Wednesday, February 26, 2014

തട്ടിപ്പിന്റെ വെനീസോ? തണലായത് മുഖ്യമന്ത്രിയുടെ ഓഫീസ്

ആലപ്പുഴ ജില്ല സാമ്പത്തിക കുറ്റകൃത്യങ്ങളുടെ നാടാകുന്നോ?. സാമ്പത്തിക വഞ്ചനാ കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ ജില്ലാ ഒന്നാം സ്ഥാനത്തേയ്ക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗത്തിലെ കേസില്‍ ജില്ലയില്‍ ഉണ്ടായത് മൂന്നിരട്ടി വര്‍ധന. 2012ല്‍ ജില്ലയില്‍ 105 വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2013ല്‍ അത് 290 ആയി കുത്തനെ വര്‍ധിച്ചു. ഇവയിലൂടെ 120 കോടി രൂപയിലധികം പാവപ്പെട്ട ജനങ്ങള്‍ക്ക് നഷ്ടമായി. സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ നടന്ന സോളാര്‍ തട്ടിപ്പ് തന്നെ ഒന്നാം സ്ഥാനത്ത്. തമിഴ്നാട്ടില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി അമ്പലപ്പുഴ സ്വദേശികളായ 13 പേരില്‍ നിന്ന് 73.25 ലക്ഷം തട്ടിയതിന് അമ്പലപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത നാലു കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.

ചേര്‍ത്തലയിലെ ഒരു സ്ഥാപനത്തിന് സോളാര്‍ സാമഗ്രികള്‍ നല്‍കാമെന്ന് കരാര്‍ വെച്ച് ആറു ലക്ഷം തട്ടി. ഇതില്‍ നാലു ലക്ഷം തിരികെ നല്‍കി. ബാക്കി തുകയ്ക്കുള്ള കേസ് ചേര്‍ത്തല കോടതിയില്‍ നടക്കുന്നു. ആക്രി ബിസിനസ് നടത്താനെന്ന പേരില്‍ ആലപ്പുഴ സ്വദേശി പ്രകാശനില്‍ നിന്ന് 45 ലക്ഷം തട്ടിയ കേസ് ആലപ്പുഴ കോടതിയിലാണ്. തപോവനം ആശ്രമത്തില്‍ അന്തേവാസിയായി നിന്ന് പണം തട്ടിയ കേസ് കായംകുളം കോടതിയുടെ പരിഗണനയിലുമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ചേര്‍ത്തല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തട്ടിയത് കോടിയിലേറെ രൂപ. കഞ്ഞിക്കുഴി കളത്തിവീട് ജങ്ഷനുസമീപം കാരുവള്ളി രാജുവാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഉദ്യോഗം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. മാവേലിക്കരയില്‍ ചെക്ക് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി മംഗല്യം സുരേഷ് കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ജില്ലാ നേതാവിന്റെയും മുന്‍ എംഎല്‍എയുടെയും അടുത്ത അനുയായിയാണ് ഇയാള്‍. ഈ തട്ടിപ്പുകള്‍ക്ക് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് വേണ്ട സഹായം ചെയ്തുകൊടുത്തതെന്ന് പകല്‍ പോലെ വ്യക്തം. സോളാര്‍ തട്ടിപ്പിലും ചേര്‍ത്തലയിലെ തട്ടിപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അന്വേഷണ സംഘത്തിനും വ്യക്തമായതാണ്. സാമ്പത്തിക തട്ടിപ്പ് നടത്തിയാല്‍ സര്‍ക്കാരിന്റെ പരിരക്ഷ കിട്ടുമെന്നതും ശിക്ഷ വളരെ കുറവായിരിക്കുമെന്നതും ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് ഇടയാക്കി. സരിതയ്ക്കും രാജുവിനും മംഗല്യം സുരേഷിനും പൊലീസില്‍നിന്ന് കിട്ടിയ പരിഗണനതന്നെ ഇതിന് സാക്ഷ്യം.

