Wednesday, September 2, 2009

വിറ്റു തുലയ്ക്കും, വെട്ടിച്ചുരുക്കും

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന ഊര്‍ജിതമാക്കാനും സബ്സിഡികള്‍ വെട്ടിച്ചുരുക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്പൂര്‍ണ ആസൂത്രണകമീഷന്‍ യോഗം തീരുമാനിച്ചു. സാമ്പത്തികമാന്ദ്യം മറികടക്കുന്നതിനും പതിനൊന്നാം പദ്ധതിക്കാലത്തെ വിഭവകമ്മി നികത്തുന്നതിനുമെന്ന പേരിലാണിത്. സാമ്പത്തികവളര്‍ച്ചയിലെ ഇടിവ് നടപ്പുസാമ്പത്തികവര്‍ഷത്തെ അടുത്ത രണ്ട് പാദത്തിലും തുടരും. എന്നാല്‍, സാമ്പത്തികപരിഷ്കാരങ്ങള്‍ തീവ്രമാക്കി 2011 ആവുമ്പോഴേക്കും വീണ്ടും ഉയര്‍ന്ന വളര്‍ച്ചനിരക്കിലേക്ക് മടങ്ങിയെത്താമെന്ന വിശ്വാസത്തിലാണ് കമീഷന്‍.

യുപിഎ സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ ആദ്യമായി ചേര്‍ന്ന സമ്പൂര്‍ണ ആസൂത്രണകമീഷന്‍ യോഗത്തില്‍ പ്രധാനമന്ത്രിക്കു പുറമെ ധനമന്ത്രി പ്രണബ്മുഖര്‍ജി, ആഭ്യന്തരമന്ത്രി പി ചിദംബരം, കൃഷിമന്ത്രി ശരദ്പവാര്‍ തുടങ്ങിയവരും പങ്കെടുത്തു. വരള്‍ച്ച, സാമ്പത്തികാവസ്ഥയുടെ അവലോകനം, സംയോജിത ഊര്‍ജനയം നടപ്പാക്കുന്നതിലെ പുരോഗതി എന്നീ കാര്യങ്ങളാണ് യോഗം മുഖ്യമായും വിലയിരുത്തിയത്. സാമ്പത്തികമാന്ദ്യം, വരള്‍ച്ച എന്നിവ നേരിടാനും സാമൂഹ്യപദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്താനുമാണ് ഓഹരിവില്‍പ്പന ഊര്‍ജിതമാക്കാനുള്ള നിര്‍ദേശം. സാമ്പത്തികപരിഷ്കാരം ഊര്‍ജിതപ്പെടുത്തുക, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ പരമാവധി പ്രോത്സാഹിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയുന്നതടക്കം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍. പദ്ധതിയിതര ചെലവ് നിയന്ത്രിക്കാനും മുന്‍ഗണനാ മേഖലകള്‍ മാറ്റി നിശ്ചയിക്കാനും ധാരണയായി. ധനകമ്മി നിയന്ത്രിക്കുന്നതിന് നയപരമായ തിരുത്തലുകള്‍ വേണ്ടിവരും.

മണ്ണെണ്ണ, പാചകവാതകം, വളം എന്നിവയ്ക്കുള്ള പൊതുസബ്സിഡി കുറയ്ക്കണം. ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ജിഡിപിയുടെ 40 ശതമാനം നിക്ഷേപം ആവശ്യമാണ്. എന്നാല്‍, 11-ാം പദ്ധതിക്കാലത്ത് അടിസ്ഥാനസൌകര്യ മേഖലയില്‍ നിക്ഷേപം കുറഞ്ഞു. കേന്ദ്രപദ്ധതികള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന അഭിപ്രായം കണക്കിലെടുത്ത് പതിനഞ്ചോളം പദ്ധതികളുടെ നടത്തിപ്പ് പരിശോധിക്കാന്‍ തീരുമാനമായി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ വളര്‍ച്ച 6.1 ശതമാനമായി കുറഞ്ഞെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്ക്സിങ് അലുവാലിയ പറഞ്ഞു. രണ്ടാംപാദത്തിലും മൂന്നാംപാദത്തിലും സ്ഥിതി കൂടുതല്‍ മോശമാകും. എന്നാല്‍, ഡിസംബര്‍ മുതല്‍ പുരോഗതി പ്രതീക്ഷിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക മാന്ദ്യവും വരള്‍ച്ചയുംമൂലം കാര്‍ഷികമേഖലയുടെ നില മോശമാണ്. മെച്ചപ്പെട്ട മഴ ലഭിച്ചാല്‍ അടുത്തവര്‍ഷം തിരിച്ചുവരാനാകും. 2011-12ല്‍ എട്ട് ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ധനകമ്മി കുറയ്ക്കുന്നതിന് സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടിച്ചുരുക്കണം. ഇക്കാര്യത്തില്‍ ധീരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം- അലുവാലിയ പറഞ്ഞു.

