Thursday, February 27, 2014

ബിഎസ്എഫ് കേന്ദ്രം ഉദ്ഘാടനം യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയാക്കി

നാദാപുരം: പ്രാദേശിക നേതാക്കള്‍ നേരത്തെ എത്തി വിഐപി കസേരപിടിച്ചപ്പോള്‍ കെപിസിസി നേതാവ് ഉള്‍പ്പെടെ പുറത്ത്. അക്ഷരാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് കോലാഹലമായിരുന്നു അരീക്കരക്കുന്നിലെ ബിഎസ്എഫ് ഉദ്ഘാടന വേദി. പരസ്പരം പുകഴ്ത്തി കേന്ദ്രആഭ്യന്തര മന്ത്രിയും സഹമന്ത്രിയും ചടങ്ങ് പൊലിപ്പിച്ചു. യുഡിഎഫ് നേതൃത്വം കൈയൊഴിഞ്ഞപ്പോള്‍ മുല്ലപ്പള്ളിക്ക് സീറ്റ് ഉറപ്പിക്കാനുള്ള വേദിയായും അരീക്കരക്കുന്ന് മാറി. ലോക സഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി വടകരയില്‍ തന്നെ മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെകൊണ്ട് പ്രഖ്യാപനം നടത്തിച്ചതോടെ രംഗം പൂര്‍ത്തിയായി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നറിഞ്ഞതോടെയാണ് അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ മുല്ലപ്പള്ളി കോപ്പ് കൂട്ടിയത്. സൈനിക സ്കൂളും ആശുപത്രിയുമില്ലാതെ താല്‍ക്കാലിക കെട്ടിടങ്ങള്‍ നിര്‍മിച്ചാണ് ഉദ്ഘാടനം നടത്തിയത്. തൊട്ടടുത്ത വളയം പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കസേര നല്‍കാതെയും ജനപ്രതിനിധികളെ അപമാനിച്ചും യുഡിഎഫ് ഇതര രാഷ്ട്രീയ നേതാക്കളെ അവഗണിച്ചുമായിരുന്നു ഉദ്ഘാടനം. മുല്ലപ്പള്ളിക്ക് പ്രിയപ്പെട്ട ആര്‍എംപി നേതാവ് വേണുവിനെ വേദിയില്‍ എത്തിച്ചതും ജനപ്രതിനിധികളെ പുറത്തിരുത്തി ഡിസിസി പ്രസിഡന്റ് കെ സി അബു സര്‍ക്കാര്‍ പരിപാടി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ ഒരുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ അഞ്ഞൂറ് പേര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമുണ്ടായിരുന്നില്ല. ഉത്തരമേഖല ഐജി ശങ്കര്‍ റെഡ്ഡി, റൂറല്‍ എസ്പി പി കെ അഷറഫ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.

കേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നിര്‍വഹിച്ചു. ബിഎസ്എഫ് ഭടന്മാര്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കിയാണ് മന്ത്രിയെ സ്വീകരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. ഇ കെ വിജയന്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ദേവി, പഞ്ചായത്ത് പ്രസിഡന്റ് എ ആമിന എന്നിവര്‍ സംസാരിച്ചു. ബിഎസ്എഫ് സ്പെഷല്‍്യ ഡയരക്ടര്‍ ജനറല്‍ ദേവേന്ദ്രകുമാര്‍ പഥക് സ്വാഗതവും ഡിഐജി ജോര്‍ജ് മാഞ്ഞൂരാന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment