Tuesday, February 25, 2014

സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം: അന്വേഷണം അവസാനിപ്പിക്കാന്‍ ഡല്‍ഹി പൊലീസ്

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് കേസ് നടപടികള്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് സൂചന. ശശി തരൂരിന് "ക്ലീന്‍ചിറ്റ്" നല്‍കി അടുത്തുതന്നെ കേസ് ഫയല്‍ അവസാനിപ്പിക്കും. കേസ് നീട്ടിക്കൊണ്ടുപോകുന്നതില്‍ ശശി തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണിത്. സുനന്ദ പുഷ്കറിന്റേത് സ്വാഭാവികമരണമെന്ന തരത്തില്‍ രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയാണ് കേസ് അവസാനിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് നടപടി അവസാനിപ്പിക്കണമെന്നാണ് തരൂര്‍ താല്‍പ്പര്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഡല്‍ഹി പൊലീസിന് വ്യക്തമായ നിര്‍ദേശം നല്‍കി.

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലയില്‍ ജനുവരി 17നാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി പോസ്റ്റ്മോര്‍ട്ടംചെയ്ത ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. മെഹര്‍ തരാര്‍ എന്ന പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുമായുള്ള തരൂരിന്റെ അടുപ്പത്തെച്ചൊല്ലി സുനന്ദ പരസ്യമായി വഴക്കിട്ടത്തിനു പിന്നാലെയാണ് ദുരൂഹമരണം. തരൂരിന്റെ ഐപിഎല്‍ ഇടപാടുകള്‍ വെളിപ്പെടുത്തുമെന്ന് സുനന്ദ ഭീഷണിപ്പെടുത്തിയിരുന്നു. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേസന്വേഷണം നീളുന്നതില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചത്. ആരോഗ്യസംബന്ധമായ കാരണങ്ങളാലാണ് മരണം. നടപടിക്രമം പൂര്‍ത്തീകരിക്കാന്‍ പൊലീസ് ഏറെ സമയമെടുക്കുന്നതില്‍ അതൃപ്തനാണെന്നും തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയാണ്. വൈദ്യസംഘത്തിന്റെയും ഡോക്ടര്‍മാരുടെയുമൊക്കെ അന്തിമ നിര്‍ണയം എന്തെന്ന് കാണണം. പൊലീസ് എഫ്ഐആര്‍ ഫയല്‍ചെയ്തിട്ടില്ല, കുറ്റപത്രമില്ല. അതുകൊണ്ടുതന്നെ വിഷയം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഒരു അടിസ്ഥാനവുമില്ലെന്നും തരൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് കേസ് ഉടന്‍ അവസാനിപ്പിക്കണമെന്ന് തരൂര്‍ പരസ്യമായി താല്‍പ്പര്യപ്പെടുന്നത്. ചാണക്യപുരി പൊലീസ് സ്റ്റേഷന്‍ മേധാവിക്കാണ് അന്വേഷണച്ചുമതല. തരൂരിന്റെ പരസ്യപ്രതികരണം വന്നതിനു പിന്നാലെ കേസ് ഫയല്‍ അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് ചാണക്യപുരി പൊലീസ് കടന്നുകഴിഞ്ഞു

എം പ്രശാന്ത്

""സുനന്ദയ്ക്ക് നല്‍കിയത് റഷ്യന്‍ വിഷം""

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. അന്വേഷണം പൂര്‍ത്തീകരിച്ചാലുടന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു. റഷ്യന്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും ഇതിന് തെളിവുണ്ടെന്നും സ്വാമി പറഞ്ഞു.

സുനന്ദയുടെ മരണം സുബ്രഹ്മണ്യന്‍ സ്വാമി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് തരൂര്‍ ആരോപിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാന്‍ എന്തിനാണ് തിടുക്കം കാട്ടിയത്. സുനന്ദയുടെ മരണം സ്വാഭാവികമരണമാണെന്ന് പ്രഖ്യാപിക്കാന്‍ തരൂര്‍ എന്തിനാണ് താല്‍പ്പര്യം കാട്ടുന്നത്. മൃതദേഹത്തിന്റെ എല്ലാ ഫോട്ടോയും നശിപ്പിച്ചു. നിരവധി മുറിവുള്ളതുകൊണ്ടാണ് ഫോട്ടോ നശിപ്പിച്ചത്. റഷ്യന്‍ വിഷം നല്‍കുന്നതിന് വായ തുറപ്പിക്കാന്‍ മൂക്ക് ഞെരിച്ചു. മൃഗീയ കൊലയാണെന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ പൂര്‍ണ അന്വേഷണം വേണമെന്ന് തരൂരാണ് ആവശ്യപ്പെടേണ്ടത്. വിഷയത്തിന്റെ ആഴത്തിലേക്ക് പോകേണ്ടതുണ്ട്. ഡല്‍ഹി പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല. ഡല്‍ഹിയില്‍ അധികാരമാറ്റമുണ്ടാകുമ്പോള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകും- സ്വാമി പറഞ്ഞു.

സ്വാമി പറയുന്നത് കാര്യമായി എടുക്കുന്നില്ലെന്ന് തരൂര്‍ പ്രതികരിച്ചു. തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെ. ദുഃഖം സ്വകാര്യവികാരമാണ്. തന്റെ വികാരമെന്ത്, എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയ കാര്യങ്ങളിലൊന്നും ബിജെപി നേതാക്കള്‍ ഇടപെടേണ്ടതില്ല. അങ്ങനെ ഇടപെടുന്നുവെങ്കില്‍ അടിയന്തരമായി മനോരോഗ ചികിത്സയ്ക്ക് വിധേയനാകണമെന്നും തരൂര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment