Saturday, May 24, 2014

തൊഴിലുറപ്പ് പദ്ധതി തകരുന്നത് 28 ലക്ഷം കുടുംബങ്ങള്‍ക്ക് തിരിച്ചടി

കണ്ണൂര്‍: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കരിനിഴല്‍ പടര്‍ത്തുന്നത് സംസ്ഥാനത്തെ 28 ലക്ഷത്തോളം കുടുംബങ്ങളില്‍. കൂലികൂടുതലും 200 തൊഴില്‍ദിനങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പ്രക്ഷോഭം നടത്തുമ്പോഴാണ് നിലവിലുള്ള തൊഴില്‍സാധ്യതയും വെട്ടിക്കുറച്ച് സര്‍ക്കാര്‍ തൊഴിലാളികളുടെ വയറ്റത്തടിച്ചത്. തൊഴിലുറപ്പ് പദ്ധതി പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ച് തൊഴിലവസരം വര്‍ധിപ്പിക്കണമെന്നതാണ് യൂണിയന്റെ ആവശ്യങ്ങളിലൊന്ന്. പശുപരിപാലനം, നീര്‍ത്തട പ്രോജക്ട് എന്നിവ തയ്യാറാക്കി ഇതു സാധ്യമാക്കാന്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ല.

കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്തുള്ള മാനദണ്ഡങ്ങളിലെ ഇളവുകള്‍ ഉപേക്ഷിക്കുന്നതും ദേശീയസാഹചര്യം പരിഗണിച്ചുള്ള, തൊഴിലുറപ്പ് നിയമത്തിന്റെ പട്ടിക-ഒന്ന് നിര്‍ബന്ധിതമാക്കുന്നതുമാണ് തിരിച്ചടിയാകുന്നത്. രജിസ്റ്റര്‍ചെയ്തവര്‍ക്ക് നാമമാത്രമായെങ്കിലും തൊഴില്‍ നല്‍കാനുള്ള സാഹചര്യം നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പ്രയാസത്തിലാകും. ഇടതുപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ നിര്‍ബന്ധിതമായത്.

2005 സെപ്തംബര്‍ അഞ്ചിനാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്. പത്തുവര്‍ഷമായിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിയില്ല. നടത്തിപ്പില്‍ വീഴ്ച വരുത്തി പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. തൊഴിലുറപ്പ് പദ്ധതി നിയമം അനുശാസിക്കുന്ന ഒരു പരിഗണനയും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. തൊഴില്‍ സമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ്. ഇത് നാലുവരെയാക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. പെന്‍ഷന്‍, ഓണക്കോടി തുടങ്ങിയ പ്രഖ്യാപനങ്ങളും നടപ്പായില്ല. 180 രൂപയാണ് കൂലി. അതുതന്നെ ഇപ്പോള്‍ മുഴവനായി കൊടുത്തു തീര്‍ന്നിട്ടില്ല. വിലക്കയറ്റവും ജീവിതച്ചെലവുംമൂലം പൊറുതിമുട്ടുമ്പോള്‍ കൂലി 320 രൂപയെങ്കിലുമാക്കണമെന്നാണ് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ആവശ്യപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയും ഇപ്പോള്‍ പൂര്‍ണമായും അവതാളത്തിലായി.

deshabhimani

No comments:

Post a Comment