എം പ്രശാന്ത് ദേശാഭിമാനി

ഇനി സായ്നാഥ് പറയുന്നത് കേള്‍ക്കുക

വന്‍കിടക്കാര്‍ക്ക് എപ്പോഴും പണം ലഭിക്കും. ഇക്കൊല്ലത്തെ ബജറ്റും 2008-09ലെ കേന്ദ്രനികുതി രേഖകളും പരിശോധിച്ചാല്‍ കോര്‍പറേറ്റുകള്‍ക്ക് ഒഴിവാക്കിക്കൊടുത്തത് 68,914 കോടി രൂപയാണെന്ന് ബോധ്യമാകും. എന്നാല്‍, ദശലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് പ്രയോജനകരമായ ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് 2009-10 ലെ ബജറ്റില്‍ നീക്കിവച്ചത് 39,100 കോടി രൂപ മാത്രം.

കടക്കെണിയില്‍ വീണ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച 2008ലെ മഹത്തായ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയെക്കുറിച്ച് ഓര്‍ക്കുക. 'സാമ്പത്തിക അച്ചടക്കരാഹിത്യത്തെക്കുറിച്ച്' പ്രത്യക്ഷപ്പെട്ട മുഖപ്രസംഗങ്ങള്‍ ഓര്‍ക്കുക. അത് ഒറ്റത്തവണ പദ്ധതിയായിരുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്കായി നടപ്പാക്കിയ ഒറ്റത്തവണ പദ്ധതിക്കുവേണ്ടി ചെലവിട്ടത് 70,000 കോടി രൂപ. പക്ഷേ, കഴിഞ്ഞ രണ്ട് ബജറ്റുകള്‍ വഴിമാത്രം രാജ്യത്തെ ഒരുപിടി സമ്പന്നര്‍ക്ക് പ്രത്യക്ഷനികുതിയിനത്തില്‍ മാത്രം 1,30,000 കോടി രൂപയുടെ ഇളവാണ് നല്‍കിയത്. ഇതില്‍ മാധ്യമങ്ങള്‍ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചില്ല. 1991 മുതലുള്ള ബജറ്റുകള്‍ വഴി കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ ഇളവുകളുടെ കണക്ക് എടുക്കുക. ലക്ഷക്കണക്കിനു കോടി രൂപയുടെ കണക്ക് പറയേണ്ടിവരും.

പരോക്ഷനികുതികളിലെ ഇളവുകള്‍ വഴി കോര്‍പറേറ്റുകള്‍ക്ക് ലഭിച്ച സാമ്പത്തികനേട്ടം കണക്കാക്കാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കുക. ഇതുവഴിയുള്ള ആനുകൂല്യം ഉല്‍പ്പാദകര്‍ ഉപഭോക്താക്കള്‍ക്ക് ചുരുക്കമായി മാത്രമാണ് കൈമാറുന്നത്. ഇതുകാരണം കുത്തകകള്‍ക്ക് ഉണ്ടാകുന്ന നേട്ടം വന്‍തോതിലാണ്. ബജറ്റ് കണക്കുകള്‍ മാത്രം നോക്കാം. 2007-08ല്‍ പ്രത്യക്ഷനികുതി ഇളവുകള്‍ വഴിമാത്രം ഉണ്ടായ വരുമാനനഷ്ടം 62,199 കോടി രൂപയായിരുന്നു. എക്സൈസ് തീരുവയിനത്തില്‍ 87,468 കോടി രൂപയും കസ്റ്റംസ് തീരുവയിനത്തില്‍ 1,53,593 കോടി രൂപയും ഇളവുചെയ്തു. എല്ലാംകൂടി 3, 03,260 കോടി രൂപ. ഇതില്‍നിന്ന് നാം കയറ്റുമതി കടം കുറവ് വരുത്തിയാല്‍ തന്നെ 200,000 കോടി രൂപ വരും. 2008-09ല്‍ ഈ തുക 3,00,000 കോടി കവിഞ്ഞു. ഇതു വെറും ചുരുങ്ങിയ തോതിലുള്ള കണക്കുകൂട്ടലാണ്. കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കിയ സബ്സിഡികളും നിരക്ക് ഇളവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവ കൂടി ചേര്‍ത്താല്‍ തുക ഇനിയും കുതിച്ചുയരും.