തട്ടിപ്പിന്റെ ഉന്നതങ്ങളിലും നേതാവ്

ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പിലും കോണ്‍ഗ്രസ് ഉന്നത നേതാവിന് ബന്ധം. 56 കോടിയില്‍പരം രൂപ തട്ടിയെടുത്ത ബിസിനസ് ഇന്ത്യാ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പാണിത്. തട്ടിപ്പ് സംരംഭകരായ ബിസിനസ് ഇന്ത്യാ ഗ്രൂപ്പിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം മുന്‍ എംഎല്‍എ എം മുരളിയുടെ ചിത്രവുമുണ്ട്. ചടങ്ങില്‍ വിശിഷ്ടാതിഥിയായാണ് ഈ നേതാവ് പങ്കെടുത്തത്. 2006 ആഗസ്ത് 17ന് മാവേലിക്കരയിലെ ബിസിനസ് ഇന്ത്യാ പാലസ് അങ്കണത്തിലായിരുന്നു പരിപാടി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിന്റെ ലളിത രാജേന്ദ്രനാണ് പരിപാടിയില്‍ അധ്യക്ഷയായത്.

വിവിധ ജില്ലകളിലായി 19 ഓളം ബ്രാഞ്ചുകള്‍ സ്ഥാപിച്ച് 1500ഓളം പേരില്‍നിന്നാണ് ബിഐ ഗ്രൂപ്പ് കോടികള്‍ തട്ടിയത്. പത്തനംതിട്ട ഇക്കണോമിക് ഒഫന്‍സ് വിങ്ങാണ് കേസ് അന്വേഷിക്കുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഴുവന്‍ പ്രതികളും ഇതുവരെ പിടിയിലായിട്ടില്ല. ഇതിനുപിന്നിലും ഈനേതാവിന്റെ ഇടപെടലുണ്ടെന്ന ആരോപണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടിതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി ഒന്നും സ്വീകരിക്കുന്നില്ല. തട്ടിപ്പിനിരയായവര്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ടെങ്കിലും മുന്‍ എംഎല്‍എയായ ഈ എ ഗ്രൂപ്പ് നേതാവിനെ കാണാനായിരുന്നു നിര്‍ദേശം.

മംഗല്യ സുരേഷ് "പൊലീസ് മന്ത്രി"

ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണവിലാസം നേതാക്കളുടെ സഹായത്തോടെ വികസിച്ച തട്ടിപ്പുകാരനാണ് മംഗല്യ സുരേഷ് എന്ന തട്ടാരമ്പലം ഉഷസില്‍ സുരേഷ്കുമാര്‍. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമുള്ള ഇയാള്‍ പിടിയിലായത് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ്. നിരവധി വാറണ്ടുണ്ടായിട്ടും ഇയാളെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മുന്‍ എംഎല്‍എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇയാളുടെ തട്ടിപ്പുവലയത്തിലെ സുപ്രധാന കണ്ണികളെപോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് പല കേസുകളും നീട്ടിക്കൊണ്ടുപോയതും ഒതുക്കിയതും.

എംഎല്‍എ ആയിരിക്കെ യുഡിഎഫ് ഭരണത്തില്‍ "പൊലീസ് മന്ത്രി" കളിച്ചിരുന്ന ഒരു നേതാവ് ഇയാളുടെ തട്ടിപ്പുകള്‍ക്ക് സുപ്രധാന പങ്കുവഹിച്ചു. എംഎല്‍എ അല്ലാതായിട്ടും എംഎല്‍എയുടെ ലെറ്റര്‍പാഡ് ഉപയോഗിച്ച് മുഖ്യമന്ത്രിയ്ക്കടക്കം ശുപാര്‍ശക്കത്ത് നല്‍കിയ ഈനേതാവ് സുരേഷിനേക്കാള്‍ "കഴിവ്" തെളിയിച്ചിട്ടുണ്ട്. രമേശ്ചെന്നിത്തലയെ അടുത്തിടെ ജില്ലയിലെ യുഡിഎഫ് സ്വീകരണ പരിപാടിയിലേക്ക് വിളിച്ചുവരുത്തി ആക്ഷേപിച്ചുവിട്ടത് ഈ നേതാവിന്റെ ഉമ്മന്‍ചാണ്ടി ഭക്തി ഊട്ടിയുറപ്പിക്കാനായിരുന്നു.

