Tuesday, March 12, 2019

നാടിന്റെ സമ്പത്ത‌് , നേട്ടങ്ങളുടെ വലിയ പട്ടികയുമായി ഡോ. എ സമ്പത്ത‌് വീണ്ടും തെരഞ്ഞെടുപ്പ‌് ഗോദയിലേക്ക്‌

എ സമ്പത്ത‌്(56). സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സമിതിയംഗം, ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 1990ൽ തിരുവനന്തപുരം ലോകോളേജിൽ നിന്ന‌് ഒന്നാംറാങ്കിൽ എൽഎൽഎം നേടി. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌്, സംസ്ഥാന കമ്മിറ്റി അംഗം, എസ‌്എഫ‌്ഐ  മുഖമാസിക സ‌്റ്റുഡന്റ‌ിന്റെ പ്രത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ലേബർ ആൻഡ‌് എംപ്ലോയ‌്മെന്റ‌് (കിലെ) ചെയർമാനായിരുന്നു. കേര‌ള സർവകലാശാല അക്കാദമിക‌് കൗൺസിൽ അംഗമായും രണ്ട‌ുതവണ സെനറ്റ‌് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. മയക്കുമരുന്ന‌് നിരോധന നിയമത്തിൽ കേരള സർവകലാശലയിൽനിന്ന‌് ഡോക്ടറേറ്റ‌്. തിരുവനന്തപുരം ബാറിൽ 31 വർഷമായി അഭിഭാഷകനാണ‌്. ലോ കോളേജ‌് അധ്യാപകനായും നിയമനം ലഭിച്ചു. എന്നാൽ പൊതു പ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ചു.അമ്മ പരേതയായ സുധർമ്മ. ഭാര്യ: ലിസി ഇന്ദിര. മക്കൾ: അശ്വതി സമ്പത്ത‌് , സമൃദ്ധി സമ്പത്ത‌്

നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ‌് ഡോ. എ സമ്പത്ത‌്  വീണ്ടും തെരഞ്ഞെടുപ്പ‌് ഗോദയിലിറങ്ങുന്നത‌്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനംചെയ്ത‌് ജനങ്ങളുടെ പ്രിയപ്പെട്ടവനായ എ സമ്പത്ത‌് എംപി ‘വികസനവും  ജനക്ഷേമവും’ എന്ന  മുദ്രവാക്യവുമായാണ‌് ആറ്റിങ്ങലിൽനിന്ന‌് വീണ്ടും ജനവിധി തേടുന്നത‌്.. കൊച്ചുകുട്ടിയായിരുന്നപ്പോൾ തുടങ്ങിയതാണ‌് രാഷ്ട്രീയവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. 1965ൽ അച്ഛൻ കെ അനിരുദ്ധൻ ജയിലിൽകിടന്ന‌് ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ ആർ ശങ്കറിനെതിരെ മൽസരിച്ചപ്പോൾ മൂന്നു വയസ്സായിരുന്നു സമ്പത്തിന‌്.

അന്ന‌് അച്ഛനുവേണ്ടി വോട്ട‌് ചോദിക്കാൻ സമ്പത്തുമുണ്ടായിരുന്നു. 1967ൽ ആർ ശങ്കറിനെതിരെ ചിറയിൻകീഴ‌് ലോക‌്സഭാ മണ്ഡലത്തിൽ  കെ അനിരുദ്ധൻ മൽസരിച്ചപ്പോഴും സമ്പത്ത‌് പ്രചാരണരംഗത്തെ കൗതുകമായി. കഴിഞ്ഞ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ  69,378 വോട്ടിനാണ‌് സമ്പത്ത‌് കോൺഗ്രസിലെ ബിന്ദു കൃഷ‌്ണയെ പരാജയപ്പെടുത്തിയത‌്.കർഷകരും കർഷകതൊഴിലാളികളും പരമ്പരാഗത തൊഴിലാളികളുമടങ്ങുന്ന മണ്ഡലത്തിലെ  ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സമ്പത്ത‌് പ്രത്യേക മിടുക്ക‌് കാട്ടി. യുഡിഎഫ‌് ഭരണകാലത്ത‌് പരിമിതികളുടെയും പരാധീനതകളുടൈയും നടുവിലായിരുന്ന സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ എംപി നടത്തിയ വികസന പ്രവർത്തനം വിപ്ലവകരമാണ‌്. പഠന–-ഗവേഷണത്തിലും പ്രചാരണത്തിലും സമ്പത്തിന്റെ വിഷയവും ആരോഗ്യം തന്നെ.

ആറ്റിങ്ങൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്കും ആംബുലൻസ‌് അനുവദിച്ച‌് മാതൃകയായി. ആറ്റിങ്ങൽ ബൈപ്പാസ‌്, പ്രേംനസീർ സ‌്മാരകം, നെടുമങ്ങാട‌് കേന്ദ്രീയ വിദ്യാലയം, വർക്കല റെയിൽവേ സ‌്റ്റേഷൻ ആധുനികവൽക്കരണം, ആറ്റിങ്ങൽ പാസ‌്പോർട്ട‌് ഓഫീസ‌്, വർക്കല ക്ലിഫ‌്...  അദ്ദേഹത്തിന്റെ വികസനപ്രവർത്തങ്ങളുടെ പട്ടിക  നീ‌ളുകയാണ‌്.പാർലമെന്റിലും രാജ്യം ശ്രദ്ധിക്കുന്ന അംഗങ്ങളിലൊരാളാണ‌് സമ്പത്ത‌്. ജനങ്ങളുടെ ജീവൽപ്രശ‌്നങ്ങൾ മുതൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾവരെ അദ്ദേഹം സഭയിൽ ഉന്നയിച്ചു. ഹാജർനിലയിലും ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും റെക്കോർഡ‌് സൃഷ‌്ടിച്ചു. അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ച‌് എംപി ഫണ്ട‌് വിനിയോഗത്തിലും മുന്നിലാണ‌് സമ്പത്ത‌്.

മികച്ച പാർലമെന്റേറിയനുളള രാജീവ‌് ഗാന്ധി ഇന്റർനാഷണൽ അവാർഡ‌്, പാലിയേറ്റീവ‌് പ്രവർത്തനത്തിന‌് പ്രഥമ  പാലിയം പുരസ‌്കാർ, മികച്ച പൊതുപ്രവർത്തകനുള്ള അഡ്വ. പിരപ്പൻകോട‌് ശ്രീധരൻനായർ അവാർഡ‌് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

No comments:

Post a Comment