Tuesday, March 12, 2019

മലനാടിന്റെ വികസന നായകൻ; ഇടുക്കിയുടെ ജോയ്‌സ്‌ ജോർജ്ജ്‌

ജോയ‌്സ‌്ജോർജ‌് ( 48 ). കന്നിയങ്കത്തിൽ 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടുക്കി ‐ വാഴത്തോപ്പിൽ ആദ്യകാല കുടിയേറ്റ കുടുംബമായ പാലിയത്ത്വീട്ടിൽ ജോർജിന്റെയും മേരിയുടെയും മകനായി 1970 ഏപ്രിൽ 26 ന് ജനനം. തൊടുപുഴ ന്യൂമാൻ കോളേജിലും മാന്നാനം കെഇ കോളേജിലുമായി ഗണിതശാസ്ത്രത്തിൽ ബിരുദപഠനം. തിരുവനന്തപുരം ലയോള കോളേജിൽനിന്നും ഉയർന്ന മാർക്കോടെ എംഎസ്‌ഡബ്ല്യൂ. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽനിന്നും നിയമബിരുദം. തുടർന്ന്‌ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വർഷത്തെ അഭിഭാഷകവൃത്തി. ഭാര്യ അനൂപ ജോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക. ഏക മകൻ ജോർജിൻ ജോർജ‌് പത്താം ക്ലാസ്‌ വിദ്യാർഥി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെയുള്ള മലയോര ജനതയുടെ പ്രതിഷേധ സമരത്തിന്റെ മുൻനിരയിലൂടെ പൊതുരംഗത്തെത്തി. പാർലമെന്റ് സ്റ്റാൻഡിങ‌് കമ്മിറ്റി, കെമിക്കൽസ്‌ ആൻഡ്‌ ഫെർട്ടിലൈസേഴ്സ്, മിനിസ്ട്രി ഓഫ് ലോ ആൻഡ്‌ ജസ്റ്റിസ്, പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, ലോ ആൻഡ്‌ ജസ്റ്റിസ്, വനം – പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം വകുപ്പിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

മലനാട്ടിലെ അതിജീവന പോരാട്ടത്തിന്റെ അമരക്കാരനിലൊരാളായെത്തി അഞ്ചുവർഷംകൊണ്ട്‌ വികസന നായകനായ ചരിത്രമാണ്‌ ജോയ്‌സ്‌ ജോർജിനുള്ളത്‌. നാലര വർഷംകൊണ്ട്‌ ഇടുക്കിയിൽ 4750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാർഷിക പ്രശ്നങ്ങളുയർത്തി 9 സ്വകാര്യ ബില്ല‌് പാർലമെന്റിൽ അവതരിപ്പിച്ചത്‌. പാർലമെന്ററി പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ പുറത്തുവിട്ട വിവരമനുസരിച്ച്ഏറ്റവുംമികച്ച പ്രകടനം നടത്തിയ കേരളത്തിലെ രണ്ടാമത്തെ അംഗം. ലോക്‌സഭയിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത 18 എംപിമാരിലൊരാൾ. ഏറ്റവും കൂടുതൽ വികസന ഫണ്ട്‌ ചെലവഴിച്ച സംസ്ഥാനത്തെ രണ്ടാമത്തെ എംപിയെന്ന സ്ഥാനവും ജോയ്‌സിനുണ്ട്‌.

ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഏറ്റവുംവലിയ ദേശീയപാത വികസന പദ്ധതിയായ മൂന്നാർ ‐ പൂപ്പാറ ‐ ബോഡിമെട്ട് പാതയുടെ  ( 381 കോടി )  നിർമാണം അന്തിമഘട്ടത്തിലാണ്. രാജ്യത്താകെ മൂന്ന്‌ എൻസിസി ബറ്റാലിയനുകൾ അനുവദിച്ചതൊന്ന്‌ നെടുങ്കണ്ടത്ത്‌. കട്ടപ്പനയിൽ പാസ്‌പോർട്ട്‌ സേവാ കേന്ദ്രം തുടങ്ങാനും അഞ്ച‌് ഇഎസ്‌ഐ ഡിസ്‌പൻസറി മണ്ഡലത്തിൽ ആരംഭിക്കാനുമായി. പ്രളയാനന്തര കേരളത്തിലെ ആദ്യത്തെ വലിയ പാലം ചെറുതോണിയിൽ നിർമാണം തുടങ്ങുന്നതും എംപിയുടെ ഇടപെടലിലാണ്‌. സ്വാതന്ത്ര്യാനന്തരം ഇടുക്കിക്ക്‌ ആദ്യമായി സിആർഎഫ്‌ റോഡുകൾ കൊണ്ടുവന്നതെന്ന നേട്ടവും ഉണ്ട്‌. ഒന്നരലക്ഷം കുടുംബശ്രീ അംഗങ്ങൾക്കായി സ്‌ത്രീ ശാക്തീകരണ പദ്ധതിയായ ‘ഒപ്പം’ നടപ്പാക്കി.

2250 കോടി ചെലവിൽ പളനിയിൽനിന്നും ശബരിമലയിലേക്ക് നാഷണൽ ഹൈവേ അനുവദിപ്പിക്കുന്നതിന് കഴിഞ്ഞത് സുപ്രധാന നേട്ടം.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 നവംബർ 13 ന് ഇറക്കിയ ഉത്തരവ‌് വഴി  പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകളിലും നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയിരുന്നു. 1986 ലെ പരിസ്ഥിതിസംരക്ഷണ നിയമം അനുസരിച്ചാണ് നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവ് ഭേദഗതി ചെയ്ത് നിരോധനങ്ങൾ മാറ്റി 2018 ഡിസംബർ മൂന്നിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കാനായി.
ഇടുക്കി, എറണാകുളം ജില്ലകളിലെ 25,000 ഏക്കർ കൃഷിസ്ഥലം വനഭൂമിയാക്കിമാറ്റുന്നതിനുള്ള 225 കോടിയുടെ അന്താരാഷ്ട്ര വനവൽക്കരണ പദ്ധതിയായ എച്ച്ആർഎംഎൽ പിൻവലിപ്പിക്കാൻ കഴിഞ്ഞു. ഇതാദ്യമായാണ്‌ യുഎൻഡിപിയുടെ പദ്ധതി ഒരുരാജ്യത്ത്ഒരു ജനപ്രതിനിധിയുടെ ഇടപെടലിലൂടെ പിൻവലിപ്പിക്കുന്നത്. ഉപാധി രഹിത പട്ടയം ഉൾപ്പെടെ നിലനിന്നിരുന്ന 90 ശതമാനം ഭൂമി പ്രശ്നങ്ങൾക്ക് തന്റേതായ ഇടപെടൽ നടത്തി പരിഹരിക്കാനായി.

No comments:

Post a Comment