Tuesday, March 12, 2019

മാതൃകാ എംപിയായി ചാലക്കുടിയുടെ ഇന്നസെന്റ്‌ രണ്ടാമൂഴത്തിന‌്

ഇന്നസെന്റ്‌ (71). 2014ൽ ചാലക്കുടിയിൽ നിന്നും എൽഡിഎഫ‌് സ്വതന്ത്രനായി മത്സരിച്ച‌് 13,854 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. പാർലമെന്റിൽ രാസ–രാസവളം, വിവര–-വിനിമയ സമിതികളിൽ അംഗമായി. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായിരുന്നു. എഴുന്നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 14 വർഷം പ്രവർത്തിച്ചു. എഴുത്തുകാരനായും കോളമിസ‌്റ്റായും പത്രങ്ങളിലും ആനുകാലികങ്ങളിലും നിറഞ്ഞുനിന്നു. തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി ഇരിങ്ങാലക്കുടയിൽ 1948 ഫെബ്രുവരി 28നാണ‌് ജനനം. ഇപ്പോൾ ഇരിങ്ങാലക്കുട സൗത്ത‌് ബസാറിൽ ‘പാർപ്പിട’ത്തിൽ താമസം. ഭാര്യ: ആലീസ‌്. മകൻ: സോണറ്റ‌്. മരുമകൾ: രശ‌്മി.

അനുഭവങ്ങളാണ‌് ഊർജമെന്നും രോഗങ്ങൾക്ക‌് തളർത്താനാവുന്നതല്ല സാമൂഹ്യപ്രതിബദ്ധതയെന്നും ചിരിച്ചുകൊണ്ട‌് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന മനുഷ്യൻ–- ഒറ്റവാചകത്തിൽ ഇന്നസെന്റിനെ വിശേഷിപ്പിക്കാം.

നടൻ, ചലച്ചിത്രനിർമാതാവ‌്, എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ, സംഘാടകൻ. 16–-ാം ലോക‌്സഭയിലേക്ക‌് മത്സരിക്കുമ്പോൾ, ‘വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന താരം മണ്ണിലിറങ്ങി എന്തുചെയ്യാൻ?’ എന്ന‌് പരിഹസിച്ചവരുടെ വായടപ്പിച്ച‌്, മാതൃകാ എംപിയായി രണ്ടാമൂഴത്തിനൊരുങ്ങുകയാണ‌് ഇന്നസെന്റ‌്.  മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ പ്രോഗ്രസ‌് റിപ്പോർട്ട‌് ജനങ്ങൾക്കു മുമ്പിൽ സമർപ്പിച്ചാണ‌് വീണ്ടും ജനവിധി തേടുന്നത‌്.

ദീർഘവീക്ഷണത്തോടെ പദ്ധതികൾ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി ആവിഷ‌്കരിച്ച എംപിയായി പേരെടുത്തു. നടനിൽനിന്ന‌് സാമൂഹ്യപ്രവർത്തകനിലേക്കുള്ള വേഷപ്പകർച്ചയിൽ നേട്ടങ്ങളുടെ നീണ്ട പട്ടികയാണ‌് ഇന്നസെന്റ‌് കൈക്കലാക്കിയത‌്. മുൻ എംപിയുടെ പ്രവർത്തനരഹിതമായ ഫണ്ടുകൂടി ഉപയോഗപ്പെടുത്തി എംപി ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട‌് സോഷ്യൽ ഓഡിറ്റിങ‌് ആദ്യമായി നടപ്പാക്കിയ മണ്ഡലമായി ചാലക്കുടിമാറി. 1750 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ എത്തിച്ചു. 110 ശതമാനം എംപി ഫണ്ട‌് പദ്ധതികൾക്ക‌് ഭരണാനുമതി വാങ്ങിയ എംപിയായി കൈയടി നേടി.
1972ൽ ‘നൃത്തശാല’യിലൂടെ നടനായി രംഗപ്രവേശംചെയ‌്തു. എഴുന്നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ച‌് ഹാസ്യാഭിനയത്തിന‌് തന്റേതായ ശൈലി പകർന്ന നടനായി. സംസ്ഥാന ചലച്ചിത്ര പുരസ‌്കാരത്തിനും ഒട്ടേറെ സ്വകാര്യ പുരസ‌്കാരങ്ങൾക്കും അർഹനായി. ഹിന്ദി, തമിഴ‌്, കന്നഡ, തെലുങ്ക‌് സിനിമകളിൽ അഭിനയിച്ചു.

No comments:

Post a Comment