ലളിതമായി പറഞ്ഞാല്‍, കോര്‍പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷം ലഭിച്ച ഇളവുകളുടെ മൊത്തം തുക കാര്‍ഷികകടാശ്വാസമായി 'സാമ്പത്തിക അച്ചടക്കം ഇല്ലാതെ' എഴുതിത്തള്ളിയ തുകയുടെ ഏഴിരട്ടി വരും. ഇതിന്റെ അര്‍ഥം, രണ്ടുവര്‍ഷത്തില്‍ ഓരോദിവസവും നാം കോര്‍പറേറ്റുകള്‍ക്ക് 700 കോടി രൂപ വീതം നല്‍കിയെന്നാണ്. 1991നുശേഷമുള്ള കണക്കെടുത്താല്‍ തുക എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക(ലക്ഷം കോടികള്‍ക്ക് അപ്പുറത്തുള്ള തുക പറയാന്‍ ഏതു പദമാണ് ഉപയോഗിക്കേണ്ടത്). ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണത്തിനോ പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കാനോ പൊതുജനാരോഗ്യമേഖലയിലോ വിദ്യാഭ്യാസരംഗത്തോ മുടക്കാനോ പണം ചോദിക്കുക-കിട്ടില്ല. എന്നാല്‍ കോര്‍പറേറ്റ് ലോകത്തിനുള്ള സൌജന്യമായി മണിക്കൂറില്‍ 30 കോടി രൂപവീതം നല്‍കാന്‍ പണമുണ്ട്.

മാന്ദ്യത്തിന്റെ സമയത്തും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ഇക്കൊല്ലം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ലാഭം നേടിയെങ്കില്‍ അതിന് കാരണമുണ്ട്. ഇത് നേടിയത് പൊതുജനങ്ങളുടെ ചെലവിലാണ്. തൊഴില്‍മന്ത്രാലയത്തിന്റെ കണക്കുപ്രകാരംതന്നെ ഇതേ കാലയളവില്‍ രാജ്യത്തെ സംഘടിതമേഖലയില്‍ 1.7 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കയറ്റുമതി മേഖലയില്‍മാത്രം 2008 സെപ്തംബര്‍ മുതല്‍ 2009 ഏപ്രില്‍വരെ 15 ലക്ഷം പേര്‍ തൊഴില്‍രഹിതരായെന്ന് വാണിജ്യസെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. (നീതിയുടെ വരള്‍ച്ച ഫണ്ടുകളുടെ പ്രളയം)

2 comments:

  1. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന ഊര്‍ജിതമാക്കാനും സബ്സിഡികള്‍ വെട്ടിച്ചുരുക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്പൂര്‍ണ ആസൂത്രണകമീഷന്‍ യോഗം തീരുമാനിച്ചു. സാമ്പത്തികമാന്ദ്യം മറികടക്കുന്നതിനും പതിനൊന്നാം പദ്ധതിക്കാലത്തെ വിഭവകമ്മി നികത്തുന്നതിനുമെന്ന പേരിലാണിത്.

    ReplyDelete
  2. ലളിതമായി പറഞ്ഞാല്‍, കോര്‍പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷം ലഭിച്ച ഇളവുകളുടെ മൊത്തം തുക കാര്‍ഷികകടാശ്വാസമായി 'സാമ്പത്തിക അച്ചടക്കം ഇല്ലാതെ' എഴുതിത്തള്ളിയ തുകയുടെ ഏഴിരട്ടി വരും. ...

    this one I do agree with you.. why the govt always writes down the corporate loans? but thats not the case with poor farmer loans!

    ReplyDelete