ആദ്യം രക്തഹാരമണിയിച്ചത് ശാരദയായിരുന്നു. ആറളം ഭൂസമരവുമായി ബന്ധപ്പെട്ട് 21 ദിവസം ഇവര്‍ ജയിലില്‍ അടക്കപ്പെട്ട കാര്യം കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞയുടന്‍ ശാരദയെ ധീരവനിതയെന്ന് വിശേഷിച്ച് ഷാളണയിച്ച് സ്ഥാനാര്‍ഥി ആദരിച്ചു. പിന്നീട് ഊരുമൂപ്പന്മാര്‍ ഹാരമണയിച്ചു. സ്വീകരിക്കാനെത്തിയ ചെറുപ്പക്കാരിലൊരാള്‍ക്ക് പ്രസംഗിക്കണമെന്ന് ആഗ്രഹം പറഞ്ഞത് ടീച്ചറിന്റെ കാതിലെത്തി. വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞ് യുവാവ് പിന്മാറാന്‍ നോക്കിയെങ്കിലും സ്ഥാനാര്‍ഥി വിട്ടില്ല. ഒടുവില്‍ ടീച്ചറെ ജയിപ്പിക്കണമെന്ന് മൈക്കിലൂടെ രണ്ട് വാക്കുകള്‍ പറഞ്ഞൊപ്പിച്ചതും "കലക്കിയെടാ ഷിബൂ" എന്ന് ഒപ്പമുണ്ടായവരുടെ പ്രശംസ. കൈക്കുടന്ന നിറയെ കണിക്കൊന്നയുമായി കാത്തിരുന്ന കുരുന്നുകള്‍ സ്വീകരണ കേന്ദ്രങ്ങളിലെ ഹൃദ്യമായ കാഴ്ചയായി. കാക്കയങ്ങാട്ടെ സ്വീകരണ കേന്ദ്രത്തില്‍ ടീച്ചര്‍ക്കായി ഒന്നാം ക്ലാസുകാരന്‍ വിജയാഭ്യര്‍ഥന നടത്തിയതും പുതുമയായി. എബിന്‍ എന്ന മിടുക്കനായിരുന്നു അഭ്യര്‍ഥന നടത്തിയത്.
ആറളത്ത് കാത്തുനിന്നവരില്‍ കുടുംബശ്രീപ്രവര്‍ത്തകരെ കണ്ട് സ്ഥാനാര്‍ഥി അവരുടെയരികിലേക്ക്. പേരാവൂര്‍ മണ്ഡലത്തിലായിരുന്നു ഞായറാഴ്ചത്തെ പര്യടനം. ഹ്രസ്വവും ലളിതവുമായ വാക്കുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ നിരത്തി മൂന്നാം മുന്നണി അധികാരത്തിലെത്തേണ്ട ആവശ്യകത വിവരിക്കും. കോടതിപോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിച്ച കാര്യവും ഓര്‍മപ്പെടുത്തും. കേളകം പഞ്ചായത്തിലെ അടക്കാതോടിലായിരുന്നു ആദ്യ സ്വീകരണം. പിന്നീട് ശാന്തിഗിരിയിലെത്തി. ഇവിടെ നിന്നും മന്ദംചേരിയിലേക്ക്. അവിടെ സ്വീകരണത്തിന് ശേഷം എസ്എന്‍ എല്‍പി സ്കൂളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാനെത്തിയവരെ കണ്ടു. മുഴക്കുന്ന് നരിയാലപൊയില്‍ കോളനിയില്‍ വിജീഷും കവിതയും തമ്മിലുള്ള വിവാഹത്തിലും പങ്കെടുത്തു. കട്ടേങ്കണ്ടത്തിലാണ് പര്യടനം സമാപിച്ചത്. വി ജി പത്മനാഭന്‍, കെ എം ജോസഫ്, ടി വി രാജേഷ് എംഎല്‍എ, ഡോ. വി ശിവദാസന്‍, സി ടി അനീഷ്, പി പി അശോകന്‍, കെ പി കുഞ്ഞികൃഷ്ണന്‍, വി ഷാജി, പി റോസ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു
deshabhimani
No comments:
Post a Comment