Tuesday, March 12, 2019

പാലക്കാടിന്റെ ജനകീയൻ എം ബി രാജേഷ്‌ മൂന്നാമങ്കത്തിന‌്

എം ബി രാജേഷ്‌ (48). സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം. ഒറ്റപ്പാലം എൻഎസ‌്എസ‌് കോളേജിൽനിന്ന‌് സാമ്പത്തികശാസ‌്ത്രത്തിൽ ബിരുദാനന്തരബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന‌് നിയമബിരുദവും. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക‌്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌്, അഖിലേന്ത്യാ പ്രസിഡന്റ‌് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ലും 2014ലും പാർലമെന്റ‌് അംഗമായി. ദ വീക്കിന്റെ മികച്ച യുവ പാർലമെന്റേറിയനുള്ള അവാർഡ‌്, മനോരമ ന്യൂസിന്റെ കേരളത്തിലെ  മികച്ച പാർലമെന്റംഗത്തിനുള്ള അവാർഡ‌്, ചെറിയാൻ ജെ കാപ്പൻ അവാർഡ‌്, കോട്ടയം ലയൺസ‌് ക്ലബ്ബിന്റെ ഗ്ലോബൽ മലയാളം ഫൗണ്ടേഷൻ അവാർഡ‌്, എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി പുസ‌്തകങ്ങൾ പ്രസിദ്ധീകരിച്ചു. സൈനിക ഉദ്യോഗസ്ഥനായ ചളവറ കയില്യാട‌് മാമ്പറ്റ ബാലകൃഷ‌്ണൻനായരുടേയും എം കെ രമണിയുടേയും മകനായി 1971ൽ പഞ്ചാബിലെ ജലന്ധറിൽ ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി. മക്കൾ: നിരഞ‌്ജന, പ്രിയദത്ത.

എവിടെയും എപ്പോഴും ഓടിയെത്തുന്ന ജനകീയ എംപിയാണ‌് പാലക്കാട‌് നിന്നും വീണ്ടും ജനവിധി തേടുന്ന എം ബി രാജേഷ‌്. ലോക‌്സഭയിൽ ശക്തിയുക്തം വാദപ്രതിവാദങ്ങൾ നടത്തി എതിരാളികളെ തറപറ്റിക്കുന്ന രാജേഷ‌ിന‌് മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും നാട്ടുകാരിലൊരാളായി മാറാനും സാധിച്ചു. വാഗ്‌ദാനങ്ങൾ ഏകദേശം പൂർണമായിത്തന്നെ നടപ്പാക്കിയതിന്റെ ചാരിതാർഥ്യത്തോടെയാണ് രാജേഷ് മൂന്നാമങ്കത്തിനിറങ്ങുന്നത്‌.
രാജ്യത്താദ്യമായി ഒരു എംപിയുടെ  മുൻകൈയിൽ സ‌്കോളർഷിപ്പ‌് പദ്ധതി ഏർപ്പെടുത്തിയത‌്  പാലക്കാട്ടാണ്‌. ‘പ്രഡിക്ട‌്’എന്ന പദ്ധതിയിലൂടെ സാമ്പത്തികപ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക‌് മാസം ആയിരം രൂപ സ‌്കോളർഷിപ്പ‌് നൽകുന്നു. എല്ലാവർക്കും വ്യായാമത്തിനായി കോട്ടമൈതാനിയിൽ ഓപ്പൺ ജിംനേഷ്യം. ഒറ്റപ്പാലത്ത‌് വർഷത്തിൽ കാൽലക്ഷം പേർക്ക‌് സൗജന്യ ഡയാലിസിസ്‌ സൗകര്യമൊരുക്കിയതുൾപ്പെടെ ആരോഗ്യരംഗത്തെ ഇടപെടലുകളും ശ്രദ്ധേയം.

മിനി നവരത‌്ന കമ്പനിയായ ഭാരത‌് എർത‌് മൂവേഴ‌്സ‌് ലിമിറ്റഡ‌് (ബെമൽ) സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തിയത്‌ എം ബി രാജേഷാണ്‌. 56000 കോടി ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനം വെറും 518 കോടി രൂപയ‌്ക്ക‌് റിലയൻസിന‌് വിൽക്കാനായിരുന്നു നീക്കം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും തൊഴിലാളികൾ ശക്തമായ പ്രക്ഷോഭമാരംഭിക്കുകയും ചെയ്‌തതോടെ കേന്ദ്രസർക്കാരിന്‌ തീരുമാനം പിൻവലിക്കേണ്ടിവന്നു. ഇതിനായി പൊരുതിയ എം ബി രാജേഷിനെ ബെമൽ ബംഗളൂരു യൂണിറ്റിലെ ജീവനക്കാർ പാലക്കാട്ടെത്തി ആദരിച്ചു.
മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ‌്ട്രുമെന്റേഷൻ ലിമിറ്റഡ‌് സ്വകാര്യ മുതലാളിമാരുടെ കൈയിലാകുകയോ പൂട്ടുകയോ ചെയ്യുമെന്ന ഘട്ടത്തിലും എംപി രക്ഷക്കെത്തി. അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ട‌് സ്ഥാപനം സംസ്ഥാന സർക്കാരിന‌് സ്വന്തമായി.

യുപിഎ ഭരണകാലത്ത‌് എട്ട‌് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും ലഭിക്കാതിരുന്ന ഐഐടി ഏറ്റവും വേഗത്തിൽ പ്രാവർത്തികമാക്കിയതിനുപിന്നിലും രാജേഷിന്റെ ശക്തമായ ഇടപെടലാണ്‌. 2009ൽ 1820 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച വോട്ടർമാർ അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഒരുലക്ഷം കടത്തിയത്‌ എംപിയുടെ മികവിനുള്ള അംഗീകാരമായിരുന്നു.

No comments:

Post a Comment