കൊല്ലം: കൊല്ലം തുറമുഖത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ കടലിനടിയില്‍നിന്ന് പൂര്‍ണമായി വീണ്ടെടുക്കാന്‍ ദേശീയ സമുദ്ര ഗവേഷണ ഇന്‍സ്റ്റിട്യൂട്ടിന്റ സേവനം ലഭ്യമാകാന്‍ സാധ്യത. സമുദ്രാന്തര്‍ ഭാഗത്തെ പുരാവസ്തുക്കള്‍ മുങ്ങിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്റസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) കീഴിലുള്ള സമുദ്ര ഗവേഷണ ഇന്‍സ്റ്റിട്യൂട്ടിന്റെ മറൈന്‍ ആര്‍ക്കിയോളജി വിഭാഗത്തിന്റെ സേവനം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. പ്രാഥമിക പരിശോധനയ്ക്കായി സമുദ്ര ഗവേഷണ ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പല്‍ ടെക്നീഷ്യന്‍ സുന്ദരേശ് ശനിയാഴ്ച തുറമുഖ പ്രദേശം സന്ദര്‍ശിച്ചു. പറവൂരിനു സമീപം പട്ടണത്ത് പുരാവസ്തു ഗവേഷണത്തില്‍ സമുദ്ര ഗവേഷണ ഇന്‍സ്റ്റിട്യൂട്ടുമായി സഹകരിക്കുന്ന കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ച് (കെസിഎച്ച്ആര്‍) ഡയറക്ടര്‍ പി ജെ ചെറിയാന്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം ലക്ച്ചറര്‍ മനോജ് കിണി എന്നിവരും സമുദ്രഗവേഷണ ഇന്‍സ്റ്റിട്യൂട്ട് പ്രതിനിധിക്കൊപ്പം ഉണ്ടായിരുന്നു.
ഡ്രഡ്ജിങ്ങില്‍ സമുദ്രത്തിന്റെ അടിത്തട്ടിലുള്ള കളിമണ്‍ പാത്രങ്ങള്‍ തകര്‍ന്ന് അവശിഷ്ടങ്ങളാണ് ലഭിക്കുന്നത്. നാണയങ്ങളുടെ പൊട്ടിയ അവശിഷ്ടങ്ങളാണ് ഏറെയും ലഭിക്കുന്നത്. തുറമുഖത്തെ പര്യവേഷണത്തിനുള്ള സഹകരണത്തിനായി തുറമുഖ വകുപ്പിന് കത്തുനല്‍കും. അനുമതി ലഭ്യമായാല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. തുറമുഖത്തിന്റെ ആഴംകൂട്ടുന്ന പ്രവര്‍ത്തനത്തിന് തടസമാകാതെ പര്യവേഷണം നടത്തുകയാണ് ലക്ഷ്യം. ആഴം കൂടുന്നതിനായി വാരുന്ന മണ്ണില്‍നിന്ന് ലഭിക്കുന്ന ചൈനീസ് ലിഖിതമുള്ള നാണയങ്ങളും കളിമണ്‍ പാത്ര അവശിഷ്ടങ്ങളും സംസ്ഥാന പുരാവസ്തു വകുപ്പ് തുറമുഖത്ത് ആരംഭിച്ച ക്യാമ്പ് ഓഫീസ് വഴി ശേഖരിക്കുന്നുണ്ട്. ചരിത്രാവശിഷ്ടങ്ങളുടെ ശേഖരണത്തിനും ശാസ്ത്രീയ പരിശോധനയ്ക്കും കെസിഎച്ച്ആര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണം തേടുമെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭൂഖണ്ഡത്തിലെ പ്രമുഖ പുരാതന വാണിജ്യ തുറമുഖമായ കൊല്ലത്തിന്റെ രണ്ടായിരത്തോളം വര്‍ഷം മുമ്പത്തെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന തെളിവുകള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ പുരാവസ്തു വകുപ്പ് ഒരു മാസംമുമ്പാണ് ഡ്രഡ്ജിങ് ആരംഭിച്ചത്. ഏഴ് ചാനലുകളാണ് നിര്‍മിക്കുന്നത്. ഒന്നിന്റെ നിര്‍മാണമാണ് പൂര്‍ത്തിയാകുന്നത്. മാര്‍ച്ച് അവസാനത്തോടെ ഡ്രഡ്ജിങ് പൂര്‍ത്തിയാകും. ലഭ്യമായ നാണയങ്ങളുടെയും കളിമണ്‍ പാത്രാവശിഷ്ടങ്ങളുടെയും ശാസ്ത്രീയ പഠനത്തിലൂടെ നൂറ്റാണ്ടുകള്‍ മുമ്പ് കൊല്ലവുമായുള്ള വിദേശ രാജ്യങ്ങളുടെ വ്യാപാര ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്ന നിര്‍ണായക തെളിവ് ലഭ്യമാകുമെന്ന