Saturday, February 1, 2014

ജയില്‍ മര്‍ദ്ദനം: ജുഡീഷ്യല്‍ അന്വേഷണം വേണം കോടിയേരി

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അവരെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്്ണന്‍ ആവശ്യപ്പെട്ടു. പ്രതികളെ ജീവപര്യന്തം ശിക്ഷക്കാണ് വിധിച്ചിട്ടുള്ളത്. അവരെ തല്ലിചതക്കാനുള്ള അധികാരം ആരാണ് ജയില്‍ വാര്‍ഡന്‍മാര്‍ക്ക് നല്‍കിയത്. ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജയിലിലെത്തി തെളിവെടുത്ത് നടപടി എടുക്കണം.

പലരുടേയും കേഴ്വി ശക്തിക്കും കാഴ്ച ശക്തിക്കും തകരാറ് പറ്റി. കാലിന്റെ വെള്ളയിലും നട്ടെല്ലിലും പരിക്കേല്‍പിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലില്ലാത്ത വാര്‍ഡന്‍മാര്‍ ആ സമയത്ത് എന്തിനാണ് അവിടെ വന്നത്. അരമണിക്കൂര്‍ വീതമാണ് അതി ക്രൂരമായി ഒമ്പത് പ്രതികളെയും തല്ലിയിട്ടുള്ളത്. ഉന്നതര്‍ അറിയാതെ ഇത്തരം സംഭവം നടക്കില്ല. ആ ഉന്നതന്‍ ആരെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല വ്യക്തമാക്കണം. ജയിലിനെ കൊലയറയാക്കാനാണ് ചെന്നിത്തലയുടെ നീക്കം. പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള അധികാരം വാര്‍ഡന്‍മാര്‍ക്കില്ല. ഇതില്‍ ഉള്‍പ്പെട്ട വാര്‍ഡന്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.

താന്‍ ജയില്‍ മന്ത്രിയായിരുന്നപ്പോള്‍ ജയിലിലെ മര്‍ദ്ദനം അവസാനിപ്പിച്ചതായിരുന്നു. താന്‍ പ്രതിപക്ഷ ഉപനേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമാണ്. ജയിലില്‍ ഇത്തരം സംഭവം നടക്കുമ്പോള്‍ അവിടെ പോകാന്‍ മടിക്കേണ്ട കാര്യമില്ലെന്നും ഒരു ജയിലിലും ഇത്തരം നടപടി പാടില്ലെന്നും കോടിയേരി പറഞ്ഞു. . തൃശൂര്‍ ജില്ലയിലെ സിപിഐ എം എംഎല്‍എമാരായ ബാബു എം പാലിശ്ശേരി, ബി ഡി ദേവസ്യ, സി രവീന്ദ്രനാഥ് എന്നിവരും കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനും കോടിയേരിക്കൊപ്പമുണ്ട്.

വ്യാഴാഴ്ച രാത്രി 11.30ഓടെ കണ്ണൂരില്‍നിന്നും ജയിലിലെത്തിച്ച ഒമ്പത് പ്രതികളേയും പുലരും വരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് സിപിഐ എം എംഎല്‍എമാരായ കെ രാധാകൃഷ്ണനും കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയും കുന്നംകുളം എരിയ സെക്രട്ടറി ബാലാജി എം പാലിശ്ശേരിയും വെള്ളിയാഴ്ച വൈകീട്ട് ജയിലിലെത്തി. മണിക്കൂറുകളോളം അവര്‍ ആവശ്യപ്പെട്ടതിനാലാണ് മര്‍ദ്ദനമേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുവാന്‍ ജയില്‍ അധികൃതര്‍ തയ്യാറായത്. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പരിശോധനക്ക് ശേഷം ഇവരെ ജയിലിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു.

അതേ സമയം ജയിലിലെ മോശം പെരുമാറ്റത്തിനും ജയില്‍ ചട്ട ലംഘനത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്തു. ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ജയില്‍ മര്‍ദ്ദനത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. മര്‍ദ്ദനത്തെ കുറിച്ച് ജയില്‍ ഡിജിപി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

deshabhimani

No comments:

Post a Comment