ്ചിയൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയും മുക്കോലയില്‍ ജമീല പ്രകാശം എംഎല്‍എയും ധര്‍ണ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ മണക്കാട്ട് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി രാമചന്ദ്രന്‍നായര്‍, ടൈറ്റാനിയത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി അജയകുമാര്‍, വലിയതുറയില്‍ ചാല മോഹനന്‍, ചെന്തിട്ടയില്‍ പാളയം രാജന്‍, പൂന്തുറയില്‍ എസ് എ സുന്ദര്‍, പെരുന്താന്നിയില്‍ എസ് ആര്‍ ശക്തിധരന്‍, അമ്പലത്തറയില്‍ ജെ സലിംകുമാര്‍, കമലേശ്വരത്ത് ജയകുമാര്‍, കരമനയില്‍ മുടവന്‍മുകള്‍ രാജശേഖരന്‍ നായര്‍, പൂജപ്പുരയില്‍ ഡോ. സഞ്ജീവ്കുമാര്‍ എന്നിവര്‍ ഉദ്ഘാടനംചെയ്തു.

വട്ടിയൂര്‍ക്കാവില്‍ ഇ ജി മോഹനന്‍, ജനറല്‍ ആശുപത്രി ജങ്ഷനിലും ശാസ്തമംഗലത്തും ബി എസ് രാജീവ്, നെട്ടയത്ത് ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, നന്ദന്‍കോട്ട് എം ജി മീനാംബിക, പൊട്ടക്കുഴിയില്‍ കെ എസ് ബാലന്‍, മരുതന്‍കുഴിയില്‍ പി മധുസൂദനന്‍, പാളയം മാര്‍ക്കറ്റിനുമുന്നില്‍ കുറ്റിയാനിക്കാട് മധു, പേരൂര്‍ക്കടയില്‍ ഗീതാഗോപാല്‍, നാലാഞ്ചിറയില്‍ എം ഹരിലാല്‍, വാഴോട്ടുകോണത്ത് ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. നേമം നിയോജകമണ്ഡലത്തിലെ പാപ്പനംകോട്ട് ആര്‍ പ്രദീപും നെടുങ്കാട്ട് കരമന ഹരിയും തിരുമലയില്‍ പുത്തന്‍കട വിജയനും കഴക്കൂട്ടത്ത് ജി ആര്‍ അനിലും പൗഡിക്കോണത്ത് എ പി മുരളിയും ശ്രീകാര്യത്ത് ആറ്റിപ്ര സദാനന്ദനും കടകംപള്ളി കുടവൂരില്‍ കെ വിശ്വനാഥനും കല്ലമ്പിള്ളിയില്‍ പി മോഹനും മണ്ണന്തലയില്‍ പി ബിജുവും ഉള്ളൂരില്‍ പട്ടം വാമദേവന്‍ നായരും മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ പ്രൊഫ. ടി എന്‍ രാമന്‍പിള്ളയും കോവളം മണ്ഡലത്തിലെ പുതിയതുറയിലും പൂവാറിലും പി രാജേന്ദ്രകുമാറും വാഴമുട്ടത്ത് എം എം ഇബ്രാഹിമും പൂങ്കുളത്ത് ഗോപാലകൃഷ്ണന്‍ നായരും വെങ്ങാനൂരില്‍ പുല്ലുവിള സ്റ്റാന്‍ലിയും ബാലരാമപുരത്ത് വെങ്ങാനൂര്‍ ഭാസ്കരനും ശാന്തിവിളയില്‍ കല്ലിയൂര്‍ ശ്രീധരനും പുന്നമൂട്ടില്‍ വെങ്ങാനൂര്‍ ബ്രൈറ്റും ധര്‍ണ ഉദ്ഘാടനംചെയ്തു. പാറശാലയിലെ പാലിയോട്ടും നെയ്യാറ്റിന്‍കരയിലും എന്‍ രതീന്ദ്രനും പാറശാലയില്‍ കടകുളം ശശിയും മഞ്ചവിളാകത്ത് എ എം അന്‍സാരിയും നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ മാവിളക്കടവില്‍ സി കെ ഹരീന്ദ്രനും ചെങ്കവിളയില്‍ മധുസൂദനന്‍നായരും നെല്ലിമൂട്ടില്‍ കൊടങ്ങാവിള വിജയകുമാറും ധര്‍ണ ഉദ്ഘാടനംചെയ്തു. മറ്റ് കേന്ദ്രങ്ങളിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനനേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ധര്‍ണയില്‍ പങ്കെടുത്ത എല്ലാ ജനങ്ങളെയും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു.

deshabhimani

എട്ടുനിലയിലെ നിര്‍മാണം ബാക്കി: തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിന് തട്ടിക്കൂട്ടിയ പ്ലാറ്റ്ഫോമുകള്‍ ഇടിച്ചുനിരത്തി

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പണി പൂര്‍ത്തിയാകുംമുമ്പേ ഉദ്ഘാടനത്തിനായി താല്‍ക്കാലികമായി തട്ടിക്കൂട്ടിയ തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ പാര്‍ക്കിങ് ഏരിയയും ബസ്ബേയും പൊളിച്ചുനീക്കാന്‍ തുടങ്ങി. ഒരേസമയം ഒട്ടേറെ ബസുകള്‍ക്ക് ആളെ കയറ്റാനും ഇറക്കാനും കഴിയുന്ന രീതിയില്‍ കോംപ്ലക്സിന്റെ പിന്നില്‍ നിര്‍മിച്ച ബസ്ബേയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നടത്തിയത്. ഈ ബേയും പാര്‍ക്കിങ് ഏരിയയുമാണ് യഥാര്‍ഥ പ്ലാറ്റ്ഫോം നിര്‍മാണത്തിനായി പൊളിച്ചുനീക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തലസ്ഥാനത്ത് ഭരണനേട്ടമൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനില്ലാത്ത സര്‍ക്കാര്‍ നടത്തിയ ഉദ്ഘാടന പ്രഹസനത്തിന്റെ തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

സംസ്ഥാന തലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന ബസ്ടെര്‍മിനല്‍ നിര്‍മാണത്തിന് കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് ദ്രുതഗതിയില്‍ നിര്‍മാണം തുടങ്ങിയെങ്കിലും യുഡിഎഫ് ഭരണം വന്നതോടെ നിര്‍മാണം ഇഴഞ്ഞുനീങ്ങി. എന്നിട്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ ബസ് ടെര്‍മിനല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് അന്ന് മുഖ്യമന്ത്രിയും ഗതാഗാതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അവകാശപ്പെട്ടത്. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ തട്ടിക്കൂട്ടിയ താല്‍ക്കാലിക സംവിധാനം പൊളിച്ചുനീക്കുന്ന പ്രവൃത്തിമാത്രമാണ് നടന്നത്. 25 ബസിന് ഒരേസമയം പുറപ്പെടാനായി ഒരുക്കിയതെന്നു പറഞ്ഞ് ഉദ്ഘാടനംചെയ്ത പ്ലാറ്റ്ഫോമുകള്‍ മുഴുവന്‍ ജെസിബി ഉപയോഗിച്ചാണ് പൊളിച്ചുനീക്കിയത്. ഇവിടെ പാകിയിരുന്ന ടൈല്‍സുകളും ട്രാക്ക് വേര്‍തിരിച്ചിരുന്ന കോണ്‍ക്രീറ്റുകളും കിളച്ചുകോരി മാറ്റി. ഇതേ പോക്ക് പോയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും ബസ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകില്ല.

ഉദ്ഘാടനത്തിനായി ലക്ഷങ്ങള്‍ പൊടിച്ചതിനു പുറമെയാണ് ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് പേരിനൊരു ബസ്ബേ തട്ടിക്കൂട്ടിയതും. അര്‍ധവൃത്താകൃതിയില്‍ 12 നിലയിലായാണ് ടെര്‍മിനല്‍. കോംപ്ലക്സിന്റെ എട്ടുനിലകളില്‍ നിര്‍മാണപ്രവൃത്തി ഇനിയും ബാക്കിയാണ്. മുഴുവന്‍ നിലകളുടെയും കോണ്‍ക്രീറ്റ് മാത്രമാണ് പൂര്‍ത്തിയായത്. ഉദ്ഘാടനത്തിനായി നിര്‍മാണയന്ത്രങ്ങള്‍ സ്ഥലത്തുനിന്ന് മാറ്റിയശേഷം ലക്ഷങ്ങള്‍ ചെലവഴിച്ച് ബസ്ബേ എന്നപേരില്‍ ടൈല്‍സ് പാകുകയായിരുന്നു. എന്നാല്‍, ഉദ്ഘാടനത്തിനുശേഷം പുറത്തുനിന്ന് ആളുകള്‍ക്ക് കാണാനാകാത്തവിധം മറച്ചശേഷം ബസ് ബേ പൊളിക്കുകയായിരുന്നു. മൂന്നരലക്ഷത്തില്‍പ്പരം ചതുരശ്ര അടിയുള്ള കോംപ്ലക്സില്‍ എട്ടുനിലകളില്‍ ഫ്ളോറിങ് ബാക്കിയാണ്. മള്‍ട്ടി പര്‍പ്പസ് തിയറ്ററുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയുടെയും പണി എങ്ങുമെത്തിയിട്ടില്ല. എസ്കലേറ്റര്‍, ലിഫ്റ്റ്, സെന്‍ട്രലൈസ്ഡ് എയര്‍കണ്ടീഷന്‍ എന്നിവയുടെയെല്ലാം പണി എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ബസ് ടെര്‍മിനല്‍ വിഭാവനംചെയ്ത് നിര്‍മാണം തുടങ്ങിയത്.

deshabhimani

നിര്‍മാണം പൂര്‍ത്തിയാക്കാതെ എജി ഓഫീസ് ഉദ്ഘാടനം

deshabhimani

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

കൊല്ലം: അമൃതാനന്ദമയി മഠത്തിനെതിരെയുള്ള പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്. സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് ശര്‍മ നല്‍കിയ പരാതിയിലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

അമൃതാനന്ദ മയിയുടെ പ്രധാന ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്വലിന്റെ "വിശുദ്ധ നരകം"എന്ന പുസ്തകത്തില്‍ മഠത്തിലെ പീഢനങ്ങള്‍ക്കെതിരായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മഠത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി പോലീസിനും ഡിജിപിക്കും പരാതി നല്‍കിയത്.

