Tuesday, March 12, 2019

ആലപ്പുഴയുടെ "നന്മ നക്ഷത്രം' എ എം ആരിഫ്‌

എ എം ആരിഫ്‌ (55). സിപിഐ എം ജില്ലാ കമ്മിറ്റിയംഗം. ഡിവൈഎഫ്ഐ ജില്ലാ വൈസ‌് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം ചേർത്തല ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ആനുകാലികങ്ങളിൽ  കവിതകളും ലേഖനങ്ങളും എഴുതാറുണ്ട‌്. അഭിഭാഷകനായും പ്രവർത്തിച്ചു.
പൊലീസുകാരനായ അബ്ദുൾ മജീദിന്റെയും നബീസ (തങ്കമ്മ)യുടെയും മകൻ. ആലപ്പുഴ എസ‌്ഡി കോളേജ‌്, ചേർത്തല എസ‌്എൻ കോളേജ‌്,  തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ‌് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലപ്പുഴ ഇരവുകാട‌് ആരുണ്യം വീട്ടിലാണ‌് താമസം. ഭാര്യ: ഡോ. ഷഹനാസ‌്. മക്കൾ: സൽമാൻ ആരിഫ‌്, റിസ‌്‌വാന ആരിഫ‌്.

മുമ്പൊരിക്കൽ ഒരു പംക്തിയിൽ എഴുത്തുകാരൻ ബെന്യാമിൻ എ എം ആരി‌ഫ‌് എംഎൽഎയെ വിശേഷിപ്പിക്കാൻ ‘നന്മനക്ഷത്രം’ എന്ന പ്രയോഗമാണുപയോഗിച്ചത‌്. രക്ഷിതാക്കളിൽ ആരെങ്കിലും മരിച്ചാൽ വിദ്യാർഥികൾക്ക‌് പഠനാവശ്യത്തിന‌് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന‌് നിയമസഭയിൽ സബ‌്മിഷൻ വഴി ആവശ്യപ്പെട്ട‌ത‌് ചൂണ്ടിക്കാട്ടിയായിരുന്നു ബെന്യാമിന്റെ പ്രയോഗം. ആയിരക്കണക്കിന‌് വിദ്യാർഥികൾക്ക‌് സ‌്നേഹപൂർവം പദ്ധതിയുടെ പ്രയോജനം ലഭിച്ചത‌് ആരിഫിന്റെ ഇടപെടൽകൊണ്ടാണെന്ന‌് ഉദ‌്ഘാടനച്ചടങ്ങിൽ ഡോ. എം കെ മുനീറിനു പ്രഖ്യാപിക്കേണ്ടിവന്നു.

എസ‌്എഫ‌്ഐയിലൂടെയാണ‌്  പൊതുരംഗത്തേക്ക‌് എത്തുന്നത‌്. സൗമ്യമായ പെരുമാറ്റവും ദീർഘവീക്ഷണത്തോടെ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളും വഴി അരൂരിന്റെ മനസുതൊട്ട എംഎൽഎ.  ഓരോതവണയും ഭൂരിപക്ഷം വർധിപ്പിച്ചാണ‌് ആരിഫിനെ അരൂരുകാർ സ‌്നേഹിച്ചത‌്. കെ ആർ ഗൗരിയമ്മയെ 2006ലെ തെരഞ്ഞെടുപ്പിൽ 4650 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നിയമസഭയിലെത്തി. മണ്ഡലത്തിന്റെ സമഗ്രവികസനത്തിന‌് മാസ‌്റ്റർ പ്ലാൻ കൊണ്ടുവന്നു. 2011ൽ 16850 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്നത്തെ ഡിസിസി പ്രസിഡന്റ‌് എ എ ഷുക്കൂറിനെയും 2016ൽ യുഡിഎഫ‌് ജില്ലാ ചെയർമാൻ സി ആർ ജയപ്രകാശിനെ 38519 വോട്ടിനും പരാജയപ്പെടുത്തി ഹാട്രിക‌്. യുഡിഎഫിന‌് മേൽക്കൈയുണ്ടായിരുന്ന ജില്ലാ കൗൺസിൽ അരൂക്കുറ്റി ഡിവിഷൻ എസ‌്എഫ‌്ഐ നേതാവായിരിക്കേ പിടിച്ചെടുത്തുകൊണ്ടാണ‌് 1990ൽ തെരഞ്ഞെടുപ്പു രാഷ‌്ട്രീയത്തിൽ ആരിഫ‌് കന്നിയങ്കം കുറിച്ചത‌്.

അരൂരിൽ 2013, 14, 19 വർഷങ്ങളിൽ തൊഴിൽ മേളകൾ വിജയകരമായി സംഘടിപ്പിച്ചു. അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന അരൂർ ഗവ. ഹൈസ‌്കൂളിനെ ഏറ്റെടുത്ത‌് എസ‌്എസ‌്എൽസിക്ക‌് 100 ശതമാനം വിജയം നേടുന്ന സ‌്കൂളാക്കി മാറ്റി. ചന്തിരൂർ ഗവ. എച്ച‌്എസ‌്എസിൽ സംസ്ഥാനത്ത‌് ആദ്യമായി സർക്കാർ സ‌്കൂളിൽ മൾട്ടിമീഡിയ ഡിജിറ്റൽ എയർ കണ്ടീഷൻഡ‌് ക്ലാസ‌് മുറികൾ ആരംഭിച്ചു. സ‌്മാർട‌് ക്ലാസ‌് റൂം 2007ൽ അരൂർ സെന്റ‌് അഗസ‌്റ്റിൻസ‌് സ‌്കൂളിൽ നടപ്പിലാക്കി.

‌എൽഡിഎഫ‌് സർക്കാരിന്റെ 1000 ദിവസങ്ങളിൽ 1000 കോടി രൂപയുടെ വികസന പദ്ധതികളാണ‌് അരൂരിന‌് സ്വന്തമായത‌്. നഷ‌്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളായ തുറവൂർ സിൽക്ക്, അരൂർ കെൽട്രോൺ കൺട്രോൾസ് എന്നിവ ലാഭത്തിലാക്കി. കേരളത്തിലെ നീളം കൂടിയ പാലങ്ങളിലൊന്നായ പെരുമ്പളംപാലം 100കോടി ചെലവിൽ നിർമാണം തുടങ്ങി.

No comments:

Post a Comment