നിഗമനത്തിലാണ് പുരാവസ്തു വിദ്ഗ്ധര്‍. െഅറബികളും ജൂതന്മാരും കച്ചവട ആവശ്യത്തിനായി 1800 വര്‍ഷംമുമ്പ് എഡി ഏഴാം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയതായി തരിസാപ്പള്ളി ശാസനത്തില്‍ സൂചനകളുണ്ട്. ക്യാമ്പ് ഓഫീസ് തുറന്ന 18 മുതല്‍ ശനിയാഴ്ചവരെ എണ്ണൂറോളം നാണയങ്ങള്‍ നാട്ടുകാര്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ക്ക് കൈമാറി. ക്യാമ്പ് ഓഫീസ് തുറന്ന് രണ്ടാം ദിവസം 266 നാണയം ലഭിച്ചു. ഇപ്പോള്‍ നാണയങ്ങളുടെ ലഭ്യത കുറഞ്ഞതായി എസ്കവേഷന്‍ അസിസ്റ്റന്റ് മോഹന ചന്ദ്രന്‍ പറഞ്ഞു. കൃഷ്ണപുരം മ്യൂസിയം ഗൈഡ് ഹരികുമാര്‍, ഫോട്ടോഗ്രാഫര്‍ ജ്യോതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുറമുഖത്തെ ക്യാമ്പ് ഓഫീസില്‍ പുരാവസ്തുക്കല്‍ ശേഖരിക്കുന്നത്.
പൊലീസിനെ നിയോഗിച്ചില്ല; കലക്ടര്‍ കത്ത്നല്‍കും
കൊല്ലം: തുറമുഖത്തുനിന്ന് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ചരിത്രാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന കലക്ടറുടെ നിര്‍ദേശം നടപ്പായില്ല. തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി വാരുന്ന മണ്ണില്‍നിന്ന് ലഭിക്കുന്ന പുരാതന നാണയങ്ങളും കളിമണ്‍ പാത്ര അവശിഷ്ടങ്ങളും സ്വകാര്യവ്യക്തികളും തമിഴ്നാട്ടില്‍നിന്ന് ഉള്‍പ്പെടെയുള്ള സംഘങ്ങളും കൈവശപ്പെടുത്തുന്നത് തടയാന്‍ പുരാവസ്തു ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ പൊലീസ് സംരക്ഷണം തേടി കലക്ടര്‍ പ്രണബ് ജ്യോതിനാഥിനെ സമീപിച്ചിരുന്നു. ശനിയാഴ്ച മുതല്‍ പൊലീസ് സംരക്ഷണം അനുവദിക്കാമെന്ന് സിറ്റി പൊലീസ് കമീഷണറുടെ ചുമതലയുള്ള റൂറല്‍ എസ്പി എസ് സുരേന്ദ്രന്‍ കലക്ടര്‍ക്ക് ഉറപ്പുനല്‍കി. പൊലീസിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം കത്തുനല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.
അറബ് നാണയത്തിനായി അന്വേഷണം: കൊല്ലം തുറമുഖത്ത് 2000 വര്‍ഷം മുമ്പ് അറബികള്‍ വന്നതിന്റെ സൂചന
കൊല്ലം: ഉപഭൂഖണ്ഡത്തിലെ പ്രമുഖ പുരാതന വാണിജ്യ തുറമുഖമായ കൊല്ലത്തിന്റെ രണ്ടായിരത്തോളം വര്‍ഷം മുമ്പത്തെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന തെളിവുകള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ പുരാവസ്തു വകുപ്പ്. കൊല്ലം തുറമുഖത്ത് കടലില്‍നിന്ന് ലഭിച്ച പ്രാചീന ചെമ്പു നാണയങ്ങളില്‍ ഒരെണ്ണം അറബ് ലിഖിതമുള്ളതാണെന്ന് അധികൃതര്‍ക്ക് സൂചന ലഭിച്ചു. ഈ നാണയം ഇപ്പോള്‍ ആരുടെ കൈവശമാണെന്നതിനും വ്യക്തതയില്ല. ഒരു മാസംമുമ്പ് ആരംഭിച്ച ഡ്രെഡ്ജിങ്ങിന്റെ തുടക്ക നാളുകളില്‍ നാട്ടുകാരില്‍ ആര്‍ക്കോ ലഭിച്ച നാണയം കൈമാറി പോയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. നാണയം വീണ്ടെടുത്താല്‍ കൊല്ലം വാണിജ്യ തുറമുഖത്തിന്റെയും അതുവഴി രാജ്യത്തിന്റെതന്നെ പ്രാചീന വ്യാപാര ബന്ധങ്ങളിലേക്കും വെളിച്ചം വീശുന്ന നിര്‍ണായക തെളിവായി ഇതു മാറുമെന്ന നിഗമനത്തിലാണ് പുരാവസ്തു വിദ്ഗ്ധര്‍.