പരാതിയില്‍ പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യേണ്ടതില്ലെന്നുമാണ് കരുനാഗപ്പള്ളി പൊലീസിന്റെ തീരുമാനം

deshabhimani

ഗുജറാത്ത് കലാപത്തിലെ ഇരയും ‘വേട്ടക്കാരനും’ 3ന് തളിപ്പറമ്പില്‍

deshabhimani
ഗുജറാത്ത് കലാപത്തിലെ ഇരയും \"വേട്ടക്കാരനും\" 3ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: ഗുജറാത്ത് കലാപനാളുകളില്‍ മരണം മുന്നില്‍ കണ്ട് ജീവനുവേണ്ടി യാചിക്കുന്ന ഫോട്ടോയിലൂടെ ലോകം ശ്രദ്ധിച്ച കുത്തുബുദ്ദീന്‍ അന്‍സാരിയും വംശീയവൈരവുമായി കുന്തമുയര്‍ത്തി അട്ടഹസിക്കുന്ന ചിത്രത്തിലൂടെ ലോകമറിഞ്ഞ അശോക് മോച്ചിയും ഒരുവേദിയില്‍. മൂന്നിന് തളിപ്പറമ്പില്‍ നടക്കുന്ന "വംശഹത്യയുടെ വ്യാഴവട്ടം" സെമിനാറിലാണ്് ഇരുവരുമെത്തുന്നത്. 2002ല്‍ സംഘപരിവാര്‍ അക്രമിസംഘത്തിന്റെ കൂട്ടക്കൊലയ്ക്കിടെ മരണം മുന്നില്‍ക്കണ്ട് ജീവനുവേണ്ടി യാചിക്കുന്ന കുത്തുബുദ്ദീന്റെ ചിത്രം ലോകമെങ്ങും ശ്രദ്ധനേടി. കലാപം അവസാനിച്ചെങ്കിലും സംഘപരിവാര്‍ അന്‍സാരിയെ വീണ്ടും വേട്ടയാടി. ജീവിക്കാനിടമില്ലാതെ പ്രതിസന്ധിയിലായ അന്‍സാരിക്ക് സുരക്ഷയും അഭയവും നലകിയത് പശ്ചിമ ബംഗാള്‍. മരണമെങ്കില്‍ കുടുംബത്തോടൊപ്പമെന്ന ധൈര്യത്തോടെ ജന്മനാട്ടിലേക്കു മടങ്ങിയ കുത്തുബുദ്ദീന്‍ അപ്പോഴേക്കും ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ലോകത്തോട് സംസാരിക്കുന്ന നാവായി മാറി. 

തലയില്‍ കാവി റിബണ്‍ ചുറ്റി, കൈയ്യില്‍ കുന്തവുമേന്തി ആക്രോശിച്ച് നില്‍ക്കുന്ന അശോക് മോച്ചി കലാപത്തിന്റെ പ്രതിരൂപമായി. ദളിതനായ തന്നെ എങ്ങനെയാണ് വംശഹത്യയുടെ ഭാഗമാക്കിയതെന്ന് മോച്ചി പിന്നീട് തിരിച്ചറിഞ്ഞു. ഒരു വീഴ്ചയ്ക്ക് ലോകം തന്നെ വേട്ടക്കാരന്റെ ക്രൂരമുഖത്തിന്റെ പ്രതീകമാക്കിയത് ഈ യുവാവിന് സഹിക്കാനായില്ല. പരസ്യമായി ഇരകളോട് മാപ്പിരന്നു. ജില്ലയിലെ 18 സാംസ്കാരികസംഘടനകള്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കുത്തുബുദ്ദീന്‍ അന്‍സാരിയുടെ മലയാളത്തില്‍ തയ്യാറാക്കിയ ആത്മകഥ പ്രകാശനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ടി കെ ഹംസ, സഹീദ് റൂമി, കെ ടി കുഞ്ഞിക്കണ്ണന്‍, കലീം സിദ്ദിഖി തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. ചടങ്ങില്‍ കുത്തുബുദ്ദീന്‍ അന്‍സാരിയുടെ ആത്മകഥ രക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ മക്കള്‍ക്ക് നല്‍കി പി ജയരാജന്‍ പ്രകാശനം ചെയ്യും. സഹീദ് റൂമിയാണ് പുസ്തകം തയ്യാറാക്കിയത്.