പൊലീസ്മന്ത്രി എതിര്‍ ഗ്രൂപ്പിലായിട്ടും ഇപ്പോഴും ജില്ലയിലെ പൊലീസിന്റെ സ്ഥലംമാറ്റം ഉള്‍പ്പെടെ ഈ നേതാവിന്റെ നിയന്ത്രണത്തിലാണ്. ഇദ്ദേഹവുമായുള്ള അടുത്തബന്ധം മാവേലിക്കര പൊലീസ് സ്റ്റേഷനുകളിലെ നിയമനത്തില്‍വരെ സ്വാധീനം ചെലുത്താന്‍ തട്ടിപ്പുകാരനായ മംഗല്യ സുരേഷിന് സാധിച്ചു. മണ്ണ്-മണല്‍-സ്പിരിറ്റ് ചാരായക്കടത്ത് മാഫിയകളുമായി ബന്ധമുള്ള ഇയാളാണ് ഇവരില്‍നിന്ന് പൊലീസിന് മാസപ്പടി പിരിച്ചുനല്‍കിയിരുന്നത്്. മാവേലിക്കര പുതിയകാവിന് സമീപം വസ്ത്രവ്യാപാരശാല നടത്തിയിരുന്ന ഇയാള്‍ക്കെതിരെ അന്യസംസ്ഥാനങ്ങളില്‍നിന്ന് തുണിത്തരങ്ങള്‍ വണ്ടിച്ചെക്ക് നല്‍കി വാങ്ങിയതിന് മീററ്റ്, വാരണാസി, മുംബൈ എന്നിവിടങ്ങളിലെ കോടതികളില്‍ കേസുണ്ട്. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നാലും കൊല്‍ക്കത്ത ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ടുകളും ഉള്ളപ്പോള്‍ പ്രതി പൊലീസിന്റെ കൈയ്യെത്തും ദൂരത്തുതന്നെ വിലസി. വസ്തുവകകളുടെ ഈടിന്മേല്‍ അമിതപലിശയ്ക്ക് പണം നല്‍കിയിരുന്ന സുരേഷ് ഗ്രാന്റ് കുറീസ് ആന്‍ഡ് ലോണ്‍സ് എന്ന പേരില്‍ ചിട്ടിക്കമ്പനി നടത്തി നിരവധിപേരുടെ സ്വത്ത് തട്ടിയെടുത്തു. പ്രായിക്കര സ്വദേശിയുടെ വീടും പുരയിടവും തട്ടിപ്പിലൂടെ സ്വന്തമാക്കിയതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരാതി നല്‍കിയെങ്കിലും പ്രതിയുടെ ഉന്നതബന്ധംകാരണം ഫലമുണ്ടായില്ല. ഇയാള്‍ക്കെതിരെ പരാതി നല്‍കിയവര്‍ക്ക് പൊലീസ് ഉള്‍പ്പെടെയുള്ളവരുടെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു.

"അയല്‍ക്കൂട്ടം" രൂപീകരിച്ചും വഞ്ചന

മങ്കൊമ്പ്: "അയല്‍ക്കൂട്ടങ്ങള്‍" രൂപീകരിച്ച് വായ്പ ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കിയും ഈ സര്‍ക്കാരിന്റെ കാലത്ത് തട്ടിപ്പുകള്‍ അരങ്ങേറി. ആലപ്പുഴ മണ്ണഞ്ചേരി പാഠകശേരി വീട്ടില്‍ നസീറിന്റെ ഭാര്യ സുനിതയെന്ന നെസ്മില്ലയാണ് (37) ഈ തട്ടിപ്പില്‍ പിടിയിലായത്. ആലപ്പുഴയിലും പരിസരപ്രദേശങ്ങളില്‍നിന്നും പണം തട്ടിയെടുത്ത സുനിത മങ്കൊമ്പില്‍ വീടുകള്‍ കയറിയിറങ്ങിയും പണം തട്ടി. അയല്‍ക്കൂട്ടം മാതൃകയില്‍ മൈക്രോ ഫിനാന്‍സ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലോണ്‍ നല്‍കുമെന്നു പറഞ്ഞായിരുന്നു കബളിപ്പിക്കല്‍.