അറബികളും ജൂതന്മാരും കച്ചവട ആവശ്യത്തിനായി 1800 വര്‍ഷംമുമ്പ് എഡി ഏഴാം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയതായി തരിസാപ്പള്ളി ശാസനത്തില്‍ സൂചനകളുണ്ട്. വ്യാഴാഴ്ച തുറമുഖത്ത് ഡ്രഡജ് ചെയ്ത മണ്ണില്‍നിന്ന് ലഭിച്ച 130 പുരാതന നാണയങ്ങള്‍ നാട്ടുകാര്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ക്ക് കൈമാറി. തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി വാരുന്ന മണ്ണില്‍നിന്ന് ലഭിക്കുന്ന നാണയങ്ങളും കളിമണ്‍ പാത്ര അവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ ശേഖരിക്കാനായി പുരാവസ്തു വകുപ്പ് തുടങ്ങിയ ക്യാമ്പ് ഓഫീസിലെത്തിയാണ് നാട്ടുകാര്‍ നാണയങ്ങള്‍ കൈമാറിയത്. പ്രാചീന കളിമണ്‍ പാത്രങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചു. കൈമാറുന്ന പുരാവസ്തുക്കള്‍ക്ക് പുരാവസ്തുവകുപ്പ് പ്രതിഫലവും നല്‍കുന്നു. ക്യാമ്പ് ഓഫീസ് തുറന്ന് മൂന്നു ദിവസത്തിനകം അഞ്ഞൂറോളം ചെമ്പു നാണയങ്ങളും കളിമണ്‍ പാത്ര അവശിഷ്ടങ്ങളും ലഭിച്ചു. തുറമുഖ വകുപ്പ് നടത്തുന്ന ഡ്രഡ്ജിങ്ങ് കഴിയുംവരെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കും.
പരമാവധി ശേഷിപ്പുകള്‍ ശേഖരിച്ച ശേഷം അവ ശാസ്ത്രീയ പഠനംനടത്തി കാലപ്പഴക്കം നിശ്ചയിക്കും. തുടര്‍ന്ന് പുരാവസ്തു വകുപ്പ് മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ലഭ്യമായ ചെമ്പു നാണയങ്ങള്‍ എണ്ണൂറു വര്‍ഷത്തെ പഴക്കമുള്ളവയാണെന്നാണ് പ്രാഥമിക നിഗമനം. എഡി 12 മുതല്‍ 15വരെയുള്ള നൂറ്റാണ്ടില്‍ ചൈനയില്‍ നിലനിന്ന ഭാഷയാണ് നാണയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പുരാവസ്തു വിദഗ്ധര്‍ പറയുന്നു. ഈ ഭാഷ ഇപ്പോള്‍ ചൈനയില്‍ പ്രചാരത്തിലില്ല. തുറമുഖ വകുപ്പ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഡ്രഡ്ജിങ്ങില്‍ കടലിനടിയിലുള്ള പുരാതന കളിമണ്‍ പാത്രങ്ങള്‍ പൊട്ടാന്‍ സാധ്യത ഏറെയാണ്. ഇവ അതേ രൂപത്തില്‍ ലഭ്യമാകണമെങ്കില്‍ മെറൈന്‍ ആര്‍ക്കിയോളജി മുങ്ങല്‍ വിദഗ്ധരുടെ സേവനം ലഭ്യമാകണം. ഇതിനായി ദില്ലി ആസ്ഥാനമായ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ സഹായം തേടാന്‍ ആലോചിക്കുന്നതായി പുരാവസ്തു ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ പറഞ്ഞു. എസ്കവേഷന്‍ അസിസ്റ്റന്റ് മോഹനചന്ദ്രന്‍, കൃഷ്ണപുരം മ്യൂസിയം ഗൈഡ് ഹരികുമാര്‍, ഫോട്ടോഗ്രാഫര്‍ ജ്യോതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുറമുഖത്തെ ക്യാമ്പ് ഓഫീസില്‍ പുരാവസ്തുക്കല്‍ ശേഖരിക്കുന്നത്.
deshabhimani
പട്ടണം ഗവേഷണത്തിന് അത് അര്‍ഹിയ്ക്കുന്ന മുന്‍ഗണന സര്‍ക്കാരുകളും സര്‍വകലാശാലകളും മറ്റ് ഗവേഷണസ്ഥാപനങ്ങളും അടക്കമുള്ളവയില്‍ നിന്ന് കിട്ടുന്നുണ്ടോ?
ReplyDelete