ഒരുരേഖയും വാങ്ങാതെ തിരിച്ചറിയല്‍ കാര്‍ഡിന്റെയും റേഷന്‍കാര്‍ഡിന്റെയും പകര്‍പ്പുകള്‍ നല്‍കിയാല്‍ 54,000 രൂപ ലോണ്‍ നല്‍കുമെന്നും 4000 രൂപ സബ്സിഡിയിനത്തിലും ബാക്കിതുക മാത്രം തിരിച്ചടച്ചാല്‍ മതിയെന്നും വിശ്വസിപ്പിച്ച് ഇവര്‍ മങ്കൊമ്പില്‍ ഏഴ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഓരോ സ്ത്രീയില്‍നിന്നും 225 രൂപ രജിസ്ട്രേഷന്‍ ഫീസും 10 രൂപ അപേക്ഷാഫീസും വാങ്ങി. 100 രൂപവച്ച് മൂന്നുതവണ നിക്ഷേപിക്കുന്നവര്‍ക്ക് ലോണ്‍ നല്‍കുമെന്ന് പ്രചരിപ്പിച്ചു. വിവിധ പേരുകള്‍ നല്‍കി രൂപീകരിച്ച ഗ്രൂപ്പുകളില്‍ 10 മുതല്‍ 16വരെ അംഗങ്ങളെ ചേര്‍ത്തു. ഇവരില്‍ ഓരോരുത്തരുടെ പക്കല്‍നിന്നും 535 രൂപവീതം സ്വീകരിച്ചു. പിന്നീടാണ് ഇവര്‍ പറഞ്ഞതെല്ലാം തട്ടിപ്പാണെന്ന് മനസ്സിലായത്. ഒറ്റദിവസംകൊണ്ട് 25,800 ല്‍പരം രൂപ സ്ത്രീകളില്‍നിന്നും തട്ടിയെടുത്തു. കൈചൂണ്ടിമുക്കിലാണ് ഇതേതരത്തില്‍ ആദ്യമായി തട്ടിപ്പ് നടത്തിയതെന്നും തുടര്‍ന്ന് ജില്ലയുടെ വിവിധയിടങ്ങളില്‍ 50ഓളവും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പണം തട്ടിയെടുത്തതായി ഇവര്‍ പിന്നീട് പൊലീസിനോട് സമ്മതിച്ചു.

തണലായത് മുഖ്യമന്ത്രിയുടെ ഓഫീസ്

ചേര്‍ത്തല: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ചേര്‍ത്തല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തട്ടിയത് കോടിയിലേറെ രൂപ. കഞ്ഞിക്കുഴി കളത്തിവീട് ജങ്ഷനുസമീപം കാരുവള്ളി രാജുവാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഉദ്യോഗം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. വൃക്കകള്‍ തകരാറിലായി അവശതയില്‍ കഴിയുന്ന അരീപ്പറമ്പ് സ്വദേശിക്ക് സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശിക തുക ഒഴിവാക്കി നല്‍കാമെന്ന് ധരിപ്പിച്ചും അരലക്ഷം രൂപ തട്ടി. ഇരകളെയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പലകുറി കൊണ്ടുപോയി വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് പരമ്പര. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആലപ്പുഴക്കാരനായ ഉന്നതനും പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട സരിതാക്കേസിലെ കക്ഷിയും രാജുവിന് തുണയായതായി തട്ടിപ്പിന് ഇരയായവര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അസാധാരണ ബന്ധവും സ്വാധീനവുമായിരുന്നു രാജുവിന്. എപ്പോഴും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം. ഉന്നതരുടെ ഉള്‍പ്പെടെ ഹൃദ്യമായ വരവേല്‍പ്പാണ് രാജുവിനും ഒപ്പം ചെല്ലുന്ന ഇരകള്‍ക്കും ലഭിച്ചത്. ചില ഇരകള്‍ക്ക് രാജുവിനൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഒരുവട്ടം ഓണസദ്യ ഉണ്ണാനുള്ള അവസരവും ലഭിച്ചു. ഒടുവില്‍ പരാതികളുടെ പ്രവാഹമായപ്പോള്‍ പൊലീസ് അന്വേഷണവും അറസ്റ്റുമായി. നടപടിക്ക് സരിതാക്കേസ് നിര്‍ബന്ധിത സാഹചര്യമൊരുക്കുകയായിരുന്നു. പ്രതിയെ പിടികൂടി കേസുകള്‍ ഒന്നിന് പുറകെ ഒന്നായി രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ബോധ്യപ്പെട്ടതോടെ തുടരന്വേഷണം നിലച്ചു.

അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കേസില്‍ ഉന്നതബന്ധം സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി. ചോദ്യം ചെയ്യലും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം പൊലീസിന് വ്യക്തമായി. ഇതോടെ രാജുവില്‍ മാത്രമായി പ്രതിപ്പട്ടിക ഒതുങ്ങി. 17 കേസുകളാണ് ചേര്‍ത്തല, ആലപ്പുഴ കോതികളിലായുള്ളത്. പക്ഷെ, തട്ടിയെടുത്ത പണം വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. കേസുകളിലെല്ലാം പ്രതി ജാമ്യമെടുത്തു.

deshabhimani

No comments:

Post a Comment